UPDATES

ട്രെന്‍ഡിങ്ങ്

ഞാനിപ്പോഴും താമസിക്കുന്നത് ചേരിയിലാണ്, ഞങ്ങളിപ്പോഴും ദളിതരാണ്; പാ രഞ്ജിത്ത്

ദളിത് വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിച്ചേ മതിയാകൂ

തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനി അനിതയുടെ ആത്മഹത്യ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഉയര്‍ത്തുന്നതിനിടയില്‍ അത് മറ്റൊരു സംവാദത്തിനും കൂടി കാരണമാകുന്നു. നീറ്റ് പരീക്ഷയ്‌ക്കെതിരേ കോടതിയില്‍ കേസ് കൊടുക്കുകയും പിന്നീട് മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ വന്നതിനെ തുടര്‍ന്നും ആത്മഹത്യ ചെയ്ത അനിതയുടെ മരണം ഒരു ദളിത് പ്രശ്‌നം കൂടിയായി കാണണമെന്നാണ് ആവശ്യം. അതിനെ അങ്ങനെയൊരു കണ്ണിലൂടെ കാണേണ്ടതില്ലെന്ന അഭിപ്രായപ്രകടനങ്ങള്‍ക്കെതിരേ എതിര്‍പ്പുയരുകയാണ്.

ചെന്നെയില്‍ നടന്ന ഒരു സമര പരിപാടിക്കിടയില്‍ അനിതയുടെ മരണം ഒരു ദളിത് വിഷയമായി കാണേണ്ടതില്ലെന്നു സംവിധായകന്‍ അമീര്‍ പ്രസംഗിക്കുകയും അതിനെതിരേ അതേ വേദിയില്‍ തന്നെ സംവിധായകന്‍ പാ രഞ്ജിത്ത് തന്റെ രോഷം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

അമീറിന്റെ കാഴ്ചപ്പാടിനെ രഞ്ജിത് ശക്തിയുക്തം എതിര്‍ക്കുകയായിരുന്നു. ഞങ്ങള്‍ ജീവിക്കുന്നത് ദളിതരായാണ്. ഇന്നും വേര്‍തിരിവുണ്ട്. എല്ലായിടത്തും ദളിതര്‍ക്ക് വേറെയിടമാണ്. ഞാനിന്നും ഒരു ചേരിയിലാണ് ജീവിക്കുന്നത്. ഈ വേര്‍തിരിവില്ലാത്ത ഒരു ഗ്രാമം എങ്കിലും നിങ്ങള്‍ക്ക് കാണിച്ചു തരാമോ? രഞ്ജിത്ത് ചോദിച്ചു.

രഞ്ജിത്തിനോട് ഭാഗികമായി യോജിച്ചുകൊണ്ട് അമീര്‍ പ്രതികരിച്ചത് ജാതി വിവേചനം ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും നമ്മള്‍ അവിടെ നിന്നെല്ലാം ഒരുപാട് മുന്നോട്ടു പോയിട്ടില്ലേ എന്നായിരുന്നു. അനിതയുടെ മരണം ജാതിവിവേചനത്തിന്റെ കണ്ണിലൂടെ കാണേണ്ടതില്ലെന്നും അമീര്‍ പറഞ്ഞു. എന്നാല്‍ ഇതു സമ്മതിച്ചു കൊടുക്കാന്‍ രഞ്ജിത്ത് തയ്യാറായില്ല. ജാതി വിവേചനം നിലനില്‍ക്കുന്നു എന്ന് അംഗീകരിച്ചേ മതിയാവൂ, അങ്ങനെയല്ലാതെ എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും? ഇനിയും എത്രനാള്‍ നിങ്ങള്‍ തമിഴന്‍ തമിഴന്‍ എന്നു പറഞ്ഞു നടക്കും? രണ്ടായിരം വര്‍ഷത്തെ അനുഭവത്തിന്റെ ദേഷ്യത്തിലാണ് രഞ്ജിത്ത് സംസാരിക്കുന്നതെന്നുകൂടിയുള്ള അമീറിന്റെ പരാമര്‍ശത്തോടു കൂടിയുള്ള വിയോജിപ്പ് പ്രകടമാക്കി കൊണ്ട് കബാലി സംവിധായകന്‍ തുറന്നടിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍