UPDATES

ട്രെന്‍ഡിങ്ങ്

നവോത്ഥാന സംഘടനകളുടെ യോഗം: എന്‍ എസ് എസ് പങ്കെടുക്കേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി; ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്ന് വെള്ളാപ്പള്ളി

പരിപാടികളുടെ സംഘാടനത്തിനായി രൂപീകരിച്ച പ്രത്യേക സമിതിയുടെ ചെയര്‍മാനായി വെള്ളാപ്പള്ളിയെയും കണ്‍വീനറായി കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനെയും തിരഞ്ഞെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെയെല്ലാം യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്‍എസ്എസും യോഗക്ഷേമ സഭയും ക്ഷത്രീയ ക്ഷേമസഭയും ഈ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം എസ്എന്‍ഡിപി പങ്കെടുക്കുകയും ചെയ്തു. ഒരു സംഘടനയും ഔദ്യോഗികമായി അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പങ്കെടുക്കാത്തതിന്റെ കാരണം പിന്നീട് അറിയിക്കാമെന്നാണ് എന്‍എസ്എസ് പറയുന്നത്.

ശബരിമല യുവതീ പ്രവേശന പ്രശ്‌നത്തില്‍ തുടക്കം മുതല്‍ സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിച്ച സമുദായ സംഘടനയാണ് എന്‍എസ്എസ്. മുഖ്യമന്ത്രിക്ക് പറയുന്നത് നേരിട്ട് പറയുന്നതിനുള്ള അവസരം എന്നതിനപ്പുറം സമുദായ സംഘടനകളുടെ നിലപാടിന് യോഗത്തില്‍ പ്രസക്തിയുണ്ടാകില്ലെന്നാണ് എന്‍എസ്എസ് കണക്കു കൂട്ടിയത്. അതേസമയം ഇന്നലെ മാത്രമാണ് ക്ഷണം ലഭിച്ചതെന്നാണ് യോഗത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ക്ഷത്രീയ ക്ഷേമ സഭ പറയുന്ന ന്യായം. യോഗത്തിന് ക്ഷണിച്ചില്ലെന്നാണ് യോഗക്ഷേമ സഭയുടെ വിശദീകരണം. നവോത്ഥാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളുടെ യോഗമാണ് വിളിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആകെ 190 സമുദായ സംഘടനകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. ഇതില്‍ എസ്എന്‍ഡിപിയെ കൂടാതെ കെപിഎംഎസ് അടക്കം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.

യോഗത്തില്‍ വെള്ളാപ്പള്ളി ലക്ഷ്യമിട്ടത് മുഖ്യമായും എന്‍എസ്എസിനെയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. നവോത്ഥാന മൂല്യങ്ങളുടെ പിന്തുടര്‍ച്ചക്കാരാണ് കേരളത്തിന്റെ ശക്തിയെന്നും അല്ലാതെ ഇപ്പോള്‍ ഇറങ്ങി നടക്കുന്നവരെല്ലെന്നും വെള്ളാപ്പള്ളി പറയുന്നു.

അതേസമയം നവോത്ഥാന സംഘടനകളുമായുള്ള യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എന്‍എസ്എസ് പിന്തുണയില്ലെങ്കിലും യാതൊരു പ്രശ്‌നവുമില്ലെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പരിപാടികളുടെ സംഘാടനത്തിനായി രൂപീകരിച്ച പ്രത്യേക സമിതിയുടെ ചെയര്‍മാനായി വെള്ളാപ്പള്ളിയെയും കണ്‍വീനറായി കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനെയും തിരഞ്ഞെടുത്തു. ഇരുണ്ട കാലത്തേക്ക് തിരിച്ചു പോകാനില്ലെന്ന് പ്രഖ്യാപിച്ചാകും വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. സ്ത്രീക്കും പുരുഷനും ഒരേ അവകാശമാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നതായും യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കാലത്തിന് അനുസൃതമായ മാറ്റം സമൂഹത്തില്‍ കൊണ്ടുവരാനുള്ള ചര്‍ച്ചയില്‍ എന്‍എസ്എസ് പങ്കെടുക്കേണ്ടതായിരുന്നുവെന്നാണ് മുഖ്യമന്ത്രി എന്‍എസ്എസിന്റെ അസാന്നിധ്യത്തെക്കുറിച്ച് പ്രതികരിച്ചത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രിംകോടതി വിധി വന്നപ്പോള്‍ തന്നെ അതിനെതിരെ നിലപാടെടുത്ത എന്‍എസ്എസ് പിന്തിരിപ്പന്‍ ആശയമാണ് പ്രചരിപ്പിക്കുന്നതെന്ന ആരോപണം ശക്തമായിരുന്നു. നാമജപ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയതും അവരാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും അവര്‍ വിട്ടുനിന്നത്. നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് എതിരാണ് എന്‍എസ്എസ് എന്ന ആരോപണത്തിന് ശക്തിപകരാന്‍ മാത്രമാണ് ഈ വിട്ടുനില്‍ക്കല്‍ സഹായിക്കൂ. നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സമുദായ പ്രസ്ഥാനമായി എന്‍എസ്എസിനെ ഭാവിയില്‍ വിശേഷിപ്പിച്ചാലും ഇനി തെറ്റുപറയാനാകില്ല. ഇതിന് ഭാവി തലമുറയോടാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മറുപടി പറയേണ്ടി വരിക.

അഭിമുഖം/വെള്ളാപ്പള്ളി നടേശന്‍; എന്‍എസ്എസ്സും ആര്‍എസ്എസ്സും ഇരട്ട സഹോദരങ്ങള്‍, ശബരിമലയില്‍ നടക്കുന്നത് സവര്‍ണലോബിയുടെ സമരം

പിണറായിയുടെ ‘അജണ്ട’യില്‍ വീണ് ശ്രീധരന്‍ പിള്ള; സവര്‍ണ രഥത്തില്‍ നവോത്ഥാന നായകരെ പതിച്ചത് ആരെന്നറിഞ്ഞിട്ടു തന്നെയോ?

വിമോചന സമരത്തിന്റെ മേല്‍മുണ്ടും പുതച്ചിരിക്കുന്ന സുകുമാരന്‍ നായര്‍ക്ക് വെള്ളാപ്പള്ളിയെന്ന കേരളത്തിന്റെ മറുപടി

ശബരിമലയില്‍ പ്രതി സ്ഥാനത്തുള്ളവരുമായി സമവായം വേണ്ട, വിധി വേഗത്തിൽ നടപ്പാക്കണം; കേരള പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാർ

ശബരിമല സമരത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിത മതിലെന്ന് മുഖ്യമന്ത്രി

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍