UPDATES

ട്രെന്‍ഡിങ്ങ്

‘എന്നാല്‍ കൊന്നോളൂ’ എന്നു പറഞ്ഞപ്പോഴും അഖിലിന്റെ കൈകള്‍ കഴുത്തില്‍ അമരില്ല എന്ന് തന്നെ രാഖി വിശ്വസിച്ചു, പക്ഷേ സഹോദരങ്ങള്‍ എല്ലാം ആസൂത്രണം ചെയ്തിരുന്നു

ജൂണ്‍ 21ന് ജോലി സ്ഥലത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെക്കുറിച്ച് പീന്നീട് അറിയുന്നത് ഒരുമാസത്തിന് ശേഷം (ജൂലൈ 23) കൊല്ലപ്പെട്ടുവെന്നാണ്.

അമ്പൂരി കൊലപാതകത്തില്‍ മുഖ്യപ്രതി ഒന്നാം പ്രതിയായ അഖില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വെളിവാകുന്നത് പ്രതിയോട് കൊല്ലപ്പെട്ട രാഖിക്ക് ഉണ്ടായിരുന്ന വിശ്വാസമാണ്. തര്‍ക്കത്തിനിടെ രാഖിയോട് അഖില്‍ പറഞ്ഞിരുന്നു ‘കൊല്ലുമെന്ന്’, എന്നാല്‍ അഖില്‍ അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിച്ചാകും ‘കൊന്നോളൂ’ എന്ന് രാഖി മറുപടി പറഞ്ഞത്. പക്ഷേ അഖില്‍ ആസൂത്രിതമായി രാഖിയെ കൊലപ്പെടുത്തി. അഞ്ചു വര്‍ഷം മുമ്പ് തെറ്റി വന്ന ഒരു ഫോണ്‍ കോളിലൂടെയായിരുന്നു ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

പൂവാര്‍ പുത്തന്‍ കടയില്‍ ചായക്കട നടത്തിയിരുന്ന രാജന്‍ എന്ന മോഹനന്റെ രണ്ടാമത്തെ മകളായ രാഖിയും (30) അമ്പൂരിയില്‍ അമ്പൂരി തട്ടാന്‍മുക്ക് അശ്വതി ഭവനില്‍ രാജപ്പന്‍ നായരുടെ രണ്ടാമത്തെ മകനും സൈനികനുമായ അഖിലും (25) കഴിഞ്ഞ ഫെബ്രുവരി 15ന് വിവാഹിതരായിരുന്നു. ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കറുത്ത ചരടില്‍ താലി കെട്ടി രാഖിയും അഖിലും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞു വരികയായിരുന്നു.

എന്നാല്‍ അഖില്‍ വേറെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസ്സിലാക്കിയപ്പോള്‍ രാഖി അത് തടയാന്‍ ശ്രമിക്കുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു. വിവാഹം നിശ്ചയിച്ചത് അറിഞ്ഞ് അഖിലിന്റെ പ്രതിശ്രുത വധുവിനോട് വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് രാഖി നേരിട്ട് കണ്ട് പറഞ്ഞിരുന്നു. ജൂണ്‍ 21ന് ജോലി സ്ഥലത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെക്കുറിച്ച് പീന്നീട് അറിയുന്നത് ഒരുമാസത്തിന് ശേഷം (ജൂലൈ 23) കൊല്ലപ്പെട്ടുവെന്നാണ്.

അഖിലിന്റെ മൊഴി അനുസരിച്ച്, 21-ാം തീയതി രാഖിയെ നെയ്യാറ്റിന്‍കരയില്‍ സുഹൃത്തിന്റെ കാറില്‍ കയറ്റി കൊണ്ടുവരുമ്പോള്‍ അമ്പൂരിയില്‍ കാത്തുനിന്നിരുന്ന സഹോദരന്‍ രാഹുല്‍ (രണ്ടാം പ്രതി) പിന്‍സീറ്റില്‍ കയറി. രാഹുലിനൊപ്പം കാത്തുനിന്നിരുന്ന സുഹൃത്ത് ആദര്‍ശ് (മൂന്നാം പ്രതി) ഇരു ചക്രവാഹനത്തില്‍ മടങ്ങി. രാഖി അനുനയത്തിനു തയാറാകാത്തിനെ തുടര്‍ന്ന് കാറില്‍ വച്ച് തര്‍ക്കമുണ്ടായി. കുംമ്പിച്ചല്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി അഖില്‍ പിന്‍സീറ്റില്‍ കയറി. പിന്നീട് രാഹുലാണ് കാര്‍ ഓടിച്ചത്.

മുന്‍ സീറ്റിലിരുന്ന രാഖിയെ പിന്നില്‍ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോള്‍ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയെന്നുമാണ് അഖില്‍ പോലീസിനോടു പറഞ്ഞത്. തര്‍ക്കത്തിനിടെ ‘കൊന്നോട്ടെ’ എന്ന ചോദ്യത്തിന് ‘കൊന്നോളാന്‍’ രാഖി മറുപടി നല്‍കിയെന്നും അഖില്‍ പോലീസിനോടു പറഞ്ഞു. കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞിരുന്നുവെന്നും അതു വ്യക്തമായില്ലെന്നും അഖില്‍ മൊഴിയില്‍ പറയുന്നു. രാഖി പിന്മാറാം എന്നാണ് പറയാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലോ എന്ന പോലീസിന്റെ ചോദ്യത്തിന്, ‘കൈവച്ചു പോയില്ലേ തീര്‍ക്കാമെന്ന് കരുതി’ എന്നായിരുന്നു അഖിലിന്റെ മറുപടിയെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാറില്‍ നിന്ന് രാഖിയുടെ ശരീരം അഖിലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് കൊണ്ടുവരുകയും അവിടെ വച്ച് കഴുത്തില്‍ കയറിട്ട് രാഹുല്‍ മരണം ഉറപ്പാക്കുകയും ചെയ്തു. കൊലപാതകതിന് ശേഷം പ്രതികള്‍ രാഖിയുടെ മൃതദേഹം നഗ്‌നയാക്കി നേരത്തെ തയ്യാറാക്കിയിട്ടിരുന്ന കുഴിയെടുത്ത് അതില്‍ കിടത്തി ഉപ്പ് വിതറി മണ്ണിട്ടു മൂടി. ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന മൃതദേഹത്തില്‍ ഉപ്പ് വിതറിയത്. ഇതിനായി പ്രദേശത്തെ ഒരു കടയില്‍ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകള്‍ മുഴുവന്‍ വാങ്ങി നേരത്തെ തന്നെ സംഭരിച്ചെന്ന് അഖില്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. അഖിലിന്റെയും രാഹുലിന്റെയും ക്രിമിനല്‍ ബുദ്ധിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ഇവരുടെ പിതാവിന് ഇക്കാര്യം അറിയാമായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

രാഖിയുടെ മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖില്‍ തന്നെയാണ് സഹോദരന്‍ രാഹുലിനെയും സുഹൃത്ത് ആദര്‍ശിനെയും കൊല നടത്തിയ കാറില്‍ തന്നെ തമ്പാനൂരില്‍ എത്തിച്ചത്. സുഹൃത്തായ മറ്റൊരു സൈനികന്റെയാണ് കാറ്. അമ്മയെ ആശുപതിയില്‍ കൊണ്ടുപോകാന്‍ എന്ന് പറഞ്ഞാണ് സംഭവദിവസം അഖില്‍ കാറെടുത്തത്. തമ്പാനൂരിലെത്തിയ ശേഷം രാഹുലും ആദര്‍ശും ദീര്‍ഘദൂര സ്വകാര്യ ബസില്‍ ഗുരുവായൂര്‍ക്കു തിരിച്ചു. രാഖിയുടെ ബാഗ് ഗുരുവായൂര്‍ യാത്രയ്ക്കിടെ ബസില്‍ ഉപേക്ഷിക്കുകയും തമ്പാനൂര്‍ക്ക് തിരിച്ചു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടില്‍ രാഖിയുടെ വസ്ത്രങ്ങള്‍ എറിഞ്ഞു കളഞ്ഞെന്നുമാണ് പോലീസ് പറയുന്നത്.

രാഖിയെ കുഴിച്ചുമൂടാനുള്ള കുഴി അഖിലും രാഹുലും പിതാവിനെ കൂടേക്കൂട്ടിയാണ് എടുപ്പിച്ചത്. മക്കള്‍ കമുക് നടാന്‍ എന്ന് പറഞ്ഞാണ് കുഴി എടുപ്പിച്ചതെന്നാണ് പ്രതികളുടെ അച്ഛന്‍ രാജപ്പന്‍ നായര്‍ (മണിയന്‍) മൊഴി നല്‍കിയിരിക്കുന്നത്. കുഴിയെടുക്കാനും കമുക് നടാന്‍ താന്‍ മക്കള്‍ടെ കൂടെയുണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് കൊലപാതകത്തെ കുറിച്ച് അറിയില്ലെന്നും രാജപ്പന്‍ നായര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുഴി മൂടിയ ശേഷം ഇവിടെ കമുക് നടുകയും ചെയ്തു. കുഴി വെട്ടുമ്പോള്‍ പ്രതികള്‍ക്കൊപ്പം അച്ഛനുമുണ്ടായിരുന്നുവെന്ന് അയല്‍വാസികളും പോലീസിന് മൊഴി നല്‍കിയിരുന്നു. രാജപ്പനും, രാഹുലും, അഖിലും കുഴിയെടുക്കുന്നത് കണ്ടിരുന്നുവെന്നും എന്തിനാണെന്ന് ചോദിച്ചപ്പോള്‍ മരം നടാനാണെന്നാണ് മറുപടി ലഭിച്ചതെന്ന് ദൃക്ഷസാക്ഷി സജി പറഞ്ഞിരുന്നു.

കുഴിയെടുക്കാന്‍ അച്ഛനും സഹായിച്ചു, പക്ഷെ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് അഖില്‍ പറയുന്നത്. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഈക്കാര്യത്തില്‍ വ്യക്തത വരുത്തുവനാന്‍ അന്വേഷണമുണ്ടാവും. കൃത്യത്തിനുശേഷം ഒളിവില്‍പ്പോകാന്‍ രാജപ്പന്‍ മക്കളെ സഹായിച്ചെന്നും പോലീസിന് സംശയമുണ്ട്.

Read: ആ ദിവസങ്ങളില്‍ എന്ത് സംഭവിച്ചു? കര്‍ണാടകത്തില്‍ ബിജെപി വഞ്ചിച്ചെന്ന തോന്നലില്‍ വിമത എംഎല്‍എമാര്‍; എല്ലാം തുറന്നുപറയാനും ആലോചന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍