UPDATES

ട്രെന്‍ഡിങ്ങ്

അമിത് ഷായ്ക്കറിയുമോ ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം? നേതാക്കള്‍ ചോദിക്കുന്നു

കോണ്‍ഗ്രസിലെയും ഇടതുപക്ഷത്തെയും നേതാക്കള്‍ ഒറ്റക്കെട്ടായാണ് അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്‌

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഭക്തരെ ഉപദ്രവിച്ചാല്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന വ്യാപമായി ചര്‍ച്ചയായിരിക്കുകയാണ്. യുഡിഎഫിലെയും എല്‍ഡിഎഫിലെയും വിവിധ നേതാക്കള്‍ ഒറ്റക്കെട്ടായാണ് ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഷായുടെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന വിശദീകരവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇത്രയേറെ ജനങ്ങള്‍ ലൈവായി കേട്ട പ്രസംഗത്തില്‍ എങ്ങനെ വളച്ചൊടിച്ചുവെന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ശബരിമലയില്‍ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ബിജെപി മടിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രസംഗം തര്‍ജ്ജമ ചെയ്ത ബിജെപി നേതാവ് മലയാളത്തില്‍ പറഞ്ഞതും ഇങ്ങനെയാണ്. ഇത് അതുപോലെ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. അമിത് ഷായുടെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിനെതിരെ എന്നതിനേക്കാള്‍ സുപ്രിംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്നാണ് പിണറായി ചൂണ്ടിക്കാട്ടിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നത് ബിജെപിയുടെ ദയ കാരണമല്ല, ജനഹിതത്തിലൂടെയാണ്. ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത് ഷായുടെ പ്രസ്താവനയിലുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. അമിത് ഷായുടേത് വര്‍ഗ്ഗീയ വാചക കസര്‍ത്തിലൂടെ കയ്യടി നേടാനുള്ള ശ്രമമെന്നാണ് മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാന്ദന്‍ പ്രതികരിച്ചത്. ഇത്തരം പച്ചക്കള്ളങ്ങള്‍ ഇവിടെ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം കേന്ദ്ര കമ്മിറ്റിയും അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. കേരള സര്‍ക്കാരിനെയും സുപ്രിംകോടതിയെയും ഭീഷണിപ്പെടുത്തിയ ബിജെപി തങ്ങള്‍ ഭരണഘടനാ വിരുദ്ധരാണെന്ന് തെളിയിച്ചിരിക്കുകയാണ്. ആര്‍എസ്എസും ബിജെപിയും ഭരണഘടനയെ പരിഹസിക്കുകയാണ്. അമിത് ഷായുടെ പ്രസ്താവനയില്‍ നിന്നും ശബരിമലയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് തെളിഞ്ഞിരിക്കുകയാണ് എന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി ഹരി സിംഗ് കാംഗ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടാമെന്ന് അമിത് ഷാ പറഞ്ഞത് ഒരു എംഎല്‍എ മാത്രമുള്ള ബിജെപിക്ക് കേരളത്തില്‍ കാലുകുത്താന്‍ കഴിയാത്തതിന്റെ നിരാശയില്‍ നിന്നുള്ളതാണെന്നാണ് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പരിഹസിച്ചു. ഭരണഘടനയെ ദുരുപയോഗം ചെയ്യുമെന്ന മുന്നറിയിപ്പാണ് ഇതെന്നും സിങ്‌വി ചൂണ്ടിക്കാട്ടി. നടപ്പാക്കാന്‍ കഴിയുന്ന വിധികളേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് ആവശ്യപ്പെട്ട അമിത് ഷാ കോടതികളെ ഉന്നം വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും അമിത് ഷായ്‌ക്കെതിരെ രംഗത്തെത്തി. അമിത് ഷാ കണ്ണൂരില്‍ വന്നിട്ട് ഇടതുസര്‍ക്കാരിനെതിരെ ഭീഷണിയും വെല്ലുവിളിയും മുഴക്കുകയാണ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ഇടതുസര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെങ്കിലും അതിനെ പിരിച്ചുവിടുമെന്ന ബിജെപിയുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിടാനുള്ള ശക്തി ബിജെപിക്കില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. അതിന് കേരളത്തിലെ ജനങ്ങള്‍ക്ക് മാത്രമാണ് സാധിക്കുകയെന്നും ചെന്നിത്തല പറയുന്നു.

അമിത് ഷാ കേരളത്തിന്റെ ചരിത്രം പഠിക്കുന്നത് നല്ലതായിരിക്കുമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ശബരിമലയില്‍ നടക്കുന്ന സമരങ്ങളുടെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ അമിത് ഷായുടെ പ്രസ്താവന ഗുണം ചെയ്‌തെന്നും കാനം വ്യക്തമാക്കി. വീട്ടിലിരുന്ന് നാമം ജപിച്ചാല്‍ കേസ് എടുക്കില്ല, റോഡിലിറങ്ങി ജപിക്കുമ്പോള്‍ കേസെടുത്തെന്ന് വരും. തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സമരങ്ങളുടെ പേരില്‍ താനടക്കമുള്ള എത്രയോ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്നും നിയമം ലംഘിച്ച് സമരം നടത്തുമ്പോള്‍ കേസ് എടുക്കുക എന്നത് നാമജപക്കാര്‍ക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമമല്ലെന്നും കാനം വ്യക്തമാക്കി. നിയമം പരിചയമില്ലാത്തവര്‍ക്കാണ് ഇത് വലിയ സംഭവമായി തോന്നുന്നത്.

അമിത് ഷായ്ക്ക് ധൈര്യമുണ്ടെങ്കില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടാനാണ് ഈ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. മതനിരപേക്ഷ കേരളത്തിന് അത്തരം ഭീഷണികളെ ചെറുക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം ഇന്നലെ പുന്നപ്രയില്‍ പ്രതികരിച്ചു. അമിത് ഷായുടെ പ്രസംഗം ഭരണഘടനയേയും കോടതിയെയും ഫെഡറലിസത്തേയും വെല്ലുവിളിക്കുന്നതാണെന്നും കോടിയേരി പറഞ്ഞു.

‘തൂണും ചാരി നിന്നവന്‍ പെണ്ണ് കൊണ്ടുപോകുന്ന’ രാഷ്ട്രീയകളിക്ക് വെള്ളാപ്പള്ളിയില്ല?

ശബരിമല: പിണറായിയെ വലിച്ചുതാഴെയിടാനാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ സദാശിവത്തെ കാണാത്തതെന്ത്?

പിണറായിയെ താഴെയിറക്കാനുള്ള ശക്തി ബിജെപിക്കില്ലെന്ന് രമേശ് ചെന്നിത്തല

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍