UPDATES

ട്രെന്‍ഡിങ്ങ്

കേരളം പിടിക്കാനൊരുങ്ങി വന്നപ്പോഴൊക്കെ അമിത് ഷാ തിരിഞ്ഞോടിയിട്ടുണ്ട്; പക്ഷെ ഇത്തവണയോ?

അമിത് ഷായുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവന തെരഞ്ഞെടുപ്പ് ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷ കക്ഷികള്‍

ദേശീയ രാഷ്ട്രീയത്തില്‍ ഇനി തെരഞ്ഞെടുപ്പുകളുടെ നാളുകളാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷം നടക്കുന്നു. 2019ല്‍ നടക്കേണ്ട ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് ഈ തെരഞ്ഞെടുപ്പുകളെ കണക്കാക്കുന്നത്. മിസോറാം, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ മിസോറാമില്‍ മാത്രമാണ് കോണ്‍ഗ്രസിന് നിലവില്‍ അധികാരമുള്ളത്. ഇവിടെ ഭരണം നിലനിര്‍ത്തുന്നതിനൊപ്പം ഛത്തിസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബിജെപിയില്‍ നിന്നും അധികാരം പിടിച്ചെടുക്കുക എന്നത് കൂടിയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. തെലങ്കാനയിലാണെങ്കില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിക്ക് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും കടുത്ത മത്സരമാണ് നേരിടേണ്ടി വരിക.

2019ലെ തെരഞ്ഞെടുപ്പും തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് ആത്മവിശ്വാസമുള്ള ബിജെപിക്കാണ് യഥാര്‍ത്ഥത്തില്‍ ഈ നിയമസഭ തെരഞ്ഞെടുപ്പുകള്‍ പരീക്ഷണമാകുക. പെട്രോള്‍ വില വര്‍ധനവും നോട്ട് നിരോധനം മൂലമുണ്ടായ ദുരന്തങ്ങളും രൂപയുടെ മൂല്യമിടിഞ്ഞതും ജിഎസ്ടിയും ദലിത്, മുസ്ലിം കൊലപാതങ്ങളും ഗോവധത്തിന്റെ പേരിലുണ്ടായ കൊലപാതകങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളുമെല്ലാം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ പ്രതീക്ഷിച്ചിരുന്നു. യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇക്കാരണങ്ങളാലെല്ലാം അടിപതറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവിശ്വസനീയമായിരുന്നു അവരുടെ അവിടുത്തെ വിജയം. ഹിന്ദു ധ്രുവീകരണവും വര്‍ഗ്ഗീയ രാഷ്ട്രീയവുമായിരുന്നു അപ്പോഴും അവരുടെ തുരുപ്പ് ചീട്ട്. യുപിയിലെ ഗോരഖ്പൂര്‍ ആശുപത്രിയില്‍ കുട്ടികളുടെ കൂട്ടമരണമുണ്ടായതോടെ ബിജെപി വീണ്ടും പ്രതിരോധത്തിലായി. കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധരെല്ലാം ഒന്നിച്ചപ്പോള്‍ അവര്‍ക്ക് അടിപതറുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പുകളുടെ ഫലം അതാണ്‌ കാണിക്കുന്നത്ക്കു. അതിന് ശേഷം രാജ്യത്തുണ്ടാകുന്ന പ്രധാന തെരഞ്ഞെടുപ്പുകളാണ് ഇനി വരാനിരിക്കുന്നത്. പതിവ് പോലെ ഹിന്ദുധ്രുവീകരണം നടത്തി ജനഹിതം തങ്ങള്‍ക്കനുകൂലമാക്കാമെന്നാണ് ബിജെപി ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

കേരളം ഇനി നേരിടാനിരിക്കുന്നത് 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിക്ക് കിട്ടിയ തുരുപ്പ് ചീട്ടാണ് ശബരിമല വിഷയം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രിംകോടതി വിധി പ്രഖ്യാപിക്കുന്നത് വരെയും അതിനെ എതിര്‍ക്കാതിരുന്ന ബിജെപി പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ വിധിയെ എതിര്‍ത്ത് രംഗത്തു വന്നത് വിശ്വാസികളുടെ  വികാരം കണ്ടപ്പോള്‍ അതില്‍ വോട്ട് പിടിച്ചെടുക്കുന്നതിന്റെ സാധ്യതകള്‍ കണ്ട് തന്നെയാണ്. ബിജെപി വിശ്വാസികള്‍ക്കൊപ്പമാണെന്ന് ഇവിടെയും വിശ്വസിപ്പിക്കാനായാല്‍ കേരളത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ തങ്ങള്‍ക്കാകുമെന്നത് ബിജെപി നേതാക്കളുടെ വിശ്വാസവും ആശ്വാസവുമാണ്. വിവാദം കത്തിനില്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രീയ ചാണക്യന്‍ അമിത് ഷായെ കേരളത്തിലെത്തിച്ച് ഒരു വികാരഭരിതമായ പ്രസംഗം നടത്തിച്ച് ശബരിമലയിലെ രാഷ്ട്രീയ വെടി അവര്‍ പൊട്ടിക്കുകയും ചെയ്തിരിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ അതേ പ്രസംഗം ബിജെപിയ്ക്ക് തിരിച്ചടിയാകുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമിത് ഷായുടെ പ്രസംഗം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും പാര്‍ലമെന്റംഗവുമായ വി മുരളീധരന്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്: “1500 ഡിവൈഎഫ്‌ഐക്കാരെ വച്ചുകൊണ്ട് ശബരിമലയിലെ അയ്യപ്പഭക്തന്മാരെ അടിച്ചമര്‍ത്താനായിട്ടുള്ള നീക്കങ്ങള്‍ നടത്തുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഞാന്‍ താക്കീത് നല്‍കാനാഗ്രഹിക്കുകയാണ്. ഈ മര്‍ദ്ദന സമീപനവുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഈ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മടിക്കില്ല എന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കാന്‍ ആഗ്രഹിക്കുകയാണ്”. കോടതികള്‍ നടപ്പാക്കാനാകുന്ന വിധികള്‍ മാത്രം വിധിച്ചാല്‍ മതിയെന്നും ഈ പ്രസംഗത്തിന്റെ ഒരു ഘട്ടത്തില്‍ അമിത് ഷാ പറഞ്ഞു. കണ്ണൂരില്‍ ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടന വേദിയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കയ്യടികളോടെ ഏറ്റുവാങ്ങിയ ഈ പ്രസംഗം നടക്കുമ്പോള്‍ വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുമുണ്ടായിരുന്നെന്ന് ഓര്‍ക്കണം. എന്നാല്‍ പ്രസംഗം വിവാദമായപ്പോള്‍ ശ്രീധരന്‍ പിള്ള പറഞ്ഞത് മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ചുവെന്നാണ്. മുരളീധരന്‍ തനിക്ക് പറ്റിയ നാക്ക് പിഴയെന്ന് പറയാതെ പറയുകയും ചെയ്തു. ഈ വാക്കുകളിലെ അപകടം മനസിലാകാത്തതുകൊണ്ടായിരിക്കും അവര്‍ ഇരുവരും വേദിയില്‍ വച്ച് ഒരു തിരുത്തിന് നില്‍ക്കാതിരുന്നതെന്ന് മനസിലാക്കാം.

അതേസമയം ബിജെപിയുടെ ഭരണഘടനാ വിരുദ്ധ നിലപാടുകളാണ് ഈ പ്രസംഗത്തിലൂടെ വെളിപ്പെട്ടതെന്ന് ആദ്യം മുഖ്യമന്ത്രി പിണറായി വിജയനും പിന്നാലെ ദേശീയ നേതാക്കള്‍ പോലും ചൂണ്ടിക്കാട്ടിയതോടെ ബിജെപി പ്രതിരോധത്തിലായി. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കെതിരെ ആഞ്ഞടിക്കാന്‍ ദേശീയ നേതാക്കള്‍ക്ക് പോലും ലഭിച്ചിരിക്കുന്ന വലിയ ആയുധമാണ് ഈ ‘വലിച്ചുതാഴെയിടല്‍’ പ്രയോഗം. ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലേറിയ ഒരു സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന് ഭീഷണിപ്പെടുത്തുന്ന ബിജെപി ഇവിടെ തള്ളിപ്പറയുന്നത് ജനങ്ങളെയാണെന്നതാണ് ഇതിലെ ഏറ്റവും വൈകാരികമായ ആയുധം. തങ്ങള്‍ ശരിയല്ലെന്ന് അമിത് ഷായല്ല, ഇനി സാക്ഷാല്‍ നരേന്ദ്ര മോദി പറഞ്ഞാല്‍ പോലും ജനങ്ങള്‍ അംഗീകരിക്കേണ്ടതില്ല. 2014ല്‍ ഇതേ ജനഹിതത്തിലൂടെയാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതെന്ന് അമിത് ഷാ മറന്നുപോയോയെന്നാണ് നേതാക്കളുടെ ചോദ്യം.

ഒരു എംഎല്‍എ മാത്രമുള്ള കേരളത്തില്‍ ബിജെപിക്ക് കാലുകുത്താന്‍ കഴിയാത്തതിന്റെ നിരാശയില്‍ നിന്നാണ് ഈ പ്രസ്താവന വന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി പറയുന്നത്. ഭരണഘടനയെ ദുരുപയോഗം ചെയ്യുമെന്ന മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം പറയുന്നു. ബിജെപിയുടെ ലക്ഷ്യം കോടതികള്‍ ഉള്‍പ്പെടെ ഓരോ ഭരണഘടനാ സ്ഥാപനങ്ങളുടെയും ദുര്‍ബലപ്പെടുത്തുകയും അവയെ തകര്‍ക്കുകയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോടതി വിധിയെ വെല്ലുവിളിക്കാനും വിധിയെ ധിക്കരിക്കാനും പാര്‍ട്ടി പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നതാണ് അമിത് ഷായുടെ പ്രസംഗം എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ ഇതേക്കുറിച്ച് പ്രതികരിച്ചത്. ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കൈകള്‍ ആരുടേതാണെന്ന് വെളിപ്പെടുത്തുകയും കൂടിയാണ് ഇതിലൂടെ അമിത് ഷാ ചെയ്തത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പിന്തിരിപ്പന്‍ രാഷ്ട്രീയത്തെ കേരളത്തിലെ ഇതിലൂടെ ജനങ്ങള്‍ തള്ളിക്കളയുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്തെ ജനാധിപത്യം അപകടത്തിലായെന്നാണ് അമിത് ഷായുടെ പ്രസംഗം കാണിക്കുന്നതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറയുന്നു. നിരുത്തരവാദപരവും പ്രകോപനപരവുമായ ആ പ്രസംഗം കോടതി ശ്രദ്ധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രധാനപ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ബിജെപി മതപരമായ വിഷയങ്ങള്‍ ഉന്നയിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയവികാരം ഇളക്കിവിടാനാണ് അമിത് ഷായുടെ നീക്കമെന്നും മായാവതി പറഞ്ഞു.

ഇതിനിടെ അമിത് ഷായ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, സിപിഎം, ആം ആദ്മി പാര്‍ട്ടികളാണ് ഇതിനകം അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രായോഗിക വിധികള്‍ മാത്രമേ സുപ്രിം കോടതി വിധിക്കാവൂ എന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്റെ പ്രസ്താവന ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്നും ഇവര്‍ പറയുന്നു. “ആദ്യം ദുര്‍ബലപ്പെടുത്തുക, പിന്നീട് പിടിച്ചടക്കുക എന്നതാണ് ബിജെപിയുടെ നയം. സിബിഐ, തെരഞ്ഞെടുപ്പ് കമ്മീഷന്‍, സിവിസി, സിഐസി എന്നിങ്ങനെയുള്ള ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. നിയമത്തേക്കുറിച്ച് മനസിലാക്കാതെ ഇപ്പോള്‍ നടത്തിയ പ്രസ്താവനയും ഇതേ ലക്ഷ്യം മുന്നില്‍ കണ്ടാണ്” എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

1959ല്‍ ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയ്‌ക്കെതിരെ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിമോചന സമരം നടത്തുകയും അതിനൊടുവില്‍ 356-ാം വകുപ്പ് പ്രയോഗിച്ചതും നാം കണ്ടതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ തിരിച്ചടിയായാണ് അതിനെ കണക്കാക്കുന്നത്. അന്ന് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും ന്യായീകരിച്ചവരും അത് തെറ്റായിപ്പോയെന്ന് പശ്ചാത്തപിക്കുന്നത് നാം പിന്നീട് കണ്ടിട്ടുണ്ട്. ആന്ധ്രയില്‍ എന്‍ ടി രാമറാവുവിന്റെ സര്‍ക്കാരിനെ പുറത്താക്കിയതും ദിവസങ്ങള്‍ക്കകം നടപടി പിന്‍വലിക്കേണ്ടി വന്നതും കര്‍ണാടകത്തില്‍ എസ് ആര്‍ ബൊമ്മെ സര്‍ക്കാരിനെ പിരിച്ചുവിട്ടതിനെതിരെ സുപ്രിംകോടതി നടത്തിയ ചരിത്രപ്രസിദ്ധ വിധിയുമെല്ലാം 356-ാം വകുപ്പിന്റെ ദുരുപയോഗത്തിനും ആ വകുപ്പ് കാണിച്ചുള്ള ഭീഷണിക്കും ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍പ്പില്ലെന്ന് വ്യക്തമാക്കുന്നതാണ്. എന്തിനേറെ പറയുന്നു ഭാരതീയ ജനസംഘം ബിജെപിയായി വളര്‍ച്ച പ്രാപിക്കാന്‍ കാരണമായ അടിയന്തരാവസ്ഥ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കെതിരായ ഒരു കോടതി വിധിയോടുള്ള അവരുടെ പ്രതികരണമായിരുന്നു. ജനാധിപത്യം ലംഘിക്കപ്പെട്ട ആ കറുത്ത നാളുകള്‍ ഓര്‍മ്മയിലുള്ളവര്‍ ഈ തലമുറയിലും ജീവിച്ചിരിപ്പുണ്ട്. അതിനാല്‍ തന്നെ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും നിശബ്ദമാക്കാനോ ദുര്‍ബലപ്പെടുത്താനോ അതുമില്ലങ്കില്‍ തീര്‍ത്തും ഇല്ലാതാക്കാനോ ഇന്ത്യന്‍ ജനത അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷ പുലര്‍ത്തുന്നത്. ജനാധിപത്യത്തിന്റെ നാശത്തിലേക്കാണ് അത് നയിക്കുകയെന്ന് ഒരു ജനതയെ ബോധ്യപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നതും അതിനാലാണ്.

കേരളം പിടിക്കാം എന്ന വിശ്വാസവുമായി ഷാ ഇങ്ങോട്ട് വരുമ്പോളൊക്കെ തിരിഞ്ഞോടുന്നത് മുമ്പ് പലപ്പോഴും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ വിശ്വാസികളുടെ വികാരമെന്ന ഘടകം ബിജെപിക്ക് അനുകൂലമാകുമോയെന്നതാണ് ഏവരെയും ആശങ്കപ്പെടുത്തുന്നത്. അതിനാല്‍ തന്നെയാണ് വാക്കുകളിലെ ഭരണഘടന വിരുദ്ധതയെ പ്രതിപക്ഷ കക്ഷികള്‍ ആയുധമാക്കുന്നതും. മുരളീധരന് സംഭവിച്ച നാക്ക് പിഴയായും മാധ്യമങ്ങളുടെ വളച്ചൊടിക്കലായും ഇതിനെ വ്യാഖ്യാനിക്കാന്‍ ബിജെപി സംസ്ഥാന ഘടകം ശ്രമിക്കുന്നതും ആ വാക്കുകളിലെ അപകടം മനസിലാക്കി തന്നെയാണ്. വിശാല പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ബിജെപിക്കെതിരെ പ്രയോഗിക്കാന്‍ കിട്ടിയ മികച്ച ആയുധമായി ഈ വാക്കുകള്‍ മാറുന്നത് ഇവിടെയാണ്. ഇടയ്ക്കുയര്‍ന്ന ചില അപസ്വരങ്ങളോടെ ദുര്‍ബലപ്പെട്ടുവെന്ന് കരുതിയ വിശാല പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ശക്തിപ്രാപിക്കാന്‍ ഇതിലും നല്ല മറ്റൊരു അവസരവുമില്ല. അത് എത്രമാത്രം കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കാകുമെന്നാണ് ഇനി അറിയേണ്ടത്.

അമിത് ഷായുടെ നാക്കുപിഴ, വി മുരളീധരന്റെ വലിയ പിഴ

ശബരിമലയിലേക്കുള്ള വഴിയില്‍ വെള്ളം തേടി പലായനം ചെയ്യേണ്ടി വരുന്ന കുറച്ച് മനുഷ്യര്‍ ജീവിക്കുന്നുണ്ട്‌: മലംപണ്ടാരങ്ങള്‍

ഈഴവരുടെ പ്രതിസന്ധികള്‍; ശബരിമലയില്‍ എസ്എന്‍ഡിപി പിണറായിക്കൊപ്പമോ അമിത് ഷായ്ക്കൊപ്പമോ?

ടിജി മോഹന്‍ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍