UPDATES

ട്രെന്‍ഡിങ്ങ്

റിക്കോര്‍ഡ് തകര്‍ക്കാനായില്ല; എവറസ്റ്റ് കീഴടക്കാനെത്തിയ 86-കാരന്‍ ബേസ് ക്യാമ്പില്‍ തന്നെ മരിച്ചു

2008ലാണ് മുന്‍ സൈനികന്‍ കൂടിയായ ഇദ്ദേഹം 76-ാം വയസ്സില്‍ എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന കീര്‍ത്തി തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്

മിന്‍ ബഹാദൂര്‍ എന്ന മുന്‍ ഗൂര്‍ഖയ്ക്ക് ഈ 86-ാം വയസ്സിലും ലക്ഷ്യമൊന്നേയുണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ക്കൂടി എവറസ്റ്റ് കൊടുമുടിയുടെ ഉന്നതിയിലെത്തണം. ഗൂര്‍ഖകള്‍ ധീരന്മാരും സാഹസികരുമാണെന്ന തന്റെ പാരമ്പര്യത്തെ ഈ പ്രായാധിക്യത്തിലും കൈവിടാന്‍ അദ്ദേഹം തയ്യാറായതുമില്ല. തന്റെ തകര്‍ക്കപ്പെട്ട റെക്കോഡ് തിരിച്ചുപിടിക്കാന്‍ കൂടിയുള്ള യാത്രയായപ്പോള്‍ ആവേശം നൂറ് മടങ്ങായി. എന്നാല്‍ ഇന്നലെ ആരംഭിച്ച എവറസ്റ്റ് യാത്രയുടെ ബേസ് ക്യാമ്പില്‍ വച്ച് തന്നെ അദ്ദേഹം ജീവിതത്തോട് വിടപറഞ്ഞു.

2013ല്‍ ജപ്പാന്‍ പര്‍വതാരോഹകന്‍ യുഷിറോ മിയൂര തന്റെ റെക്കോഡ് പൊളിച്ച് സ്ഥാപിച്ച റെക്കോഡ് തിരിച്ചുപിടിക്കാനാണ് മിന്‍ ഇക്കുറി കൊടുമുടി കയറയാനൊരുങ്ങിയത്. യുഷിറോ 83-ാം വയസ്സിലാണ് എവറസ്റ്റ് കീഴടക്കിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എവറസ്റ്റില്‍ നിന്നും 17,600 അടി അകലെയായിരുന്നു ഇദ്ദേഹത്തിന്റെ ക്യാമ്പ്.

2008-ലാണ് മുന്‍ സൈനികന്‍ കൂടിയായ ഇദ്ദേഹം 76-ാം വയസ്സില്‍ എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന കീര്‍ത്തി തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ മിയൂര തന്റെ 83-ആം വയസ്സില്‍ ആ റെക്കോഡ് തിരുത്തി.

തനിക്ക് ലോകത്തിന്റെ നറുകയിലെത്താന്‍ ഇനിയും സാധിക്കുമെന്ന് തെളിയിക്കാനാണ് താന്‍ ഇത്തവണയും യാത്ര ചെയ്യുന്നതെന്നാണ് അദ്ദേഹം യാത്രയ്ക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ‘എന്റെ ലക്ഷ്യം ആരുടെയും റെക്കോഡ് തകര്‍ക്കലല്ല. ഇത് വ്യക്തികള്‍ തമ്മിലുള്ള മത്സരവുമല്ല. എനിക്ക് എന്റെ തന്നെ റെക്കോഡാണ് തകര്‍ക്കേണ്ടത്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ സീസണില്‍ എവറസ്റ്റ് കീഴടക്കാനെത്തിയവര്‍ക്കുള്ള ക്യാമ്പില്‍ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണ് ഇദ്ദേഹത്തിന്റേത്. ഏപ്രില്‍ മുതല്‍ മെയ് അവസാനം വരെയാണ് ക്യാമ്പ് നടക്കുന്നത്. പരിചയസമ്പന്നനായ സ്വിസ് പര്‍വതാരോഹകന്‍ യൂലി സ്‌റ്റെക് കഴിഞ്ഞ മാസം കുത്തനെയുള്ള മലയിടുക്കില്‍ നിന്നും വീണ് മരിച്ചിരുന്നു. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന പര്‍വതാരോഹണത്തിന് 750-ഓളം പേരാണ് തയ്യാറെടുക്കുന്നത്. എവറസ്റ്റിനോട് ചേര്‍ന്ന് കിടക്കുന്ന നേപ്പാളിലെ മുഖ്യ വരുമാനമാര്‍ഗ്ഗമാണ് ഈ സീസണില്‍ നടക്കുന്ന എവറസ്റ്റ് ആരോഹണം. 8000 മീറ്റര്‍ മുകളിലെത്താനായി ഏറ്റവുമധികം പേര്‍ എത്തുന്നതും ഇവിടെ നിന്നും തന്നെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍