UPDATES

ട്രെന്‍ഡിങ്ങ്

കെവിനെ തട്ടിക്കൊണ്ടുപോകുമ്പോള്‍ കോട്ടയത്തെ റോഡുകളിലുണ്ടായിരുന്നത് 38 പോലീസ് വാഹനങ്ങള്‍

നാട്ടുകാര്‍ സംഭവം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചപ്പോള്‍ തന്നെ വയര്‍ലസിലൂടെ വിവരം കൈമാറിയിരുന്നെങ്കില്‍ ജില്ലയ്ക്കുള്ളില്‍ വച്ചു തന്നെ കെവിനെ ജീവനോടെ കണ്ടെത്താമായിരുന്നു

ദുരഭിമാനത്തിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടു പോകുമ്പോള്‍ കോട്ടയം നഗരത്തിലുണ്ടായിരുന്നത് 38 പോലീസ് വാഹനങ്ങളെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ട് ജില്ലയില്‍ നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി തലേന്ന് രാത്രി മുതല്‍ നഗരത്തില്‍ ശക്തമായ കാവലാണുണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 38 മൊബൈല്‍ പോലീസ് വാഹനങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നുമുണ്ടായിരുന്നു.

അന്ന് രാത്രി രണ്ട് മണിക്ക് ശേഷമാണ് കെവിനെ തട്ടിക്കൊണ്ട് പോയത്. മൂന്നു മണിയോടെ നാട്ടുകാര്‍ ഈ വിവരം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന എഎസ്‌ഐ സണ്ണിമോന്‍ എസ്‌ഐ വിളിച്ചെങ്കിലും കിട്ടിയില്ല. വയര്‍ലെസില്‍ വിവരം അറിയിക്കാമെന്നിരിക്കെ അത് ചെയ്തതുമില്ല. ഇതാണ് കെവിനെ തട്ടിക്കൊണ്ടു പോകുന്ന വാഹനം തടയാനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയത്. വയര്‍ലെസിലൂടെ വിവരം കൈമാറിയിരുന്നില്ലെങ്കില്‍ ജില്ലയില്‍ എവിടെയിങ്കിലും വച്ചു തന്നെ കെവിനെ ജീവനോടെ കണ്ടെത്താനാകുമായിരുന്നു.

ശനിയാഴ്ച രാത്രി തന്നെ കോട്ടയത്ത് എത്തിയ അക്രമി സംഘം മെഡിക്കല്‍ കോളേജിന് സമീപം മുറിയെടുത്തിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് ഇവര്‍ മുറിയില്‍ നിന്നും ഇറങ്ങിയത്. അവിടെ നിന്നും മാന്നാനം ലക്ഷ്യമാക്കി നീങ്ങുന്നതിനിടെയില്‍ ഗാന്ധിനഗര്‍ എഎസ്‌ഐയുടെ പെട്രോളിംഗ് സംഘം ഇവരെ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. മാന്നാനത്ത് ഒരു കല്യാണത്തിന് പോകുകയാണെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്. വഴി തെറ്റിയെന്ന് പറഞ്ഞ ഇവരെ പോലീസ് യാതൊരു പരിശോധനയും നടത്താതെ വിട്ടയച്ചുവെന്നതും അവിശ്വസനീയമാണ്. കാരണം മുഖ്യമന്ത്രിയുടെ ജില്ലാ സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ അസമയത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട സംഘത്തെ പരിശോധിക്കാനാണ് സാധ്യത. കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീടിന് സമീപമുള്ള ആളുകളെ മാരകായുധങ്ങള്‍ കാട്ടിയാണ് ഭീഷണിപ്പെടുത്തിയതെന്ന്‌ നാട്ടുകാര്‍ പറയുന്നുണ്ട്. പോലീസ് തടഞ്ഞപ്പോള്‍ ഇവരുടെ വാഹനങ്ങള്‍ ശരിയായി പരിശോധിച്ചിരുന്നെങ്കില്‍ ഈ മാരകായുധങ്ങള്‍ കണ്ടെത്താമായിരുന്നു.

അതിനാലാണ് എഎസ്‌ഐ ഇവരില്‍ നിന്നും പണം വാങ്ങി പരിശോധിക്കാതെ വിട്ടയയ്ക്കുകയായിരുന്നെന്ന് സംശയിക്കുന്നത്. എഎസ്‌ഐയും എസ്‌ഐയും സംഘത്തില്‍ നിന്നും പണം വാങ്ങിയതായി ഐജിയുടെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. നാട്ടുകാര്‍ അറിയിക്കുന്നതിന് മുമ്പേ തന്നെ കെവിനെ തട്ടിക്കൊണ്ട് പോയ വിവരം ഗാന്ധിനഗര്‍ പോലീസ് അറിഞ്ഞിരുന്നെന്ന് വേണം കരുതാന്‍.

തട്ടിക്കൊണ്ടുപോയവര്‍ തന്നെ കെവിനെ തിരികെ കൊണ്ടുവന്ന് വിടുമെന്നാണ് ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്. വയര്‍ലെസ് വഴി സന്ദേശം നല്‍കാതിരുന്നതിനാല്‍ തട്ടിക്കൊണ്ട് പോകലിനെക്കുറിച്ച് ഗാന്ധിനഗര്‍ സ്‌റ്റേഷന് പുറത്തേക്ക് വിവരം ലഭിച്ചതുമില്ല. അവരാകട്ടെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ അന്വേഷണം വൈകിപ്പിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍