UPDATES

ട്രെന്‍ഡിങ്ങ്

‘പള്ളിക്കമ്മിറ്റിക്ക് മുന്നില്‍ ഞാന്‍ കാത്ത് വെച്ചിരിക്കുന്ന വെല്ലുവിളി എന്റെ മരണമാണ്’; മുത്തലാഖിനെ പിന്തുണക്കുന്നവരോട് നിഷക്ക് പറയാനുളളത്

2016ല്‍ തലാഖ് ചെല്ലിയതായി രേഖകള്‍ പോസ്റ്റല്‍ വഴി വന്നപ്പോഴാണ് ചതി നടന്ന കാര്യം നിഷയ്ക്ക് മനസ്സിലാവുന്നത്

‘മുത്തലാഖ് ചതിയാണ്. അത് പുരുഷന്റെ നീതിയും അഹങ്കാരവുമാണ്. ഒരു പെണ്ണും അതിനെതിരെ ശബ്ദിക്കാത്തതുകൊണ്ട് ആ ചതി കാലങ്ങളായി ഇങ്ങനെ തുടര്‍ന്നുപോരുകയാണ്. പക്ഷെ എന്നെയും എന്റെ മൂന്ന് കുഞ്ഞുങ്ങളുടേയും ജീവിതം ഇല്ലാതാക്കിയയാളെ ഞാന്‍ വെറുതെ വിടില്ല. പള്ളിക്കമ്മിറ്റിക്ക് മുന്നില്‍ ഞാന്‍ കാത്ത് വെച്ചിരിക്കുന്ന വെല്ലുവിളി എന്റെ മരണമാണ്. വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്. എനിക്ക് ഞാന്‍ കൊടുത്ത എന്റെ മുതലെങ്കിലും തിരികെ വേണം. മുത്തലാഖ് എന്ന ചതി ഇനി ആവര്‍ത്തിക്കപ്പെടരുത്. മുത്തലാഖ് നീതിയില്‍ സ്ത്രീകള്‍ ഇല്ല. അതില്‍, സ്ത്രീകള്‍ ഒഴിവാക്കപ്പെടേണ്ട ഒരു വസ്തു മാത്രമാണ് ‘മൂന്ന് കുഞ്ഞുങ്ങളേയും അടുക്കിപ്പിടിച്ചുകൊണ്ടാണ് ചേര്‍ത്തല പാട്ടുകുളങ്ങര സ്വദേശിനിയായ നിഷ ഇത് പറയുന്നത്. മുത്തലാഖ് ചൊല്ലി ആലപ്പുഴ ആര്യാട് സ്വദേശി ഷിഹാബ് നിഷയേയും മൂന്ന് കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചിട്ട് ഒരു വര്‍ഷം കഴിയുന്നു. തനിക്കും കുഞ്ഞുങ്ങള്‍ക്കും ജീവിക്കാനായി താന്‍ സ്ത്രീധനമായി നല്‍കിയ മുതലെങ്കിലും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നിഷ മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ നീതിയുടെ ഒരു വാതിലും നിഷക്ക് മുന്നില്‍ ഇതേവരെ തുറക്കപ്പെട്ടില്ല. മുത്തലാഖിനും പുനര്‍വിവാഹത്തിനും പള്ളിക്കമ്മറ്റിക്കാര്‍ തന്നെ കൂട്ടുനില്‍ക്കുമ്പോള്‍ ഈ അമ്മയും മുന്ന് കുഞ്ഞുങ്ങളും എന്ത് പിഴച്ചു?

2005ലാണ് നിഷയും ഷിഹാബുമായുള്ള വിവാഹം. മൂന്ന് കുട്ടികളായതിന് ശേഷവും വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാതെ നിരുത്തരവാദപരമായി പെരുമാറിയ ഷിഹാബിനെതിരെ നിഷ കുടുംബ കോടതിയില്‍ കേസ് കൊടുത്തിരുന്നു. വീട്ടുകാര്യങ്ങള്‍ക്ക് ഷിഹാബ് പണം നല്‍കണമെന്ന് കാണിച്ചായിരുന്നു പരാതി. തുടര്‍ന്ന് കോടതി എല്ലാമാസവും എണ്ണായിരം രൂപ നിഷയ്ക്കും കുഞ്ഞുങ്ങള്‍ക്കും നല്‍കണമെന്ന് വിധിച്ചു. തുടര്‍ന്ന് ഏഴായിരം രൂപ എല്ലാ മാസവും നിഷയ്ക്കും കുഞ്ഞുങ്ങള്‍ക്കും നല്‍കിവന്നു. ഇതിനിടെ 2016ല്‍ തലാഖ് ചെല്ലിയതായി രേഖകള്‍ പോസ്റ്റല്‍ വഴി വന്നപ്പോഴാണ് ചതി നടന്ന കാര്യം നിഷയ്ക്ക് മനസ്സിലാവുന്നത്. തലാഖിന്റെ പോലും നിയമങ്ങള്‍ പാലിക്കാതെയുള്ള ഷിഹാബിന്റെ മൊഴിചൊല്ലലിനെതിരെ നിഷ പള്ളിക്കമ്മിറ്റിയെ സമീപിച്ചെങ്കിലും നിരാശയായി മടങ്ങേണ്ടി വരികയായിരുന്നു. ഷിഹാബ് പുനര്‍വിവാഹം ചെയ്തപ്പോള്‍ താന്‍ കൊടുത്ത സ്ത്രീധനവും സ്വര്‍ണ്ണവും തിരികെ തരണമെന്ന് നിഷ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്കൊന്നും തന്നിട്ടില്ല എന്ന് പറഞ്ഞ് ഷിഹാബ് ഒഴിഞ്ഞുമാറി. പിന്നീട് ആലപ്പുഴ ജില്ലാ കോടതിയില്‍ ഇത് സംബന്ധിച്ച് കേസ് കൊടുത്തപ്പോള്‍ 14,92,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. എന്നാല്‍ ഷിഹാബ് ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. ആ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്.

‘എന്റെ കാര്യം പോട്ടെ. മൂന്ന് കുഞ്ഞുങ്ങളില്ലേ. അയാളുടെ കുഞ്ഞുങ്ങളല്ലേ. അവരുടെ കാര്യമെങ്കിലും ആലോചിക്കണ്ടേ? മുത്തലാഖ് ആണെങ്കില്‍ കൂടി, അതിന്റെ നിയമങ്ങള്‍ക്കനുസരിച്ചുമല്ല കാര്യങ്ങള്‍ നടന്നത്. ഷിഹാബിന്റെ ബന്ധുക്കളും, ഷിഹാബിന് മാത്രമറിയാവുന്ന രണ്ട് സാക്ഷികളും മാത്രമാണ് തലാഖ് ചൊല്ലുന്ന സമയത്തുണ്ടായിരുന്നത്. എന്നെ മുന്നില്‍ നിര്‍ത്തിയല്ല തലാഖ് ചൊല്ലിയത്. എന്റെ ബന്ധുക്കളുമുണ്ടായിരുന്നില്ല. രണ്ട് സാക്ഷികളെ എനിക്ക് അറിയുകകൂടിയില്ല. ഇതൊന്നും ശരിയായ കാര്യങ്ങളായിരുന്നില്ല. ഒരു തലാഖ് ചൊല്ലി ആറ് മാസം കഴിഞ്ഞ് അടുത്ത തലാഖ് ചൊല്ലിയാല്‍ അതിനിടയില്‍ ഞാന്‍ കാര്യമറിയുകയും എന്റെ മുതല്‍ തിരികെ ചോദിക്കുമെന്നും അറിയാവുന്നതുകൊണ്ട് മൂന്ന് തലാഖും ഒന്നിച്ചു ചൊല്ലിയാണ് മൊഴിചൊല്ലിയത്. 11 വയസ്സുള്ള മകളും, എട്ടും ആറും വയസ്സുള്ള ആണ്‍കുട്ടികളുമാണ് എനിക്കുള്ളത്. തലാഖിന് മുമ്പും ഷിഹാബും ഞാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. വാടകവീട്ടിലാണ് ഞങ്ങളും കുഞ്ഞുങ്ങളുമായി താമസിച്ചിരുന്നത്. വാടക പോലും കൊടുക്കാതെ ഇറങ്ങിപ്പോയ്ക്കളയും. അതിനെതിരെയാണ് ആദ്യം കേസ് കൊടുത്തത്. എല്ലാ പെണ്ണുങ്ങളുടേയും വിചാരം ഭര്‍ത്താവുമായി പിരഞ്ഞാല്‍ മാത്രമേ ജീവനാംശം ലഭിക്കാന്‍ കേസ് കൊടുക്കാവൂ എന്നാണ്. എന്നാല്‍ ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ, വീട്ടുകാര്യങ്ങള്‍ നോക്കുന്നില്ലെങ്കില്‍ കേസ് കൊടുക്കാമെന്ന് അറിയാവുന്നതുകൊണ്ടാണ് അത് ചെയ്തത്. എണ്ണായിരം രൂപ നല്‍കാനാണ് കോടതി വിധിച്ചത്. പക്ഷെ അയാള്‍ 7000 രൂപ വച്ചാണ് തന്നിരുന്നത്. ഇപ്പോഴും അത് തുടരുന്നു. പക്ഷെ അതുകൊണ്ട് മൂന്ന് കുഞ്ഞുങ്ങളുടെ പഠിപ്പും, ചെലവുമെല്ലാം ഞാന്‍ എങ്ങനെ നിവൃത്തിക്കാനാണ്. സര്‍ക്കാര്‍ സര്‍വീസിലെ ചെറിയ ജോലിക്കാരായിരുന്നു എന്റെ ഉമ്മയും വാപ്പയും. വാപ്പ മരിച്ചു. ഉമ്മയ്ക്ക് കിട്ടുന്ന ചെറിയ പെന്‍ഷന്‍ തുകയാണ് ആകെ ഞങ്ങള്‍ക്കുള്ളത്. അവര്‍ രണ്ടാളും കഷ്ടപ്പെട്ടുണ്ടാക്കിയ 36 പവനും ഒന്നരലക്ഷം രൂപയും നല്‍കിയാണ് എന്നെ വിവാഹം കഴിപ്പിച്ചയച്ചത്. ഇപ്പോള്‍ ഒന്നും ബാക്കിയില്ല. അത് തിരികെ തരണമെന്നാണ് എന്റെ ആവശ്യം. അതിനുള്ള കഴിവില്ലെന്നാണ് ഷിഹാബ് പറയുന്നത്. സെക്കന്‍ഹാന്‍ഡ് ടൂവീലറും കാറും വില്‍ക്കുന്ന മൂന്ന് കടകള്‍ ഷിഹാബിനുണ്ട്, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനുമാണ്. ഇപ്പോള്‍ ഒരു കല്യാണം കഴിച്ച് കുടുംബം നോക്കുന്നു. എന്നിട്ട് പണമില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല.

തലാഖ് 13 വര്‍ഷത്തെ ഷയറയുടെ ദാമ്പത്യത്തെ മാറ്റിമറിച്ചത് ഇങ്ങനെയാണ്

മൂന്ന് കുഞ്ഞുങ്ങളും കേസ് നടത്തിപ്പും ഉളളതിനാല്‍ ജോലിക്ക് പോവാന്‍ കഴിയാത്ത അവസ്ഥയാണ് നിഷയ്ക്ക്. ഉമ്മയ്ക്ക് ലഭിക്കുന്ന ചെറിയ പെന്‍ഷന്‍ തുകയും ഷിഹാബ് നല്‍കുന്ന ഏഴായിരം രൂപയും മാത്രമാണ് ഇവരുടെ വരുമാനം. മൂന്ന് കുഞ്ഞുങ്ങളുള്ളയാളുടെ മുത്തലാഖിന് അംഗീകാരവും, ഷിഹാബിന്റെ പുനര്‍വിവാഹത്തിന് അനുമതിയും നല്‍കിയ പള്ളിക്കമ്മറ്റിയെ നിഷ നേരിട്ടെത്തി ചോദ്യം ചെയ്തു. എന്നാല്‍ അവര്‍ കൈമലര്‍ത്തി. ഇതോടെ തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിഷ ആര്യാട് പള്ളിക്കമ്മറ്റിക്ക് മുന്നില്‍ കുഞ്ഞുങ്ങളുമായി അനിശ്ചിതകാല നിരാഹാര സമരമിരുന്നു. സമരം ജനശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയതോടെ ചര്‍ച്ച ചെയ്ത് തീര്‍പ്പുണ്ടാക്കാമെന്ന് പറഞ്ഞ് പള്ളിക്കമ്മറ്റി തല്‍ക്കാലം തലയൂരി. ‘എന്റെ കുഞ്ഞുങ്ങളെ കാണിച്ച് ഞാന്‍ പള്ളിക്കമ്മറ്റിക്കാരോട് ചോദിച്ചു. ഒരു സ്ത്രീയായത് കൊണ്ടല്ലേ എനിക്ക് ഈ അവസ്ഥ വന്നത്. മൂന്ന് മക്കളുള്ള ഒരാള്‍ക്ക് അത്ര നിസ്സാരമായി മുത്തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കാന്‍ പറ്റില്ല. അതിന് പള്ളിക്കമ്മറ്റി കൂട്ടുനിന്നുട്ടെങ്കില്‍ അത് തെറ്റാണ്. സാധാരണ മൂന്ന് കുട്ടികളൊക്കെയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാനും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുമൊക്കെയാണ് പള്ളിക്കമ്മിറ്റി ശ്രമിക്കാറ്. പക്ഷെ ഇക്കാര്യത്തില്‍ ഷിഹാബിന് പുനര്‍വിവാഹം ചെയ്യാനുള്ള അനുമതിയും പള്ളിക്കമ്മറ്റി നല്‍കി. അപ്പോള്‍ പിന്നെ അവരോടല്ലേ ചോദിക്കണ്ടത്? എന്റെ മൂന്ന് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് ഞാന്‍ പള്ളിയ്ക്ക് മുന്നില്‍ സമരമിരുന്നത്. ഇപ്പോള്‍ അവര്‍ ചര്‍ച്ചയ്ക്ക് ശേഷം എല്ലാം കൂടി പതിനഞ്ച് ലക്ഷം രൂപ വാങ്ങിത്തരാം, പിന്നീട് ജീവനാംശമൊന്നും കിട്ടില്ല എന്നാണ് പറയുന്നത്. അത് എനിക്ക് അംഗീകരിക്കാനാവില്ല. കാരണം എന്റെ മുതല്‍ കണക്കാക്കി 14,92,000 രൂപ എനിക്കും കുഞ്ഞുങ്ങള്‍ക്കുമായി നല്‍കണമെന്ന കോടതിവിധി നില്‍ക്കുന്നുണ്ട്. താമസിക്കുന്തോറും വര്‍ഷത്തില്‍ ആറ് ശതമാനം പലിശയും നല്‍കണമെന്നാണ് കോടതി വിധി. അങ്ങനെ നോക്കിയാല്‍ ഇപ്പോള്‍ പതിനേഴ് ലക്ഷത്തിനടുത്ത് എനിക്ക് കിട്ടാനുണ്ട്. മറ്റ് സമുദായങ്ങളിലുള്ളതിനേക്കാള്‍ സ്ത്രീധനം കൊടുത്താണ് മുസ്ലീം സമുദായത്തില്‍ വിവാഹം നടക്കുന്നത്. പക്ഷെ എനിക്ക് മനസ്സിലാവാത്തത് പള്ളിക്കമ്മറ്റികള്‍ എന്തുകൊണ്ട് പുരുഷന് അനുകൂലമായി മാത്രം നില്‍ക്കുന്നു എന്നതാണ്’

തനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിഷ ജില്ലാ കളക്ടര്‍ ടി.വി.അനുപമയേയും സമീപിച്ചിരുന്നു. തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ കളക്ടര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. മുത്തലാഖ് ഇല്ലാതാക്കുന്ന നിയമം കൊണ്ടുവരുന്നത് മുസ്ലീം സ്ത്രീകളുടെ ജീവിതം തിരികെ നല്‍കുന്നതിന് തുല്യമാണെന്ന് നിഷ പറയുന്നു. ‘കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതിന് ഇന്ത്യയിലെ എല്ലാ മുസ്ലീം സ്ത്രീകളും കടപ്പെട്ടിരിക്കുന്നു. കാരണം അത്രത്തോളം യാതനകള്‍ അനുഭവിക്കുന്നവരാണ് ഞങ്ങള്‍. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകള്‍ക്ക് വലിയൊരു വിജയമാണ്. മുത്തലാഖ് വഴി എല്ലാം നഷ്ടപ്പെടുന്നതും ഒന്നും കിട്ടാതാവുന്നതും സ്ത്രീകള്‍ക്കാണ്. പുരുഷന്‍മാര്‍ എപ്പോഴും ജയിച്ചുകൊണ്ടേയിരിക്കും. ഞാന്‍ നഷ്ടപരിഹാരം ചോദിക്കുന്നത് എനിക്ക് വേറെ കല്യാണം കഴിച്ച് ജീവിക്കാനല്ല. എന്റെ കുഞ്ഞുങ്ങളെ നേരാംവണ്ണം വളര്‍ത്താനാണ്. എന്റെ കാര്യം തന്നെ നോക്കൂ, എന്റെ കുഞ്ഞുങ്ങള്‍ ഒരു കളിപ്പാട്ടം ചോദിച്ചാല്‍, ഒരു ഗ്ലാസ് പാല് വാങ്ങിക്കൊടുക്കാന്‍ എനിക്ക് നിവൃത്തിയില്ല. മുത്തലാഖ് കൊണ്ട് സ്ത്രീകള്‍ക്കൊപ്പം നിരപരാധികളായ കുഞ്ഞുങ്ങളുമാണ് വഴിയാധാരമാക്കപ്പെടുന്നത്.’

ഖുറാന്‍ വായിക്കൂ, മുത്തലാക്ക് അതിലില്ല

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍