UPDATES

ട്രെന്‍ഡിങ്ങ്

അമ്പൂരി കൊലപാതകം: സിനിമ തിരക്കഥകളെ വെല്ലുന്ന പദ്ധതികള്‍, കുടുക്കിയത് വിരലടയാളം ഉപയോഗിച്ച് തുറക്കുന്ന രാഖിയുടെ ഫോണ്‍

തന്റെ പുതിയ വീട് കാണിക്കാനെന്ന പേരില്‍ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍നിന്നും സുഹൃത്തിന്റെ കാറില്‍ അഖില്‍ വീട്ടിലെത്തിക്കുകയായിരുന്നു.

കേരളത്തെ ഞെട്ടിച്ച അമ്പൂരി കൊലപാതക കേസിലെ പ്രതികൾ കൃത്യം നടത്താൻ തയ്യാറാക്കിയത് സിനിമ തിരക്കഥകളെ വെല്ലുന്ന പദ്ധതികളും. പുതിയ വീടു കാണിക്കാൻ എന്ന പേരിലാണ് രാഖിയെ അമ്പൂരിയിലെത്തിച്ച് നികൃഷ്ടമായ കൊല നടത്തിയത്. രാഖി മോളിനെ(30) കാണാനില്ലെന്ന് കാണിച്ച് അച്ഛൻ പൂവാർ പുത്തൻകട ജോയിഭവനിൽ രാജന്‍ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്.

സൈനികനായ അഖില്‍, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവരായിരുന്നു കൃത്യത്തിന് പിന്നിൽ. രാഖിയുടെ ഫോൺ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമായിരുന്നു പോലീസിനെ പ്രതികളിലേക്ക് അടുപ്പിച്ചത്. ആദർശിനെ പൊലീസ് പിടികൂടിയതിനെത്തുടർന്നായിരുന്നു മൃതദേഹം കുഴിച്ചിട്ട സ്ഥലം വെളിപ്പെട്ടത്. രാഖിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസ് എടുത്ത പൂവാര്‍ പൊലീസ് രാഖിയുടേയും അഖിലിന്റെയും ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിച്ചായിരുന്നു അന്വേഷണം അമ്പൂരിയിൽ കേന്ദ്രീകരിച്ചത്.

രാഖിയെ അഖിൽ വിവാഹം ചെയ്തിരുന്നെന്നും, ഇതിൽ നിന്നും പിൻമാറി മറ്റൊരു വിവാഹം ചെയ്യാനുമുള്ള ഒന്നാം പ്രതി അഖിലിന്റെ തീരുമാനമായിരുന്നു പ്രശ്നങ്ങളുടെ തുടക്കമെന്നാണ് മുന്നാം പ്രതി അദർശിന്റെ റിമാൻഡ് റിപ്പോർട്ടിൽ പോലീസ് കോടതിയെ അറിയിച്ചത്.

റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം ഫെബ്രുവരി 15 നാണ് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ച് വിവാഹിതരായത്. പിന്നീട് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി അഖിലിന്റെ വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞു. വിവാഹത്തിന് തടസം നിന്നതോടെയാണ് കൊലപാതകത്തിലേക്ക് തിരിഞ്ഞത്. മെയ് മാസം അവസാനം അഖില്‍ പട്ടാളത്തില്‍നിന്ന് അവധിക്കുവന്നു. വീട്ടിൽ വച്ച് തന്നെയായിരുന്നു ഗൂഢാലോചന. കൊലപ്പെടുത്താൻ തീരുമാനിച്ചതോടെ മൃതദേഹം മറവ് ചെയ്യാൻ നേരത്തെ തന്നെ കുഴിയെടുത്തു. ഇതിനുശേഷം വീടിന്റെ വടക്കു കിഴക്ക് ഭാഗത്ത് കുഴിയെടുത്തു. ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഉപ്പ് ശേഖരിച്ചു.

ജൂണ്‍ 21 ന് തന്റെ പുതിയ വീട് കാണിക്കാനെന്ന പേരില്‍ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍നിന്നും സുഹൃത്തിന്റെ കാറില്‍ അഖില്‍ രാഖിയെ വീട്ടിലെത്തിക്കുകയായിരുന്നു. വീടിനു മുന്നില്‍ കാര്‍ വച്ച് രാഹുല്‍ രാഖിയിരുന്ന സീറ്റിനു പിന്നിലെ സീറ്റിലേക്ക് കയറി. പിന്‍സീറ്റില്‍ ഇരുന്നു രാഖിമോളുടെ കഴുത്തു ഞെരിച്ചു. നിലവിളി ശബ്ദം കേള്‍ക്കാതിരിക്കാന്‍ അഖില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ഇരപ്പിച്ചു. പിന്നീട് അഖില്‍ ഡ്രൈവിങ് സീറ്റില്‍നിന്ന് പിന്നിലെ സീറ്റിലെത്തി രാഹുമായി ചേര്‍ന്ന് കഴുത്തിൽ കയറിട്ട് മുറുക്കി രാഖിമോളുടെ മരണം ഉറപ്പാക്കുകയായിരുന്നു. പിന്നീട് പിന്നീട് മൂവരും ചേര്‍ന്ന് രാഖിയുടെ ശരീരത്തിലെ വസ്ത്രങ്ങള്‍ മാറ്റി നേരത്തെ തയാറാക്കിയ കുഴിയിലിട്ടു ഉപ്പിട്ട് മൂടി. മുകളില്‍ കമുകിന്റെ തൈ വച്ചു. രാഖിയുടെ വസ്ത്രങ്ങള്‍ തീവച്ച് നശിപ്പിച്ചെന്നും റിപ്പോർട്ട് പറയുന്നു.

വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കിയ അരും കൊലയിൽ പ്രതികൾക്ക് തിരിച്ചടിയായത് രാഖിയുടെ ഫോണായിരുന്നെന്നും പോലീസ് പറയുന്നു. രാഖിമോൾ അവസാനമായി വിളിച്ചത് അഖിലിനെയായിരുന്നു. 21ന് വൈകിട്ട് ഓഫ് ആയ രാഖിമോളുടെ മൊബൈല്‍ പിന്നീട് ഓണാവുന്നത് 24ാം തീയതി. അന്ന് ചില കോളുകളും മെസേജുകളുമായിരുന്നു അയച്ചത്. അഖിലിന്റെ വഴി പിരിയുകയാണെന്നും താൻ മറ്റൊരു സുഹൃത്തുമായി ചെന്നൈയ്ക്ക് പോകുന്നുവെന്നുമടക്കമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശം വന്ന ഫോണിന്റെ ഐഎംഇഐ നമ്പര്‍ പോലീസ് പരിശോധിച്ചപ്പോള്‍ അത് രാഖിമോളുടെ ഫോണ്‍ അല്ലെന്നു വ്യക്തമാവുകയായിരുന്നു.

രാഖിയെ തേടി തങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു കാട്ടി അഖിലിന്റെ ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിക്കൊപ്പം 21ാം തിയ്യതിക്ക് ശേഷം രാഖി അഖിലിനയച്ച സന്ദേശവും ഉൾപ്പെടുത്തയികരുന്നു. എന്നാൽ സന്ദേശം തന്നെ ഫോർവേഡ് ചെയ്തു തരാൻ പൊലീസ് ആവശ്യപ്പെട്ടു. അപ്പൊഴാണ് സിം കാർ‍ഡ് യുവതിയുടേതാണെങ്കിലും അയച്ച ഫോൺ മറ്റൊന്നാണെന്നു തിരിച്ചറിഞ്ഞത്. ഐഎംഇഐ നമ്പർ തേടിയെത്തിയ പോലീസ് എത്തിയത് കാട്ടാക്കടയിലുള്ള മൊബൈല്‍ ഷോപ്പിൽ. 24ാം തീയതി രാഹുലും ആദര്‍ശുമാണ് ഫോണ്‍ വാങ്ങിയതെന്ന് തിരിച്ചറിഞ്ഞു. കേസ് വഴിതിരിച്ച് വിടാനായിരുന്നു വേറെ ഫോണില്‍നിന്ന് രാഖിയുടെ സിം ഉപയോഗിച്ച് വീട്ടിലേക്ക് സന്ദേശമയച്ചത്. വിലരടയാളം ഉപയോഗിച്ചു തുറക്കുന്നരീതിയിലായിരുന്നു രാഖിയുടെ ഫോൺ. കൊലപാതകം നടത്തി ശരീരം മറവ് ചെയ്തതോടെ ഈ ഫോൺ ഉപയോഗിക്കാൻ കഴിയാതായതോടെയാണ് മറ്റൊരു ഫോൺ വാങ്ങേണ്ടി വന്നത്.

ഇതിനിടെ അഖില്‍ 27ന് അവധി കഴിഞ്ഞു മടങ്ങി. അന്വേഷണം തങ്ങളിലേക്ക് നീളുന്നെന്ന് തിരിച്ചറിഞ്ഞ രാഹുലും സ്ഥലം വിട്ടു. ഇതിനിടെ ഓപ്പറേഷനു വിധേയനാകേണ്ടിവന്ന ആദര്‍ശ് വീട്ടില്‍ വിശ്രമത്തിലായരുന്നു. ആദർശിനെ ചോദ്യം ചെയ്തതോടെയാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്. ആദര്‍ശ് എല്ലാം തുറന്നു പറയുകയായിരുന്നു.

ഇതിനിടെ അമ്പൂരി കൊലപാതക കേസിലെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ വെള്ളിയാഴ്ച പുറത്തുവന്നു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും പിതാവ് സ്ഥിരീകരിച്ചു.

അതേസമയം, കേസിലെ രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുല്‍ പൊലീസില്‍ കീഴടങ്ങിയെന്ന് അച്ഛന്‍ മണിയന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കു മുമ്പില്‍ മകന്‍ കീഴടങ്ങിയെന്നാണ് അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍, പ്രതി കീഴടങ്ങിയെന്നതിന് പൊലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമില്ല. പ്രചാരണം അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്നും പൊലീസിന്റെ നിലപാട്.

രാഖിയെ കഴുത്തു ഞെരിച്ചു കൊന്നെന്നാണ് പ്രാഥമിക നിഗമനം. കഴുത്തെല്ലുകൾക്ക് പൊട്ടലുണ്ട്. ആന്തരിക അവയവങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. പീഡനത്തിനിരയായോ എന്നറിയാന്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. ജോലിസ്ഥലത്തേക്ക് മടങ്ങിയെന്ന് കരുതുന്ന അഖിലിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് സൈന്യത്തെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍