UPDATES

ട്രെന്‍ഡിങ്ങ്

യോഗിയുടെ തള്ളല്‍ തള്ളിക്കളഞ്ഞോളൂ; പക്ഷേ, ഈ കണക്കുകളോട് നമ്മള്‍ മുഖംതിരിക്കരുത്

ചിക്കന്‍ഗുനിയ ബാധിച്ചവരുടെയും ഡെങ്കിപ്പനി മൂലം മരിച്ചവരുടെ കണക്ക് പരിശോധിച്ചാല്‍ ആദിത്യനാഥിന്റെ വാദം ശരിയാണെന്ന് കാണാം

ആശുപത്രികള്‍ എങ്ങനെ നടത്തണമെന്ന് കേരളം ഉത്തര്‍പ്രദേശിനെ കണ്ടുപഠിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ദിവസം മുമ്പാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ തന്നെ മണ്ഡലമായ ഗോരഖ്പൂരിലെ ബാബാ രാഘവദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 48 മണിക്കൂറിനകം അറുപതിലേറെ കുഞ്ഞുങ്ങള്‍ മരിച്ചത് ചൂണ്ടിക്കാട്ടി അതിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു. കേരളത്തിലെ ട്രോളര്‍മാരും യോഗിയുടെ ഈ നിരീക്ഷണത്തെ പരിഹസിച്ച് രംഗത്തെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള രക്ഷാ യാത്രയുടെ തന്നെ നിറംകെടുത്തുന്നതായി ഈ പ്രസ്താവന.

വിദ്യാഭ്യാസം, പൊതുശുചിത്വം, കുറ്റകൃത്യങ്ങള്‍, ദലിത് പീഡനം, സ്ത്രീ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളില്‍ ഉത്തര്‍പ്രദേശിനേക്കാള്‍ ഏറെ മുന്നിലാണ് കേരളം എന്നതാണ് ഈ പ്രസ്താവന പരിഹാസ്യമാകാന്‍ കാരണം. ബിജെപി അനുകൂലികള്‍ പോലും ഈ പ്രസ്താവനയില്‍ മുഖം ചുളിക്കുകയും ചെയ്തു. ‘കേരളത്തിലെ ആശുപത്രികള്‍ കണ്ട് പഠിക്കൂ, യോഗി ആദിത്യനാഥിന് കേരളത്തിലേക്ക് സ്വാഗതം’ എന്ന സിപിഎമ്മിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ സ്വാഗത ആശംസയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ ഡെങ്കിപ്പനി മൂലം മുന്നൂറിലേറെ മരണങ്ങള്‍ സംഭവിച്ചു. ഒരു വലിയ സംസ്ഥാനമായിട്ടുകൂടി ഉത്തര്‍പ്രദേശില്‍ അതിലും കുറവ് മരണങ്ങളേ ഉണ്ടായിട്ടുള്ളൂ എന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തിരുന്നു. ‘ധാരാളം പേര്‍ ചിക്കുന്‍ഗുനിയ മൂലവും മരിക്കുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഒരു ചിക്കന്‍ഗുനിയ മരണം പോലുമുണ്ടായിട്ടില്ല. ഇവര്‍ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുകയാണ്’ എന്നും ആദിത്യനാഥ് പറഞ്ഞു.

അതേസമയം ചിക്കന്‍ഗുനിയ ബാധിച്ചവരുടെയും ഡെങ്കിപ്പനി മൂലം മരിച്ചവരുടെ കണക്ക് പരിശോധിച്ചാല്‍ ആദിത്യനാഥിന്റെ വാദം ശരിയാണെന്ന് കാണാം. കഴിഞ്ഞ വര്‍ഷം ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ കേരളത്തേക്കാള്‍ ഏറെ മുന്നിലായിരുന്നു ഉത്തര്‍പ്രദേശെങ്കിലും യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ ഈവര്‍ഷം ഇതുവരെ ഇത് കേരളത്തേക്കാള്‍ കുറവാണെന്ന് സ്‌ക്രോള്‍.ഇന്‍ പുറത്തുവിടുന്ന കണക്കുകള്‍ പറയുന്നു. 2016ല്‍ ഡെങ്കിപ്പനി മൂലം കേരളത്തില്‍ മരിച്ചത് 13 പേരാണ് എന്നാല്‍ യുപിയില്‍ ഇത് 42 ആയിരുന്നു. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ 28 പേര്‍ ഡെങ്കിപ്പനി മൂലം മരിച്ചെങ്കിലും ഉത്തര്‍പ്രദേശില്‍ 17 പേര്‍ മാത്രമാണ് മരിച്ചത്. കേരളവും യുപിയും തമ്മില്‍ ജനസംഖ്യയില്‍ വലിയ അന്തരമുള്ളപ്പോഴാണ് ഈ വ്യത്യാസമെന്നും ഓര്‍ക്കണം.

അതേസമയം ചിക്കുന്‍ഗുനിയ മൂലം ഇവിടെ ധാരാളം പേര്‍മരിക്കുന്നുവെന്നും ഉത്തര്‍പ്രദേശില്‍ ആരും മരിച്ചിട്ടില്ലെന്ന് പറയുമ്പോള്‍ യോഗി തെറ്റായ വിവരമാണ് നല്‍കുന്നതെന്നും സ്‌ക്രോള്‍ വ്യക്തമാക്കുന്നു. നാഷന്‍ വെക്ടര്‍ ബോണ്‍ ഡീസീസ് കണ്‍ട്രോള്‍ പ്രോഗ്രാം(എന്‍വിബിഡിസിപി) പുറത്തുവിട്ട കണക്കുകളാണ് സ്‌ക്രോള്‍ ഉപയോഗിച്ചിരിക്കുന്നത്. ചിക്കുന്‍ഗുനിയ മരണത്തിന് കാരണമാകില്ലെന്ന് എന്‍വിബിഡിസിപി നിരീക്ഷിക്കുമ്പോഴും അവരുടെ കണക്കുകള്‍ അനുസരിച്ച് ഈ രോഗം പിടിപെട്ടവരുടെ എണ്ണത്തില്‍ കേരളം എത്രമാത്രം മോശമാണെന്ന് വ്യക്തമാകും.

2016ല്‍ ഉത്തര്‍പ്രദേശില്‍ 2,458 പേര്‍ക്ക് ചിക്കുന്‍ഗുനിയ പിടിപെട്ടപ്പോള്‍ കേരളത്തില്‍ ഇത് 129 മാത്രമായിരുന്നു. എന്നാല്‍ 2017ല്‍ ഇതുവരെ ഉത്തര്‍പ്രദേശില്‍ 51 പേര്‍ക്കും കേരളത്തില്ഡ 67 പേര്‍ക്കുമാണ് ചിക്കുന്‍ഗുനിയ പിടിപെട്ടിരിക്കുന്നത്. ആരോഗ്യരംഗത്തെ മികവിന്റെ അടിസ്ഥാനമായി ഈ രോഗങ്ങളെ കണക്കാക്കാനാകില്ലെങ്കിലും കേരളത്തേക്കാള്‍ ഭേദമാണ് ഉത്തര്‍പ്രദേശ് എന്ന യോഗിയുടെ വാദം ശരിയാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കണക്കുകള്‍ അനുസരിച്ച് കേരളത്തെ മാത്രമല്ല എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തേക്കാളും മികച്ച പ്രകടനമാണ് ഈ രോഗങ്ങള്‍ നിയന്ത്രിക്കുന്നതില്‍ യുപി നടത്തിയിരിക്കുന്നത്.

എന്നാല്‍ യുപിയിലെ ആരോഗ്യ സംവിധാനത്തിന്റെയും സാമൂഹിക സംവിധാനത്തിന്റെയും കാര്യക്ഷമത കണക്കിലെടുക്കുമ്പോള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പനി മരണങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്. അതിന് മറ്റ് ചില കണക്കുകള്‍ തെളിവാണ്. ഒരുലക്ഷം ശിശുക്കളില്‍ 61 പേര്‍ മരിക്കുന്ന കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്തര്‍പ്രദേശ് ഏറെ പിന്നിലാണ്. 285 ഗര്‍ഭസ്ഥശിശുക്കളാണ് ഇവിടെ ജീവനില്ലാതെ ജനിക്കുന്നത്. ദേശീയ നിരക്ക് 167 ആയിരിക്കുമ്പോഴാണ് ഇത്.

ഇരു സംസ്ഥാനങ്ങളിലെയും ആയുര്‍ദൈര്‍ഘ്യം താരതമ്യം ചെയ്യുമ്പോഴും കേരളമാണ് മുന്നില്‍. യുപിയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 64.1ഉം കേരളത്തിലേത് 74.9ഉം ദേശീയ ശരാശരി 67.9ഉം ആണ്. നവജാത ശിശുക്കളുടെ കാര്യത്തിലും കേരളം ഉത്തര്‍പ്രദേശിന് മാതൃകയാണ്. ജനിക്കുന്ന ആയിരം നവജാത ശിശുക്കളുടെ കണക്കുമായാണ് ഈ നിരക്ക് താരതമ്യം ചെയ്യുന്നത്. കേരളത്തിലേത് വെറും പത്ത് ആയിരിക്കുമ്പോള്‍ യുപിയില്‍ ഇത് 43 ആണ്. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളേക്കാളും പിന്നിലാണ് ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ്. കേരളത്തില്‍ 6810 ആളുകള്‍ക്ക് ഒരു സര്‍ക്കാര്‍ ഡോക്ടര്‍ എന്നാണ് കണക്കെങ്കില്‍ ഉത്തര്‍പ്രദേശ് മൂന്നിരട്ടി പിന്നിലാണ്. ഇവിടെ 19,962 പേര്‍ക്കാണ് ഒരു സര്‍ക്കാര്‍ ഡോക്ടറുടെ സേവനം ലഭ്യമാകുന്നത്.

യോഗി ആദിത്യനാഥ് അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ലെന്നും അതിനാല്‍ അദ്ദേഹത്തിന് ആരോഗ്യരംഗത്തിന്റെ വളര്‍ച്ചയ്ക്ക് ഇനിയും പലതും ചെയ്യാനുണ്ടെന്നും വാദിക്കുന്നവരുണ്ട്. അതേസമയം പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായത് കഴിഞ്ഞ വര്‍ഷം മേയില്‍ മാത്രമാണെന്ന് ഇങ്ങനെ വാദിക്കുന്നവര്‍ ഓര്‍ക്കണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍