UPDATES

ട്രെന്‍ഡിങ്ങ്

സംസ്ഥാനത്തെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ഒന്നര വര്‍ഷമെടുക്കും; വേണ്ടത് 5,815 കോടി

കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണു പ്രളയം കൂടുതല്‍ നാശം വിതച്ചത്. മൊത്തം 34,732 കിലോമീറ്റര്‍ റോഡാണ് ഇതിനോടകം തകര്‍ന്നിട്ടുള്ളത്. 218 പാലങ്ങള്‍ക്കും കേടുപാടുകളുണ്ട്.

സമാനതകളില്ലാത്ത പ്രളയ ദുരിതത്തിലും മഴക്കെടുതിയിലും തകര്‍ന്ന കേരളത്തിലെ റോഡുകള്‍ നന്നാക്കാന്‍ ഒന്നര വര്‍ഷം നീണ്ടു നില്‍ക്കുന്ന ബൃഹത്ത് പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. അടിയന്തിരമായി നടപ്പാക്കേണ്ടതും, ദീര്‍ഘകാല പദ്ധതികളുമായി ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടതിനായി 5,815.25 കോടിയുടെ പദ്ധതിയാണ് വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. അഴുക്ക് ചാല്‍ നിര്‍മാണം മുതല്‍ തകര്‍ന്ന റോഡുകളുടെയു പാലങ്ങളുടെയും പുനര്‍ നിര്‍മാണ പദ്ധതികള്‍ ഉള്‍പ്പെടെയാണ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്കായി 1000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് പുറമേയാണ് 5000 കോടിയിലധികം വരുന്ന പ്രളയ പുനരുദ്ധാരണ ചിലവ്.

സംസ്ഥാനത്തെ വിവിധ പിഡബ്ല്യൂഡി എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ കണക്കെടുപ്പിന് ശേഷം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് വിശദമായ കണക്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. റോഡ് ഉപരിതലങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് മാത്രമായി 4,005.23 കോടി രൂപ വേണ്ടിവരുമെന്നും കണക്കുകള്‍ പറയുന്നു. പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 293.30 കോടിയും, റോഡിലെ കുഴികള്‍ അടയ്ക്കാന്‍ മാത്രം 368.42 കോടിയും, റോഡിലേക്ക് ഇടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ നീക്കാന്‍ 5.8 കോടി, മണ്ണിടിച്ചില്‍ നീക്കം ചെയ്യാന്‍ 18.09 കോടി, അഴുക്ക് ചാല്‍ നവീകരണത്തിന് 64.19 കോടിയും ചിലവുവരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിനു പുറമേ പിഡബ്ല്യൂഡി ബില്‍ഡിങ്ങ്‌സ് വിഭാഗം 10.09 കോടിയുടെയും, ദേശീയ പാതാ വിഭാഗം 533.78 കോടിയുടെയും നാശ നഷ്ടങ്ങളുടെ കണക്കുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണു പ്രളയം കൂടുതല്‍ നാശം വിതച്ചത്. മൊത്തം 34,732 കിലോമീറ്റര്‍ റോഡാണ് ഇതിനോടകം തകര്‍ന്നിട്ടുള്ളത്. 218 പാലങ്ങള്‍ക്കും കേടുപാടുകളുണ്ട്. ഇതില്‍ 182 പാലങ്ങള്‍ ഹ്രസ്വകാല അറ്റകുറ്റപ്പണികളും ബാക്കിയുള്ള ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തണമെന്നും വകുപ്പ് പറയുന്നു. 5,774 കിലോമീറ്ററോളം അഴുക്ക് ചാലാണ് ഇനി നവീകരിക്കാനുള്ളത്്. 27 ഇടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്. ഇവിടെ പാറയും ചെളിയും നീക്കാന്‍ 18 കോടി രൂപ വേണ്ടിവന്നു. 470 കലുങ്കുകള്‍, 255.31 കിലോമീറ്റര്‍ സംരക്ഷണ ഭിത്തിയുമാണ് പുനര്‍നിര്‍മിക്കാനുള്ളത്. വെള്ളക്കെട്ടു മൂലം ഭാവിയില്‍ റോഡുകള്‍ തകരാതിരിക്കാന്‍ 196 കോടി രൂപ ചെലവില്‍ അഴുക്കുചാലുകള്‍ നിര്‍മിക്കും.

അതേസമയം, റോഡുകള്‍ പൂര്‍ണമായ തോതില്‍ പുനര്‍നിര്‍മ്മിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് പൊതുമാരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറയുന്നു. സംസ്ഥാനത്തെ സൂപ്രണ്ടിങ്ങ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി 2000 കോടി അടിയന്തിരമായി വകയിരുത്തുമെന്നും അദ്ദേഹം പറയുന്നു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി കമലവര്‍ദ്ധര്‍ റാവുവിന്റെ നേതൃത്വത്തിലാണ് അടിയന്തിരമായി നടപ്പാക്കേണ്ട പദ്ധതികള്‍ പുരോഗമിക്കുന്നതെന്നും മന്ത്രി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍