UPDATES

സിനിമാ വാര്‍ത്തകള്‍

നിലപാടുകള്‍ മാറിമറിയുന്നു; സിനിമയില്‍ കാറ്റ് ദിലീപിന് അനുകൂലമായി വീശിത്തുടങ്ങി

നടനെ പുറത്താക്കിയതിനോട് മുതിര്‍ന്ന താരങ്ങള്‍ക്ക് കടുത്ത വിയോജിപ്പാണ്

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മ അടക്കമുള്ള സിനിമ സംഘടനകളില്‍ നിന്നും പുറത്താക്കുകയും ദിലീപ് ചെയ്‌തെന്നു പറയുന്ന കുറ്റകൃത്യത്തെ വിമര്‍ശിച്ച് ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ദിലീപിനെ ആദ്യം വിമര്‍ശിച്ചവര്‍ അടക്കം അവരുടെ വാക്കുകള്‍ പിന്‍വലിക്കുകയും തങ്ങളുടെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയുമായിരുന്നുവെന്നും നിലപാട് മാറ്റുന്നു. ഇതിനൊപ്പം സിനിമരംഗത്തുള്ള പ്രമുഖര്‍ ദിലീപ് ഇങ്ങനെയൊരു കുറ്റം ചെയ്യില്ലെന്നും വെറും ആരോപണത്തിന്റെ പേരില്‍ ദിലീപിനെ ക്രൂശിക്കരുതതെന്നുമുള്ള അഭിപ്രായങ്ങളുമായി രംഗത്തു വരുന്നു.

ദിലീപിനനുകൂലമായ ഒരന്തരീക്ഷം സിനിമയില്‍ ഒരുങ്ങിവരുന്നതായാണ് ഇപ്പോഴത്തെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന വിശ്വാസത്തേക്കാള്‍ ദിലീപ് അനുകൂലികളായ സിനിമാപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമാണ് പല നിലപാട് മാറ്റങ്ങള്‍ക്കും പിന്നില്ലെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. യുവതാരങ്ങളുടെ ഐക്യം ശക്തിപ്പെടുകയും അവര്‍ സമ്മര്‍ദ്ദശക്തിയായി രൂപപ്പെടുകയും ചെയ്‌തെന്നായിരുന്നു വാര്‍ത്തകള്‍. മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന തീരുമാനം ഉണ്ടായതുപോലും യുവതാരങ്ങളുടെ നിര്‍ബന്ധം മൂലമായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ട്രഷര്‍ സ്ഥാനത്തു നിന്നും നീക്കിയാല്‍ മതിയെന്നും സംഘടനയുടെ ഭരണഘടനപ്രകാരം പുറത്താക്കല്‍ സാധ്യമല്ലെന്നും മമ്മൂട്ടിയടക്കമുള്ളവര്‍ വാദിച്ചു നോക്കിയെങ്കിലും നടനെ അംഗത്വത്തില്‍ നിന്നുമാറ്റാത്ത ഒരു തീരുമാനത്തോടും തങ്ങള്‍ യോജിക്കില്ലെന്നും മറിച്ചൊരു തീരുമാനം ഉണ്ടായാല്‍ സംഘടന വിടുന്ന കാര്യം തങ്ങള്‍ ആലോചിക്കുമെന്നും പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശന്‍ എന്നിവര്‍ ഭീഷണി മുഴക്കിയെന്നും മാധ്യമവാര്‍ത്തകള്‍ വന്നിരുന്നു. താരങ്ങളില്‍ നിന്നു വന്ന പ്രസ്താവനകളും ഈ വാര്‍ത്തകള്‍ക്ക് ആധികാരികത നല്‍കിയിരുന്നു.

ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കുക എന്ന തീരുമാനം നടപ്പായെങ്കിലും പിന്നീട് നടന്ന കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയല്ല എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. നടനെ പുറത്താക്കിയതിനോട് മുതിര്‍ന്ന താരങ്ങള്‍ക്ക് കടുത്ത വിയോജിപ്പാണ്. കോടതിയില്‍ കുറ്റം തെളിയുന്നതുവരെ ദിലീപ് കുറ്റവാളിയല്ലെന്നും അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെ സംഘടനയില്‍ നിന്നും പുറത്താക്കി നടനെ ഒറ്റപ്പെടുത്തേണ്ടതില്ലായിരുന്നുവെന്നും മുതിര്‍ന്ന താരങ്ങള്‍ പറയുന്നു. ഇവര്‍ക്കിടയില്‍ നിന്നും ചിലര്‍ സംഘടനയുടെ നേതൃത്വത്തിലേക്ക് വരാനും തയ്യാറാകുന്നുണ്ടെന്നാണ് വിവരം. പ്രഥ്വിരാജ് അടക്കമുള്ളവര്‍ സംഘടന തലപ്പത്തേക്ക് വരുമെന്ന സൂചനകളെ തള്ളിയാണു മുതിര്‍ന്നവര്‍ അവരുടെ അധികാരം ഉറപ്പിക്കാനുള്ള ശ്രമം നടത്തുന്നത്.

ഏതായും ആദ്യം ഉണ്ടായിരുന്ന കാലാവസ്ഥയല്ല ഇപ്പോള്‍ ദിലീപിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ സിനിമയിലുള്ളത്. സംശയത്തിന്റെ ആനുകൂല്യം കൊടുക്കാം എന്ന നയചാതുര്യം പ്രകടിപ്പിച്ച് ഓരോരുത്താരായി പിന്മാറുകയും പിന്തുണയുമായി പലരും മുന്നോട്ടുവരികയും ചെയ്യുന്നതോടെ സിനിമയിലെ ഒരു സംഘത്തിന്റെ പ്രവര്‍ത്തികള്‍ വിജയം കാണുകയാണ്.

ദിലീപ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച ആസിഫ് അലി ഇനി ദിലീപിനൊപ്പം അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാല്‍ ഈ പ്രസ്താവന വലിയ വാര്‍ത്തയായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റിദ്ധാരണയോടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന നിലപാടിലേക്ക് ആസിഫ് മാറി. ദിലീപിനെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞതെന്നും അഭിനയിക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. ഇതിനു പിന്നാലെ ദിലീപ് തന്റെ വെല്‍വിഷറാണെന്നും ദിലീപ് പ്രതിയാകരുതെന്നാണ് താന്‍ എന്നും ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും ആസിഫ് പറയുന്നു. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കണം എന്ന് വാശിപിടിച്ചവരില്‍ പ്രധാനിയായിരുന്നു ആസിഫ് അലി.

ഈ നിലപാടുകള്‍ കൂടി ശ്രദ്ധിക്കുക;

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍