UPDATES

ട്രെന്‍ഡിങ്ങ്

എന്നും ഹിന്ദുത്വ തീവ്രവാദികളുടെ കണ്ണിലെ കരട്; സന്ദീപാനന്ദ ഗിരി ‘പി കെ ഷിബു’ ആയി മാറുമ്പോള്‍!

തങ്ങളുടെ നിലപാടുകളെ ചോദ്യം ചെയ്യുന്ന സന്ദീപാന്ദഗിരി സന്യാസിയായി ജീവിക്കുന്നതാണ് അക്രമികളെ പ്രകോപിതരാക്കുന്നതെന്ന് വ്യക്തം

ഇന്നലെ ശബരിമല വിഷയത്തില്‍ കൈരളി ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെ സംഘപരിവാറിന്റെ ആക്രമണമുണ്ടായത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൂടെയാണ് സന്ദീപാനന്ദഗിരി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാട് ഒട്ടേറെ വിമര്‍ശനത്തിന് കാരണമായി. പന്തളം കൊട്ടാരത്തിലോ താഴമണ്‍ കുടുംബത്തിലോ അയ്യപ്പന്‍ വര്‍മ്മ, അല്ലെങ്കില്‍ അയ്യപ്പന്‍ നമ്പൂതിരിയുണ്ടോയെന്നാണ് അദ്ദേഹം ഈ വിഷയത്തില്‍ ആദ്യം ചോദിച്ചത്. ആര്‍ത്തവം അശുദ്ധിയാണെന്ന് ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ വാദിക്കുന്നവരെയും അദ്ദേഹം എതിര്‍ത്തു. ശബരിമല വിഷയത്തിലെ അദ്ദേഹത്തിന്റെ എതിര്‍പ്പുകളെല്ലാം സ്വാഭാവികമായും പന്തളം കൊട്ടാരത്തിനും താഴമണ്‍ കുടുംബത്തിനും എതിരെയായി മാറി.

ശബരിമല ദര്‍ശനത്തിന് 41 ദിവസം ബ്രഹ്മചര്യവൃതം അനുഷ്ഠിക്കണമെങ്കില്‍ എല്ലാ മാസവും നട തുറക്കുന്ന തന്ത്രിയും മറ്റുള്ളവരും 365 ദിവസവും ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കേണ്ടതല്ലേയെന്ന യുക്തിയിലധിഷ്ടിതമായ ചോദ്യങ്ങളാണ് അദ്ദേഹം മുന്നോട്ട് വച്ചത്. ഇത്തരം ചോദ്യങ്ങളുന്നയിച്ച സ്വാമിയ്ക്ക് നേരെയുണ്ടായിട്ടുള്ള വ്യക്തിഹത്യകളുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ദീപ രാഹുല്‍ ഈശ്വര്‍ ഉന്നയിച്ച പി കെ ഷിബു പരാമര്‍ശം.

സാംസ്‌കാരിക നായകന്മാര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ കൊലവിളി നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്ക് ആദ്ധ്യാത്മിക തലത്തില്‍ വിമര്‍ശിച്ചിരുന്നു ഇദ്ദേഹം. ഭാരതീയ ദര്‍ശനങ്ങളെ കൊലവിളിക്കായി ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. മന്ത്രങ്ങള്‍ എന്ന ശബ്ദത്തിന് തന്നെ മനനം ചെയ്യേണ്ടത് എന്നാണ് അര്‍ത്ഥം. ഏത് മന്ത്രങ്ങള്‍ ആയാലും മറ്റൊരാളെ ഭയപ്പെടുത്താനോ ഏതെങ്കിലും തരത്തില്‍ ഭീതി ജനിപ്പിക്കാനോ ഉള്ളതല്ലെന്നും സ്വാമി പറഞ്ഞു. 2014ല്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ അമൃതാനന്ദമയിയുടെ അനുയായികള്‍ ഇദ്ദേഹത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അമൃതാനന്ദമയിയും അവരുടെ മഠവും ആരോപണ വിധേയമായ കാലം മുതല്‍ ആത്മീയ വ്യാപാരത്തെയും ആള്‍ദൈവ സങ്കല്‍പ്പത്തെയും ഹൈന്ദവദര്‍ശനങ്ങള്‍ മുന്‍നിര്‍ത്തി എതിര്‍ത്തുകൊണ്ടിരുന്ന വ്യക്തിയാണ് സന്ദീപാനന്ദഗിരി. കൈരളി ചാനലില്‍ ഗെയ്ല്‍ ട്രെഡ്വലുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ഒരു സന്യാസിനിയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നതോടെയാണ് സന്ദീപാനന്ദഗിരി വീണ്ടും ടാര്‍ജറ്റ് ചെയ്യപ്പെട്ടത്. പുരകത്തുമ്പോള്‍ വാഴ വെട്ടരുതെന്നായിരുന്നു അന്ന് രാഹുല്‍ ഈശ്വര്‍ സ്വാമിക്ക് നല്‍കിയ ഉപദേശം.

മലയാളിയുടെ പൂജാമുറി ആള്‍ദൈവങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും സ്വന്തം അമ്മയെ തള്ളേയെന്ന് വിളിക്കുന്നവര്‍ ആശ്രമങ്ങളില്‍ അമ്മേയെന്ന് വിളിക്കാന്‍ വരി നില്‍ക്കുകയാണെന്നുമാണ് ഒരിക്കല്‍ അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ വോയ്‌സ് ഓഫ് ഭഗവദ്ഗീതയുടെ പേരില്‍ സംഘടിപ്പിച്ച ക്ലാസിനിടെ തിരൂരില്‍ വച്ച് ആക്രമണമുണ്ടായി. അതിന് ശേഷമായിരുന്നു തുഞ്ചന്‍ പറമ്പില്‍ വച്ചുണ്ടായ അക്രമം. ഇതിന് ശേഷവും പലപ്പോഴും ഇദ്ദേഹത്തിന്റെ പ്രഭാഷണം അമൃതാനന്ദമയി ഭക്തന്മാര്‍ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു.

തിരുവനന്തപുരത്ത് ഗംഗേശാനന്ദ എന്ന സന്യാസിയുടെ ലിംഗം ഛേദിച്ച സംഭവമുണ്ടായപ്പോള്‍ ചര്‍ച്ചയില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇദ്ദേഹത്തെ കള്ളസ്വാമിയെന്നാണ് വിളിച്ചത്. എന്നാല്‍ താന്‍ എങ്ങനെയാണ് കള്ളസ്വാമിയാകുന്നതെന്ന് വ്യക്തമാക്കണമെന്ന് സന്ദീപാനന്ദഗിരി സുരേന്ദ്രനോട് ആവശ്യപ്പെടുന്നു.

ഭാഗവതം, മഹാഭാരതം, ഭഗവദ്ഗീത, ധര്‍മ്മശാസ്ത്രം തുടങ്ങിയ ഹൈന്ദവ തത്വചിന്തയുടെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി ശ്രദ്ധനേടിയത്. ഇന്നലത്തെ ചാനല്‍ ചര്‍ച്ചയിലും അദ്ദേഹം ചൂണ്ടിക്കാട്ടിയത് അതാണ്. താന്‍ അംഗീകരിക്കപ്പെട്ടത് ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നടത്തിയതിലൂടെയും പഠിപ്പിച്ചതിലൂടെയുമാണ്. അല്ലാതെ ഡാല്‍ഡ, നെയ്യ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ വിറ്റതിന്റെ പേരിലല്ല തന്നെ ലോകം അംഗീകരിക്കുന്നത്. ഇതിന് ഹിന്ദു ഐക്യവേദിയുടെ പ്രതിനിധി നല്‍കിയ മറുപടി സ്വാമിയെ പി കെ ഷിബു എന്ന് വിളിച്ചായിരുന്നു. ഇന്ന് ആക്രമണം നടത്തിയവര്‍ ആശ്രമത്തിന് പുറത്ത് ഒരു റീത്ത് വച്ചിരുന്നു. അതില്‍ എഴുതിയിരുന്നത് പി കെ ഷിബു എന്നാണ്. ഷിബു എന്ന് വിളിച്ചതിനെക്കുറിച്ചും ചര്‍ച്ചയില്‍ തര്‍ക്കമുണ്ടായി. സ്വാമിയുടെ മാതാപിതാക്കള്‍ അദ്ദേഹത്തിന് ഇട്ട പേര് തുളസീദാസ് എന്നാണെന്നും സംഘപരിവാര്‍ അനുകൂലികള്‍ പി കെ ഷിബു എന്ന് വിളിച്ച് പരിഹസിക്കുന്നതാണെന്നുമാണ് വാദം ഉയര്‍ന്നത്. ഇതിന് സംഘപരിവാര്‍ പറഞ്ഞത് തങ്ങളുടെ വാദം അംഗീകരിച്ചാല്‍ മാത്രം സ്വാമിയായിട്ട് അംഗീകരിക്കാമെന്നും അല്ലെങ്കില്‍ അവര്‍ക്ക് അദ്ദേഹം ഷിബു മാത്രമാണെന്നുമാണ്.

സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ സ്ഥാപകനെന്ന നിലയിലാണ് ആദ്ധ്യാത്മിക ലോകത്ത് സന്ദീപാനന്ദഗിരി അറിയപ്പെടുന്നത്. ഈ ഗീതാ സ്‌കൂളും ഇന്ന് ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ഇന്ന് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ‘സിപിഎം അനുഭാവിയായ പി കെ ഷിബുവിന്റെ വീടിന് നേരെ ആക്രമണം’ എന്ന തരത്തില്‍ ചില പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. തങ്ങളുടെ നിലപാടുകളെ ചോദ്യം ചെയ്യുന്ന സന്ദീപാന്ദഗിരി സന്യാസിയായി ജീവിക്കുന്നതാണ് അക്രമികളെ പ്രകോപിതരാക്കുന്നതെന്ന് വ്യക്തം. വസ്തുതകള്‍ പറയുന്നതിന് മുമ്പ് തന്നെ ഇത്തരത്തില്‍ ആക്രമിച്ച് തന്നെ നിശബ്ദനാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചത് അതിനാലാണ് ഇതിന് പിന്നില്‍ അവരാണെന്ന് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

എന്നും വേറിട്ട വഴിയിലായിരുന്നു സന്ദീപാനന്ദഗിരിയുടെ ആത്മീയാത്ര. കളമശേരി സിപിഎം ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞത് കേരളത്തില്‍ ഇപ്പോഴുള്ള മതങ്ങളെ ശുദ്ധീകരിക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്നാണ്. സന്യാസിമാര്‍ക്കിടയിലെ ഇടതുപക്ഷക്കാരനായിട്ടാണ് അദ്ദേഹത്തെ കണക്കാക്കുന്നത് തന്നെ. മതപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതിനെതിരാണ് സന്ദീപാനന്ദഗിരി. ഇതിനാലാണ് അദ്ദേഹത്തെ സംഘപരിവാര്‍ അനുകൂലികള്‍ എതിര്‍ക്കുന്നത്. ചിന്മയ മിഷനുമായുള്ള ബന്ധമാണ് കോഴിക്കോട് മാങ്കാവ് സ്വദേശിയായ തുളസീദാസിനെ ആത്മീയതയിലേക്കെത്തിച്ചത്. ചിന്മയ യുവകേന്ദ്രത്തിന്റെ പ്രധാനപ്രവര്‍ത്തകനായിരുന്ന തുളസീദാസ് സന്യാസം സ്വീകരിച്ചത് അവിടെ നിന്നാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനും പിന്നീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമൊക്കെയായിരുന്നു. തിരുവനന്തപുരത്ത് 101 ദിവസം കൊണ്ട് ഭഗവദ്ഗീതയെ വ്യാഖ്യാനിച്ച് നടത്തിയ പ്രഭാഷണമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

ചിന്മയയുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോള്‍ സംഘടിപ്പിച്ച ഹിമാലയന്‍ യാത്രക്കിടെയുണ്ടായ അപകടം അദ്ദേഹത്തെ ആദ്യമായി വിവാദത്തിലെത്തിച്ചു. അതോടെയാണ് ചിന്മയ വിട്ട് സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത സ്ഥാപിച്ചു. ഭവിഷ്യ എന്ന പേരില്‍ സുരേഷ് കുമാര്‍ ഐഎഎസ് തുടങ്ങിയ പ്രമുഖരുമായി ചേര്‍ന്ന് ഒരു ഇന്‍റര്‍നാഷണല്‍ സ്കൂളും അദ്ദേഹം ആരംഭിച്ചിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ഹൈന്ദവ ദര്‍ശനം അടിസ്ഥാനമാക്കി എതിര്‍ത്തതിന്റെ പേരിലാണ് സ്വാമി ഇപ്പോള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഇതൊരു സൂചനയാണ് എന്നു കരുതേണ്ടിവരുമോ?

‘കളി’ തുടങ്ങിക്കഴിഞ്ഞു; ആദ്യ ‘ഇര’ സ്വാമി സന്ദീപാനന്ദ ഗിരി

‘എന്തുകൊണ്ട് പന്തളം രാജകുടുംബത്തില്‍ അയ്യപ്പന്‍ വര്‍മ്മയെന്ന പേര് ഇല്ലാതെ പോയി?’ സ്വാമി സന്ദീപാനന്ദ ഗിരി

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായി നിലകൊള്ളുന്നു എന്ന് തെളിയിച്ചാൽ കാവി ഉപേക്ഷിച്ച് കൈലി മുണ്ട് ഉടുക്കാം; സ്വാമി സന്ദീപാനന്ദ ഗിരി

ക്ഷേത്രങ്ങളെ പറ്റി നിലവിളിക്കുന്നവര്‍, ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നവര്‍; പൗരോഹിത്യ ചൂഷണത്തിന്റെ പല മുഖങ്ങള്‍: സ്വാമി സന്ദീപാനന്ദ ഗിരി

“സന്ദീപാനന്ദഗിരിയെ ചുട്ടുകൊല്ലാൻ ശ്രമം”; ഉത്തരവാദിത്വം ബിജെപിക്കെന്ന് കടകംപള്ളി സുരേന്ദ്രൻ

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍