UPDATES

സിനിമാ വാര്‍ത്തകള്‍

കിം കി ഡുക് ബലാത്സംഗം ചെയ്തതായി ദക്ഷിണകൊറിയന്‍ നടിമാര്‍

സിനിമയുടെ പ്രീ പ്രോഡക്ഷന്‍ ജോലികള്‍ക്കിടെ തന്നെ പല തവണ കിം കി ഡുക് ലൈംഗികമായി പീഡിപ്പിച്ചെന്നും ഒരു തവണ ബലാത്സംഗം ചെയ്‌തെന്നും ഒരു നടി വെളിപ്പെടുത്തി.

വിഖ്യാത ദക്ഷിണ കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍ കിം കി ഡുക് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ദക്ഷിണ കൊറിയയിലെ നടിമാര്‍ രംഗത്ത്. കിം കി ഡുക് ബലാത്സംഗം ചെയ്തു എന്ന് തന്നെയാണ് പല നടിമാരും പറഞ്ഞിരിക്കുന്നത്. ദക്ഷിണകൊറിയന്‍ ടിവി ചാനല്‍ എംബിസിയിലെ പിഡി നോട്ട്ബുക്ക് ഷോയിലാണ് നടിമാര്‍ കിം കി ഡുകിനെതിരെ രംഗത്തെത്തിയത്. ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരായി അനുഭവങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങി വച്ച് മീ ടൂ ഹാഷ് ടാഗ് കാംപെയിനില്‍ ദക്ഷിണകൊറിയന്‍ സിനിമയിലെ സ്ത്രീകളും പങ്ക് ചേര്‍ന്നിരിക്കുകയാണ് ഇതോടെ. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലൂടെ മലയാളിക്ക് സുപരിചിതനായ കിം കി ഡുക് സ്പ്രിംഗ് സ്മ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്, ത്രീ അയണ്‍ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്.

സിനിമയുടെ പ്രീ പ്രോഡക്ഷന്‍ ജോലികള്‍ക്കിടെ തന്നെ പല തവണ കിം കി ഡുക് ലൈംഗികമായി പീഡിപ്പിച്ചെന്നും ഒരു തവണ ബലാത്സംഗം ചെയ്‌തെന്നും ഒരു നടി വെളിപ്പെടുത്തി. നടന്‍ ചോ ജായ് ഹ്യൂനും തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി. ടിവി ചിത്രങ്ങളിലും നാടകരംഗത്തും പ്രവര്‍ത്തിക്കുന്ന നിരവധി സ്ത്രീകള്‍ ചോയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പുതിയ ചിത്രത്തില്‍ നായികയാക്കാമെന്ന് പറഞ്ഞ കിം കി ഡുക് ഇതിനായി താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാകണമെന്ന ഉപാധി വച്ചിരുന്നു. കിം കിം ഡുകുമൊത്തുള്ള ആദ്യ ചിത്രത്തിന് ശേഷം തനിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായെന്നും സൈകാട്രിസ്റ്റിനെ കണ്ട് ചികിത്സ തേടേണ്ടി വന്നു എന്നും നടി പറയുന്നു.

സെക്‌സിന് വിസമ്മതിച്ചതുകൊണ്ട് കിം കി ഡുകിന്റെ ചിത്രത്തില്‍ പ്രധാന കഥാപാത്രം നഷ്ടപ്പെട്ട കാര്യമാണ് മറ്റൊരു നടിക്ക് പറയാനുണ്ടായിരുന്നത്. 2017ല്‍ കിം കി ഡുക് തന്നെ മര്‍ദ്ദിച്ചെന്ന പരാതിയുമായി കേസ് കൊടുത്ത് ഈ നടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2013ല്‍ മൊബിയസ് സിനിമയുടെ ചിത്രീകരണത്തിനിടെ സ്‌ക്രിപ്റ്റിലില്ലാത്ത സെക്‌സ് സീന്‍ ചെയ്യാന്‍ കിം തന്നെ നിര്‍ബന്ധിച്ചെന്നും ഇതിന് വിസമ്മതിച്ചപ്പോള്‍ തല്ലിയെന്നുമായിരുന്നു നടിയുടെ പരാതി. ശാരീരിക പീഡനത്തിന്റെ പേരില്‍ കോടതി കിമ്മിന് 5000 രൂപ പിഴ ഇടുകയും ചെയ്തു. താനും മറ്റൊരു പുരുഷനുമായി നടി ത്രീ സം സെക്‌സില്‍ ഏര്‍പ്പെടണമെന്നും ഇത് കാമറയില്‍ ചിത്രീകരിക്കണമെന്നുമായിരുന്നു കിം കി ഡുകിന്റെ ആവശ്യം. ഇതിന് വിസമ്മതിച്ചതോടെ തന്നെ വിശ്വാസമില്ലാത്ത നടിയുടെ കൂടെ അഭിനയിക്കാനാവില്ലെന്ന് പറഞ്ഞ് കിം അവരെ പുറത്താക്കുകയായിരുന്നു. സഹപ്രവര്‍ത്തകരില്‍ ആരും തന്നെ പിന്തുണയ്ക്കാനോ സാക്ഷി പറയാനോ ഇല്ലാത്തതിരുന്നത് കൊണ്ടാണ് നാല് വര്‍ഷം പരാതി നല്‍കാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം. ലൈംഗികമായ അധിക്ഷേപ പരാമര്‍ശങ്ങളിലൂടെ കിം കിം ഡുക് തന്നെ അപമാനിച്ചതായാണ് വേറൊരു നടിയുടെ പരാതി.

പിഡി നോട്ട്ബുക്കിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കിം ഒരു വിശദീകരണം സന്ദേശം അയച്ചിട്ടുണ്ട്. നിരന്തരമുള്ള ഫോണ്‍ കോളുകളോടോ ഇന്റര്‍വ്യൂ ആവശ്യങ്ങളോടോ പ്രതികരിക്കാതിരുന്ന കിം പിന്നീട് ഒരു എസ്എംഎസ് അയയ്ക്കുകയായിരുന്നു. മീ ടു കാംപെയിനിന്റെ ഭാഗമായി സത്യം മനസിലാക്കുന്നതിന് മുമ്പ് തന്നെ ആരോപണവിധേയരെ ക്രൂശിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു കിം കിം ഡുകിന്റെ പരാതി. എന്റെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി സിനിമയെ ഉപയോഗിച്ചിട്ടില്ല. ഞാന്‍ ഒരു സ്ത്രീയെ ഒരിക്കല്‍ അവരുടെ സമ്മതമില്ലാതെ ഉമ്മ വച്ചിട്ടുണ്ട്. പക്ഷെ ഇതല്ലാതെ മറ്റൊരിക്കിലും ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ശരീരത്തോട് ഞാന്‍ ഒന്നും ചെയിതിട്ടില്ല. എനിക്ക് പല സ്ത്രീകളുമായും വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോളെല്ലാം അത് പരസ്പര സമ്മതത്തോടെയായിരുന്നു. വിവാഹിതനും കുടുംബസ്ഥനുമായി ഒരു വ്യക്തിയെന്ന നിലയില്‍ ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് ലജ്ജ തോന്നുന്നതായും കിം കി ഡുക് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍