UPDATES

ട്രെന്‍ഡിങ്ങ്

ജോലിയെടുക്കുന്ന സ്ത്രീകള്‍ നിങ്ങളീ പറഞ്ഞതു പോലെ അവിഹിതം ഒറ്റക്കുണ്ടാക്കുമോ?

ആണധികാരത്തിന്റെ അടിത്തറ ഇളകുന്നതിലെ ഭയമാണ് മുജാഹിദ് ബാലുശേരിയെക്കൊണ്ട് ഇത് പറയിപ്പിച്ചത്

മുമ്പൊരിക്കല്‍ എഴുതിയ കാര്യമാണ്. ‘കല്ല്യാണം വരെ നിനക്കു പഠിക്കാം ജോലിക്കൊന്നും ശ്രമിക്കണ്ട, എനിക്കു ജോലിയുണ്ടല്ലോ, വീട്ടിലൊരു ഫോണുണ്ട് അത് നിനക്കുമുപയോഗിക്കാം’.

ഈയടുത്ത് കുടുംബത്തില്‍ നടന്ന വിവാഹാലോചനയിലെ പ്രസക്തമായ ഭാഗമാണത്. ഇതിന് പെണ്‍കുട്ടി കൊടുത്ത മറുപടി ഇങ്ങനെയാണ്, ‘എന്റെ ഉമ്മയെ കല്യാണം കഴിച്ചതിന് ശേഷമാണ് ഉമ്മ പഠനം പൂര്‍ത്തിയാക്കിയതും ജോലി നേടിയതും. അതു കൊണ്ട് തന്നെ നിങ്ങള്‍ പറയുന്നതിനോട് എനിക്ക് യോജിക്കാനാവില്ല.’ ശേഷം എന്തായിക്കാണുമെന്ന് ഊഹിക്കാമല്ലോ.

മുസ്ലീം പെണ്‍കുട്ടികള്‍ പഠനകാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് നമ്മള്‍ കാണാറുണ്ട്. അതില്‍ മിക്കവരും തുടര്‍പഠനത്തിന്റെ വെളിച്ചം കാണാതെ മറ്റിടങ്ങളിലേക്ക് ചേക്കേറാനോ ജോലിക്ക് പോകാന്‍ ആണിന്റെ സമ്മതം കാത്ത് നില്‍ക്കുന്നവരുമാണ്. തുടര്‍ പഠനത്തിന് പോയാലോ ജോലിക്ക് പോയാലോ പെണ്ണ് ചീത്തയാവുമെന്ന് പറയുന്നവരോട്, പെണ്ണിന് ആ ഒരൊറ്റ ഓപ്ഷന്‍ മാത്രമേ ഉള്ളൂ എന്ന് വിചാരിക്കുന്നുവോ നിങ്ങള്‍.? പെണ്ണെങ്ങെനെയാണ് ചീത്തയായിപ്പോവുന്നത്.? (മുദ്ര ശ്രദ്ധിക്കണം, ഇവിടെ വെളിയിലിറങ്ങിയാല്‍ പെണ്ണ് നശിച്ചു.) ‘സ്ത്രീ ജോലിക്ക് പോയാല്‍ വീട് നശിക്കും കുടുംബം നശിക്കും’.. എന്ത് വൃത്തികെട്ട പ്രസ്തവനയാണിത്. എവിടെയാണ് പ്രശ്‌നമെന്നറിയുമോ.? പുരുഷനാണ് സമൂഹത്തിലിറങ്ങി നടക്കേണ്ടവനെന്നും വീട്ടുജോലി പെണ്ണിന്റെ മാത്രം ഉത്തരവാദിത്തമാണെന്നുമുള്ള കാഴ്ചപ്പാട് മാറാത്തിടത്തോളം ഇത്തരം വിഢിത്തങ്ങള്‍ ഇനിയുമുണ്ടാകും.

ഒത്തിരി പഠിച്ചിട്ടും ജോലിക്ക് പോകാനോ എന്തിന് പുറത്തേക്കൊന്നിറങ്ങണമെങ്കില്‍ പോലും വീട്ടിലെ ആണിന്റെ സമ്മതം കാത്തു നിക്കേണ്ടി വരുന്ന എത്രയോ സ്ത്രീ ജന്മങ്ങള്‍ നാട്ടിലുണ്ട്. ഇങ്ങനെ വിഢിത്തം വിളമ്പാന്‍ ഒരുങ്ങിയിറങ്ങുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ വീട്ടിലെ സ്ത്രീകളോടൊന്നഭിപ്രായം ചോദിച്ചു നോക്കൂ. ഒരായുഷ്‌കാലം കെട്ടിയിട്ട മനസില്‍ നിന്നും പുഛത്തോടെ നിങ്ങള്‍ക്കുനേരെ അവര്‍ നെടുവീര്‍പ്പിടും ഉറപ്പ്.

ഒരു ജോലി പെണ്ണിന് നല്‍കുന്ന സുരക്ഷിതത്വം എത്രയാണെന്ന് നിങ്ങള്‍ക്കറിയാമോ.? അറിയാന്‍ വഴിയില്ല. സാമ്പത്തിക കാര്യങ്ങളില്‍, എന്തിന് സ്വന്തം കാര്യത്തിലോ മക്കളുടെ വിവാഹക്കാര്യത്തിലടക്കം പോലും അഭിപ്രായം പറയാനോ ഉയര്‍ന്ന് സംസാരിക്കാനോ പറ്റാത്ത വിധം തീര്‍ത്തും നിസഹായരാക്കിത്തീര്‍ത്ത പെണ്ണുങ്ങളെ മാത്രമല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളൂ.

‘ആവശ്യമുള്ളതൊക്കെ ഞാനവള്‍ക്ക് കൊടുക്കുന്നുണ്ട്’, ശരിയാണ് പക്ഷെ അവളുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കുന്നതും പലപ്പോഴും നിങ്ങള്‍ തന്നെയായിരിക്കും. സ്വാതന്ത്ര്യം വേണ്ട പോലെ കൊടുക്കുന്നുണ്ട് എന്ന വാദം പോലെ. അതെങ്ങനെയാണ് വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവ് ഭാര്യയുടെ സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സൂക്ഷിപ്പുകാരനാകുന്നത്? അവളുടെ സ്വപ്നത്തിന് അവള്‍ ഒറ്റക്ക് കൂട്ടുപോയാല്‍ ആരുടെ മാനമാണിവിടെ ഇടിഞ്ഞു വീഴുക.? വീട്ടുകാര്യങ്ങളിലെ സാമ്പത്തിക കാര്യങ്ങളില്‍ എങ്ങനെയാണ് സ്ത്രീക്ക് സ്ഥാനം നഷ്ടപ്പെട്ടത്?

വിവാഹ ശേഷം ജോലിക്ക് പോയി സാമ്പത്തിക ഭദ്രത കൈവരിക്കുന്നതില്‍ എന്താന്ന് തെറ്റ്. ജോലിയെടുക്കുന്ന സ്ത്രീകള്‍ നിങ്ങളീ പറഞ്ഞ പോലെ അവിഹിതം ഒറ്റക്കുണ്ടാക്കുമോ? ആ ഒരൊറ്റ പ്രസ്താവനയിലൂടെ പുരുഷന്മാരെക്കൂടിയാണ് നിങ്ങള്‍ അപമാനിച്ചത്. സ്ത്രീയെ പരസ്പര ബഹുമാനത്തോടെ അവളുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടു പോയ അനേകം പുരുഷന്മാരെയുമാണ് നിങ്ങള്‍ കരിവാരിത്തേച്ചത്.

അത്യന്തം ബഹുമാനിക്കപ്പെടുന്ന ഒരു മതത്തിന്റെ കീഴില്‍ നിന്നുകൊണ്ട് ആയിരങ്ങള്‍ക്ക് മുന്നിലിരുന്ന് ഒരു വിഭാഗത്തിനെ ഇത്രയും മോശമായ രീതിയില്‍ അഭിസംബോധന ചെയ്യുന്നതിനെ എങ്ങനെയാണ് മത പ്രസംഗം എന്ന് പറയുക.? വെറുതെയിരിക്കുന്നവര്‍ നടത്തുന്ന കവല പരദൂഷണ ചര്‍ച്ചയുടെ ചെറിയ ഛായ തോന്നി.

ഇതു മാത്രമല്ല, ഒളിഞ്ഞും തെളിഞ്ഞും പെണ്ണിനെ താഴ്ത്തിക്കെട്ടുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. എത്ര വൃത്തികെട്ട രീതിയില്‍ ജീവിച്ചവനാണെങ്കിലും പെണ്ണ് കെട്ടാന്‍ നേരം ഫേസ്ബുക്കും വാട്‌സ്ആപ്പുമൊന്നും ഇല്ലാത്ത പെണ്ണിന് തന്നെ ഡിമാന്റ് കൂട്ടുന്നതും, ഏത് നിമിഷവും വന്ന് ചേരാവുന്ന സാങ്കല്‍പിക ജാരന്റെ മെസേജും കാത്ത് ഭാര്യയുടെ ഫേസ്ബുക്കില്‍ ചുരുണ്ട് കിടക്കുന്ന ഭര്‍ത്താവും, കല്യാണത്തിന് ശേഷം ഭാര്യയുടെ സിം മാറ്റി പഴയ സിം ഉപയോഗിക്കുന്നവരും, കല്യാണത്തിന് ശേഷം ഭാര്യയെ പഠിത്തത്തിനോ ജോലിക്കോ വിടാത്തവരും, അവളുടെ കൂട്ടുകാരുമായി എല്ലാ കോണ്‍ടാക്ടും നിര്‍ത്താന്‍ ആവശ്യപ്പെടുന്നവരും, അനങ്ങിയാല്‍ സംശയരോഗം പിടിമുറുക്കുന്നവരും, ഇതെല്ലാം മനസില്‍ കിടന്ന് വീര്‍പ്പുമുട്ടി വായിലൂടെ അശ്ലീലം പറയുന്നവരും ഒരേ ചങ്ങലയുടെ അടുത്തടുത്ത കണ്ണികളാണ്.

ദൂരസ്ഥലങ്ങളില്‍ പഠിക്കാനും ജോലിക്ക് പോകുന്നതുമൊക്കെ പെണ്ണിനെ മോശക്കാരിയാക്കാനും ആണിന്റെ മിടുക്കിനെ വര്‍ണിക്കാനുമാണ് നാട്ടുകാര്‍ക്ക് പ്രിയം.

നാട്ടുകാരെ പേടിച്ച് പെണ്ണ് ചീത്തയായിപ്പോകുമെന്ന് കരുതി എത്രയും പെട്ടെന്ന് കെട്ടിച്ചു വിടുന്ന ഏര്‍പ്പാടിന് തെല്ലും കുറവില്ലെങ്കിലും പഠിക്കാനും ജോലി നേടാനും ഒത്തിരി ഉത്സാഹത്തോടെ പെണ്‍കുട്ടികള്‍ ഇന്ന് മുന്നോട്ട് വരുന്നത് പ്രതീക്ഷാവഹമാണ്.

മുജാഹിദ് ബാലുശ്ശേരിക്ക് മറുപടി: ഇത്തരം വിഷജന്തുക്കളെ തുറന്നുകാട്ടുമ്പോള്‍ ഇസ്ലാം വിരുദ്ധത പൊക്കിപ്പിടിച്ച് വരുന്നവരോട് പുച്ഛം

പിന്നെ, പ്രസംഗം ഒത്തിരി കാലം മുമ്പുള്ളതാണ്, ശ്രദ്ധിച്ചു കേള്‍ക്കു, എന്നിട്ട് വിമര്‍ശിക്കു അതയാളുടെ വാക്കുകളല്ല എന്നൊക്കെ പറയുന്നവരോട്, സംസാരത്തിനിടക്ക് മറ്റാരുടെയെങ്കിലും വാക്കുകള്‍ നിങ്ങളുദ്ധരിക്കുന്നുണ്ടെങ്കില്‍ ഒന്നുകില്‍ നിങ്ങളതിനെ നിങ്ങളുടെ വിഷയവുമായി കൂട്ടിച്ചേര്‍ത്ത് നിങ്ങളുടെ വാദത്തെ ഒന്നുകൂടി ശക്തമാക്കാനോ അല്ലെങ്കില്‍ അതിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനോ ആയിരിക്കും. പ്രസംഗം കേട്ട ആര്‍ക്കും മനസിലാക്കാം ഇവിടെ ഉണ്ടായിരിക്കുന്നത് ആദ്യം പറഞ്ഞതാണ്. അതായത് തന്റെ വാക്കിനെ ബലപ്പെടുത്താന്‍ വേണ്ടിയാണ് നിങ്ങള്‍ മറ്റൊരാളുടെ വാക്കുകള്‍ കടമെടുത്തത് എങ്കില്‍ അതിനര്‍ത്ഥം നിങ്ങളതിനെ അംഗീകരിക്കുന്നു എന്ന് തന്നെയാണ്. പിന്നെ ഇത്തരം വഷളത്തരങ്ങള്‍ക്ക് പ്രതികരിച്ചില്ലെങ്കില്‍ അതാണ് ശരിയെന്നു വിചാരിച്ചു ഇവരെയങ്ങ് സ്ഥിരപ്പെടുത്തിക്കളയും മതത്തിന്റെ സന്ദേശകരായി. ഇവരെ കേള്‍ക്കുന്ന ആള്‍ക്കാര്‍ പെണ്ണിനെ ഇത്‌പോലെ ട്രീറ്റ് ചെയ്യും. സംശയമില്ല.

ആണധികാരത്തിന്റെ അടിത്തറ ഇളകുന്നതിലെ ഭയമാണ് അയാളെ ഇത് പറയിപ്പിച്ചത്. ഇത്രയും കാലം ഉയര്‍ന്നു കേട്ട തന്റെ വാക്കുകള്‍ക്കും മേലെ ഒരു പെണ്‍ശബ്ദമുയരുന്നതിലെ അമര്‍ഷമാണ് അയാളുടെ നാവിന്തുമ്പില്‍ അലയടിച്ചത്. ഇവിടെ ഒരു പെണ്ണോടിക്കുന്ന വാഹനം തന്നെ മറികടന്നാല്‍ മനസിലിത്തിരി കുത്ത് തോന്നുന്ന ആണുങ്ങളുണ്ട്, സ്ത്രീയിരിക്കുന്ന സ്റ്റേജിലെ ഇടം നിരസിക്കുന്ന നേതാക്കന്മാരുണ്ട്. പെണ്ണ് ഒരുപടി താഴെയാണെന്നുള്ള പൊതുബോധമാണ് മതത്തിന്റെ വാലില്‍ കെട്ടി അയാളെക്കൊണ്ടിത് പറയിപ്പിച്ചത്.

‘മുലകള്‍ വത്തക്ക പോലെ’: ചൂഴ്‌ന്നെടുക്കുന്ന വത്തക്ക അല്ല സാറേ ഇവര്‍ അല്‍ബത്തക്ക

ഒരാളോട് മാത്രമല്ല, ആ സദസിലിരുന്ന ആ ആയിരങ്ങളോടാണ്.. എത്ര മാത്രം അര്‍ത്ഥശൂന്യ മായ വാക്കുകള്‍ക്കാണ് നിങ്ങള്‍ക്ക് കാതു കൊടുക്കേണ്ടി വന്നത്. ഇത് കേള്‍പ്പിച്ചാവരുത് നിങ്ങള്‍ ആണ്‍മക്കളെ വളര്‍ത്തേണ്ടത്. അവരുടെ ഉമ്മയോട് പോലും അവര്‍ക്ക് ബഹുമാനം നഷ്ടപ്പെടും. ആണ്‍കോയ്മയുടെ ആണിക്കല്ല് ഇളകിത്തുടങ്ങിയതിന്റെ ഭയമാണിങ്ങനെ വിഡ്ഢിത്തമായി പുറത്തു വരുന്നത്. അങ്ങേയറ്റം ദേഷ്യം തോന്നുന്നുണ്ട്, എത്ര പറഞ്ഞാലും പിന്നേം പിന്നേം ഇത്തരം വിഷയങ്ങളൊക്കെ ഇത്രക്ക് മോശമായി കൈകാര്യം ചെയ്യുന്നവരോട്. ഇതിനെപ്പറ്റി എഴുതി സമയം കളയാന്‍ താല്‍പര്യമുണ്ടായിട്ടല്ല, പക്ഷെ ആ സദസിനെയോര്‍ത്ത് ഭയമുണ്ട്. വീട്ടിലുള്ള സ്ത്രീകളെ ഒരു നിമിഷമെങ്കിലും അവര്‍ സംശയിച്ചിട്ടുണ്ടാവും ഉറപ്പ്. ‘അടക്കത്തിലും ഒതുക്കത്തിലും ‘വളര്‍ത്തി കാറ്റും മഴയും കൊള്ളിക്കാതെ പാകമാവുമ്പോള്‍ തുക പറഞ്ഞുറപ്പിച്ച് കൈമാറേണ്ട കച്ചവടച്ചരക്കല്ല പെണ്ണ് തലയുയര്‍ത്തി നിന്ന് നേടിയ വിദ്യാഭ്യാസത്തെ കൈ മുതലാക്കി ആണിനെപ്പോലെ ഉന്നതങ്ങള്‍ പെണ്ണുമര്‍ഹിക്കുന്നു. ഇപ്പോ ചീത്തയാവും ഇപ്പോ ഓടിപ്പോകും എന്നൊക്കെ കരുതി ഇത്രകണ്ട് പേടിക്കേണ്ട ഒന്നല്ല കെട്ടോ പെണ്ണ്. നിങ്ങള്‍ അവള്‍ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ അവള്‍ നിങ്ങള്‍ക്കഭിമാനം കൊണ്ടു തരും. തീര്‍ച്ച.

-എന്ന് ,ഒത്തിരി അഭിമാനത്തോടെ ഒരു ജോലിക്കാരി പെണ്ണ്.

(NB :പോസ്റ്റിനെ വളച്ചൊടിച്ച് സാമ്പാറാക്കാന്‍ കാത്തിരിക്കുന്ന ഇസ്ലാമോഫോബിയക്കാര്‍ക്ക് ഒരു ലോഡ് അഡ്വാന്‍സ് പുച്ഛം )

ജോലിയുള്ള സ്ത്രീക്ക് അവിഹിതവും വൃത്തിയില്ലായ്മയും, വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുജാഹിദ് ബാലുശ്ശേരി

ഷംന കോളക്കോടൻ

ഷംന കോളക്കോടൻ

നവമാധ്യമ എഴുത്തുകാരി, ASAP ട്രെയിനര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍