UPDATES

ട്രെന്‍ഡിങ്ങ്

ദിലീപിനെ രണ്ടാംപ്രതിയാക്കും; കുറ്റം തെളിയിച്ചാല്‍ 20 വര്‍ഷം വരെ അകത്ത്, പക്ഷേ നിര്‍ണായക തെളിവ് എവിടെ?

നടനെതിരേയുള്ള കുറ്റപത്രം ഈമാസമൊടുവില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെതിരേ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്. ഈ കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയാകാനാണ് സാധ്യത. ഇപ്പോള്‍ പതിനൊന്നാം പ്രതിയായായ ദിലീപിനെതിരേ പുതിയതായി ചേര്‍ത്തിരിക്കുന്ന കുറ്റങ്ങള്‍ തെളിവുകള്‍ സഹിതം കോടതിയെ ബോധ്യപ്പെടുത്താന്‍ പൊലീസിന് കഴിയുകയാണെങ്കില്‍ നടന്‍ 20 വര്‍ഷം വരെ തടവറയില്‍ കഴിയേണ്ടി വരും. എന്നാല്‍ ഗൂഢാലോചന കുറ്റം ദിലീപിനെതിരേ തെളിയിക്കുന്നതില്‍ പൊലീസ് പരാജയപ്പെടുകയാണെങ്കില്‍ അന്വേഷണം സംഘം നേരിടുന്ന വലിയ തിരിച്ചടിയും അതായിരിക്കും.

കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസത്തെ സമയം ഉണ്ടെന്നിരിക്കെ അതിനു മുന്നേയുള്ള പൊലീസിന്റെ ഈ നീക്കത്തിനു പിന്നില്‍ ദിലീപിന്റെ ജാമ്യം തടയുകയാണ് ലക്ഷ്യമെന്ന് പറയുന്നു. നടിയെ ആക്രമിച്ച കേസ്, ഗൂഢാലോചന എന്നിവയ്ക്ക് വ്യത്യസ്ത കുറ്റപത്രങ്ങളാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.

കേസില്‍ ഇപ്പോള്‍ ആകെ 13 പ്രതികളാണുള്ളത്. വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാനാണ് പൊലീസ് ശ്രമം. ദിലീപ് അഭിഭാഷകനെ മാറ്റി പുതിയ അഭിഷാകനെ കൊണ്ടുവന്നു ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടാനുള്ള വഴികള്‍ നോക്കുന്നതിനിടയില്‍ ഇതു തടയാന്‍ കൂടിയാണ് പൊലീസ് ശക്തമായൊരു കേസ് ഡയറിയുമായി കോടതിയെ സമീപിക്കാനനൊരുങ്ങുന്നത്.

കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കുക, ഭീഷണി, അന്യായമായി തടങ്കല്‍ വയ്ക്കല്‍ എന്നീ ഐപിസി വകുപ്പുകളും ഐടി ആക്ട് പ്രകാരം സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകളുമാണ് ദിലീപിനെതിരേ പൊലീസ് ചുമത്തുന്നത്.

എന്നാല്‍ ഗൂഢാലോചന കുറ്റം കോടതിയില്‍ തെളിയിക്കാന്‍ പൊലീസിന് കഴിയുന്നെങ്കില്‍ മാത്രമാണ് മേല്‍പ്പറഞ്ഞ കുറ്റപത്രത്തിന് പ്രസക്തിയുണ്ടാകുന്നുള്ളൂ. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിന് ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ ഈ ആശങ്ക നിലനില്‍ക്കുകയാണ്.

മൊബൈല്‍ പള്‍സര്‍ സുനി കൈമാറിയെന്നു പറയുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും അദ്ദേഹത്തിന്റെ ജൂനിയറായ രാജു ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും പറയുന്നത് ഫോണ്‍ നശിപ്പിച്ചു കളഞ്ഞെന്നാണ്. പൊലീസ് ഇത് വിശ്വസിക്കുന്നില്ലെങ്കിലും ഫോണ്‍ എവിടെയുണ്ടെന്നതിന് ഒരു സൂചനയും കിട്ടിയിട്ടില്ല. ഈ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തിടത്തോളം കോടതിയില്‍ ദിലീപിനും സാധ്യകളേറെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍