UPDATES

ട്രെന്‍ഡിങ്ങ്

നിലത്തിരുന്നും തൂങ്ങിമരിക്കാമോ? ആദിവാസി യുവാവിന്റെ മരണത്തില്‍ പോലീസിന്റെ പുതിയ കണ്ടെത്തല്‍

പറയത്തക്ക ബന്ധുക്കളൊന്നുമില്ലാത്ത മുരളിയ്ക്ക് വേണ്ടി പരാതി നല്‍കാന്‍ ആരും വരില്ലെന്ന ധൈര്യമാണ് പോലീസിനെന്നാണ് നാട്ടുകാര്‍ പറയുന്നത്

നിലത്ത് കാലുനീട്ടിയിരുന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് തൂങ്ങിമരിച്ചതാണെന്ന വിചിത്രമായ വാദവുമായി വിതുര പോലീസ്. ഒരാഴ്ച മുമ്പ് വിതുര മണലിയിലെ ഒരു തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവായ മുരളിയുടെ മരണമാണ് പോലീസ് ആത്മഹത്യയാക്കി കേസൊതുക്കാന്‍ നോക്കുന്നത്.

തോട്ടത്തിലേക്ക് പോയ ആരോ സംഭവം കണ്ടാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവ സ്ഥലത്തുനിന്നും ഒരാള്‍ മൃതദേഹത്തിന്റെ ചിത്രം ഒരാള്‍ പകര്‍ത്തിയിരുന്നു. ഇതനുസരിച്ച് മൃതദേഹം മരത്തില്‍ ചാരി നിലത്ത് കാല്‍ നീട്ടി ഇരിക്കുന്ന അവസ്ഥയിലാണ്. കഴുത്തില്‍ വര്‍ണ തുണികൊണ്ട് ചുറ്റിയിട്ടുണ്ട്. തുണിയുടെ ഒരറ്റം മരത്തിന്റെ 4 അടി ഉയരത്തിലായി കെട്ടിയിരുന്നു. മുരളിയുടെ മൃതദേഹം കാണുന്ന ആര്‍ക്കും ഇതൊരു തൂങ്ങിമരണമല്ലെന്ന് വ്യക്തമാകും.

മുരളിയ്ക്ക് നേരത്തെ മിന്നലേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു അക്കാരണത്താല്‍ മരത്തില്‍ കയറാന്‍ ആകില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. അതുകൊണ്ട് തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ മരണം ആത്മഹത്യയാണെന്ന് വിധിയെഴുതി പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത് സംസ്‌കാരവും നടത്തുകയായിരുന്നു. തൂങ്ങിമരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാഹചര്യ തെളിവുകള്‍ ഒന്നും പരിഗണിക്കാതെ ആത്മഹത്യയെന്ന് കേസ് എഴുതിത്തള്ളിയിരിക്കുകയാണ് പോലീസ്.

മുരളിയെ കെട്ടിത്തൂക്കിയ ശേഷം തോട്ടത്തില്‍ എത്തിച്ച് മരത്തില്‍ കെട്ടിയിട്ടതാകാമെന്നും അല്ലെങ്കില്‍ മൃതദേഹം കണ്ട സ്ഥലത്തുവച്ച് തന്നെ പിന്നില്‍ നിന്ന് ഷാള്‍ ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി കൊലപ്പെടുത്തിയതാകാമെന്നുമാണ് മൃതദേഹവും മൃതദേഹത്തിന്റെ ഫോട്ടോ കണ്ടവരും പറയുന്നത്. ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് വാഗ്ദാനവും പോലീസ് നല്‍കുന്നുണ്ട്. എന്നാല്‍ ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ പരിശോധനയൊന്നും നടത്താന്‍ ഇവര്‍ തയ്യാറായിട്ടില്ല. പറയത്തക്ക ബന്ധുക്കളൊന്നുമില്ലാത്ത മുരളിയ്ക്ക് വേണ്ടി പരാതി നല്‍കാന്‍ ആരും വരില്ലെന്ന ധൈര്യമാണ് പോലീസിനെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍