UPDATES

അയ്‌ഷെ ഘോഷിന്റെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ ഇടതുകോട്ട തിരിച്ചുപിടിച്ച നാല് പേര്‍

തന്റെ പിതാവ് ജോലി ചെയ്യുന്ന ദാമോദര്‍ വാലി കോര്‍പ്പറേഷനിലെ സിഐടിയു പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് അയ്‌ഷെ ഘോഷ് സിപിഎമ്മില്‍ ചേര്‍ന്നത്

ഒരുകാലത്ത് ഇടതുകോട്ടയായിരുന്ന ജെഎന്‍യുവില്‍ 13 വര്‍ഷത്തിന് ശേഷം ഇടതുസഖ്യം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഡല്‍ഹി ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവുള്ളതിനാല്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെപ്തംബര്‍ 17 വരെയാണ് ഹൈക്കോടതി ഫലം തടഞ്ഞുവച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും അവസാന 150 വോട്ടുകള്‍ എണ്ണുവരെയുള്ള വോട്ടുനില ക്യാമ്പസ് വിദ്യാര്‍ത്ഥി സംഘടനകളും ക്യാമ്പസ് തെരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലുള്ള ധാരണ പ്രകാരമാണ് പുറത്തുവിട്ടത്. എസ്എഫ്‌ഐ, ഐസ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നീ ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കെട്ടായാണ് മത്സരിച്ചത്. നാല് ജനറല്‍ സീറ്റിലും ഇടതുവിദ്യാര്‍ത്ഥി സഖ്യം ആയിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്.

ജെഎന്‍യു തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തെ മുന്നില്‍ നിന്ന് നയിച്ചത് എസ്എഫ്‌ഐയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഒരു പെണ്‍കുട്ടിയാണെന്ന പ്രത്യേകതയുമുണ്ട്. ദുര്‍ഗാപുരില്‍ നിന്നുള്ള ജെഎന്‍യു എംഫില്‍ വിദ്യാര്‍ത്ഥി അയ്‌ഷെ ഘോഷ് ആണ് ഏറെ ദൂരം മുന്നില്‍ നില്‍ക്കുന്നത്. ഇതുവരെയുള്ള ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 1185 വോട്ടിന് മുന്നിലാണ് അയ്‌ഷെ. 2313 വോട്ടുകളാണ് അയ്‌ഷെ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ എബിവിപി സ്ഥാനാര്‍ത്ഥി മനീഷ് ജംഗാദിന് 1128 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. മൂന്നാം സ്ഥാനത്തുള്ള ബാപ്‌സയും എബിവിപിയും തമ്മില്‍ ആറ് വോട്ടുകള്‍ മാത്രമാണ് വ്യത്യാസം. ജിതേന്ദ്ര സുനയായിരുന്നു ബാപ്‌സ സ്ഥാനാര്‍ത്ഥി.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഡിഎസ്എഫിന്റെ സാകേത് മൂണ്‍ വന്‍ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മൂണിന് 3365 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എബിവിപി സ്ഥാനാര്‍ത്ഥി ശ്രുതി അഗ്നിഹോത്രിക്ക് കിട്ടിയത് 1335 വോട്ടുകള്‍ മാത്രം. ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് മത്സരിച്ച സിപിഎംഎല്ലിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ(ഐസ) സതീഷ് യാദവ് തെരഞ്ഞെടുക്കപ്പെട്ടു.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എഐഎസ്എഫിന്റെ മുഹമ്മദ് ഡാനിഷ് 3295 വോട്ടുകള്‍ നേടിയപ്പോള്‍ എബിവിപിയുടെ സുമന്ത ബസു ബഹുദൂരം പിന്നീലായിരുന്നു. കിട്ടിയത് 1508 വോട്ടുകള്‍ മാത്രം. ആകെ 5762 വോട്ടുകള്‍ എണ്ണേണ്ടിടത്ത് 5050 വോട്ടുകള്‍ ഇതുവരെ എണ്ണിക്കഴിഞ്ഞു. എന്നാല്‍ ഈ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ആയിരത്തിന് മുകളില്‍ ഭൂരിപക്ഷമുണ്ടെന്നതിനാല്‍ ഫലപ്രഖ്യാപനത്തില്‍ ഇനി യാതൊരു മാറ്റവുമുണ്ടാകാനിടയില്ല.

അയ്‌ഷെ ഘോഷ്, സാകേത് മൂണ്‍, സതിഷ് ചന്ദ്ര യാദവ്, മുഹമ്മദ് ഡാനിഷ് എന്നിവര്‍

43 അംഗ സ്റ്റുഡന്റ്‌സ് കൗണ്‍സിലില്‍ ഇടതുപാര്‍ട്ടികള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ആണ് തൊട്ടുപിന്നില്‍. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനുമായാണ് എന്‍ എസ് യുവിന്റെ സഖ്യം. മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ ഇരട്ടിയിലേറെ വോട്ടുകളാണ് അവര്‍ ഇക്കുറി നേടിയത്. അയ്‌ഷെ ഘോഷിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ ചുമതലയേല്‍ക്കുമ്പോള്‍ വലിയ കടമ്പകളാണ് നേരിടേണ്ടി വരുന്നത്. തീരുമാനങ്ങളെടുക്കാന്‍ ചുമതലപ്പെട്ട യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷം പലപ്പോഴും ഇടതുപാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു.

തന്റെ പിതാവ് ജോലി ചെയ്യുന്ന ദാമോദര്‍ വാലി കോര്‍പ്പറേഷനിലെ സിഐടിയു പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് അയ്‌ഷെ ഘോഷ് സിപിഎമ്മില്‍ ചേര്‍ന്നത്. ഡെല്‍ഹി സര്‍വകാലാശാലയിലെ ദൗലട്ട് റാം കോളേജിലെ ഡിഗ്രി കാലത്ത് എസ്എഫ്‌ഐ ചേര്‍ന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറത്ത് ജനങ്ങളുടെ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഇടതുപാര്‍ട്ടികളായതിനാലാണ് താന്‍ ആ രാഷ്ട്രീയത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അയ്‌ഷെ ഘോഷ് പറയുന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടതുപക്ഷ വിദ്യാര്‍ത്ഥികളെയും കര്‍ഷകരെയും തൊഴിലാളി നേതാക്കളെയും ഒരിക്കലും വിലയ്‌ക്കെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും അയ്‌ഷെ ചൂണ്ടിക്കാട്ടുന്നു.

ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുവെന്ന് എബിവിപി എല്ലായ്‌പ്പോഴും ഇടതുപാര്‍ട്ടികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ട്. 1970കള്‍ക്ക് ശേഷം ജെഎന്‍യുവിലെ നിരവധി വിദ്യാര്‍ത്ഥികള്‍ മുഖ്യധാര രാഷ്ട്രീയത്തില്‍ സജീവമായിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും ഇടതുപക്ഷ നേതാക്കളായിരുന്നു. 2006ല്‍ ധനഞ്ജയ് തൃപാഠിയാണ് ജെഎന്‍യുവില്‍ പ്രസിഡന്റ് പദവിയിലെത്തിയ ഒടുവിലത്തെ എസ്എഫ്‌ഐ നേതാവ്. അന്ന് സിപിഎം ഭരിച്ചിരുന്ന ബംഗാളിലെ നന്ദിഗ്രാമിലുണ്ടായ പോലീസ് വെടിവയ്പ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇടതുപാര്‍ട്ടികള്‍ ജെഎന്‍യുവിന്റെ മുഖ്യധാരയില്‍ നിന്നും പുറത്തായി. ആ വര്‍ഷം ഐസ സ്ഥാനാര്‍ത്ഥി സന്ദീപ് സിംഗ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

2012ല്‍ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ക്യാമ്പസിലെ എസ്എഫ്‌ഐ വിഭജിക്കപ്പെടുകയും അതിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഡിഎസ്എഫ് രൂപീകരിക്കുകയും ചെയ്തു. പരസ്പര ശത്രുക്കളായിരുന്ന എസ്എഫ്‌ഐയും ഐസയും 2016ല്‍ സഖ്യമുണ്ടാക്കുകയും ഡിഎസ്എഫും എഐഎസ്എഫും ഇടതുപക്ഷ നിലപാടുകള്‍ക്കൊപ്പം പങ്കുചേരുകയും ചെയ്തു. ക്യാമ്പസിലെ ഏറ്റവും ജനപ്രീയ ഇടതുപക്ഷ മുഖമായ അയ്‌ഷെ ഘോഷിന് വേണ്ടി പ്രസിഡന്റ് സീറ്റ് വിട്ടുകൊടുക്കാന്‍ മറ്റ് മൂന്ന് പാര്‍ട്ടികളും ഐസയെ ഇത്തവണ നിര്‍ബന്ധിക്കുകയായിരുന്നു. രണ്ട് വട്ടം കൗണ്‍സിലറുമായിരുന്നു അയ്‌ഷെ.

also read:മൂന്നാറില്‍ ഓടുന്ന വണ്ടിയില്‍ നിന്നും ഒന്നര വയസ്സുള്ള കുട്ടി വനത്തിലേക്ക് തെറിച്ചുവീണു; മാതാപിതാക്കള്‍ അറിഞ്ഞത് 50 കിലോമീറ്റര്‍ പിന്നിട്ട ശേഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍