UPDATES

ട്രെന്‍ഡിങ്ങ്

ഇന്ദുവിനെ ഹിന്ദുവാക്കി ആധാര്‍ കാര്‍ഡ്; ആവര്‍ത്തിക്കപ്പെട്ട തെറ്റില്‍ മുടങ്ങുന്നത് ദളിത് പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം

തെറ്റായ പേര് തിരുത്താന്‍ അപേക്ഷ നല്‍കി വീണ്ടും കാര്‍ഡ് എടുത്തപ്പോള്‍ അതിലും തെറ്റ്‌

ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് നിങ്ങള്‍ നിസാരമായി ചോദിച്ചേക്കാം. പക്ഷേ പേരിന്റെ കുരുക്കിലാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദളിത് പെണ്‍കുട്ടി ജെ. ഇന്ദു എന്ന പത്തുവയസുകാരി. അന്തപൂര്‍ ജില്ലയിലെ അമദഗുറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ് ഇന്ദു. പ്രശ്‌നം ആധാര്‍ കാര്‍ഡിലെ പേര് മാറ്റമാണ്. ഇന്ദുവിന് ആദ്യം ലഭിച്ച ആധാര്‍ കാര്‍ഡില്‍ ‘ഹിന്ദു’ എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. ഇത് തിരുത്തിക്കിട്ടുന്നതിന് അപേക്ഷ നല്‍കിയപ്പോള്‍ കിട്ടിയ രണ്ടാമത്തെ കാര്‍ഡിലും ഹിന്ദു എന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്തപൂര്‍ ജില്ലയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് അമദുഗുര്‍. ആധാര്‍ കാര്‍ഡിലെ പിഴവ് മൂലം ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിക്കാതെ കഷ്ടപ്പെടുകയാണ് ഇന്ദു. സ്‌കൂളിലെ മറ്റ് നാല് കുട്ടികള്‍ക്ക് ഇതേ കാരണത്താല്‍ സ്‌കോളര്‍ഷിപ്പ് നഷ്ടമായി. ഇവരില്‍ മൂന്ന് പേര്‍ ദളിതരും ഒരാള്‍ മുസ്ലീമുമാണ്. പ്രശ്‌നം ഉണ്ടായപ്പോള്‍ ജഗരസുപള്ളിയിലെ ഇന്ദുവിന്റെ സ്‌കൂള്‍ അധികൃതരും കുടുംബവും പുതിയ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുകയും ജനന സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. പക്ഷെ പുതിയ കാര്‍ഡിലും തെറ്റ് ആവര്‍ത്തിച്ചിരിക്കുകയാണ്.

പിഴവ് മൂലം ഇന്ദുവിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ആന്ധ്രപ്രദേശിലെ പട്ടിജാതി, പട്ടിക വര്‍ഗ്ഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പിന്നോക്ക സമുദായക്കാര്‍ക്കും അഞ്ചാം ക്ലാസു മുതല്‍ പ്രതിവര്‍ഷം 1,200 രൂപയുടെ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. അമദഗുര്‍ സ്‌കൂളില്‍ ഇന്ദുവിന്റെ ക്ലാസില്‍ പഠിക്കുന്ന 23 കുട്ടികളില്‍ ഒരാള്‍ മാത്രമാണ് മുന്നോക്ക സമുദായത്തില്‍ നിന്നും വരുന്നത്. മറ്റ് 21 കുട്ടികളുടെയും സ്‌കോളര്‍ഷിപ്പ് ഈ ഫെബ്രുവരിയോടെ അവരവരുടെ അക്കൗണ്ടുകളില്‍ എത്തേണ്ടതാണ്. എന്നാല്‍ ഈ അഞ്ച് കുട്ടികള്‍ക്ക് മാത്രം ഈ വര്‍ഷം അത് ലഭിക്കില്ല.

ഈ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ അധികവും നാമമാത്ര കര്‍ഷകരോ കര്‍ഷത്തൊഴിലാളികളോ ആണ്. ദാരിദ്ര്യം അകറ്റാന്‍ ഇവര്‍ പലപ്പോഴും ജോലി തേടി ബംഗളൂരുവിലേക്ക് പോകുന്നു. സര്‍ക്കാര്‍ വിതരണം ചെയ്യാത്ത പഠനോപാധികളായ പേന, കൂടുതല്‍ പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ വാങ്ങാനാണ് പലപ്പോഴും സ്‌കോളര്‍ഷിപ്പ് പണം ഉപയോഗിക്കുന്നതെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് റോസയ്യ പറഞ്ഞു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍