UPDATES

ട്രെന്‍ഡിങ്ങ്

‘അമേരിക്കന്‍ പത്രങ്ങള്‍ക്ക് കമ്മ്യൂണിസമെന്നാല്‍ ഇനി ക്യൂബ മാത്രമല്ല കേരളവുമുണ്ട്’

ഒക്ടോബര്‍ വിപ്ലവത്തിന്റെ 100 -ാം വാര്‍ഷികത്തില്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രത്യേക പതിപ്പില്‍ കേരളത്തിലെ കമ്മ്യൂണിസം

അമേരിക്കന്‍ പത്രങ്ങള്‍ കമ്മ്യൂണിസത്തെക്കുറിച്ച് ഉദാഹരിക്കേണ്ടി വരുമ്പോള്‍ എഴുതുക ക്യൂബയെക്കുറിച്ചാണെന്നും ഇത്തവണ വാഷിംഗ്ടണ്‍ പോസ്റ്റ് പതിവ് മാറ്റി കേരളത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക്. ഒക്ടോബര്‍ വിപ്ലവത്തിന്റെ 100 -ാം വാര്‍ഷികത്തില്‍ പ്രത്യേക പതിപ്പ് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. ആ ലേഖനത്തില്‍ കേരളത്തിലെ കമ്മ്യൂണിസത്തെ കുറിച്ച് എഴുതാന്‍ പത്രത്തിന്റെ മുഖ്യലേഖകര്‍ എത്തിയതിനെ കുറിച്ച് ഐസക് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

സാധാരണ അമേരിക്കന്‍ പത്രങ്ങള്‍ കമ്മ്യൂണിസത്തെക്കുറിച്ച് ഉദാഹരിക്കേണ്ടി വരുമ്പോള്‍ എഴുതുക ക്യൂബയെക്കുറിച്ചാണ്. ഇത്തവണ വാഷിംഗ്ടണ്‍ പോസ്റ്റ് പതിവ് മാറ്റിയിരിക്കുകയാണ്. കേരളത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബര്‍ വിപ്ലവത്തിന്റെ 100 -ാം വാര്‍ഷികത്തില്‍ പ്രത്യേക പതിപ്പ് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. അതില്‍ ചെങ്കൊടി ഇപ്പോഴും പാറുന്ന ഒരു പുതിയ പ്രദേശത്തെക്കുറിച്ച് ഒരു ലേഖനം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. തെരഞ്ഞെടുത്തത് കേരളത്തെയാണ്. കേരളത്തില്‍ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഭരിക്കുന്നതെന്നതൊഴിച്ചാല്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ആര്‍ക്കും തന്നെ വിലയ പിടിപാടൊന്നുമില്ല. അങ്ങനെയാണ് പത്രത്തിന്റെ മുഖ്യലേഖകരിലൊരാളായ ഗ്രെഗ് ജെഫും ഡല്‍ഹിയിലെ ചീഫ് കറസ്‌പോണ്ടന്റായ വിദി ഡോഷിയും കേരളത്തിലെത്തിയത്. ഒരു ലേഖനം എഴുതാന്‍ 10 ദിവസമാണ് ഇരുവരും കേരളത്തില്‍ ചെലവഴിക്കുന്നത്. ഇത്തരമൊരു ആഡംബര സൗകര്യം തങ്ങളുടെ പത്രപ്രവര്‍ത്തകര്‍ക്കു സ്വപ്നം കാണാനേ കഴിയൂവെന്ന് ഞാന്‍ പറഞ്ഞത് അവര്‍ക്കും രസിച്ചു എന്നുതോന്നി.

ഒരു ദിവസം മുഴുവന്‍ ആലപ്പുഴയില്‍ എന്നോടൊപ്പം അനുയാത്ര ചെയ്തു. കൃഷ്ണപിള്ള ദിനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരിപാടികള്‍, ആനുകൂല്യ വിതരണം, പൈതൃകസംരക്ഷണ – വിദ്യാഭ്യാസ – ജൈകൃഷി വികസന പരീക്ഷണങ്ങള്‍, കുടുംബശ്രീ, വായനശാല തുടങ്ങി ഒരു ഡസനിലേറെ പരിപാടികള്‍. സര്‍വ്വതല സ്പര്‍ശിയായ പ്രവര്‍ത്തനശൈലി കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ഒരു പ്രത്യേകതയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നിലവിലുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇടതുപക്ഷ ബദലിന് രൂപം നല്‍കാന്‍ ശ്രമിക്കുന്നു. പക്ഷെ ഈ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലക്ഷണരേഖ കടക്കുന്നില്ല എന്നതായിരുന്നു അവരുടെ നിരീക്ഷണം. അതുശരിയാണ്. ഇന്നത്തെ സാമൂഹ്യവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ടാണ് വികസന അജണ്ട നടപ്പാക്കുന്നത്. അവ സോഷ്യല്‍ ഡെമോക്രാറ്റിക് ആണോ വിപ്ലവകരമാണോ എന്നതു നിര്‍ണ്ണയിക്കുന്നത് ഇവയെ വിപ്ലവരാഷ്ട്രീയബോധ സൃഷ്ടിക്കായി എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

കേരളം ഇന്ന് സമകാലീന ഇന്ത്യയില്‍ ഒരു തുരുത്താണ്. പക്ഷെ ഒറ്റക്കല്ല. ലോകത്തെമ്പാടും ഇത്തരം ചെറുത്തുനില്‍പ്പിന്റെയും മുന്നേറ്റത്തിന്റെയും സാക്ഷ്യപത്രങ്ങള്‍ ഉണ്ട്. ഭാഗ്യത്തിന് ഞാന്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം ഡാന്‍ ഹാന്‍കോക്‌സിന്റെ ‘The Village aginst the World’ എന്ന ഗ്രന്ഥമായിരുന്നു. സ്‌പെയിനിലെ മരിനാലെഡ എന്ന ഗ്രാമം. ഫ്രാങ്കോയുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ നിലയ്ക്കാത്ത പ്രതിഷേധഭൂമി. ജുവാന്‍ മാനുവല്‍ ഗോര്‍ഡിലോ എന്ന നേതാവ് ഈ പാരമ്പര്യത്തെ ഒരു ബദല്‍ സംവിധാനം സൃഷ്ടിക്കാന്‍ ഉത്തേജകമാക്കി. മിച്ചഭൂമി പിടിച്ചെടുത്ത് ഒരു ഇടതുപക്ഷ സ്വയംഭരണ പ്രദേശം സൃഷ്ടിച്ചു. ഇതിന്റെ ആവേശകരമായ കഥയാണ് ഈ ഗ്രന്ഥം. എത്ര പ്രതികൂലമായ അവസ്ഥ രാജ്യത്തുണ്ടായാലും കേരളം മതനിരപേക്ഷതയുടെയും ജനപക്ഷവികസനത്തിന്റെയും ബദല്‍ മാതൃകയായി കേരളം തുടരും. ലോകത്തിനെതിരെ കേരളം എന്ന് തങ്ങളുടെ ലേഖനത്തിന് ഗ്രെഗ് ജെഫ് പേരിട്ടാലും അത്ഭുതപ്പെടാനില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍