UPDATES

ട്രെന്‍ഡിങ്ങ്

അയാള്‍ കെട്ടിയ താലിയുടെ ബലത്തില്‍ അയാളുടെ വീട്ടുകാര്‍ എന്നെ തല്ലുന്നു, എന്നെയവര്‍ ഭ്രാന്തിയാക്കി മുദ്ര കുത്തുന്നു; ആന്‍ലിയയുടെ പരാതികള്‍

താന്‍ എത്രമാത്രം പീഢനങ്ങളാണ് ഭര്‍തൃവീട്ടില്‍ നിന്നും സഹിക്കുന്നതെന്നതിന്റെ വെളിപ്പെടുത്തലുകളായിരുന്നു 18 പേജിലായി ആന്‍ലിയ എഴുതിയ പരാതി

താന്‍ എത്രമാത്രം പീഢനങ്ങളാണ് ഭര്‍തൃവീട്ടില്‍ നിന്നും സഹിക്കുന്നതെന്നതിന്റെ വെളിപ്പെടുത്തലുകളായിരുന്നു 18 പേജിലായി ആന്‍ലിയ എഴുതിയ പരാതി. മകളുടെ മരണത്തില്‍ നീതി തേടി പിതാവ് ഹൈജിനസ് നടത്തുന്ന പോരാട്ടങ്ങളില്‍ പ്രധാന തെളിവും ഈ പരാതിയാണ്. ഭര്‍തൃവീട്ടിലെ പീഢനം സഹിക്കാതെ വന്നപ്പോഴാണ് ആന്‍ലിയ കടവന്ത്രയിലെ ഫഌറ്റിലേക്ക് വരുന്നത്. അവിടെ വച്ചാണ് കടവവന്ത്ര പൊലീസിന് നല്‍കാന്‍ വേണ്ടി സര്‍വവും വിവരിച്ച് ഈ പരാതി എഴുതുന്നത്. പക്ഷേ, അത് പൊലീസിനു കൊടുക്കാന്‍ ആന്‍ലിയയ്ക്ക് സാധിച്ചില്ല. ഇത്തരമൊരു പരാതി ആന്‍ലിയ എഴുതിയിട്ടുണ്ടെന്നു മനസിലാക്കിയ ഭര്‍ത്താവ് ജസ്റ്റിന്‍ തന്ത്രപൂര്‍വം ആന്‍ലിയയെ പരാതി നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാം, മര്‍ദ്ദിക്കില്ല, വീട്ടില്‍ ബുദ്ധിമുട്ടിക്കില്ല തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയ ജസ്റ്റിന്‍ തന്റെ വഴിയിലേക്ക് ആന്‍ലിയയെ കൊണ്ടുവന്നു. എങ്കിലും ഹൈജിനസിന് മകളുടെ ദുരിതജീവിതത്തിന്റെ ആ പരാതി കടലാസുകള്‍ കിട്ടി. അതുവഴി ആ പെണ്‍കുട്ടി എത്രത്തോളം പീഢനങ്ങളാണ് സഹിക്കേണ്ടി വന്നതെന്നതിന്റെ വിവരം പുറംലോകത്തിനും അറിയാന്‍ കഴിഞ്ഞു.

ഹൈജിന്‍സ് വഴി മാധ്യമങ്ങള്‍ക്ക് കിട്ടിയ ആന്‍ലിയയുടെ പരാതിയില്‍ ജസ്റ്റിനും കുടുംബവും തന്നോട് ചെയ്തുകൊണ്ടിരുന്ന ക്രൂരതകളാണ് വിവരിക്കുന്നത്. എന്നെ ഒരു ഭ്രാന്തിയാക്കി ചിത്രീകരിക്കുകയാണ് ജസ്റ്റിനും കുടുംബവും എന്ന് ആന്‍ലിയ ഈ പരാതിയില്‍ കുറിക്കുന്നു. എന്റെ കുഞ്ഞിനേയും കൊണ്ട് എത്രനാള്‍ ഈ പീഢനം സഹിക്കുമെന്ന് ആന്‍ലിയ ചോദിക്കുന്നു. വിദ്യാഭ്യാസമുള്ള ഒരു പെണ്ണാണ്. എന്നെ ഒരു ഭ്രാന്തിയായി മുദ്രകുത്തുന്നു. സൈക്യാട്രിസ്റ്റിനോട് ഇയാള്‍ ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞ് എന്നെ മെഡിസിന്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. കുഞ്ഞിനെ കാണിക്കാന്‍ കൊണ്ടുപോകുന്നു എന്ന പേരിലാണ് എന്നെ നിര്‍ബന്ധിച്ച് എന്നെ ഹോസ്പിറ്റിലില്‍ കൊണ്ടുപോയത്; ആന്‍ലിയ എഴുതിയിരിക്കുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ ജസ്റ്റിന്റെ ഉദ്ദേശം മനസിലാക്കി പ്രതിരോധിക്കാന്‍ ശ്രമിച്ച ആന്‍ലിയയെ ഡോക്ടറുടെ മുറിയിലേക്ക് തള്ളിക്കയറ്റുകയാണ് ചെയ്തതെന്നും ഹൈജിനസ് ആരോപിക്കുന്നു. തനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ജോലി ചെയ്തിരുന്നിടത്തും പഠിച്ചിടത്തും നാട്ടുകാരോടും ചോദിക്കാനും ആന്‍ലിയ പൊലീസിന് നല്‍കാന്‍ എഴുതിയ പരാതിയില്‍ പറയുന്നുണ്ട്.

ജസ്റ്റിന്റെയും വീട്ടുകാരുടെയും ഉപദ്രവം കൂടാതെ തനിക്ക് ജീവിക്കണമെന്നും ജസ്റ്റിന്റെ കൂടെ പേടിയില്ലാതെ ജീവിക്കണമെന്നും ആ പരാതിയില്‍ ആന്‍ലിയ പറയുന്നുണ്ട്. താലി താന്‍ ഊരിമാറ്റിയെന്നും ജസ്റ്റിന്‍ കെട്ടിയ താലിയുടെ ബലത്തില്‍ ജസ്റ്റിന്റെ വീട്ടുകാര്‍ തന്നെ വരുന്നേ എന്നും ആന്‍ലിയ പരാതിപ്പെടുന്നുണ്ട്. എന്റെ കുഞ്ഞിന് ഒരു അപ്പന്‍ വേണം, എനിക്ക് എന്റെ ഭര്‍ത്താവ് വേണം. എനിക്ക് വേറെ ആരുമില്ല. എന്റെ വീട്ടുകാരും ഇവിടെ ഇല്ല. എന്റെ അപേക്ഷ ദയാപൂര്‍വം സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും എന്ന വിശ്വാസത്തോടെ നിര്‍ത്തുന്ന ആ പരാതി ആന്‍ലിയ എഴുതി നിര്‍ത്തുന്നത് ഇങ്ങനെയായിരുന്നു.

എന്നാല്‍ ആന്‍ലിയയെ കുറിച്ച് ജസ്റ്റിനും കുടുംബവും പൊലീസിന് നല്‍കിയ മൊഴിയില്‍ തന്റെ മകള്‍ മാനസിക വെല്ലുവിളി നേരിടുന്നവളായി ചിത്രീകരിച്ചിരുന്നുവെന്നും ആന്‍ലിയയെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച രേഖയും പൊലീസിന് നല്‍കിയിരുന്നുവെന്നും ഇത് പൊലീസ് വിശ്വാസത്തിലെടുത്തതുകൊണ്ടാണ് തൃശൂര്‍ എസിപി അന്വേഷിച്ച കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകാതിരുന്നതെന്നും ഹൈജിനസ് ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍