UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോഷ്യല്‍മീഡിയയിലെ പ്രചാരണങ്ങളില്‍ വീഴരുത്: യുവാക്കളോട് അമിത് ഷാ

ആളുകളെക്കൊണ്ട് കൃത്യമായി ആദായനികുതി അടപ്പിച്ച് രാജ്യത്തിന്റെ വരുമാനം കൂട്ടാന്‍ നോട്ട് അസാധുവാക്കല്‍ സഹായിച്ചുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുന്ന ബിജെപി വിരുദ്ധ പ്രചാരണത്തില്‍ വീഴരുതെന്ന് ഗുജറാത്തിലെ യുവാക്കളോട് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് ഇത്തരം പ്രചാരണം ശക്തമാക്കിയിട്ടുണ്ടെന്നാണ് അമിത് ഷാ പറയുന്നത്. ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബിജെപിയുടെ ഗുജറാത്ത് മോഡലിനെ പരിഹസിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ സാഹചര്യത്തിലാണ് അമിത് ഷായുടെ ഉപദേശം. അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഷാ ഇക്കാര്യം പറഞ്ഞത്. അടുത്തിടെ നഗരം സന്ദര്‍ശിച്ച് ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു.

വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചിരിക്കുന്ന ബിജെപിക്കെതിരായ കാര്യങ്ങള്‍ വിശ്വസിക്കരുത്. നമ്മുടെ എതിരാളികളായ കോണ്‍ഗ്രസുകാരാണ് ഇത് പ്രചരിപ്പിക്കുന്നത്. 1995ല്‍ ബിജെപി അധികാരത്തില്‍ വരുന്നതിന് മുമ്പ് ഗുജറാത്തിന്റെ അവസ്ഥയെന്തായിരുന്നു എന്ന് ആലോചിക്കണം. ബിജെപി ഭരണത്തില്‍ കാര്‍ഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തുമടക്കം എല്ലാ മേഖലകളിലും സംസ്ഥാനം പുരോഗതി നേടിയതായി ഷാ അവകാശപ്പെട്ടു. ബിജെപി അധികാരത്തില്‍ വരുന്നതിന് മുമ്പും ശേഷവുമുള്ള കണക്കുകള്‍ പരിശോധിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ഈ കണക്കുകള്‍ മുഴുവന്‍ ബിജെപി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും ഇത് പരിശോധിക്കണം. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ എപ്പോളും വര്‍ഗീയ കലാപങ്ങളും സംഘര്‍വുമായിരുന്നു. രഥയാത്രക്ക് നേരെ പോലും ആക്രമണമുണ്ടായി. ഇപ്പോള്‍ ആ പ്രശ്‌നമില്ല. രാഹുല്‍ ബാബ (രാഹുല്‍ ഗാന്ധി) ഇവിടെ വന്നെ വികസനത്തെക്കുറിച്ചൊക്കെ പറഞ്ഞിട്ട് പോയി. 15 മണിക്കൂര്‍ പവര്‍ കട്ടുണ്ടായിരുന്നു. ഇപ്പോള്‍ 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതിയുണ്ട്. 1995ന് മുമ്പ് ഗുജറാത്തിന്റെ ആളോഹരി വരുമാനം എത്രയായിരുന്നു എന്നും ഇപ്പോള്‍ എത്രയാണെന്നും നോക്കണം. എല്ലാവര്‍ക്കും ജോലി കൊടുക്കാന്‍ കഴിയില്ല. സ്വയം തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കണം. സ്റ്റാര്‍ട്ട് അപ്പുകളോ ചെറുകിട ബിസിനസോ തുടങ്ങണം.

നോട്ട് നിരോധനം വന്‍ വിജയമാണെന്ന് അമിത് ഷാ അവകാശപ്പെട്ടു. നോട്ട് നിരോധനം വന്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന റിസര്‍വ് ബാങ്കിന്റെ കണക്ക് സംബന്ധിച്ച് വിചിത്രമായ വാദമാണ് അമിത് ഷാ ഉന്നയിച്ചത്. നിരോധിച്ച നോട്ടുകളില്‍ 99 ശതമാനം തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. പക്ഷെ മുമ്പ് 80 ശതമാനം കണക്കുകളുള്ള പണമാണെന്നും 20 ശതമാനം കള്ളപ്പണമായിരുന്നുവെന്നും ഇപ്പോള്‍ ആ പ്രശ്‌നമില്ലെന്ന് വ്യക്തമാകുന്നതായുമാണ് അമിത് ഷാ പറഞ്ഞത്. നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷം കൂടുതല്‍ പേര്‍ കൃത്യമായി ആദായനികുതി അടച്ചുതുടങ്ങി. ആളുകളെക്കൊണ്ട് കൃത്യമായി ആദായനികുതി അടപ്പിച്ച് രാജ്യത്തിന്റെ വരുമാനം കൂട്ടാന്‍ നോട്ട് അസാധുവാക്കല്‍ സഹായിച്ചുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ വിവിധ പ്രദേശങ്ങളിലായി ഒരു ലക്ഷത്തില്‍ പരം യുവാക്കള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അമിത് ഷായുമായി സംവദിച്ചതായാണ് ബിജെപി പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍