UPDATES

സിനിമ

നടി ആക്രമിക്കപ്പെട്ട കേസ്: ആ ഫോണ്‍ എവിടെ? ഒരുങ്ങുന്നത് പ്രമുഖര്‍ക്ക് രക്ഷപെടാനുള്ള വഴിയോ?

ദിലീപിനെതിരേ ഇപ്പോള്‍ അന്വേഷണസംഘത്തിനുള്ള പ്രധാന തെളിവുകള്‍ പള്‍സര്‍ സുനിയുടേയും നടന്റെ മാനേജരായ അപ്പുണ്ണിയുടെയും മൊഴികളാണ്‌

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ മുന്നേറുകയാണെന്നു പറയുമ്പോഴും കോടതിയില്‍ കേസ് എത്തുമ്പോള്‍ എല്ലാ പഴുതുകളും അടച്ച്, ആവശ്യമായ തെളിവുകളും സഹിതം ഒരു പെര്‍ഫക്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കുമോ എന്ന സംശയം ബാക്കി നില്‍ക്കുകയാണ്. കേസിലെ പ്രധാന തൊണ്ടിമുതലായ, നടിയെ ആക്രമിക്കുന്നത് ചിത്രീകരിച്ച ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതാണ് ഇത്തരമൊരു സംശയം ബലപ്പെടുത്തുന്നത്. കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ (പള്‍സര്‍ സുനി)യുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കൈവശം ഫോണ്‍ ഉണ്ടെന്നും ഇയാളത് മറ്റൊരാള്‍ക്ക് കൈമാറി എന്നതുമായ രണ്ടു നിഗമനങ്ങളായിരുന്നു പൊലീസിന്. രാജുവിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഫോണ്‍ നശിപ്പിച്ചു കളഞ്ഞതായാണ് ഇവര്‍ പറയുന്നത്. പൊലീസ് ഇതു വിശ്വസിക്കുന്നില്ലെങ്കിലും ഫോണ്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരം പറയാനും കഴിയുന്നില്ല.

നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിക്കുന്നത് ചിത്രീകരിച്ച ഫോണ്‍ സുനി തന്റെ ആദ്യ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയെയാണ് ഏല്‍പ്പിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ ഫോണ്‍ തന്റെ ജൂനിയറായിരുന്ന രാജു ജോസഫിനെ ഏല്‍പ്പിച്ചിരുന്നെന്നും പിന്നീട് ഫോണ്‍ നശിപ്പിച്ചു കളഞ്ഞെന്നുമാണ് പ്രതീഷ ചാക്കോ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതീഷ് ചാക്കോയേയും രാജു ജോസഫിനെയും തെളിവു നശിപ്പിച്ച കുറ്റത്തിനു പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇരുവരും നല്‍കിയ മൊഴി വിശ്വസനീയമല്ലെങ്കിലും മറിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിയാതെ വരുന്നത് കേസില്‍ പിന്നീട് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. കേസിലെ പ്രധാന തെളിവാണ് ഈ ഫോണ്‍. നടി ആക്രമിക്കപ്പെട്ടതായി കോടതിയെ ബോധ്യപ്പെടുത്താന്‍ ഏറ്റവും ശക്തമായ ഒന്ന്. ഇവിടെ തിരിച്ചടി ഉണ്ടായാല്‍ മുഖ്യപ്രതിയൊഴിച്ചുള്ള ഗൂഢാലോചനക്കേസ് പ്രതികള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ മാറാന്‍ ഇടയായേക്കും.

"</p

ഇടനിലക്കാരനായ പ്രമുഖനാര്?
പ്രതീഷ് ചാക്കോയും രാജു ജോസഫും ശ്രമിക്കുന്നത് ഒരു വിഐപി യെ രക്ഷിക്കാനാണോ? ദിലീപ് അല്ലാതെ മറ്റൊരു പ്രമുഖന്‍ കേസിന്റ ഭാഗമായി നില്‍ക്കുന്നുണ്ടോ എന്നതാണ് ഈ സംശയത്തില്‍ നിന്നുയരുന്ന ചോദ്യം. നടിയെ ആക്രമിക്കുന്നതായ രംഗങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ സുനി, പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നു എന്നത് വിശ്വാസ്യയോഗ്യമായ കാര്യം തന്നെയാണ്. എന്നാല്‍ പിന്നീട് ഈ ഫോണിന് എന്തു സംഭവിച്ചു എന്ന അന്വേഷണത്തിലാണ് മുഖം വ്യക്തമാകാത്ത ഒരു വി ഐ പിയെക്കുറിച്ചുള്ള സൂചനകള്‍ വരുന്നത്. ഇയാള്‍ക്കാണ് അഭിഭാഷകന്‍ ഫോണ്‍ ഏല്‍പ്പിച്ചതെന്നും പിന്നീടിയാളത് ദിലീപിന് കൈമാറിയെന്നുമാണ് വാര്‍ത്തകള്‍. ഇടനിലക്കാരനായ ആ പ്രമുഖന്‍ ആരാണെന്നതാണ് പൊലീസിന് കണ്ടെത്താന്‍ കഴിയാത്തത്. ഇയാളെ ഇരുളില്‍ തന്നെ നിര്‍ത്താനാണ് പ്രതീഷ് ചാക്കോയും രാജു ജോസഫും ഒരുതരത്തില്‍ തങ്ങളെ തന്നെ ബലികൊടുക്കാന്‍ തയ്യാറായിരിക്കുന്നതെന്നും പൊലീസ് അനുമാനിക്കുന്നു.

ഇത്ര പ്രാധാന്യമുള്ള വി ഐ പി സിനിമയില്‍ ഉള്ളയാളാണോ ദിലീപുമായി ഏറെയടുത്ത വ്യക്തിബന്ധമുള്ളയാളാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. പക്ഷേ ഒരു കാര്യം പൊലീസ് ഉറപ്പിക്കുന്നു; ആ ഫോണ്‍ നശിപ്പിച്ചു കളഞ്ഞിട്ടില്ല. ഇപ്പോള്‍ രാജുവും പ്രതീഷുമല്ലാം നല്‍കുന്ന മൊഴി-ഫോണ്‍ നശിപ്പിച്ചെന്നത്-അനുസരിച്ച് പോയാല്‍ ഇവരുവരിലും അന്വേഷണം അവസാനിപ്പിക്കേണ്ടി വരും. തെളിവു നശിപ്പിച്ചു എന്ന കുറ്റത്തില്‍ അഭിഭാഷകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാമെന്നു മാത്രം. അപ്പോള്‍ പ്രധാന പ്രതികള്‍ രക്ഷപ്പെട്ടു പോകുന്നത് പൊലീസിന് നോക്കി നില്‍ക്കേണ്ടി വരും. അതിനാല്‍ തന്നെ ഫോണ്‍ നശിപ്പിച്ചിട്ടില്ലെന്നും അതു കണ്ടെത്തുവാനാകുമെന്ന വിശ്വാസത്തില്‍ തന്നെ മുന്നോട്ടു പോകാന്‍ അനേഷണസംഘം നിര്‍ബന്ധിതരാകുന്നു. പക്ഷേ എങ്ങനെ, എത്രത്തോളം പോകുമെന്നതാണ് സംശയം. കൂടിവന്നാല്‍ അഭിഭാഷകരെ ബ്രയിന്‍ മാപ്പിംഗ് അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയരാക്കാം. എന്നാലും വിജയം തങ്ങള്‍ക്കാകുമെന്ന് ഉറപ്പിക്കാന്‍ പൊലീസിന് കഴിയില്ല.

തുടരുന്ന ചോദ്യം ചെയ്യലുകള്‍
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സിനിമാലോകത്തും പുറത്തുമുള്ളവരുമായി പത്തിലേറെ പേരെ പൊലീസ് ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരെ കൂടാതെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ്, ഇപ്പോള്‍ തെളിവു നശിപ്പിച്ചെന്നപേരില്‍ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ അഭിഭാഷകരെ പിന്നീട് ജാമ്യത്തില്‍ വിട്ടു, ദിലീപ് ജയിലില്‍ തന്നെ. ചോദ്യം ചെയ്യലുകള്‍ വീണ്ടും തുടരുകയാണെങ്കിലും കേസുമായി മറ്റാര്‍ക്കെങ്കിലും നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. തെളിവു നശിപ്പിച്ചതില്‍ നാദിര്‍ഷായ്ക്ക് പങ്കുണ്ടോയെന്ന കാര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷായോയും മാരത്തോണ്‍ ചോദ്യം ചെയ്യലിന വിധേയനാക്കിയിരുന്നു. ഇതിനൊപ്പം ദിലീപിന്റെയും മഞ്ജു വാര്യരുടെയും ബന്ധുക്കളെയും ആക്രമിക്കപ്പെട്ട നടിയുടെയും ദിലീപിന്റെയും സിനിമയിലുള്ള സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ ചോദ്യം ചെയ്യലുകളില്‍ നിന്നും കേസില്‍ ദിലീപിനുള്ള പങ്ക് കൂടുതല്‍ വ്യക്തമാക്കുന്ന തെളിവുകളൊന്നും പൊലീസിന് കിട്ടിയിട്ടില്ല എന്നാണ് സൂചന.

അപ്പുണിയും പള്‍സറും മതിയാകുമോ?
ദിലീപിനെതിരേ ഇപ്പോള്‍ അന്വേഷണസംഘത്തിനുള്ള പ്രധാന തെളിവുകള്‍ പള്‍സര്‍ സുനിയുടേയും നടന്റെ മാനേജരായ അപ്പുണ്ണിയുടെയും മൊഴികളാണ്. എന്നാല്‍ ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം ദിലീപിന്റെ കുറ്റം തെളിയിക്കുക ബുദ്ധിമുട്ടായിരിക്കാം. ഇപ്പോള്‍ നല്‍കിയിരിക്കുന്ന മൊഴികള്‍ മാറാനും സാധ്യതയുണ്ട്. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുപ്പമുണ്ടെന്നു തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെടുത്തി കേസില്‍ ദിലീപിന് പങ്കുണ്ടെന്നു തെളിയിക്കാന്‍ ഇപ്പോഴുള്ള തെളിവുകളും മൊഴികളും മതിയാകുമോ എന്നിടത്താണ് സംശയം. പൊലീസിനെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ വാദങ്ങള്‍ പ്രതിഭാഗത്തു നിന്നുയരാം. നിലവില്‍ സുനിയുടെ മൊഴികളും (കത്തും ഫോണ്‍വിളികളും ഉള്‍പ്പെടെ) അപ്പുണ്ണിയുടെ വെളിപ്പെടുത്തലുകളും ദിലീപിന് കുരുക്കായിട്ടുണ്ടെന്ന ഇപ്പോള്‍ കരുതാമെങ്കിലും ക്ലൈമാക്‌സില്‍ കാര്യങ്ങള്‍ മാറി മറിയില്ലെന്നതില്‍ ഉറപ്പ് പറയാന്‍ കഴിയില്ല. കാക്കനാട് ജയിലില്‍ തടവില്‍ കഴിയവെ പള്‍സര്‍ സുനി തന്റെ ഫോണിലേക്ക് വിളിച്ചുവെന്നും ആ സമയത്ത് ദിലീപ് അടുത്തുണ്ടായിരുന്നുവെന്നും അപ്പുണ്ണി ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയതായാണ് വിവരം. സുനില്‍ കുമാര്‍ വിളിച്ചപ്പോള്‍ അടുപ്പമില്ലാത്തതുപോലെ അഭിനയിച്ച് സംസാരിക്കാന്‍ പറഞ്ഞത് ദിലീപാണെന്നും അപ്പുണ്ണി മൊഴി നല്‍കിയെന്നും വിവരമുണ്ട്. നേരത്തേ ജയിലില്‍ നിന്ന് സുനി വിളിച്ചപ്പോള്‍ അപ്പുണ്ണിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ദിലീപിന്റെ വിശ്വസ്തനായ അപ്പുണിയുടെ മൊഴികള്‍ മാറി മാറിയില്ലെന്നതിനും ഉറപ്പില്ല.

"</p

പി സി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ഉദാഹരണമായി കാണിക്കുന്ന തെന്നിന്ത്യന്‍ നടന്‍ സുമന്റെ കേസിലെ പോലെ കാര്യങ്ങള്‍ അവസാനം എല്ലാംകൂടി ദിലീപിന് അനുകൂലമായി എത്താനുള്ള സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സുമനെ രക്ഷിക്കാന്‍ സിനിമാക്കാര്‍ ഒത്തൊരുമിച്ചതുപോലെ ഇവിടെ ഉണ്ടാകാന്‍ വഴിയില്ലെങ്കിലും അത്തരത്തില്‍ സഹായിക്കാന്‍ ഉള്ളവര്‍ പുറത്തുണ്ടെന്നത് ദിലീപിന്റെ കാര്യത്തില്‍ അനുകൂലമായ സംഗതികള്‍ക്ക് കളമൊരുക്കും.

പൊലീസ് അന്വേഷിച്ചു കയറുന്നത് ഭൂമിയിലേക്കും സ്വത്തിലേക്കുമോ?
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടങ്ങിയ അന്വേഷണം ഇപ്പോള്‍ ചെന്നെത്തി നില്‍ക്കുന്നത് ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിലേക്കാണ്. നടന്റെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍ എന്നത് വ്യക്തം. കഴിഞ്ഞ ദിവസം സഹോദരി ഭര്‍ത്താവിനെ ചോദ്യം ചെയ്തതൊക്കെ ഇതിന്റെ ഭാഗമാണ്. ദിലീപിന്റെ ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്തുന്നത് സഹോദരിയുടെ ഭര്‍ത്താവാണെന്നാണ് വിവരം. എന്നാല്‍ ഈ വഴിയുള്ള അന്വേഷണം ദിലീപില്‍ മാത്രം ഒതുങ്ങില്ല എന്നതാണ് ഇതിലെ മറുവശം. കഴിഞ്ഞ ദിവസം മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യര്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിയെടുക്കലിനു പിന്നിലും നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ഉള്ളത്.

തനിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട് ദിലീപ്. ഇങ്ങനെയൊരു ഗൂഢാലോചന നടന്നതിനു പിന്നില്‍ സാമ്പത്തിക കാര്യങ്ങള്‍ തന്നെയാണുള്ളതെന്നും ദിലീപുമായി അടുത്തവൃത്തങ്ങള്‍ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ പോലും ഭൂമി ഇടപാടുകളാണെന്ന സംശയത്തിന് ഇപ്പോഴും ബലമുണ്ട്. എന്നാല്‍ അങ്ങനെയൊരു വഴിയിലേക്ക് അന്വേഷണം പോകാതിരിക്കാനുള്ള ശ്രമങ്ങളും കൃത്യമായി നടക്കുന്നുണ്ട്. കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് നടിയോട് വിദ്വേഷം ഉണ്ടായതെന്ന മൊഴിപോലും മറച്ചുവയ്‌ക്കേണ്ട പല രഹസ്യങ്ങളും അങ്ങനെ തന്നെയിരിക്കാനാണ്. പൊലീസ് കൃത്യമായ രീതിയില്‍ പോയാല്‍ പക്ഷേ ഈ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയും. എന്നാല്‍ നിലവില്‍ അങ്ങുമില്ല, ഇങ്ങുമില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ നില്‍ക്കുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍