UPDATES

ട്രെന്‍ഡിങ്ങ്

മുന്നറിയിപ്പുമായി രമ്യയുടെ അമ്മ; കര്‍ണാടകയില്‍ കോണ്‍ഗ്രസിനു പുതിയ തലവേദന

നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് രഞ്ജിത പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത്‌

തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് പാര്‍ട്ടി സോഷ്യല്‍ മീഡിയ ഹെഡ് ആയ രമ്യ. ചലച്ചിത്രതാരവും മുന്‍ പാര്‍ലമെന്റ് അംഗവുമായ രമ്യ നേരിട്ടില്ല പാര്‍ട്ടിയെ വിഷമവൃത്തത്തില്‍ ആക്കിയിരിക്കുന്നത്. പകരം രമ്യയുടെ മാതാവ് രഞ്ജിതയാണ്. തനിക്ക് മാണ്ഡ്യ മണ്ഡലത്തില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കണമെന്നും മകള്‍ക്ക് പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവി നല്‍കണമെന്നുമാണ് രഞ്ജിത ആവശ്യപ്പെടുന്നത്. തനിക്ക് മത്സരിക്കാന്‍ സീറ്റ തരാത്തപക്ഷം സ്വതന്ത്രയായി മത്സരിക്കുമെന്നും രഞ്ജിത ഭീഷണി മുഴക്കുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമയുടെ താര തിളക്കത്തില്‍ നിന്നെത്തി 2013 ല്‍ മാണ്ഡ്യ ലോക്‌സഭ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് രമ്യ വിജയിച്ചിരുന്നു. എന്നാല്‍ 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ അയ്യായിരം വോട്ടുകള്‍ക്ക് ജെഡിഎസ്സിലെ സിപി പുട്ടരാജുവിനോട് രമ്യ എന്ന ദിവ്യസ്പന്ദന പരാജയപ്പെടുകയും ചെയ്തു.

എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തനിക്ക് മാണ്ഡ്യയില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് രഞ്ജിത വിശ്വാസം പ്രകടിപ്പിക്കുന്നത്. ന്യൂസ് 18 ചാനലിനോട് ടെലിഫോണില്‍ സംസാരിക്കുമ്പോള്‍ അവര്‍ പറഞ്ഞത്; ”മാണ്ഡ്യയില്‍ നിന്നും പോരാടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്തവണ ഇവിടെ എനിക്ക് ടിക്കറ്റ് തരണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിക്കുകയാണ്. അവരത് നിഷേധിക്കുകയാണെങ്കില്‍, ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നിന്നുകൊണ്ട് മാണ്ഡ്യയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഞാന്‍ തയ്യാറാകും” എന്നാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കഴിഞ്ഞ 28 വര്‍ഷമായി താന്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇതുവരെ പാര്‍ട്ടി തനിക്കായി ഒന്നും നല്‍കിയിട്ടില്ലെന്നും ഇതില്‍ താന്‍ ദുഃഖിതയാണെന്നും രമ്യയുടെ മാതാവ് പറഞ്ഞു.

രമ്യക്ക് കോണ്‍ഗ്രസിനു വേണ്ടി ഒത്തിരകാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും രഞ്ജിത ചാനലിനോട് പറയുന്നു. എ ഐ സിസിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ ചുമതലക്കാരിയാണ് രമ്യ എന്നത് ശരി തന്നെ. പക്ഷേ, മാണ്ഡ്യയിലെ ജനങ്ങള്‍ക്ക് അത് മനസിലാകില്ല. പാര്‍ട്ടി അവള്‍ക്ക് മികച്ചൊരു സ്ഥാനം നല്‍കുകയും അതുപയോഗിച്ച് മാണ്ഡ്യയിലെജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നുവെങ്കില്‍ മാത്രമാണ് ജനങ്ങള്‍ അവളെ അംഗീകരിക്കുക. അവള്‍ക്ക് തീര്‍ച്ചയായും ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച സ്ഥാനം കിട്ടേണ്ടതാണ്; രഞ്ജിത പറയുന്നു.

എന്നാല്‍ രഞ്ജിതയുടെ നിലപാടിനെ കുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ രമ്യ തയ്യാറായില്ലെന്നാണ് അവരെ ബന്ധപ്പെട്ടതിനുശേഷം ന്യൂസ് 18 പറയുന്നത്. നേരത്തെ രമ്യക്ക് തന്നെ മാണ്ഡ്യ നിയമസഭ മണ്ഡലത്തില്‍ ഒരു കണ്ണുണ്ടായിരുന്നുവെന്നും എന്നാല്‍ ഇതേ കുറിച്ച് ചോദിക്കുമ്പോഴെല്ലാം അവരത് നിഷേധിക്കുകയായിരുന്നുവെന്നും പറയുന്നു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്നു എസ് എം കൃഷ്ണയുടെ അടുത്ത അനുയായിരുന്നു രഞ്ജിത. എന്നാല്‍ കൃഷ്ണ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയപ്പോള്‍ രഞ്ജിതയും രമ്യയും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചു നിന്നു. രഞ്ജിതയുടെ ആവശ്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് സംസ്ഥാനനേതൃത്വം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍