UPDATES

കെട്ടിപ്പിടിച്ചതിന് വിദ്യാര്‍ത്ഥികളെ പുറത്താക്കി: സെന്റ് തോമസ്‌ സ്‌കൂളിന്റെ നടപടിക്കെതിരെ പൂര്‍വ വിദ്യാര്‍ത്ഥികള്‍

ജുലൈയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ അഞ്ചു മാസമായി കുട്ടികളുടെ പഠനം മുടങ്ങിയത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്

സ്‌കൂളില്‍ പരസ്പരം കെട്ടിപ്പിടിച്ചതിന് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സ്‌കൂള്‍ നടപടിക്കെതിരെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. പുറത്താക്കല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള പൂര്‍വ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരോട് ഓണ്‍ലൈന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

സെന്റ് തോമസ് സ്‌കൂളിനുള്ള തുറന്ന കത്ത് എന്ന പരാതിയില്‍ ഇതുവരെ 2430 പൂര്‍വ വിദ്യാര്‍ത്ഥികളാണ് ഒപ്പിട്ടിരിക്കുന്നത്. പുറത്താക്കിയ സ്‌കൂള്‍ അധികൃതരുടെ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. ജുലൈയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ അഞ്ചു മാസമായി കുട്ടികളുടെ പഠനം മുടങ്ങിയത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്‌കൂളിലാണ് സംഭവം. പാശ്ചാത്യ സംഗീത മത്സരത്തില്‍ വിജയിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി പരസ്യമായി ആലിംഗനം ചെയ്തതാണ് സ്‌കൂള്‍ അധികൃതരെ പ്രകോപിപ്പിച്ചത്. വേറൊമൊരു സൗഹൃദ പ്രകടനമാണെന്ന വിദ്യാര്‍ത്ഥികളുടെ വാദം അംഗീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

കുട്ടികളെ തിരികെ പ്രവേശിപ്പിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ വിധിയെ സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. എന്നാല്‍ കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് സ്‌കൂളിന് അനുകൂലമായി നിലപാടെടുത്തു. ഇതിന് ശേഷം തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സ്‌കൂള്‍ അധികൃതര്‍ ഹാക്ക് ചെയ്തുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇതില്‍ നിന്നും ബര്‍ത്ത്‌ഡേ പാര്‍ട്ടിയിലെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു. മറ്റ് സ്‌കൂളുകളില്‍ പ്രവേശനം നേടുന്നത് തടയാനാണ് ഈ നടപടിയെന്നാണ് ആണ്‍കുട്ടിയുടെ ആരോപണം. സ്‌കൂള്‍ അധികൃതര്‍ ഈ ചിത്രങ്ങള്‍ ബാലാവകാശ കമ്മിഷനിലും കോടതിയിലും ഹാജരാക്കിയതായും മാതാപിതാക്കള്‍ ആരോപിക്കുന്നു.

ആണ്‍കുട്ടി തന്നെ മനപൂര്‍വം കെട്ടിപ്പിടിച്ചതാണെന്ന് എഴുതി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടുവെന്ന് പെണ്‍കുട്ടിയും ആരോപിക്കുന്നുണ്ട്. ഇതിന് താന്‍ തയ്യാറായില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. അതേസമയം ഈ ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിക്കുകയാണ്. പെണ്‍കുട്ടിയെ പുറത്താക്കിയിട്ടില്ലെന്നാണ് സ്‌കൂള്‍ നടത്തുന്ന മാര്‍ത്തോമ്മ ചര്‍ച്ച് എഡ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറി പ്രൊഫ. രാജന്‍ വര്‍ഗ്ഗീസ് പറയുന്നത്. ‘കുട്ടി സ്‌കൂളില്‍ ടിസി നല്‍കുകയോ ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ല, അതിനാല്‍ സ്വാഭാവികമായി സ്‌കൂള്‍ വിട്ടുപോയതാണെന്നാണ് ഞങ്ങള്‍ കരുതുന്നത്’. അദ്ദേഹം പറയുന്നു. കൂടാതെ കേസിന് ശേഷമാണ് കുട്ടികള്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ആരംഭിച്ചതെന്നും രാജന്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടു കുട്ടികള്‍ കെട്ടിപ്പിടിച്ചാല്‍ ‘സദാചാരം’ നശിക്കുമോ? സസ്‌പെന്‍ഷനാണ് മറുപടിയെന്ന് സ്കൂള്‍ അധികൃതര്‍; ഇപ്പോള്‍ കോടതിയും

കൗമാരക്കാരായ കുട്ടികളുടെ തീര്‍ത്തും നിരുപദ്രവകരമായ പെരുമാറ്റത്തോടുള്ള സ്‌കൂള്‍ അധികൃതരുടെ പെരുമാറ്റം ഞെട്ടിക്കുന്നതാണെന്ന് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പരാതിയില്‍ പറയുന്നു. കുട്ടികളുടെ പ്രവര്‍ത്തി സ്‌കൂള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന നിലപാട് കാലഹരണപ്പെട്ടതാണെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള ശശി തരൂര്‍ എംപിയുടെ ട്വീറ്റും ചര്‍ച്ചയായിട്ടുണ്ട്. 2017ലും ഇങ്ങനെയൊക്കെ സംഭവിക്കുന്നല്ലോയെന്നാണ് അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചത്.

ചേഞ്ച് ഡോട്ട് ഓര്‍ഗ് വഴിയാണ് കാമ്പെയ്‌നിംഗ് നടക്കുന്നത്. അതിന്റെ ലിങ്ക് താഴെ

https://www.change.org/p/open-letter-to-the-management-of-st-thomas-schools-in-thiruvananthapuram

പുണ്യാളന്‍ തോമാച്ചന്‍ സ്‌കൂള്‍ ഞെട്ടിയ സദാചാര ഞെട്ടലല്ല കോടതിയുടെ അശ്ലീലമാണ് ലജ്ജാകരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍