UPDATES

ട്രെന്‍ഡിങ്ങ്

എനിക്കിനിയൊരു സ്ത്രീയായി ജീവിക്കണം, പക്ഷേ എന്നും ഞാന്‍ നിങ്ങളുടെ പിതാവായിരിക്കും; ഒരു ട്രാന്‍ജെന്‍ഡര്‍ മക്കള്‍ക്കെഴുതിയ കത്ത്‌

എന്നെ കാണാന്‍ എങ്ങനെയിരിക്കുന്നു എന്നതും ഞാന്‍ എന്ത് വസ്ത്രം ധരിക്കുന്നു എന്നതും പ്രശ്‌നമല്ല. ഞാന്‍ നിങ്ങളുടെ അച്ഛനാണ്.

നിങ്ങളുടെ അമ്മയും ഞാനും തമ്മില്‍ വേര്‍പിരിഞ്ഞു എന്നതിലും ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും സംസാരിക്കാറില്ല എന്നതിലും എനിക്കിപ്പോഴും കുറ്റബോധമുണ്ട്. വേര്‍പിരിയല്‍ നിങ്ങള്‍ക്ക് വേദനാജനകമായിരുന്നു എന്നെനിക്കറിയാം. എന്നാല്‍ നിങ്ങള്‍ ഇപ്പോഴും എന്റെ ജീവിതത്തില്‍ ഉണ്ടെന്നതില്‍ എനിക്ക് നന്ദിയുണ്ട്. പക്ഷെ, ഞാന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും സമീപകാലത്ത് തന്നെ പൂര്‍ണ സമയവും സ്ത്രീയായി ജീവിക്കാന്‍ പോവുകയാണെന്നും നിങ്ങളോട് പറയുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഹൃദയവേദനയും ആശയക്കുഴപ്പവുമാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് ഞാന്‍ വിചാരിക്കുന്നു.

തീര്‍ച്ചയായും, ഇപ്പോള്‍ തന്നെ ജീവിതത്തിന്റെ കൂടുതല്‍ സമയവും സ്ത്രീയായി തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ തൊഴില്‍സ്ഥലത്തുപോലും ഈ പരിവര്‍ത്തനം ഞാന്‍ നേടിയെടുത്തുകഴിഞ്ഞു. എന്റെ ദൈനംദിന വ്യവഹാരങ്ങളെല്ലാം സ്ത്രീ എന്ന നിലയിലാണ്. എന്നെ സന്ദര്‍ശിക്കുന്നതിനായി നിങ്ങള്‍ എത്തുന്ന ദിവസങ്ങളിലും ആഴ്ചയവസാനവും മാത്രമാണ് ഞാന്‍ ഒരു പുരുഷനായി നടിക്കുന്നത്. അതാതയത് ആഴ്ചയില്‍ ഒരു ദിവസവും രണ്ടാഴ്ച കൂടുമ്പോഴുള്ള എല്ലാ വാരാന്ത്യത്തിലും നിങ്ങളില്‍ സംശയം ജനിപ്പിക്കാന്‍ സാധ്യതയുള്ള എന്റെ വസ്ത്രങ്ങളും സൗന്ദര്യവര്‍ദ്ധക സാധനങ്ങളും ഉള്‍പ്പെടെയുള്ളവഒളിപ്പിക്കുകയും ഞാന്‍ അല്ലാത്ത ഒരാളായി നടിക്കുകയും ചെയ്യുന്നു.

ഞാന്‍ മുടി വളര്‍ത്താന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. കാതുകുത്തിയിട്ടുമുണ്ട്. പ്രശംസനീയമായ ഒരു പ്രവൃത്തിയായല്ലെങ്കിലും ഒരു കൗതുകമായി നിങ്ങള്‍ അതിനെ കണ്ടു. ഒന്നുമല്ലെങ്കിലും മുടി നീട്ടി വളര്‍ത്തുകയും കാതുകുത്തുകയും ചെയ്ത ധാരാളം പുരുഷന്മാരുണ്ടല്ലോ. അപ്പോള്‍, എന്തുകൊണ്ടാണ് ഞാന്‍ നിങ്ങളോടിത് ഇതുവരെ പറയാതിരുന്നത്? എനിക്ക് പേടിയായിരുന്നു എന്നതാണ് സത്യം. നിങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നതിനെ കുറിച്ച് എനിക്ക് ഭയമുണ്ടായിരുന്നു. നിങ്ങളുടെ അമ്മ എങ്ങനെ പ്രതികരിക്കും എന്നതിനെ കുറിച്ചും അവര്‍ എന്നെ കുറിച്ച് എന്ത് പറയും എന്നതിനെ കുറിച്ചും എനിക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍, നിങ്ങള്‍ എന്നെ കാണാന്‍ കൂട്ടാക്കാതിരിക്കും എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പേടി. അതെന്റെ ഹൃദയം തകര്‍ത്തുകളയും. എന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തുക അത്ര എളുപ്പമല്ല. എന്നെ വിശ്വസിക്കൂ, ഇത് ഒഴിവാക്കുന്നതിന് എന്നെ കൊണ്ട് ചിന്തിക്കാവുന്ന മാര്‍ഗ്ഗങ്ങളെല്ലാം ഞാന്‍ പരീക്ഷിച്ചുനോക്കി. പക്ഷെ, ഞാന്‍ ആരാണെന്നത് നിഷേധിക്കാനാവാത്ത ഒന്നായി തീര്‍ന്ന ഒരു നിമിഷം ആഗതമായി.

ഞാന്‍ ഒരു കൗണ്‍സിലറെ കണ്ടു. പിന്നീട് എന്റെ ദൈനംദിന ജീവിതത്തില്‍ ഇടപെടുന്ന ആളുകളിലേക്ക് ഞാന്‍ ഇറങ്ങിവരുന്ന പ്രക്രിയ ആരംഭിച്ചു: എന്റെ കൂട്ടുകാര്‍, സഹപ്രവര്‍ത്തകര്‍, എന്റെ മുത്തച്ഛന്‍, എന്റെ തൊഴിലുടമ. എന്നിട്ടും എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളായ നിങ്ങള്‍ക്ക് അതറിയാമായിരുന്നില്ല. നിങ്ങളെ അത്രയും പ്രാധാന്യത്തോടെയേ ഞാന്‍ കാണുന്നുള്ള എന്ന് നിങ്ങള്‍ ധരിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് നേര്‍വിപരീതമായിരുന്നു കാര്യങ്ങള്‍. ഏറ്റവും കഠിനമായ ദൗത്യം ഞാന്‍ ഏറ്റവും ഒടുവിലേക്ക് മാറ്റിവെച്ചു.

ഭാഗ്യമുണ്ടെങ്കില്‍ ഞാന്‍ എത്രയും പെട്ടെന്ന് തന്നെ ഹോര്‍മോണ്‍ ബ്ലോക്കറുകള്‍ ഉപയോഗിക്കുകയും അത് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം എനിക്ക് ഹോര്‍മോണ്‍ ചികിത്സ ആരംഭിക്കുകയും ചെയ്യും. എന്റെ തലച്ചോറില്‍ എന്നെ കുറിച്ചുള്ള പ്രതിച്ഛായയ്ക്ക് അനുസൃതമായി എന്റെ ശരീരഘടനയില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങും.

എന്റെ ശരീരത്തില്‍ ഞാനൊരിക്കലും ആനന്ദം കണ്ടെത്തിയിരുന്നില്ല. അങ്ങനെയുള്ള ആരെങ്കിലുമുണ്ടോ? ഏതായാലും എന്നെ സംബന്ധിച്ചിടത്തോളം, രാവിലെ എഴുന്നേല്‍ക്കുന്ന നിമിഷം മുതല്‍ രാത്രിയില്‍ ഉറങ്ങാന്‍ പോകുന്ന സമയം വരെ അതൊരു അസ്വസ്ഥതയായി എന്റെ തലച്ചോറില്‍ മുഴങ്ങുന്നു. കണ്ണാടി ഞാന്‍ പരമാവധി ഒഴിവാക്കാറുണ്ട്. ഇത്രയധികം പുരുഷ ഹോര്‍മോണുകള്‍ (ടെസ്‌റ്റോസ്‌റ്റെറോണ്‍) ഉല്‍പാദിപ്പിക്കുന്ന, എന്നെ ഒറ്റുകൊടുക്കുന്ന ഈ ശരീരത്തെ ഞാന്‍ വെറുക്കുന്നു.

ഇത് മനസിലാക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും എന്നെനിക്കറിയാം. പക്ഷെ നിങ്ങള്‍ വളരുകയും ഇത് വായിക്കാന്‍ ഇടയാവുകയും ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതൊക്കെ സംഭവിക്കണം എന്നെനിക്ക് നിര്‍ബന്ധമില്ല. പക്ഷെ എനിക്ക് ഞാനാവണം എന്ന വസ്തുത നിങ്ങള്‍ക്ക് മനസിലാവും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

നിങ്ങള്‍ എല്ലാവരും വ്യത്യസ്ത പ്രായങ്ങളില്‍ പെട്ടവരാണ്. അതുകൊണ്ടുതന്നെ പരസ്പരം എന്ത്, എപ്പോഴാണ് പറയേണ്ടത് എന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കുറച്ചുകൂടി ബുദ്ധിമുട്ടാണ്. നിങ്ങളോട് എല്ലാം തുറന്നുപറയണം എന്ന് മാത്രമേ എനിക്കറിയാവൂ. അതും കാലതാമസമില്ലാതെ. എന്ത് സംഭവിക്കുന്നു എന്നത് പ്രശ്‌നമല്ല. എന്നെ കാണാന്‍ എങ്ങനെയിരിക്കുന്നു എന്നതും ഞാന്‍ എന്ത് വസ്ത്രം ധരിക്കുന്നു എന്നതും പ്രശ്‌നമല്ല. ഞാന്‍ നിങ്ങളുടെ അച്ഛനാണ്. എല്ലായ്‌പ്പോഴും അതങ്ങനെ ആയിരിക്കുകയും ചെയ്യും.

അജ്ഞാതനായ ഒരു വ്യക്തി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍