UPDATES

ട്രെന്‍ഡിങ്ങ്

ഒരു വർഷത്തെ ഇടവേള, ആർപ്പോ വിളിയും വഞ്ചിപ്പാട്ടുമായി നെഹ്രു ട്രോഫി വള്ളം കളിക്ക് തുടക്കം, ആവേശമായി സച്ചിൻ

നെഹ്രു ട്രോഫിക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളും നടക്കും. ഒമ്പത് ക്ലബുകളാണ് സി.ബി.എല്ലിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ മഹാപ്രളയം മുടക്കുകയും ഇത്തവണ മാറ്റിവയ്ക്കുകയും ചെയ്ത അറുപത്തിയേഴാമത് നെഹ്രു ട്രോഫി വള്ളം കളിക്ക് പുന്നമടക്കായലിനെ പുളകം കൊള്ളിച്ചുകൊണ് തുടക്കമായി. നെഹ്രു ട്രോഫിക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടിയാണ് ഇത്തവൻയോടെ തുടക്കമാവുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടക്കുന്ന വള്ളം കളിയ്ക്ക് ആവേശം പകർന്ന് മൽസരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ജലോത്സവത്തിൽ മുഖ്യ അതിഥിയായെത്തിയട്ടുണ്ട്.

കായലോളങ്ങളിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ് , ആർപ്പോ വിളിയും, വഞ്ചിപ്പാട്ടുമായി വിവിധ വിഭാഗങ്ങളിലായി 24 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 79 വള്ളങ്ങൾ ഇത്തവണ മത്സരത്തിനിറങ്ങിന്നു. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെയാണ് ജലോത്സവത്തിന് തുടക്കമായത്. ഉച്ചയ്ക്ക് ശേഷമാണ് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ്. ഇതിൽ മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങൾ ഫൈനലിൽ നെഹ്രു ട്രോഫിക്കായി തുഴയെറിയും. നെഹ്രു ട്രോഫിക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളും നടക്കും. ഒമ്പത് ക്ലബുകളാണ് സി.ബി.എല്ലിൽ പങ്കെടുക്കുന്നത്.

ചരിത്രത്തിൽ ഏറ്റവുമധികം വള്ളങ്ങൾ പങ്കെടുക്കുന്ന വർഷം എന്ന പ്രത്യേകതയും ഇത്തവണയുണ്ട്– 79 എണ്ണം. ചുണ്ടൻ വള്ളങ്ങൾ- 24 (നാലെണ്ണം പ്രദർശന മത്സരം) ചുരുളൻ– 4, ഇരുട്ടുകുത്തി– 29 (എ ഗ്രേഡ്– 4, ബി ഗ്രേഡ്– 15, സി ഗ്രേഡ് 10), വെപ്പ്– 16 (എ ഗ്രേഡ്– 10, ബി ഗ്രേഡ് – 6), തെക്കനോടി– 6 (തറ– 3, കെട്ട്– 3). നേരത്തെ 81 വള്ളങ്ങൾ റജിസ്റ്റർ ചെയ്തെങ്കിലും പ്രളയത്തെ തുടർന്ന് മൽസരം മാറ്റിവച്ചപ്പോൾ 9 എണ്ണം പിന്മാറുകയായിരുന്നു.

1954 ൽ പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി ജലമേള എന്ന പേരിലായിരുന്നു പുന്നമടക്കായലിൽ കെട്ടും മട്ടുമായി വള്ളം കളി അരങ്ങേറുന്നത്. അറുപത്തിയേഴു വർഷം മുൻപ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു കേരള സന്ദർശനത്തിനെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുന്നതിനായിട്ടാണ് 9 ചുണ്ടൻ വള്ളങ്ങളെ ഒരുക്കി നിര്‍ത്തിയത്. കോട്ടയത്ത് എത്തിയ അദ്ദേഹം ജലമാർഗം ആലപ്പുഴയ്ക്കു പോകാന്‍ തീരുമാനിച്ചപ്പോൾ സ്വീകരിക്കാനായിരുന്നു ചുണ്ടൻ വള്ളങ്ങള്‍ അണിനിരത്തിയത്. ഇവ പൊരുതിമുന്നേറുന്ന കാഴ്ച അദ്ദേഹത്തെ ആനന്ദിപ്പിച്ചു. ഒന്നാമത് തുഴഞ്ഞെത്തിയ നടുഭാഗം ചുണ്ടനിലേക്ക് ആവേശം കൊണ്ട് അദ്ദേഹം ചാടിക്കയറുകയും ചെയ്തെന്നാണ് ചരിത്രം.

ഇതിന് പിന്നാലെ വള്ളം കളി മത്സരമായി നടത്തണമെന്നും ട്രോഫി ഞാൻ നൽകാമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. ഇതിനായി നെഹ്റു ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ വെള്ളിയിൽ തീർത്ത കപ്പിൽ സ്വന്തം കയ്യൊപ്പും ചാർത്തി കേരളത്തിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. അങ്ങനെ പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി ജലമേളയ്ക്ക് തുടക്കമായി. നെഹ്രുവിന്റെ മരണ ശേഷം പിന്നീട് നെഹ്റു ട്രോഫിയുമായി മാറുകയായിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍