UPDATES

കേരളം

ഇനി പോര്‍വിളി അകത്ത്; വി മുരളീധരനും കെ സുരേന്ദ്രനും മാറി നിന്ന ബിജെപിയുടെ ശബരിമല സമരസമാപനം സൂചിപ്പിക്കുന്നത്

സമരം പൂര്‍ണവിജയമല്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള തന്നെ പറയുമ്പോള്‍ മുരളീധരന്റെയും സുരേന്ദ്രന്റെ മാറിനില്‍ക്കലില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത്‌

ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്നലെ അവസാനിച്ചിരിക്കുകയാണ്. അതേസമയം സമരത്തിന്റെ സമാപന ചടങ്ങിലും പാര്‍ട്ടിയിലെ ഭിന്നസ്വരം തെളിഞ്ഞുനില്‍ക്കുന്നത് ബിജെപിക്ക് കല്ലുകടിയായിരിക്കുകയാണ്. പ്രത്യേകിച്ചും സമരം പൂര്‍ണവിജയമാണെന്ന് പറയാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള തന്നെ കഴിഞ്ഞ ദിവസം സമ്മതിച്ച സാഹചര്യത്തില്‍. വി മുരളീധരന്‍ എംപിയുടെയും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെയും അസാന്നിധ്യം കൊണ്ടാണ് ബിജെപി സമര സമാപനം ചര്‍ച്ചയായത്. മറ്റ് പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തപ്പോഴും ഇവരുടെ അസാന്നിധ്യം ചടങ്ങില്‍ മുഴച്ചുനില്‍ക്കുകയും ചെയ്തു.

ഏറെനാളായി ബിജെപിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഭിന്നിപ്പിന്റെ ഏറ്റവുമൊടുവിലെ പൊട്ടിത്തെറിയാണ് ഇന്നലെ സംഭവിച്ചത്. കേരളത്തില്‍ ഏത് വിധേനയും വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് എക്കാലത്തും തലവേദന ഇവിടുത്തെ വിഭാഗീയതയായിരുന്നു. എക്കാലത്തും ഇതുണ്ടായിരുന്നെങ്കിലും സമീപകാലത്ത് മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തോടെയാണ് ഇത് ശക്തമായത്. പാര്‍ട്ടി നേതൃത്വത്തിലെ തമ്മിലടിയാണ് മെഡിക്കല്‍ കോഴ ആരോപണത്തിന് പിന്നിലെന്ന് തെളിയുകയും അതിന്റെ പേരില്‍ വി വി രാജേഷ് ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ നടപടി നേരിടേണ്ടി വരികയും ചെയ്തിരുന്നു. കുമ്മനം രാജശേഖരനും ശ്രീധരന്‍ പിള്ളയും സംസ്ഥാന അധ്യക്ഷന്മാരായതും ഗ്രൂപ്പ് പോരിന്റെ ഭാഗമായിരുന്നു. കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കി അയച്ചതിന് പിന്നിലും കേരളത്തിലെ ഗ്രൂപ്പ് പോരാണ് കാരണമെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. കുമ്മനം പദവി ഒഴിഞ്ഞ ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ രണ്ടര മാസത്തോളം താമസം നേരിട്ടതിന് കാരണം വി മുരളീധരന്‍-പി കെ കൃഷ്ണദാസ് ഗ്രൂപ്പുകള്‍ തമ്മിലുള്ള ചേരിപ്പോര് ശക്തമായതാണ്. അങ്ങനെയാണ് ഇരുഗ്രൂപ്പുകളിലും പെടാത്ത ശ്രീധരന്‍ പിള്ളയെ ഒരിക്കല്‍ കൂടി അധ്യക്ഷനാക്കിയത്. ബിജെപിയിലെ വിഭാഗീയതയെക്കുറിച്ച് സാധാരണ പ്രവര്‍ത്തകര്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പരാതി പറയുന്നതില്‍ വരെയെത്തി കാര്യങ്ങള്‍. സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചത്. ലസിത പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയില്‍ അവഹേളിച്ചപ്പോള്‍ നേതൃത്വം നിശബ്ദമായതും പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. അതേക്കുറിച്ച് ചോദിച്ച അഴിമുഖം പ്രതിനിധിയോട് അന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത് അണികള്‍ക്ക് അങ്ങനെ പല ആശങ്കകളും കാണും കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവിടെ നേതൃത്വമുണ്ടെന്നായിരുന്നു.

കഴിഞ്ഞ തവണ പിള്ള പ്രസിഡന്റായപ്പോഴാണ് കേരളത്തില്‍ ബിജെപിയെന്നൊരു പാര്‍ട്ടിയുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നലുണ്ടായതെന്നതും പിള്ളയെ കേന്ദ്ര നേതൃത്വത്തിന് സ്വീകാര്യനാക്കി. എന്നാല്‍ ഇത്തവണ പിള്ളയ്ക്ക് താങ്ങാനാകുന്നതിലും അപ്പുറത്തേക്ക് പാര്‍ട്ടിയിലെ വിഭാഗീയത വളര്‍ന്നു. മുരളീധര പക്ഷത്തെ പ്രമുഖനായ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനാകുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതിയിരുന്നത്. ശ്രീധരന്‍പിള്ളയോട് കൃഷ്ണദാസ് പക്ഷത്തിന് എതിര്‍പ്പില്ലാത്തതിനാല്‍ ഇത് മുരളീധര പക്ഷത്തിന് തിരിച്ചടിയാകുകയും ചെയ്തു. അതിനാല്‍ പിള്ളയെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിക്കുന്നത് മുരളീധരനും കൂട്ടരും പതിവാക്കുകയും ചെയ്തു.

ശബരിമല യുവതീപ്രവേശനം ബിജെപി ഏറ്റെടുത്ത ആദ്യഘട്ടത്തില്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ ചക്കളത്തിപ്പോരും രൂക്ഷമായി. ശബരിമല യുവതീ പ്രവേശന വിധിയെ ആദ്യം അനുകൂലിച്ച കേന്ദ്ര നേതൃത്വത്തെയും ആര്‍എസ്എസിനെയും തിരുത്തിച്ചത് ഒരു വിഭാഗം നേതാക്കളാണെന്ന് ആദ്യകാലത്ത് തന്നെ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ശ്രീധരന്‍ പിള്ള നടത്തിയ ഉപവാസത്തില്‍ അയ്യായിരം പേരെ പ്രതീക്ഷിച്ച സ്ഥാനത്ത് പങ്കെടുത്തത് മുന്നൂറില്‍ താഴെ പേര്‍ മാത്രമാണ്. ഉദ്ഘാടനത്തിന് ശേഷം വേദിയിലുണ്ടായിരുന്നതാകട്ടെ നൂറില്‍ താഴെ പേരും. അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗത്തിന് വി മുരളീധരന്‍ നല്‍കിയ പരിഭാഷയും വിവാദത്തിലായി. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നാണ് മുരളീധരന്‍ പരിഭാഷപ്പെടുത്തിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുരളീധരനെ വിമര്‍ശിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്തു. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് യാതൊരു താല്‍പര്യവുമില്ലാത്ത കണ്ണന്താനം കൃഷ്ണദാസ് പക്ഷത്തെ സുഖിപ്പിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് വിലയിരുത്തപ്പെട്ടത്.

ബിജെപിയുടെ ശബരിമല പ്രതിഷേധങ്ങളില്‍ തുടക്കം മുതല്‍ സജീവ സാന്നിധ്യമായിരുന്നു സുരേന്ദ്രന്‍. തുലാമാസ പൂജയിലും ചിത്തിര ആട്ട വിളക്ക് മഹോത്സവത്തിലും പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ തന്നെ സുരേന്ദ്രനുണ്ടായിരുന്നു. മറ്റ് നേതാക്കള്‍ ശബരിമലയില്‍ നിന്ന് അകന്ന് നിന്ന് പ്രതിഷേധിച്ചപ്പോള്‍ മുരളീധരന്‍ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ഓടി നടന്നു. ഇതിന്റെ ഫലമായി മണ്ഡലകാലമായപ്പോള്‍ വിവിധ കേസുകളില്‍ പെടുത്തി ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത വിധത്തില്‍ സുരേന്ദ്രനെതിരെ കേസുകളുമുണ്ടായി. ജാമ്യത്തിലിറങ്ങിയെങ്കിലും പത്തനംതിട്ട ജില്ലയില്‍ കാല് കുത്താന്‍ പോലും സുരേന്ദ്രന് അനുവാദമില്ല. പാര്‍ട്ടിയുടെ തീപ്പൊരി നേതാവിനെ പിടിച്ച് അകത്തിട്ടിട്ടും സര്‍ക്കാരിനെതിരെ ഒരു ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പോലും നേതൃത്വത്തിനായില്ലെന്ന പരാതിയുമുയര്‍ന്നു. കെ പി ശശികലയെ പോലീസ് ശബരിമലയില്‍ തടഞ്ഞപ്പോള്‍ ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രനെ ജയിലില്‍ നിന്നിറങ്ങാനാകാതെ പൂട്ടിയിട്ടും പാര്‍ട്ടി ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്നാണ് പരാതി. ഒരു പ്രതിഷേധ ദിനം മാത്രമാണ് അന്ന് ബിജെപി ആചരിച്ചത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരത്തിലും മുരളീധര പക്ഷം സജീവമായിരുന്നില്ല. ഒരു ജില്ലയില്‍ നിന്നും രണ്ടായിരം പേര്‍ വീതവും തിരുവനന്തപുരം ജില്ലയിലെ ഓരോ താലൂക്കില്‍ നിന്നും ആയിരം പേരെ വീതവും ദിവസേന സമരപ്പന്തലിലെത്തിക്കാനായിരുന്നു ബിജെപിയുടെ ആദ്യ തീരുമാനം എന്നാല്‍ ഈ നീക്കം പാളിയിരുന്നു. ഇതിന് പിന്നിലും മുരളീധര വിഭാഗമാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. ഇന്നലെ അനിശ്ചിതകാല നിരാഹാരം അവസാനിക്കുമ്പോള്‍ പി കെ കൃഷ്ണദാസാണ് സമരത്തിന് നേതൃത്വം നല്‍കിയിരുന്നത്. അതിനാല്‍ തന്നെ സമരത്തിന്റെ മുഴുവന്‍ അവിടേക്ക് പോകുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. അതും മുരളീധരനെയും സുരേന്ദ്രനെയും സമരത്തിന്റെ സമാപനത്തില്‍ നിന്നും അകറ്റി നിര്‍ത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും ശബരിമല സമരത്തോടെ കൂടുതല്‍ ശക്തിപ്രാപിക്കാമെന്ന ബിജെപിയുടെ കണക്കു കൂട്ടലുകള്‍ അപ്പാടെ തകരുകയാണ് ചെയ്തിരിക്കുന്നത്. ശക്തിപ്രാപിക്കുന്നത് പോയിട്ട് ഉണ്ടായിരുന്ന കെട്ടുറപ്പ് കൂടി നഷ്ടമായ അവസ്ഥയിലാണ് അവര്‍ ഇപ്പോള്‍.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍