UPDATES

ട്രെന്‍ഡിങ്ങ്

സന്ധ്യ ചെയ്യുന്നത് ജനനേന്ദ്രിയം മുറിച്ച കേസിലെ പ്രതിച്ഛായ നഷ്ടം മാറ്റല്‍; ദിലീപിനെ ചോദ്യം ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ട്; രൂക്ഷവിമര്‍ശനവുമായി സെന്‍കുമാര്‍

മഞ്ജു വാര്യരെയും ദിലീപിനേയും തെറ്റിച്ചത് ഈ നടിയാണെന്നും അതുകൊണ്ടുള്ള വിരോധമാണെന്നുമാണ് ഇപ്പോള്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണോ പോകുന്നതെന്ന സംശയം ബലപ്പെടുത്തുന്നതാണ് മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ വാക്കുകള്‍. കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന മുന്‍ ഡിജിപിയുടെ ആരോപണം ഗൗരവമേറിയ വിഷയമാണ്.

എഡിജിപി സന്ധ്യക്കെതിരേയാണ് സെന്‍കുമാര്‍ അതിരൂക്ഷമായ വിമര്‍ശനം നടത്തിയിരിക്കുന്നത്. നടന്‍ ദിലീപിനെ 13 മണിക്കൂറോളം ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത് സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാണെന്നാണ് സമകാലിക മലയാള വാരികയില്‍ നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറയുന്നത്. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സന്ധ്യക്കുണ്ടായ പ്രതിച്ഛായ നഷ്ടം പരിഹരിക്കാനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ സന്ധ്യ അനാവശ്യമായി ഇടപെട്ടിരിക്കുന്നതെന്നാണ് സെന്‍കുമാര്‍ പറയുന്നത്.

കേസില്‍ ദിലീപിനെതിരേ ഒരു തെളിവും ഇല്ലെന്നും പ്രതി സുനില്‍ കുമാര്‍ മുമ്പേ ഈ രീതിയില്‍ ഒന്നിലധികം നടിമാരോട് പെരുമാറിയിട്ടുള്ള ആളാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നുണ്ട്. 2013ല്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് പറയുന്നത്. അത് 2017ലാണോ ചെയ്യുന്നത്. ക്വട്ടേഷനെടുക്കുന്നവന്‍ അഡ്വാന്‍സ് വാങ്ങാതെ അതു ചെയ്യുമോ. മഞ്ജു വാര്യരെയും ദിലീപിനേയും തെറ്റിച്ചത് ഈ നടിയാണെന്നും അതുകൊണ്ടുള്ള വിരോധമാണെന്നുമാണ് ഇപ്പോള്‍ പറയുന്നത്. മഞ്ജു വാര്യര്‍ തെറ്റിപ്പോയിക്കഴിഞ്ഞ് ദിലീപ് സന്തോഷമായി വേറെ കല്യാണവും കഴിഞ്ഞിട്ടാണോ ഇത് ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

"</p

സെന്‍കുമാറിന്റെ വാക്കുകള്‍; സന്ധ്യയുടെ ചെയ്തികളൊക്കെ ആരെയും അറിയിക്കാതെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. 13 മണിക്കൂര്‍ ചോദ്യം ചെയ്യുക. സ്വന്തം ടീമിനോടുള്‍പ്പെടെ ആരോടും ഒന്നും പറയുന്നില്ല. ഇതൊരു വലിയ കേസാണല്ലോ. അതിന്റെ മാധ്യമശ്രദ്ധ പരമാവധി ഉപയോഗിക്കാനുള്ള ശ്രമമായാണ് ഞാന്‍ കാണുന്നത്. ദിലീപിനെ ഇങ്ങനെ ചോദ്യം ചെയ്യാനാണെങ്കില്‍ സ്വാമിയുടെ കേസില്‍ സന്ധ്യയെ എത്ര ചോദ്യം ചെയ്യണം. എനിക്ക് അത്രയ്ക്ക് പരാതികള്‍ കിട്ടിയിട്ടുണ്ട്, അവര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍. പക്ഷേ, ഞാന്‍ അവരെ പ്രൊട്ടക്റ്റ് ചെയ്യുകയാണുണ്ടായത്.

നടി ആക്രമിക്കപ്പെട്ട കേസ് ക്രൈംബ്രാഞ്ചിനു വിടാന്‍ ഒരാലോചന ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയും അനുകൂലമായാണ് പ്രതികരിച്ചതെന്നും എന്നാല്‍ അങ്ങനെ ചെയ്താല്‍ തെറ്റായൊരു വ്യാഖ്യാനം വന്നേക്കുമോ എന്നു സംശയിച്ചാണെന്നും സെന്‍കുമാര്‍ പറയുന്നു. കേസിന്റെ മേല്‍നോട്ടച്ചുമതല എഡിജിപി സന്ധ്യക്കായതുകൊണ്ട് കേസ് കൈമാറിയാല്‍ സന്ധ്യ മാധ്യമങ്ങളോട് ഈ കേസില്‍ ഞാനൊരെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞേക്കുമായിരുന്നുവെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തുന്നു.

ഇപ്പോള്‍ നടക്കുന്നതു മുഴുവന്‍ സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടിയുള്ള കാര്യങ്ങളാണെന്നും എല്ലാം ഞാനാണ് ചെയ്തതെന്നു വരുത്തി തീര്‍ക്കാനാണ് സന്ധ്യ ശ്രമിക്കുന്നതെന്നും ഈ കേസ് ചിലപ്പോള്‍ തുലഞ്ഞുപോകാനും സാധ്യതയുണ്ടെന്നും മുന്‍ ഡിജിപി ചൂണ്ടിക്കാണിക്കുന്നു.

മാധ്യമശ്രദ്ധ മുഴുവന്‍ തനിക്കു കിട്ടണമെന്ന ആഗ്രഹമാണ് സന്ധ്യക്ക്. സന്ധ്യയുടെ ചെയ്തകളൊന്നും ആരെയും അറിയിക്കാതെയായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. സ്വന്തം ടീമിനോടുള്‍പ്പെടെ ആരോടും ഒന്നും പറയുന്നില്ല. ഇതൊരു വലിയ കേസായതുകൊണ്ട് അതിന്റെ മാധ്യമശ്രദ്ധ പരാമവധി ഉപയോഗിക്കാനുള്ള ശ്രമമാണത്; സെന്‍കുമാറിന്റെ വാക്കുകള്‍.

അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കുന്നില്ലെന്നറിഞ്ഞതുകൊണ്ടാണ് കേസ് സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ടെന്നു നിര്‍ദേശിച്ചതെന്ന് സെന്‍കുമാര്‍ വ്യക്തമാക്കുന്നു. ഐജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കുന്നില്ല അതുകൊണ്ട് സന്ധ്യ തന്നെ അന്വേഷിക്കേണ്ട എന്ന് ഞാന്‍ നിര്‍ദേശം കൊടുത്ത അന്ന് അവരവിടെ വന്നിരുന്നു, പൊലീസ് ആസ്ഥാനത്ത്. സാര്‍ അങ്ങനെയൊരു ഓര്‍ഡറിട്ടത് എനിക്ക് ഭയങ്കര വിഷമമായി എന്ന് എന്നോടു പറഞ്ഞു. നിങ്ങളെന്താണീ ചെയ്യുന്നതൊക്കെ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. സാറെന്നോടു ചോദിച്ചോ എന്നാണ് അപ്പോഴവരുടെ ചോദ്യം. എനിക്ക് ദേഷ്യം വന്നു. ഞാന്‍ നിങ്ങളോട് ചോദിച്ചിട്ടാണോ ചെയ്യുന്നത്? അഹങ്കാരമല്ലേ അത്; സെന്‍കുമാര്‍ പറയുന്നു.

നടിയുടെ കേസില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്ന സെന്‍കുമാര്‍ അപ്പോഴും പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളിലുള്ള സംശയം നിലനിര്‍ത്തുകയാണ്. സ്വാമി കേസില്‍ ഉണ്ടായ മോശം ഇമേജ് മാറ്റാനുള്ള സന്ധ്യയുടെ പ്രവര്‍ത്തികളാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ എന്തെങ്കിലും അന്യായമായി സംഭവിച്ചേക്കാം എന്ന സൂചനയായി അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍