UPDATES

ട്രെന്‍ഡിങ്ങ്

‘രാജ്യം നേരിടാൻ പോവുന്നത് വലിയ വെല്ലുവിളികൾ, ഇനിയും തുടരുന്നത് അധാർമികം’; ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജി വച്ചു

രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന അഭിലാഷങ്ങൾ പരാജയപ്പെടുന്ന ഈ ദിവസങ്ങളാണ് ഇപ്പോൾ കടന്നു പോവുന്നത്.

ദാദ്ര, നഗർ ഹവേലി സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന മലയാളി ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ രാജി വച്ചതിന് പിന്നാലെ മറ്റൊരു ഉദ്യോഗസ്ഥനും സർവീസിൽ നിന്നും പുറത്തേക്ക്. ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറും 2009 കർണാടക കേഡർ ഐഎഎസ് ഓഫീസറുമായ എസ് ശശികാന്ത് സെന്തിലാണ് ഇന്ന് സിവിൽ സര്‍വ്വീസിൽ നിന്നും രാജിവച്ചത്.

സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താൻ സാഹചര്യമില്ലെന്നായിരുന്നു കണ്ണൻ ഗോപിനാഥൻ രാജിവച്ചതെങ്കിൽ ജനാധിപത്യത്തിന്റെ അടിത്തറ തകർന്നുകൊണ്ടിരിക്കുമ്പോൾ സിവിൽ സർവീസിൽ തുടരുക അധാർമികമാണെന്ന് ശശികാന്ത് സെന്തിൽ പറയുന്നത്. രാജ്യത്തിന്റെ ഭാവിയിൽ ഇനി വരാനിരിക്കുന്നത് കൂടുതൽ വെല്ലുവിളികളാണെന്നും ഈ സമയത്ത് സിവിൽ സർവീസിന് പുറത്ത് നിൽക്കുന്നതാണ് നല്ലതെന്നും സെന്തിൽ തന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നതായി ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, രാജി തീർത്തും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഇപ്പോൾ താൻ വഹിക്കുന്ന മംഗലാപുരം ഡിസ്ട്രിക്റ്റ് കമ്മീഷണർ പോസ്റ്റിന് രാജിയുമായി യാതൊരു ബന്ധവുമില്ലെന്നും കത്തിൽ പറയുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും ഞാൻ ക്ഷമ ചോദിക്കുന്നു. അവരോടൊപ്പമുള്ള പ്രവർത്തനാനുഭവങ്ങള്‍ അവിസ്മരണീയമാണ്. എന്നെ ഏൽപിച്ച ജോലി പാതിവഴിയിൽ ഉപേക്ഷിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നെന്നും പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.

രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന അഭിലാഷങ്ങൾ പരാജയപ്പെടുന്ന ഈ ദിവസങ്ങളാണ് ഇപ്പോൾ കടന്നു പോവുന്നത്. ഈ സാഹചര്യത്തിൽ സിവിൽ സർവീസിൽ തുടരുന്നതിൽ അർത്ഥമില്ല. നമ്മുടെ ജനാധിപത്യ അടിത്തറ തകർന്നുകൊണ്ടിരിക്കുകയാണ്, സാഹചര്യത്തിൽ ധാർമ്മികമായി ഈ തൊഴിലിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യം അടുത്ത ദിവസങ്ങളിൽ കൂടുതൽ വഷളാകും. എന്നാൽ സിവിൽ സർവീസിന് പുറത്താണെങ്കിൽ രാജ്യത്തിന്റെ വികസനത്തിനായി, ജനങ്ങൾക്ക് വേണ്ടി എനിക്ക് കൂടുതൽ ഇടപെടാൻ കഴിയുമെന്നും അദ്ദേഹത്തിന്റെതായി പുറത്ത് വന്ന കത്തില്‍ പറയുന്നു.

2008 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തിൽ ഒൻപതാം റാങ്കോടെ പരീക്ഷ ഐഎഎസ് സ്വന്തമാക്കിയ വ്യക്തിയാണ്. 2009 മുതൽ 2012 വരെ ബെല്ലാരിയിലെ അസിസ്റ്റന്റ് കമ്മീഷണറായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ ഷിവമോഗ ജില്ലാ പഞ്ചായത്തിലെ സിഇഒ, ചിത്രദുർദഗ, റായിച്ചൂർ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2016 മുതൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായും പ്രവർത്തിക്കുന്നു. 2017ലാണ് ദക്ഷിണ കന്നഡയുടെ ഡെപ്യൂട്ടി കമ്മീഷണറായി അദ്ദേഹം ചുമതലയേറ്റത്.

40 വയസുകാരനും തമിഴ് നാട് സ്വദേശിയുമായ സെന്തിൽ തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലക്ക് കീഴിലെ റീജിണൽ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് ബിഇ ഇലക്ട്രോണിക്സ് പാസായ ശേഷമാണ് സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍