സൊമാറ്റൊ സംഭവത്തിന് പിന്നാലെ സ്ഥാപിച്ച ബോർഡ് ഇതിനോടകം തന്നെ പുതുകോട്ടയിലെ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.
അഹിന്ദു കൊണ്ടുവരുന്ന ഭക്ഷണം വേണ്ട എന്ന മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ അമിത് ശുക്ലക്ക് ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതമെന്ന് സൊമാറ്റോ മറുപടി നൽകിയതിന് പിന്നാലെ ഭക്ഷണ രംഗത്തെ വർഗ്ഗീയതയ്ക്കെതിരെ പ്രതികരിച്ച് തമിഴ്നാട്ടിലെ ഹോട്ടലുടമ.
പുതുക്കോട്ടയിലെ അയ്യങ്കാരൻ കോഫി ഷോപ്പ് ഉടമ അരുണ്‍ മൊഴിയാണ് ഭക്ഷണ രംഗത്തെ ജാതി മത വിവേചനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. തന്റെ റസ്റ്റോറന്റിൽ സ്ഥാപിച്ച ബോർഡിലാണ് അരുണ്‍ മൊഴി ഇക്കാര്യം വ്യക്തമാക്കുന്നത്. ഭക്ഷണത്തിന് മതമില്ലെന്നായിരുന്നു സൊമാറ്റോയുടെ പ്രതികരണമെങ്കിൽ ‘മതം നോക്കുന്നവർക്ക് ഭക്ഷണം നൽകില്ല’ എന്നായിരുന്നു അയ്യങ്കാരൻ കോഫി ഷോപ്പിലെ അറിയിപ്പ്. സൊമാറ്റൊ സംഭവത്തിന് പിന്നാലെ സ്ഥാപിച്ച ബോർഡ് ഇതിനോടകം തന്നെ പുതുകോട്ടയിലെ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.
എല്ലാ കാര്യങ്ങളിലും മതം നോക്കാൻ ആരംഭിച്ചാൽ മനുഷ്യർക്ക് മുന്നോട്ടുള്ള ജീവിതം അസാധ്യമാവുമെന്ന് അരുൺ പുതിയതലമുറൈ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. മതം നോക്കിമാത്രം കാര്യങ്ങൾ മുന്നോട്ട് പോയാൽ ജന ജീവിതം ദുഃസ്സഹമാവും, മതം നോക്കിയാണെങ്കിൽ എങ്ങനെ വാഹനത്തിൽ പെട്രോൾ നിറയ്ക്കും, ദിനചര്യകൾ ഉൾപ്പെടെ എങ്ങനെ സാധ്യമാകും, പല്ലുതേക്കുന്നതു മുതൽ കുളിക്കുന്നത് വരെ മുടങ്ങാൻ ഇടയാക്കുമെന്നും അരുൺ പറയുന്നു. വർഗ്ഗീയതയ്ക്കെതിരെ ഒരു നല്ല സന്ദേശം നൽകുകയാണ് താൻ പോസ്റ്ററിലൂടെ ഉദ്ദേശിച്ചത്. ഇത് മറ്റ് ഹോട്ടലുകാരും പിന്തുടരണമെന്നും അരുൺ പറയുന്നു.
അഹിന്ദു കൊണ്ടുവരുന്ന ഭക്ഷണം നിഷേധിച്ച ഉപഭോക്താവിനെ തള്ളിപ്പറഞ്ഞ ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനം സോമാറ്റോയ്ക്ക് പിന്തുണ നൽകി ഉബർ ഈറ്റ്സ് ഇന്ത്യയും നേരത്തെ പ്രതികരിച്ചിരുന്നു. ‘സൊമാറ്റോ, ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കുന്നു’ (@ZomatoIN, we stand by you.) എന്നായിരുന്നു ഉബർ ഈറ്റ്സിന്റെ പ്രതികരണം. ‘ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതം’ എന്ന സൊമാറ്റോയുടെ പ്രതികരണം റീട്വീറ്റ് ചെയ്താണ് ഉബർ ഈറ്റ്സ് പ്രതികരിച്ചത്.