UPDATES

ട്രെന്‍ഡിങ്ങ്

നിര്‍മ്മലാ സീതാരാമന്‍, കാരാട്ട്, ഉമ്മന്‍ ചാണ്ടി…; വെറും തള്ളോ? അതോ കേരളത്തില്‍ പൊടിപാറുമോ?

മുന്‍തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ശക്തമായ ത്രികോണമത്സരമാണ് ഇക്കുറി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലുമുണ്ടാകുക എന്ന സാഹചര്യമാണുള്ളത്

ഈവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് കേരളത്തില്‍ പ്രസ്റ്റീജ് വിഷയമാക്കിയെടുത്തിരിക്കുകയാണ് മൂന്ന് പ്രമുഖ പാര്‍ട്ടികളും. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ തന്നെ ഇക്കാര്യം വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിന് ഇത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേറ്റ പരാജയത്തിന് മറുപടി പറയലാണ്. സിപിഎമ്മിനാകട്ടെ ജനകീയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് തെളിയിക്കേണ്ട ആവശ്യകതയുമുണ്ട്. അതേസമയം ബിജെപിക്ക് ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള അക്കൗണ്ട് തുറക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി പ്രമുഖരെ തന്നെയാണ് മൂന്ന് പാര്‍ട്ടികളും കളത്തിലിറക്കാനൊരുങ്ങുന്നത്. മുന്‍തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ശക്തമായ ത്രികോണമത്സരമാണ് ഇക്കുറി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലുമുണ്ടാകുക എന്ന സാഹചര്യമാണുള്ളത്.

സോളാര്‍ കേസും ബാര്‍ കോഴക്കേസും ചര്‍ച്ചയായ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. 2016 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ശക്തമായ ഒരു പ്രതിപക്ഷ സ്വരം പോലും ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് അടുത്തകാലം വരെയും സാധിച്ചിരുന്നില്ല. വെള്ളപ്പൊക്കത്തിന് ശേഷം ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ടും കേരള പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടും വിവാദങ്ങളുയര്‍ത്തിയെങ്കിലും അതൊന്നും ജനകീയ പ്രക്ഷോഭത്തിന്റെ തലത്തിലേക്ക് എത്തിക്കാന്‍ ഒരിക്കലും കോണ്‍ഗ്രസിന് സാധിച്ചതുമില്ല. മുമ്പ് ആരോഗ്യമന്ത്രി കെ കെ ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. പിന്നീട് അത് റിലേ നിരാഹാരമെന്ന് പരിഹസിക്കപ്പെട്ടു. അതായത് ഒരാള്‍ അവശനാകുമ്പോള്‍ മറ്റൊരാള്‍ നിരാഹാരം കിടക്കേണ്ട അവസ്ഥ. മുഖ്യമന്ത്രിയും സര്‍ക്കാരും ഈ സമരത്തോട് മുഖം തിരിച്ചു നിന്നത് തന്നെയാണ് ഇത് പരാജയപ്പെടാന്‍ കാരണമായത്. ശബരിമല വിഷയം വന്നപ്പോഴും സമാനമായ സമരം നടത്തിയെങ്കിലും അതും നിഷ്‌കരുണം പരാജയപ്പെട്ടു. അതേസമയം ശബരിമലയില്‍ സ്‌കോര്‍ ചെയ്യാന്‍ ബിജെപിക്ക് സാധിച്ചുവെന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വെല്ലുവിളിയാകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 12 സീറ്റുകള്‍ ഇക്കുറി 16ലെങ്കിലും എത്തിച്ചില്ലെങ്കില്‍ അത് സിപിഎമ്മിന്റെ വിജയമാകും. അതോടൊപ്പം ശബരിമല വിഷയത്തില്‍ കേരളത്തില്‍ രൂപപ്പെട്ട സവിശേഷ സാഹചര്യം ബിജെപിക്ക് അനുകൂലമാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ കരുത്തരെ തന്നെ കളത്തിലിറക്കി ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുക മാത്രമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. ഉമ്മന്‍ ചാണ്ടിയും വി എം സുധീരനുമാണ് അതിന് കോണ്‍ഗ്രസിന്റെ മുന്നിലുള്ള രണ്ട് മുഖങ്ങള്‍. കേരളത്തില്‍ ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും ജയിക്കുമെന്ന് ഉറപ്പുള്ള നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഉമ്മന്‍ ചാണ്ടി നയിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നതും മറ്റൊന്നുകൊണ്ടുമല്ല. അതേസമയം, ഉമ്മന്‍ ചാണ്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ഒഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഇത്തരമൊരു നീക്കം നടത്തുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകളോട് അദ്ദേഹം കാണിക്കുന്ന നിഷേധ നിലപാട് ഇതുകൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ഉമ്മന്‍ ചാണ്ടിക്ക് വഴങ്ങാതിരിക്കാനാകില്ല. ജയസാധ്യത മാത്രമാകണം യോഗ്യതയെന്നാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഎം സുധീരന്റെ പേരാണ് കോണ്‍ഗ്രസ് നേതൃനിരയില്‍ ഉയര്‍ന്നിരിക്കുന്ന മറ്റൊരു പേര്. കഴിഞ്ഞ തവണ നഷ്ടമായ തൃശൂര്‍ സീറ്റ് തിരിച്ചുപിടിക്കാനാണ് സുധീരനെ കളത്തിലിറക്കുന്നത്. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സുധീരനും പറയുന്നുണ്ടെങ്കിലും ഹൈക്കമാന്‍ഡിനെ സംബന്ധിച്ച് ഇവിടെയും ജയസാധ്യത മാത്രമാണ് പ്രശ്‌നം. അതേസമയം വേണു രാജമണിയെ പാലക്കാട് മത്സരിപ്പിച്ച് മണ്ഡലം തിരിച്ച് പിടിക്കാനുള്ള ശ്രമവും കോണ്‍ഗ്രസിനുണ്ട്.

ശബരിമല വാട്ടര്‍ലൂം ആകുമോയെന്ന ആശങ്ക നിലനില്‍ക്കുന്ന സിപിഎം കേന്ദ്രനേതാക്കളെ കളത്തിലിറക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തയ്യാറെടുക്കുന്നത്. ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും നടത്തിയ സമരങ്ങളെ പരാജയപ്പെടുത്താന്‍ സാധിച്ചെങ്കിലും വിശ്വാസത്തിന്റെ പേരില്‍ ബിജെപി നടത്തുന്ന പ്രചരണങ്ങള്‍ വിശ്വാസികളായ അണികളെ എത്രമാത്രം സ്വാധീനിച്ചുവെന്നറിയാന്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട്. കൂടാതെ ബംഗാളിലും ത്രിപുരയിലും കാര്യമായ പ്രതീക്ഷയില്ലാത്തതിനാലാണ് സിപിഎം ദേശീയ നേതാക്കളെ ഏറെ പ്രതീക്ഷയുള്ള കേരളത്തിലിറക്കുന്നത്. കേന്ദ്രത്തില്‍ ഇടതുപിന്തുണയുള്ള ബിജെപിയിതര സര്‍ക്കാര്‍ വന്നാല്‍ വിലപേശല്‍ ശക്തിയായി നില്‍ക്കാനുള്ള നേതൃത്വത്തെ പാര്‍ലമെന്റിലേക്കയക്കുകയെന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കരാട്ടിനും ബൃന്ദാ കരാട്ടിനുമാണ് ഇതില്‍ പ്രധാന പരിഗണന. കേന്ദ്രകമ്മിറ്റി അംഗമായ വിജു കൃഷ്ണന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലേതെങ്കിലുമാണ് ദേശീയ നേതാക്കള്‍ക്കായി നല്‍കുകയെന്നതാണ് അറിയുന്നത്. കരാട്ടാണെങ്കില്‍ കണ്ണൂര്‍ നല്‍കിയേക്കും. പ്രകാശ് കരാട്ടിനെയോ ബൃന്ദാ കരാട്ടിനെയോ പാലക്കാട് മത്സരിപ്പിക്കാനും ആലോചനയുണ്ട്. കരാട്ടിന്റെ ജന്മനാടാണ് പാലക്കാട്. രണ്ട് ടേം പൂര്‍ത്തിയാക്കിയ എംബി രാജേഷിനുള്ള സാധ്യതകള്‍ കുറഞ്ഞിരിക്കുകയാണ്. കൂടാതെ പികെ ശശിക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ പിന്തുണച്ചതിനെ തുടര്‍ന്നുണ്ടായ വിഭാഗീയത തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന സംശയവും നേതൃത്വത്തിനുണ്ട്. കര്‍ഷകരുടെ ലോംഗ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ നേതാവാണ് വിജു കൃഷ്ണന്‍. അദ്ദേഹത്തെ കൊല്ലത്ത് മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

ബിജെപിയുടെ നീക്കങ്ങള്‍ കുറച്ചുകൂടി ശക്തമാണ്. ശബരിമലയിലെ അനുകൂല സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് കുറഞ്ഞത് കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളെങ്കിലും പിടിക്കാമെന്നാണ് അവരുടെ പ്രതീക്ഷ, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് മണ്ഡലങ്ങളിലാണ് ഈ പ്രതീക്ഷയുള്ളത്. ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ തിരുവനന്തപുരവും കാസര്‍ഗോഡുമെങ്കിലും ഉറപ്പാക്കാമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിനെതിരെ ഒരു ഹൈ പ്രൊഫൈല്‍ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് അവര്‍ ഉദ്ദേശിക്കുന്നത്. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ കേരളത്തിലെത്തിക്കാനാണ് ആ നീക്കം. മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ മടക്കിക്കൊണ്ടുവന്ന് തിരുവനന്തപുരത്ത് മത്സരിപ്പിക്കാനും നീക്കമുണ്ടെന്നാണ് അറിയുന്നത്. ഗവര്‍ണര്‍ പദവിയിലുള്ള ഒരാളെ രാജിവയ്പ്പിച്ച് മത്സരിപ്പിക്കുന്നത് പുതുമയല്ല. എന്നാല്‍ സുരക്ഷിതമായ മണ്ഡലം കണ്ടെത്തുക, ദേശീയ ഘടകത്തിന്റെ അനുമതി നേടുക എന്നീ കടമ്പകളുണ്ട്. കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരും അന്യരല്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ശ്രീധരന്‍ പിള്ള, സുരേഷ് ഗോപി എന്നിവരെയും തിരുവനന്തപുരത്ത് പ്രതീക്ഷിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ ജനറല്‍ സെക്രട്ടറി എംടി രമേശ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഇതില്‍ ആര് ആരെ ജയിക്കുമെന്ന് അറിയാന്‍ മൂന്ന് നാല് മാസം കൂടി കാത്തിരുന്നാല്‍ മതി. സിപിഎം മുന്നോട്ട് വയ്ക്കുന്ന നവോത്ഥാന മൂല്യങ്ങളും ഭരണഘടനാ സംരക്ഷണവുമോ കോണ്‍ഗ്രസിന്റെ ജനാധിപത്യ മൂല്യങ്ങളോ? ഇതൊന്നുമല്ലെങ്കില്‍ വര്‍ഗ്ഗീയതയും വിശ്വാസവും പറഞ്ഞ് വോട്ട് തേടുകയും നേടുകയും ചെയ്യുന്ന ബിജെപിയോ? കാത്തിരുന്ന് കാണാം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍