UPDATES

വിപണി/സാമ്പത്തികം

ജി.എസ്.ടി കുറയ്ക്കുന്നതിന് മുമ്പ് റവ ദോശയുടെ വില 84, കുറച്ചതിന് ശേഷം 95; ഇത് ജിഎസ്ടി കാലത്തെ മറിമായം

കുറഞ്ഞ ജിഎസ്ടി സ്വന്തം പോക്കറ്റിലെത്തിക്കാനുള്ള ഹോട്ടല്‍ വ്യാപാരികളുടെ പുതിയ തന്ത്രമാണ് ഇത്

ഏകീകൃത നികുതി സംവിധാനമായ ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ ഏറ്റവുമധികം പഴികേട്ടത് ഹോട്ടല്‍ വ്യാപാരികളായിരുന്നു. ജിഎസ്ടിയെ ഭയന്ന് പലരും ഹോട്ടലുകളില്‍ കയറുന്നത് തന്നെ നിര്‍ത്തിയെന്നാണ് അന്ന് പല ഹോട്ടലുടമകളും പറഞ്ഞത്. അതേസമയം കഴിഞ്ഞയാഴ്ച വിവിധ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്കുകളില്‍ കുറവ് വരുത്തിയതോടെ ജിഎസ്ടി മൂലം നേരിട്ട വിമര്‍ശനങ്ങള്‍ക്ക് ഒരു പരിധിവരെ സര്‍ക്കാര്‍ തടയിട്ടിരിക്കുകയാണ്.

എന്നാല്‍ ഹോട്ടല്‍ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി ഒമ്പത് ശതമാനത്തില്‍ നിന്നും 2.5 ശതമാനമാക്കിയപ്പോള്‍ ഉല്‍പ്പന്നത്തിന്റെ വില കൂട്ടി പഴയ തുക തന്നെയാണ് ഹോട്ടലുകള്‍ വാങ്ങുന്നതെന്ന് ആരോപണമുയര്‍ന്നിരിക്കുകയാണ്. ഫലത്തില്‍ ജി.എസ്.ടി കുറഞ്ഞെങ്കിലും വില വര്‍ദ്ധിപ്പിച്ചതുമൂലം വിലയില്‍ യാതൊരു കുറവും ലഭിക്കാത്ത അവസ്ഥയാണ് ജനങ്ങള്‍ക്ക് നേരിട്ടിരിക്കുന്നത്. കുറഞ്ഞ ജി.എസ്.ടി സ്വന്തം പോക്കറ്റിലെത്തിക്കാനുള്ള ഹോട്ടല്‍ വ്യാപാരികളുടെ പുതിയ തന്ത്രമാണ് ഇത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ബില്ലിലൂടെയാണ് ഈ തട്ടിപ്പ് പുറത്തുവരുന്നത്. ജി.എസ്.ടി കുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ബില്ലുകളാണ് ഇവ.

ചെന്നൈയിലെ ബ്ലോക്ക് 5ലുള്ള സംഗീത വെജിറ്റേറിയന്‍ റസ്‌റ്റോറന്റിലെ രണ്ട് ബില്ലുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജിഎസ്ടി കുറയ്ക്കുന്നതിന് മുമ്പ് നവംബര്‍ ആറിന് കോഫിയും, റവ മസാല ദോശയും കഴിച്ച ഒരാള്‍ക്ക് ഇവിടെ നിന്നും ഒമ്പത് ശതമാനം ജി.എസ്.ടി ഉള്‍പ്പെടെ 135 രൂപയാണ് ബില്‍ ആയത്. എന്നാല്‍ നവംബര്‍ 16ന് ഇതേസാധനങ്ങള്‍ക്ക് ഇതേ ഹോട്ടലില്‍ നിന്നും 2.5 ശതമാനം ജി.എസ്.ടിയില്‍ ആയത് 134 രൂപയും.

നവംബര്‍ ആറിന്റെ ബില്ലില്‍ റവ മസാല ദോശയ്ക്ക് 84.75 രൂപയാണ് വിലയായി കാണിച്ചിരിക്കുന്നത്. കോഫിയ്ക്ക് 29.68 രൂപയും. 10.30 രൂപ വീതം കേന്ദ്ര, സംസ്ഥാന ജി.എസ്.ടികളും ഉള്‍പ്പെടെയാണ് 135 രൂപ എന്ന് ആകെ വില പറയുന്നത്. എന്നാല്‍ നവംബര്‍ 16ന് എത്തുമ്പോള്‍ ദോശയുടെ വില 95 രൂപയാകുന്നു. കോഫിക്ക് 33 രൂപയും. ആദ്യ ബില്ലില്‍ ദോശയ്ക്കും കോഫിയ്ക്കും മാത്രം 114.43 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 128 രൂപയായി. 3.20 രൂപ വീതം സംസ്ഥാന, കേന്ദ്ര ജി.എസ്.ടിയും കൂടി ഉള്‍പ്പെടെ 134 രൂപയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍