UPDATES

ട്രെന്‍ഡിങ്ങ്

ആദ്യം ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് ആയത്, അതു കഴിഞ്ഞാണ് സിനിമ നടനായത്, കമ്യൂണിസം എന്റെ ചോരയിലുള്ളതാണ്; വിമര്‍ശകരോട് നടന്‍ മണികണ്ഠന്‍

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമെ എനിക്കുള്ളൂ. പക്ഷേ, ഏതു വേദിയിലും ഏതുഭാഷയും കൈകാര്യം ചെയ്യാന്‍ എനിക്ക് സാധിച്ചത് ഈ പ്രസ്ഥാനവുമായുള്ള സമ്പര്‍ക്കം മൂലമാണ്

താന്‍ ആദ്യമൊരു കമ്യൂണിസ്റ്റുകാരനാണെന്നും അതുകഴിഞ്ഞാണ് സിനിമ നടന്‍ ആകുന്നതെന്നും നടന്‍ മണികണ്ഠന്‍ ആചാരി. എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു തനിക്കെതിരേയുണ്ടാകുന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയായി താനൊരു കമ്യൂണിസ്റ്റുകാരനാണെന്ന് മണികണ്ഠന്‍ ഉറപ്പിച്ചു പറഞ്ഞത്. മാമാങ്കം സിനിമയുടെ ഷൂട്ടിംഗിനിടയില്‍ നിന്നാണ് മണികണ്ഠന്‍ രാജീവിന് വേണ്ടി സംസാരിക്കാന്‍ എത്തിയത്.

രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അവസരത്തില്‍ തന്നെ ദേശാഭിമാനിയോട് സംസാരിക്കുമ്പോള്‍ രാജീവേട്ടന്‍ ജയിക്കണമെന്നും ജയിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞിരുന്നുവെന്നു മണികണ്ഠന്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ പറഞ്ഞശേഷം പലരും തന്നെ വിമര്‍ശിച്ച് രംഗത്തുവന്നെന്നാണ് മണികണ്ഠന്‍ ചൂണ്ടിക്കാണിക്കുന്നത്. സിനിമയില്‍ എത്തിക്കഴിഞ്ഞാല്‍ അല്ലെങ്കില്‍ കുറച്ചു പൈസയൊക്കെ ആയിക്കഴിഞ്ഞാല്‍ കമ്യൂണിസ്റ്റ് ആകുന്നതും ഏതെങ്കിലും നേതാവിനെ സപ്പോര്‍ട്ട് ചെയ്യുന്നതുമൊക്കെ പാഷനായിട്ടുണ്ടെന്നായിരുന്നു വിമര്‍ശനം. ഞാന്‍ ആദ്യം ഒരു കമ്യൂണിസ്റ്റുകാരനാവുകയാണ് ചെയ്തത്. അതു കഴിഞ്ഞിട്ടാണ് സിനിമ നടനായത്. ഒരു കമ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാന്‍ കഴിയുന്നത്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമെ എനിക്കുള്ളൂ. പക്ഷേ, ഏതു വേദിയിലും ഏതുഭാഷയും കൈകാര്യം ചെയ്യാന്‍ എനിക്ക് സാധിച്ചത് ഈ പ്രസ്ഥാനവുമായുള്ള സമ്പര്‍ക്കം മൂലമാണ്. അതുകൊണ്ട് എനിക്ക് ഇതൊരു പാഷനല്ല, ഇതെന്റെ ചോരയിലുള്ളതാണ്; മണികണ്ഠന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

തന്റെ തെരുവ് നാടകകാലവും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെടുത്തി ഓര്‍ക്കുകയും ചെയ്തു മണികണ്ഠന്‍. ഇത്തരം ജാഥകളുടെ മുന്നേ തെരുവ് നാടകങ്ങളുമായി ഞങ്ങള്‍ എത്തും. സ്ഥാനാര്‍ത്ഥി വരുന്നതിനു മുമ്പ് ആ തെരുവില്‍ ആളുകളെ എത്തിക്കാന്‍ വേണ്ടി തൊണ്ടപൊട്ടുമാറ് മുദ്രാവാക്യങ്ങള്‍ വിളിച്ച് നാടകം കളിക്കും. അങ്ങനെ നടനായൊരാളാണ് ഞാന്‍; മണികണ്ഠന്‍ പറയുന്നു. തനിക്ക് കുട്ടിക്കാലം മുതല്‍ അറിയാവുന്നയാളാണ് രാജീവേട്ടന്‍ എന്നും എംപിയായലും മന്ത്രിയായലും എപ്പോള്‍ വേണമെങ്കിലും ചെന്നു കാണാവുന്ന, കൈയകൊടുക്കാവുന്ന, ചേട്ടായെന്നു വിളിക്കാവുന്ന നേതാക്കളെയാണ് ഇടതുപക്ഷ പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതെന്നും പി രാജീവിനെ ഉദ്ദാഹരണമാക്കി മണികണ്ഠന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍