UPDATES

സിനിമാ വാര്‍ത്തകള്‍

പാര്‍വ്വതി ആക്രമിക്കപ്പെട്ടപ്പോള്‍ മമ്മൂക്ക മൌനം പാലിച്ചു; ‘ഇടതുപക്ഷ സഹയാത്രികന്‍’ ബി ഉണ്ണികൃഷ്ണന്‍ കുറ്റാരോപിതനൊപ്പം-ആഷിക് അബു

നിഷ്പക്ഷമായി ഇടപെടേണ്ട ഒരു തൊഴിലാളി പ്രസ്ഥാനം പക്ഷം കൃത്യമായി പിടിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഇനി ഇടപെടേണ്ടത് രാഷ്ട്രീയ കേരളം ആണെന്ന് തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു

പ്രമുഖ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ ‘താര സംഘടന അമ്മയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടിമാർ രാജി വെച്ച് ഇറങ്ങിപ്പോയ പശ്ചാത്തലത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. ഫെഫ്ക നേതൃത്വത്തിനും, നടൻ മമ്മൂട്ടിക്കും എതിരെ രൂക്ഷ വിമർശനം ആണ് ആഷിഖ് ഉന്നയിച്ചിരിക്കുന്നത്. “ഒരഭിപ്രായം പറഞ്ഞെന്ന ‘ കുറ്റത്തിന് പാർവതി അതിക്രൂരമായി ഈ ദുഷ്ടന്മാരാൽ ആക്രമിക്കപ്പെട്ടപ്പോൾ മമ്മുക്ക മൗനം പാലിച്ചു.” എന്ന് ആഷിഖ് അബു പറഞ്ഞു.

ഫെഫ്കയുടെ നേതാവും ‘ഇടതുപക്ഷ’ സഹയാത്രികനുമായ ശ്രി ബി ഉണ്ണികൃഷ്ണൻ കുറ്റാരോപിതനായ നടന്റെ കൂടെയാണ് എന്നും ആഷിഖ് വിമർശനം ഉന്നയിച്ചു. പ്രശ്നങ്ങളിൽ നിഷ്പക്ഷമായി ഇടപെടേണ്ട ഒരു തൊഴിലാളി പ്രസ്ഥാനം പക്ഷം കൃത്യമായി പിടിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഇനി ഇടപെടേണ്ടത് രാഷ്ട്രീയ കേരളം ആണെന്ന് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ആഷിഖ് അബുവിന്റെ പോസ്റ്റിന്റെ പൂർണരൂപം.

സർക്കാരിനോടും, പൊതുജനങ്ങളോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടുമുള്ള അഭ്യർത്ഥന.

സമൂഹത്തിൽ ഭീകരത പടർത്തി എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഭീകരവാദത്തിന്റെ അടിസ്ഥാന പ്രമാണം. മലയാള സിനിമയിലും കുറെ കാലമായി നടക്കുന്ന കാര്യമിതാണ്. ഭീഷണി, കായികമായി ഉപദ്രവിക്കുക, സൈബർ ആക്രമണം നടത്തുക തുടങ്ങി അനേകം ക്രിമിനൽ പ്രവർത്തനങ്ങളുടെ ഫലമായി ഒരു ഭീകരാന്തരീക്ഷം സൃഷ്ടികുകയും, സിനിമ എന്ന ജനപ്രിയകലയോട് ജനങ്ങൾക്കുള്ള നിഷ്കളങ്കമായ സ്നേഹവും ആരാധനയും ഉപയോഗിച്ച് ഫാൻസ്‌ അസോസിയേഷൻ എന്ന പേരിൽ ഗുണ്ടാ സംഘം രൂപീകരിക്കുകയും അവർ ഈ താരങ്ങൾക്കുവേണ്ടി ആക്രമങ്ങൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എതിർപക്ഷത്തെ, പ്രത്യേകിച്ച് സ്ത്രീകളെ നിശ്ശബ്ദരാക്കുകയുമാണ് ഈ തന്ത്രം.

2002 മുതൽ മലയാള സിനിമയിലും തെന്നിന്ത്യൻ സിനിമകളിലും സജീവമായി പ്രവർത്തിച്ച ഒരു പ്രശസ്തയായ പെൺകുട്ടിയെ, നടുറോഡിൽ ആക്രമിക്കാനുള്ള ധൈര്യം കിട്ടുന്നത് ഈ ആരാധക ക്രിമിനൽ കൂട്ടം എന്തും ചെയ്യാനായി കൂടെയുള്ളതുകൊണ്ടും പണവും സ്വാധീനവും ഉള്ളതുകൊണ്ടുമാണ്. എല്ലാ ദുഷ്ട്ടപ്രവർത്തികളും ചെയ്യാൻ ഇവർക്ക് ശക്തിയാകുന്നത് സിനിമ എന്ന കലയോടുള്ള നമ്മുടെ ജനങ്ങളുടെ നിഷ്കളങ്കമായ സ്നേഹത്തെ മുതലെടുത്തുകൊണ്ടാണ്. ഒരഭിപ്രായം പറഞ്ഞെന്ന ‘കുറ്റത്തിന്’ പാർവതി അതിക്രൂരമായി ഈ ദുഷ്ടന്മാരാൽ ആക്രമിക്കപെട്ടപ്പോൾ മമ്മുക്ക മൗനം പാലിച്ചു, കേരളം മൗനം പാലിച്ചു. ആ ആക്രമണങ്ങളെ ഈ പെൺകുട്ടികൾ ഒരുമിച്ചു നേരിട്ടു, ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. അഭിപ്രായങ്ങളും നിലപാടുകളും പരസ്യമായി പ്രകടിപ്പിക്കുകയും ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കൂടെ നിൽക്കുകയും ചെയ്യുന്നവരുടെ സിനിമകൾ ആക്രമിക്കപ്പെടുന്നു. സൈബർ അറ്റാക്കുകൾ വഴി അതിഭീകര വിഷം ചീറ്റുന്ന ഈ കൂട്ടം, നേരിട്ടാണെങ്കിൽ കായികമായി കൈകാര്യം ചെയ്യുമെന്നും, പെണ്ണുങ്ങളെ റേപ്പ് ചെയ്യുമെന്നും ഉറപ്പാണ്. അവരത് ചെയ്യും. അത്ര മാത്രം വെറുപ്പിന്റെ അളവ് ആരാധനയുടെ പേരിൽ അവരിലുണ്ട്.

ഇവരുടെ ലിസ്റ്റിലുള്ള ആളുകളുടെ സിനിമകളുമായോ ഇവരുമായോ സഹകരിക്കാൻ എല്ലാവരും പേടിക്കുന്നു. പാർവതിയുടെ രണ്ടു സിനിമകൾ, അതും പൃഥ്വിരാജുമൊത്തു വരാനിരിക്കുകയാണ്. ഈ സിനിമകളുടെ സംവിധായകരും നിർമാതാക്കളും എഴുത്തുകാരും മറ്റ് അണിയറ പ്രവർത്തകരും അതിഭീകര സമ്മർദം അനുഭവിക്കുകയാണ്. പാർവതിയുടെ പേരിൽ ചിത്രം ആക്രമിച്ചുനശിപ്പിക്കും എന്ന് ഈ കൂട്ടം എപ്പോഴേ വെല്ലുവിളിച്ചു കാത്തിരിക്കുകയാണ്. പൊതുപരിപാടികളിൽ പാർവതി പങ്കെടുക്കുമ്പോൾ നടക്കുന്ന തെറി വിളിച്ചുള്ള കൂവൽ സംഗീതം പോലെ ആസ്വദിക്കുകയാണ് (താരങ്ങൾ)?!

“സിനിമാനടി”കകളായവരെ അവരെ തെറിവിളിക്കാനും ബലാത്സംഗം ചെയ്യാനും ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമുള്ള ലൈസെൻസ് ആരാണിവർക് നൽകുന്നത്? സിനിമകളെ, അതിൽ പണിയെടുക്കുന്ന പ്രവർത്തകരെ ആക്രമിച്ചും പേടിപ്പിച്ചും ഇത്രെയും കാലം അഴിഞ്ഞാടിയ ഇവരെ ഒരു വാക്കുകൊണ്ടുപോലും തടയാത്ത സിനിമാ തൊഴിലാളികളുടെ രജിസ്റ്റർ ചെയ്യപ്പെട്ട സംഘടന (ഫെഫ്ക) അർത്ഥഗർഭമായ മൗനം തുടരുന്നു. മികച്ച എഴുത്തുകാരും സംവിധായകരും ഛായാഗ്രാഹകരും മറ്റുമുള്ള വലിയ തൊഴിലാളി പ്രസ്ഥാനമാണ് ഫെഫ്ക. (ഒരു അഭിമുഖത്തിൽ ഫെഫ്കയെ “അപകീർത്തിപ്പെടുത്തി” എന്ന കുറ്റം വിധിച്ച ഫെഫ്ക ഡയറക്ടേഴ്സ്സ് യൂണിയൻ ഭാരവാഹികളായ ശ്രി ജി എസ് വിജയൻ, ശ്രി രഞ്ജി പണിക്കർ എന്നിവർ എന്നോട് വിശദീകരണം ചോദിക്കുകയും, അതിന് ഞാൻ മറുപടി കൊടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആ സംഘടനയുടെ പ്ലാറ്റ്‌ഫോമിൽ പറയാൻ പറ്റാത്തതുകൊണ്ടാണ് ഇവിടെ പറയുന്നത് ). വളരെ ശക്തമായ അംഗബലമുള്ള, ഒരു തൊഴിലാളി സംഘടന പോലും സിനിമയെ ഈ ആക്രമണങ്ങളിൽ നിന്ന് തടുക്കാൻ മുന്നോട്ടുവരുന്നില്ല. ഫെഫ്കയുടെ നേതാവും “ഇടതുപക്ഷ” സഹയാത്രികനുമായ ശ്രി ബി ഉണ്ണികൃഷ്ണൻ കുറ്റാരോപിതനായ നടന്റെ കൂടെയാണ്. പ്രശ്നങ്ങളിൽ നിഷ്പക്ഷമായി ഇടപെടേണ്ട ഒരു തൊഴിലാളി പ്രസ്ഥാനം പക്ഷം കൃത്യമായി പിടിച്ചുകഴിഞ്ഞു.

ഇനി ആരോടാണ് ഈ വലിയ വ്യവസായത്തിലെ അസാന്മാർഗിക പ്രവർത്തനങ്ങൾ തടയണമെന്ന് ഈ പെണ്‍കുട്ടികളും, നീതിക്കൊപ്പം നിൽക്കുന്ന ഞങ്ങളുടെ സിനിമകൾ ആക്രമിക്കപ്പെടുമ്പോൾ ഞങ്ങളും പറയേണ്ടത്? രാഷ്ട്രീയ കേരളത്തോടുതന്നെ!

മനുഷ്യാവകാശ ലംഘനം, ബലാത്സംഗം, ഭീഷണി, സ്വജനപക്ഷപാതം, അക്രമം. സർഗാത്മകമായി അതിവേഗം മുന്നോട്ടുപോകുന്ന മലയാള സിനിമയെ ക്രിമിനൽ വിമുക്തമാക്കാൻ, ഈ അക്രമകാരികളെ അടക്കിനിർത്താൻ, നമ്മുടെ പെൺകുട്ടികൾക്ക് സംരക്ഷണവും അവർക്കവകാശപെട്ട സ്വാതന്ത്ര്യവും ലഭ്യമാക്കാൻ രാഷ്ട്രീയ ഇടപെടലിന് മാത്രമേ കഴിയൂ.

മമ്മൂട്ടി, താങ്കളൊരു പീലാത്തോസ് ആകരുതായിരുന്നു

മൌനം തുടരുന്ന ഇവര്‍ ഇടതുപക്ഷത്തിന് ബാധ്യത

തിലകനോട് സിനിമാ തമ്പുരാക്കന്‍മാര്‍ മാപ്പുപറയുമായിരിക്കും അല്ലേ? അമ്മക്കെതിരേ ആഷിഖ് അബു

ഈ മനോവൈകൃത സ്വയംപൊക്കികളില്‍ നിന്നും ഇതല്ലാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല

ഒരുപാടുപേരുടെ ജീവിതം തകര്‍ത്തില്ലേ, ഇനിയും ഉപദ്രവിക്കാനാണ് ഭാവമെങ്കില്‍ നേരിടും; ആഷിഖ് അബു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍