UPDATES

ട്രെന്‍ഡിങ്ങ്

ഗൊരഖ്പൂര്‍ ആശുപത്രിയിലെ ശിശുമരണങ്ങള്‍ അവസാനിക്കുന്നില്ല: ഈമാസം മരിച്ചത് 58 കുട്ടികള്‍

മരിച്ച ശിശുക്കളില്‍ 32 പേരും ഒരുമാസത്തില്‍ താഴെ മാത്രം പ്രായമുള്ളവരാണ്

രാജ്യത്തെ ഞെട്ടിച്ച ഗൊരഖ്പൂര്‍ ആശുപത്രി ദുരന്തത്തിന് മാസങ്ങള്‍ക്ക് ശേഷം ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ വീണ്ടും 58 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈമാസം ഒന്നിനും നാലിനും ഇടയിലാണ് ഈ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്.

മരിച്ച ശിശുക്കളില്‍ 32 പേരും ഒരുമാസത്തില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ഡികെ ശ്രീവാസ്തവയാണ് കുട്ടികളുടെ മരണസംഖ്യ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് മാസത്തില്‍ ഒരാഴ്ചയ്ക്കിടെ അറുപതോളം കുട്ടികള്‍ മരിച്ചതോടെയാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആഗോള ശ്രദ്ധ നേടിയത്. സെപ്തംബറില്‍ പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം മാത്രം ഈ ആശുപത്രിയില്‍ 1,317 ശിശുമരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

ആശുപത്രി രേഖകള്‍ അനുസരിച്ച് ഓരോമാസത്തെയും ശിശു മരണത്തിന്റെ കണക്കുകള്‍: ജനുവരി-152, ഫെബ്രുവരി- 122, മാര്‍ച്ച്- 159, ഏപ്രില്‍- 123, മെയ്- 139, ജൂണ്‍- 137, ജൂലൈ- 128, ഓഗസ്റ്റ്- 325, സെപ്തംബര്‍- 32. അക്യൂട്ട് എന്‍സഫാലിറ്റിസ് സിന്‍ഡ്രോം (എഇഎസ്), ജപ്പാന്‍ ജ്വരം എന്നിവയാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണം. ഗൊരഖ്പൂര്‍, മഹാരാജ്ഗഞ്ച്, കുശിനഗര്‍, ബസ്തി, സിദ്ധാര്‍ത്ഥനഗര്‍, ശാന്ത് കബിര്‍ നഗര്‍, ദിയോരിയ, മാവു എന്നീ ജില്ലകളിലാണ് ഈ രോഗങ്ങള്‍ പടര്‍ന്നു പിടിച്ചിരിക്കുന്നത്. 2010ല്‍ യുപിയില്‍ 3540 എഇഎസ് രോഗങ്ങള്‍ സ്ഥിരീകരിക്കുകയും അതില്‍ 494 മരണങ്ങളുണ്ടാകുകയും ചെയ്തു. ജപ്പാന്‍ ജ്വരം ബാധിച്ചവരുടെ എണ്ണം 325ഉം മരിച്ചവരുടെ എണ്ണം 59ഉം ആയിരുന്നു.

പിന്നീടുള്ള ഓരോ വര്‍ഷവും രോഗം ബാധിക്കുന്നവരുടെ എണ്ണവും മരണസംഖ്യയും വര്‍ദ്ധിക്കുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം എഇഎസ് ബാധിച്ച 3919 പേരില്‍ 621 പേരും മരിച്ചു. ജപ്പാന്‍ ജ്വരം ബാധിച്ച 410ല്‍ 73 പേരും മരിക്കുകയും ചെയ്തു. ഇത് എക്കാലത്തെയും ഉയര്‍ന്ന മരണനിരക്ക് ആണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇക്കൊല്ലത്തെ മരണസംഖ്യ ഇതിനെ മറികടക്കാനാണ് സാധ്യത.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍