UPDATES

ട്രെന്‍ഡിങ്ങ്

തലവേര്‍പെട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം: കാണാതായ വിദേശ വനിതയുടേതെന്ന് സംശയം

വിശദമായ മൃതദേഹം പരിശോധനയില്‍ നിന്നു മാത്രമേ മൃതദേഹം വിദേശ വനിതയുടേതാണോയെന്ന് സ്ഥിരീകരിക്കാനാകുകയുള്ളൂവെന്ന് തിരുവല്ലം പോലീസ് അഴിമുഖം പ്രതിനിധിയെ അറിയിച്ചു

തിരുവല്ലം പനന്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളില്‍ തലവേര്‍പെട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആയുര്‍വേദ ചികിത്സയ്ക്ക് കേരളത്തിലെത്തി കോവളത്തു നിന്നും കാണാതായ ലിത്വാന സ്വദേശി ലിഗ സ്‌ക്രോമേനിന്റെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്. സ്ഥലത്തെത്തിയ ഭര്‍ത്താവ് ആന്‍ഡ്രൂസും ലിഗയുടെ സഹോദരി ഇലീസും മൃതദേഹത്തിലുള്ള വസ്ത്രം ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വിശദമായ മൃതദേഹം പരിശോധനയില്‍ നിന്നു മാത്രമേ മൃതദേഹം വിദേശ വനിതയുടേതാണോയെന്ന് സ്ഥിരീകരിക്കാനാകുകയുള്ളൂവെന്ന് തിരുവല്ലം പോലീസ് അഴിമുഖം പ്രതിനിധിയെ അറിയിച്ചു. പ്രഥമിക നിഗമനങ്ങള്‍ വച്ച് അത്തരമൊരു സ്ഥിരീകരണം നല്‍കാനാകില്ല. വിദേശികളുടേതിന് സമാനമായ വസ്ത്രങ്ങള്‍ ഇപ്പോള്‍ ഇവിടുത്തെ നാട്ടുകാരും ധരിക്കാറുണ്ട്. അതിനാല്‍ തന്നെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനുള്ള സമയമല്ല ഇതെന്നും പരിശോധന ഫലം പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നും തിരുവല്ലം പോലീസ് അഭ്യര്‍ത്ഥിച്ചു.

അതേസമയം കൊലപാതകം ഉള്‍പ്പെടെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിച്ചു വരുന്നതെന്ന് ഡിസിപി ജി ജയദേവ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനും മറ്റ് പരിശോധനകള്‍ക്കുമായി മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹത്തിന്റെ പല ഭാഗമങ്ങളും അഴുകിയ നിലയിലാണ്. മാര്‍ച്ച് 14നാണ് ലിഗയെ കാണാതായത്. ഇതുസംബന്ധിച്ച് ഭര്‍ത്താവും സഹോദരിയും പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ലിഗയുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ പതിച്ചു. ലിഗയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷം കരമന-കിള്ളിയാറിന്റെ തീരത്തുള്ള കണ്ടല്‍ക്കാട്ടില്‍ ചൂണ്ടയിടാനെത്തിയ യുവാക്കളാണ് മൃതദേഹം കണ്ടത്. സാധാരണ ഗതിയില്‍ ആരും എത്തിച്ചേരാത്ത സ്ഥലമാണ് ഇത്. തല വേര്‍പെട്ട് അര മീറ്റര്‍ ദൂരെ മാറി കിടക്കുകയായിരുന്നു. കാലുകള്‍ നീട്ടിവച്ച നിലയിലും രണ്ടു കൈകള്‍ വള്ളിപ്പടര്‍പ്പില്‍ തൂങ്ങിയ നിലയിലുമായിരുന്നു. കാലുറകളും ടീഷര്‍ട്ടും ബനിയന് സമാനമായ വസ്ത്രവുമായിരുന്നു ധരിച്ചിരുന്നത്. അതേസമയം മൃതദേഹത്തിനൊപ്പമുള്ള ജാക്കറ്റും ഷൂസും ഇവരുടേതല്ലെന്ന് സഹോദരി പറഞ്ഞതായും അറിയുന്നു. കൈപ്പത്തികള്‍ ജീര്‍ണിച്ചിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്നും മൂന്ന് സിഗരറ്റ് കൂടുകള്‍, ലൈറ്റര്‍, കുപ്പിവെള്ളം എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലിഗയ്ക്ക് പുകവലിക്കുന്ന ശീലമുണ്ടായിരുന്നുവെന്നും മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്റെ സഹോദരിയെ കണ്ടുകിട്ടാന്‍ നിങ്ങള്‍ക്കെന്നെ സഹായിക്കാനാവുമോ? ഈ ലാത്വിയന്‍ പൌരന്റെ അപേക്ഷ കേള്‍ക്കൂ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍