UPDATES

ട്രെന്‍ഡിങ്ങ്

നായനാര്‍ സ്മാരകത്തിന് പിരിച്ച 20 കോടി വിദ്യാര്‍ത്ഥികള്‍ക്ക് വായ്പയായി നല്‍കിക്കൂടേ? മെഡിക്കല്‍ പ്രവേശനത്തില്‍ പ്രതികരണവുമായി ജോയ് മാത്യു

മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ കീഴിലായ സഹകരണ ബാങ്കുകള്‍്ക്കും വിദ്യാര്‍ത്ഥികളെ സഹായിക്കാവുന്നതാണ്

മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ചലച്ചിത്ര നടന്‍ ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക്. ബാങ്ക് ഗ്യാരണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന ഉറപ്പിനെതിരേ ചില ചോദ്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തുന്നു. ബാങ്ക് ഗ്യാരണ്ടിയുടെ പുറത്ത് വായ്പ നല്‍കാന്‍ ബാങ്കുകളില്‍ നിര്‍ബന്ധം ചെലുത്തുമെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ ബാങ്കുകള്‍ക്ക് ഒരു മുഖ്യമന്ത്രിയേയും അനുസരിക്കേണ്ടതില്ലല്ലോ എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്. മാത്രമല്ല, ഇത്തരം തീരുമാനങ്ങളെടുക്കാന്‍ ബാങ്കുകള്‍ക്ക് നിരവധി ഔപചാരികതകള്‍ പൂര്‍ത്തിയാക്കേണ്ടതില്ലേയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സഹകരണബാങ്കുകള്‍ക്ക് അനുകൂല നിലപാട് എടുക്കാന്‍ കഴിയുമെന്നും സിപിഎമ്മിനോടുള്ള അറിയിപ്പായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മറ്റൊരു പ്രധാന വിഷയവും സിപിഎമ്മുമായി ബന്ധപ്പെടുത്തി ജോയ് മാത്യു ഉയര്‍ത്തുന്നുണ്ട്. നായനാര്‍ സ്മാരകത്തിനായി പാര്‍ട്ടി പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ടാണത്. ഒറ്റ ദിവസം കൊണ്ട് 20 കോടി രൂപ പിരിച്ചെടുത്ത പാര്‍ട്ടി ഈ പണം വായ്പയായി നല്‍കിയാല്‍ നൂറു കണക്കിന് വിദ്യാര്‍ത്ഥികളെ ബാങ്കുകളുടെ ഔദാര്യത്തിനായി കാത്തുനിര്‍ത്താതെ സഹായിക്കുന്നതിനുതകില്ലേ എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നൂറിലധികം മിടുക്കരായ കുട്ടികളാണു മെഡിക്കല്‍ വിദ്യാഭ്യാസത്തിനവസരം ലഭിച്ചിട്ടും ഫീസടക്കാനാവാതെ പഠിക്കാനവസരം നഷ്ടപ്പെട്ട് കരച്ചില്‍ ഒതുക്കി പടിയിറങ്ങിയത് മാറി മാറി വരുന്ന ഗവണ്‍മെന്റുകളുടെ പിടിപ്പുകേടുകൊണ്ടു വിദ്യാഭ്യാസം സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുക്കേണ്ടിവന്നതിന്റെ പ്രതിഫലനമാണല്ലോ സ്വാശ്രയ വിദ്യാഭ്യാസം. അതിന്റെ ഏറ്റവും പുതിയ ബലിയാടുകളാണു മെഡിക്കല്‍ വിദ്യാഭ്യാസത്തിനവസരം നഷ്ടപ്പെട്ട ഈ കുട്ടികള്‍.

സ്വാശ്രയ വിദ്യാഭ്യാസ നയം നടപ്പാക്കിയ വേളയില്‍ ഇടതുമുന്നണിയും ഇടതുവിദ്യാര്‍ത്ഥി സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഒരു പക്ഷേ പ്രായോഗിക ഭരണനിര്‍വഹണതലത്തില്‍ ഇത്തരമൊരു തീരുമാനം അനിവാര്യവുമായേക്കാം എന്നാല്‍, ധനികരല്ല എന്ന കാരണത്താല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നത് ശരിയുമല്ല. പതിനൊന്നു ലക്ഷമാണ് അവര്‍ക്ക് പഠിക്കാനാവശ്യമായ ഫീസ് അതില്‍ ആറുലക്ഷമാണു ബാങ്ക് ഗ്യാരണ്ടിയായി നല്‍കേണ്ടത്. സാധാരണക്കാരായ രക്ഷിതാക്കളുടെ ഈ കുട്ടികളുടെ ഫീസിനു ബാങ്ക് ഗ്യാരണ്ടിയുടെ പുറത്ത് വായ്പ നല്‍കാന്‍ മുഖ്യമന്ത്രി ബാങ്കുകളില്‍ നിര്‍ബന്ധം ചെലുത്തുമത്രെ. ബാങ്കുകള്‍ക്ക് ഒരു മുഖ്യമന്ത്രിയെയും അനുസരിക്കേണ്ടതില്ല എന്നു മാത്രമല്ല, ഇത്തരം തീരുമാനങ്ങളെടുക്കാന്‍ ബാങ്കുകള്‍ക്ക് നിരവധി ഔപചാരികതകള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്.

എന്നാല്‍ ദേശസാത്കൃത ബാങ്കുകളേക്കാള്‍ സഹകരണ ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ എളുപ്പത്തില്‍ തീരുമാനമെടുക്കാനാവും. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണു മിക്കവാറും സഹകരണ ബാങ്കുകള്‍ എന്നിരിക്കെ മിടുക്കന്മാരായ ഈ വിദ്യാര്‍ഥികളെ സഹായിക്കുക എന്നത് സഹകരണ ബാങ്കുകള്‍ക്ക് എളുപ്പമായ കാര്യമാണു അപ്പോഴാണു കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടത് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ സ്മരണ നിലനിര്‍ത്തുവാനായി പണികഴിപ്പിക്കുന്ന കെട്ടിടത്തിനുവേണ്ടി ഒരൊറ്റ ദിവസം കൊണ്ട് പിരിഞ്ഞു കിട്ടിയത് ഇരുപത് കോടി രൂപ!

ഇതയും തുക പഠന വായ്പയായി നല്‍കിയാല്‍ നൂറില്‍പ്പരം വിദ്യാര്‍ഥികള്‍ക്ക് ബാങ്കുകളുടെ ഓദാര്യത്തിനു കാത്തു നില്‍ക്കാതെതന്നെ തങ്ങളുടെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ പറ്റും രാഷ്ട്രീയ എതിരാളികള്‍ പോലും സ്‌നേഹ ബഹുമാനങ്ങളോടെ മാത്രം സ്മരിച്ചുപോരുന്ന മുന്‍ മുഖ്യമന്ത്രി നായനാരുടെ പേരില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തേക്കാള്‍ എന്ത് കൊണ്ടും ഉജ്ജ്വലമായിരിക്കും നൂറു വിദ്യാര്‍ഥികളെങ്കിലും സമൂഹത്തിനു പ്രയോജനമാകുന്ന ഡോക്ടര്‍മാരായി മാറുന്നത്. ഇപ്പറഞ്ഞത് നായനാരുടെ പാര്‍ട്ടിക്കാര്‍ക്ക് മാത്രം ബാധകമായ കാര്യമല്ല എന്നോര്‍ക്കുക. ഒരു ദിവസം കൊണ്ടല്ല ഒരാഴ്ചകൊണ്ടെങ്കിലും ഇരുപത് കോടി പിരിച്ചെടുക്കുവാന്‍ കെല്‍പ്പുള്ള വേറെയും പാര്‍ട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്, അവര്‍ക്കും ഈ വഴിക്ക് ചിന്തിക്കാവുന്നതാണു, സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കച്ചവടതാല്‍പര്യത്തിനെതിരെ വെറുതെ ഗീര്‍വ്വാണം മുഴക്കുന്നതിനുപകരം ജനകീയമായ ഇത്തരം പ്രതിരോധങ്ങള്‍ തീര്‍ത്ത് വിദ്യാഭ്യാസ കച്ചവടത്തെ മറികടക്കുകയാണ് ഇന്നത്തെ പുരോഗമന രാഷ്ട്രീയം അടിയന്തിരമായി ചെയ്യേണ്ടത്.

എല്ലാവര്‍ക്കും എന്റെ ബലി പെരുന്നാള്‍ ആശംസകള്‍

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍