UPDATES

ട്രെന്‍ഡിങ്ങ്

അവന്‍ ലീഗുകാരന്‍, പക്ഷേ അവര്‍ തള്ളിപ്പറഞ്ഞു: മുസ്ലിം ലീഗ് നേതൃത്വത്തിനെതിരേ കണ്ണൂരില്‍ കൊല്ലപ്പെട്ട റൗഫിന്റെ കുടുംബം

എസ്ഡിപി ഐ- ലീഗ് സംഘര്‍ഷത്തിന്റെ ഭാഗമായാണ് റൗഫ് കൊല്ലപ്പെട്ടതെന്നാണ് കുടുംബം പറയുന്നു

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരേ കണ്ണൂരില്‍ എസ്ഡിപിഐ കൊലപ്പെടുത്തിയ അബ്ദുള്‍ റൗഫിന്റെ കുടുംബം. ലീഗും-എസ്ഡിപിഐയും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായാണ് റൗഫ് കൊല്ലപ്പെടുന്നതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. റൗഫ് മുസ്ലിം ലീഗില്‍ ഇപ്പോള്‍ അംഗമല്ലെന്നായിരുന്നു പാര്‍ട്ടി നേതൃത്വം കൊലപാതകത്തിനു പിന്നാലെ നടത്തിയ പ്രതികരണം. എന്നാല്‍ ലീഗ് ചെയ്തിരിക്കുന്നത് ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ അയാള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ തള്ളിപ്പറയുന്ന പ്രവൃത്തിയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ലീഗ് നേതൃത്വത്തിന്റെ ഇത്തരത്തിലുള്ള സമീപനത്തില്‍ നിരാശയുണ്ടെന്നും പീപ്പിള്‍ ചാനലിനോട് നടത്തിയ പ്രതികരണത്തില്‍ റൗഫിന്റെ സഹോദരന്‍ വ്യക്തമാക്കി.

റൗഫിന്റേത് നൂറുശതമാനവും രാഷ്ട്രീയ കൊലപാതകമാണെന്നാണ് കുടുംബം പറയുന്നത്. എസ്ഡിപിഐയും ലീഗുമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. പാര്‍ട്ടിക്കു വേണ്ടി എന്തു കാര്യത്തിനും മുന്നില്‍ നില്‍ക്കുന്നയാളായിരുന്നു റൗഫ്. അവനെ കശാപ്പ് ചെയ്താലേ തങ്ങള്‍ക്ക് വളരാന്‍ പറ്റൂ എന്ന് എസ്ഡ്പി ഐക്കാര്‍ക്ക് അറിയാമായിരുന്നു. റൗഫിനെതിരേ ഇതിനു മുമ്പും അക്രമണം ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മൂന്നുനാലു മാസം ആശുപത്രിയില്‍ കിടന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ കൊന്നതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

റൗഫ് മാത്രമല്ല, തങ്ങളെല്ലാവരും ലീഗ് പ്രവര്‍ത്തകരാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ റൗഫിന്റെ കൊലപാതകത്തിനെതിരേ ഒരു ലീഗ് നേതാവ് പോലും പ്രതികരിക്കുകയോ തങ്ങളുടെ വീട്ടില്‍ വരികയോ ചെയ്തിട്ടില്ലെന്നും ഇവര്‍ പറയുന്നു. കാലങ്ങളായി ലീഗിനൊപ്പം നില്‍ക്കുന്ന കുടുംബമായിട്ടും കറിവേപ്പില പോലെയാണ് ലീഗ് നേതൃത്വം തങ്ങളെ കണ്ടതെന്നും ആവിശ്യമുള്ളപ്പോള്‍ മാത്രം മതി അണികളെന്നും എന്ന രീതിയാണ് നേതൃത്തത്വത്തിനെന്നും സഹോദരന്‍ കുറ്റപ്പെടുത്തുന്നു. റൗഫ് ലീഗ് പ്രവര്‍ത്തകനാണെന്നത് കണ്ണൂര്‍ ടൗണില്‍ ഉള്ള എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും പാര്‍ട്ടിയുടെ എന്ത് പരിപാടി നടന്നാലും എല്ലാവരും റൗഫിനെ തിരക്കുമായിരുന്നുവെന്നും സഹോദരന്‍ പീപ്പിള്‍ ചാനലിനോട് പറയുന്നുണ്ട്. നേതൃത്വം വന്നില്ലെങ്കിലും റൗഫ് മരിച്ചപ്പോള്‍ ലീഗിന്റെ നൂറുകണക്കിന് അണികളാണ് എത്തിയതെന്നും വീട്ടുകാര്‍ പറയുന്നു. റൗഫ് ലീഗുകാരനല്ലെന്നു മൈക്ക് കെട്ടി പറഞ്ഞതുകൊണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തെ സമീപിക്കാനും ശ്രമിച്ചിട്ടില്ലെന്നു കുടുംബം വ്യക്തമാക്കുന്നു. അബ്ദുള്‍ റൗഫിനെ കൊലപ്പെടുത്തിയത് എസ്ഡിപി ഐ നേതൃത്വത്തിന്റെ അറിവോടെയാണെന്നും കുടുംബം ആരോപിക്കുന്നുണ്ട്. 58 വെട്ടുകളായിരുന്നു റൗഫിനേറ്റത്. മഴുവും വാളും ഉപയോഗിച്ചായിരുന്നു ആക്രമണം. കാലുകള്‍ രണ്ടും വെട്ടിമാറ്റി, അതിക്രൂരമായിട്ടായിരുന്നു കൊല നടത്തിയത്. തിങ്കളാഴ്ച്ച രാത്രി പത്തരയോടെ ആദികടലായി ബീച്ച് റോഡില്‍ വച്ചായിരുന്നു റൗഫിനെതിരേ ആക്രമണം. ബൈക്കില്‍ പോവുകയായിരുന്ന റൗഫിനെ പിന്തുടര്‍ന്നെത്തിയായിരുന്നു കൊലപാതകം. അക്രമികള്‍ ആറു ബൈക്കുകളിലായിട്ടാണ് എത്തിയത്.

എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന ഫറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കട്ട റൗഫ് എന്നറിയപ്പെട്ടിരുന്ന അബ്ദുള്‍ റൗഫ്. 2016 ഒക്ടോബറില്‍ ആയിരുന്നു കണ്ണൂര്‍ ടൗണില്‍ വച്ച് പകല്‍ സമയത്ത് ഫറൂഖിനെ കൊലപ്പെടുത്തിയത്. വയറിനും നെഞ്ചിനും ആഴത്തില്‍ മുറിവേറ്റ ഫറൂഖ് ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്നേ തന്നെ മരിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകമായിരുന്നില്ല ഫറൂഖിന്റേതെന്ന് അന്നും പറഞ്ഞിരുന്നുവെങ്കിലും റൗഫ് ഫറൂഖിനെ കൊലപ്പെടുത്തിയത് ലീഗ്-എസ്ഡിപിഐ സംഘര്‍ഷത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ഈ കൊലപാതകം അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്നു റൗഫ്. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യം എന്ന നിലയിലായിരുന്നു മുസ്ലിം ലീഗ് നേതൃത്വം ഈ സംഭവത്തോട് പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍