UPDATES

സിനിമ

അടുത്തത് കുറ്റപത്രം; ദിലീപിന് കാര്യങ്ങള്‍ ഇനിയത്ര എളുപ്പമല്ല

40 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനായിരിക്കും പൊലീസ് ശ്രമിക്കുക

രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ദിലീപിന്റെ ഭാവി കൂടുതല്‍ ഇരുണ്ടതായിരിക്കുന്നു. ഇപ്പോള്‍ 50 ദിവസം പൂര്‍ത്തിയായിരിക്കുകയാണ് സൂപ്പര്‍ താരം ജയിലഴിക്കുള്ളില്‍ ആയിട്ട്. ഇനി വരുന്ന 40 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്; ഇനിയൊരു ജാമ്യാപേക്ഷ നടന്‍ സമര്‍പ്പിക്കുന്നതിനു മുമ്പ്. കോടതിക്കു മുമ്പാകെ കുറ്റപത്രം വന്നശേഷം ദിലീപിന് വലുതായൊന്നും പ്രതീക്ഷിക്കാനുണ്ടാകില്ല.

ഇപ്പോള്‍ 11 ആം പ്രതിയായ നടന്‍ കുറ്റപത്രം വരുന്നതോടെ രണ്ടാം പ്രതിയാകും. മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇപ്പോഴും കാണാമറയത്താണെങ്കിലും പൊലീസ് ഇതുവരെ ശേഖരിച്ചിരിക്കുന്ന തെളിവുകളും സാക്ഷിമൊഴികളും അതിശക്തവും നടന് പൂര്‍ണമായും എതിരായിട്ടുള്ളതുമാണ്. ഇവയടക്കമുള്ള കുറ്റപത്രവുമായി കോടതിയില്‍ പൊലീസ് എത്തുന്നതോടെ ഒരുപക്ഷേ മലയാള സിനിമയുടെ മാത്രമല്ല, കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തുന്ന വിധം ദിലീപ് എന്ന സിനിമാതാരം വര്‍ഷങ്ങളോളം തടവറയില്‍ അടയ്ക്കപ്പെടാം.

രണ്ടു ദിവസത്തോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഇന്നു പ്രഖ്യാപിക്കാനിരുന്ന ജാമ്യാപേക്ഷയിന്‍മേലുള്ള വിധിയില്‍ ദിലീപിന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ആരാധകര്‍ തങ്ങളുടെ സൂപ്പര്‍ താരത്തെ എതിരേല്‍ക്കാന്‍ റോഡ് ഷോ വരെ പ്ലാന്‍ ചെയ്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലരുടെ സ്വാര്‍ത്ഥതാത്പര്യപ്രകാരം നടനെ കുടുക്കുകയാണെന്നായിരുന്നു പ്രതിഭാഗം ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നത്. എന്നാല്‍ പ്രോസിക്യൂഷന്‍, ദിലീപ് ഒരു കിംഗ് ലയര്‍ എന്നു തന്നെ ആരോപണം ഉയര്‍ത്തി കേസില്‍ നടനുള്ള പങ്കാളിത്തം തെളിവുകള്‍ സഹിതം കോടതിയില്‍ നിരത്തി.

പൊലീസിന്റെ വാദങ്ങള്‍ കോടതിക്കു ബോധ്യപ്പെട്ടിരിക്കുന്നു എന്നതാണ് ഇന്നത്തെ ജാമ്യനിഷേധത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയോട് പ്രതിയായ നടന് വ്യക്തിവൈരാഗ്യം ഉണ്ടെന്നു തന്നെയാണ് കോടതിയും പറയുന്നത്. തന്റെ വിവാഹജീവിതം തകരാന്‍ പ്രസ്തുത നടി കാരണമായെന്ന ധാരണയിലാണ് നടന്‍ ശത്രുത പുലര്‍ത്തുന്നതെന്നും കോടതി നിരീക്ഷിക്കുന്നു. ഈ ശത്രുതയുടെ മറവിലാണ് ക്രിമിനല്‍ റെക്കോര്‍ഡുള്ള ഒരാളുടെ സഹായത്തോടെ നടിയെ ആക്രമിച്ചതെന്ന പൊലീസ് നിഗമനം കോടതി തളളിക്കളയുന്നില്ല.
കേസിലെ പ്രധാന തൊണ്ടിമുതലായ നടിയുടെ അപകീര്‍ത്തീകരമായ രംഗങ്ങള്‍ ചിത്രീകരിച്ചതായി പറയുന്ന മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചു കളഞ്ഞെന്ന മൊഴി വിശ്വസനീയമല്ലെന്നും തങ്ങള്‍ ഫോണും കാര്‍ഡും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള അന്വേഷണ ഏജന്‍സിയുടെ വാദവും കോടതി അംഗീകരിക്കുന്നു.

"</p "</p

കേസില്‍ ഏറെ നിര്‍ണായകമായ ഘടകങ്ങളാണ് ഈ ഫോണും മെമ്മറി കാര്‍ഡും. ഈ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കേസന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും നിലവിലെ സാഹചര്യം അതേപോലെ തന്നെയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും കോടതി വ്യക്തമാക്കുന്നു. ഈയൊരു ഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ സാധ്യമല്ലെന്നാണ് ഇന്നു നടന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍