UPDATES

വിപണി/സാമ്പത്തികം

നോട്ട് നിരോധനത്തിന് ശേഷം അനുകൂല കണക്കുകള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചെന്നു സുബ്രഹ്മണ്യന്‍ സ്വാമി

നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ബിജെപി നേതാവും രാജ്യസഭ അംഗവുമായ സുബ്രഹ്മണ്യം സ്വാമി

അനുകൂലമായ സാമ്പത്തിക കണക്കുകള്‍ സൃഷ്ടിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ബിജെപി നേതാവും രാജ്യസഭ അംഗവുമായ സുബ്രഹ്മണ്യം സ്വാമി. മൂഡീസിനെ പോലുള്ള ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ കണക്കുകള്‍ വിശ്വസിക്കരുതെന്നും കാശുകൊടുക്കുന്നവര്‍ക്ക് അനുകൂലമായി കണക്കുകള്‍ വളച്ചൊടിക്കുന്നവരാണ് അത്തരം കമ്പനികളെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും ഇന്ത്യയുടെ സാമ്പത്തികരംഗത്തെ ബാധിച്ചിട്ടില്ലെന്ന് സിഎസ്ഒ കണക്കുകളും മൂഡീസിന്റെ റേറ്റിംഗും ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അവകാശവാദം ഉന്നയിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കും സര്‍ക്കാരിനും കനത്ത തിരിച്ചടി നല്‍കുന്നതാണ് ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍. നോട്ട് നിരോധനം സാമ്പത്തികരംഗത്തെയും മൊത്തം ആഭ്യന്തര ഉല്‍പാദനത്തെയും ബാധിച്ചിട്ടില്ല എന്ന് വരുത്തിത്തീര്‍ക്കാനാണ് വളച്ചൊടിച്ച കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയതെന്നും സ്വാമി വെളിപ്പെടുത്തി.

ഞായറാഴ്ച അഹമ്മദാബാദില്‍ നടന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ഒരു യോഗത്തില്‍ വച്ചാണ് സ്വാമി അഭിപ്രായപ്രകടനം നടത്തിയത്. ജിഡിപിയുടെ പ്രതിപാദ കണക്കുകള്‍ തട്ടിപ്പാണെന്നും തന്റെ പിതാവാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ചതെന്നതിനാല്‍ തന്നെ ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും സ്വാമി പറഞ്ഞു. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയോടൊപ്പം താന്‍ സിഎസ്ഒ സന്ദര്‍ശിച്ചിരുന്നതായും അദ്ദേഹം നോട്ട് നിരോധനം സംബന്ധിച്ച് അനുകൂലമായ കണക്കുകള്‍ പുറത്തുവിടാന്‍ അവിടുത്തെ ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചുവെന്നും സ്വാമി വെളിപ്പെടുത്തി. അങ്ങനെ അവര്‍ നോട്ട് നിരോധനം ജിഡിപിയില്‍ ഒരു ആഘാതവും ഏല്‍പ്പിച്ചിട്ടില്ല എന്ന് വരുത്തിത്തീര്‍ക്കുന്ന കണക്കുള്‍ പുറത്തിറക്കിയെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ നോട്ടു നിരോധനം ജിഡിപിയില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുണ്ടെന്ന് തനിക്ക് ഉറപ്പുണ്ട്. 2016 നവംബറില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം 2017 ഫെബ്രുവരി ഒന്നിന് എങ്ങനെയാണ് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കഴിയുന്നതെന്ന് താന്‍ സിഎസ്ഒ ഡയറക്ടറോട് ആരാഞ്ഞു. ഫെബ്രുവരി ഒന്നിന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെങ്കില്‍ സാധാരണ നല്‍കുന്നതിന് മൂന്നാഴ്ച മുമ്പെങ്കിലും അത് അച്ചടിക്ക് നല്‍കണം. അപ്പോള്‍ നോട്ട് നിരോധനം ഒരു ആഘാതവും ഏല്‍പ്പിച്ചിട്ടില്ലെന്ന് 2017 ജനുവരിയില്‍ എങ്ങനെ പറയാന്‍ സാധിക്കുമെന്നും സ്വാമി ആരാഞ്ഞു.

തൊട്ടു മുന്‍ വര്‍ഷത്തെ അസംഘടിത മേഖലയിലെ ഉല്‍പാദനത്തിന്റെ സംഘടിത മേഖലയുടെ ഉല്‍പാദനത്തിന്റെയും അനുപാതം കണക്കിലെടുത്ത ശേഷം അത് ജനുവരിയിലെ സംഘടിത മേഖലയുടെ ഉല്‍പാദനമായി കണക്കാക്കുകയായിരുന്നു എന്നായിരുന്ന ഡയറക്ടറുടെ മറുപടി. എന്നാല്‍ ഈ പരസ്പരബന്ധം മാറിയതായി താന്‍ ചൂണ്ടിക്കാട്ടിയെന്ന് സ്വാമി പറയുന്നു. എന്നാല്‍ താന്‍ സമ്മര്‍ദത്തിലായിരുന്നുവെന്നും അതിനാല്‍ ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറേണ്ടി വന്നു എന്നുമായിരുന്ന ഡയറക്ടറുടെ മറുപടിയെന്നും സ്വാമി പറയുന്നു.

2017ലെ സെപ്തംബര്‍ പാദത്തില്‍ ജിഡിപിയില്‍ 6.3 ശതമാനം വളര്‍ച്ച നിരക്ക് കാണിക്കുന്നതിനാല്‍ നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തികരംഗത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അവകാശവാദം നിലനില്‍ക്കെയാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍. മൂഡീസിന്റെ കാര്യത്തിലെ സ്വാമിയുടെ വെളിപ്പെടുത്തലും മോദി സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ്. കാരണം ഒരു മാസം മുമ്പ് ഇന്ത്യയുടെ ആഗോള റേറ്റിംഗ് അവര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മറ്റൊരു ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്, ഇന്ത്യയുടെ ജിഡിപി വളര്‍ച്ച പ്രവചനം സെപ്തംബറിലെ 6.9 ശതമാനത്തില്‍ നിന്നും ഡിസംബറില്‍ 6.7 ശതമാനമായി വെട്ടിക്കുറച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍