UPDATES

എജെ ഫിലിപ്പ്

കാഴ്ചപ്പാട്

എജെ ഫിലിപ്പ്

ട്രെന്‍ഡിങ്ങ്

ശ്രീ ഫിലിപ്പും, മിസ്റ്റര്‍ ഫിലിപ്പും ശ്രീ മുരളീധരനും: മോദി സര്‍ക്കാരിലെ മന്ത്രിയാകാത്ത, പൊതുരംഗത്ത് നിന്ന് മാഞ്ഞുപോയൊരു മുരളീധരനെക്കുറിച്ച്

“നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയാള്‍ അല്ല എന്റെ കത്തെഴുത്തുകാരന്‍ സുഹൃത്ത്. ഇത് മറ്റൊരു മുരളീധരനാണ്”.

കത്തുകളിലൂടെയാണ് മുരളീധരന്‍ എന്റെ സുഹൃത്തായത്. എല്ലായ്‌പ്പോഴും പോസ്റ്റ് കാര്‍ഡിലാണ് അയാളുടെ കത്തുകള്‍. മനോരഹരമായ കയ്യക്ഷരമാണ് അദ്ദേഹത്തിന്റേത്. വളരെ ഒതുക്കമുള്ള ഭാഷ. “നമസ്‌തേ” എന്ന് പറഞ്ഞാണ് എല്ലാ കത്തുകളും തുടങ്ങുക. തുടര്‍ന്ന് “പ്രിയപ്പെട്ട ശ്രീ എജെ ഫിലിപ്പ്” എന്ന് അഭിസംബോധന. എന്റെ പേരിന് മുമ്പ് ഈ ‘ഭയങ്കരമായ’ ശ്രീ ആദ്യമായി ഉപയോഗിച്ചത് മുരളീധരന്‍ ആണ്. പക്ഷെ എനിക്കത് ഇഷ്ടമാണ്. കാരണം ഇംഗ്ലീഷിലെ ‘മിസ്റ്റര്‍’ എന്ന് ഉപയോഗിക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് ഈ ‘ശ്രീ’.

ഒരു ഇന്ത്യക്കാരന് കത്തെഴുതുമ്പോള്‍ ഞാന്‍ മിസ്റ്റര്‍ എന്നതിന് പകരം ശ്രീ എന്ന് ഉപയോഗിക്കാനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നത്. എനിക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു മോശം അനുഭവമുണ്ടായി. ഡല്‍ഹിയില്‍ ഒരു ബ്രാഹ്മണ സുഹൃത്തുമായി ഞാന്‍ തര്‍ക്കിക്കാനിടയായി. ഞാന്‍ അയാളെ ‘ശ്രീ’ എന്ന് ചേര്‍ത്ത് പേര് വിളിച്ചപ്പോള്‍ അയാള്‍ എന്നെ അഭിസംബോധന ചെയ്തത് മിസ്റ്റര്‍ ഫിലിപ്പ് എന്ന് വിളിച്ചാണ്. ഞാന്‍ നിങ്ങളെ ശ്രീ എന്ന് വിളിച്ചപ്പോള്‍ നിങ്ങള്‍ എന്നെ മിസ്റ്റര്‍ എന്ന് വിളിച്ചത് എന്തുകൊണ്ടാണ് എന്ന് ഞാന്‍ ചോദിച്ചു. അയാള്‍ എന്നോട് പറഞ്ഞത് ഇന്ത്യന്‍ അഭിസംബോധനയായ ശ്രീ എന്ന വിശേഷണത്തിന് ഞാന്‍ അര്‍ഹനല്ല എന്നാണ്. എനിക്ക് വളരെയധികം വിഷമം തോന്നി. ഞാനത് എന്റെ സുഹൃത്ത് വിജയന്‍ പുന്നത്തൂരിനോട് പറഞ്ഞു.

ALSO READ: വി മുരളീധരന്‍ ഇത്തവണത്തെ ഒരേയൊരു വിദേശകാര്യ സഹമന്ത്രി

കത്തെഴുത്തുകാരനിലേയ്ക്ക് തിരിച്ചുവന്നാല്‍ അയാള്‍ എന്നെ കാണാന്‍ താല്‍പര്യപ്പെട്ടു. കൊട്ടാരക്കരയില്‍ ഒരു ദിവസം വരാമോ എന്ന് ചോദിച്ചു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കെഎസ്ആര്‍ടിസി എക്‌സ്പ്രസ് ബസില്‍ യാത്ര ചെയ്യുകയായിരുന്നു മുരളീധരന്‍. കൊട്ടാരക്കരയില്‍ ബസ് എത്തുന്ന ഏകദേശ സമയം പറഞ്ഞുതന്നു. ഞാന്‍ കൊട്ടാരക്കര ബസ് സ്റ്റാന്‍ഡിലെത്തി. എന്റെ സുഹൃത്ത് മുന്‍ സീറ്റിലുണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ പരസ്പരം തിരിച്ചറിയാനായി. ഈ സമയം ബസിലെ ബാക്കി യാത്രക്കാരെല്ലാം രാവിലത്തെ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. ഞങ്ങള്‍ ബസിനടുത്ത് സംസാരിച്ചുകൊണ്ട് നിന്നു. വെള്ള ഫുള്‍കൈ ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു അയാളുടെ വേഷം. കൈയിലൊരു ലെതര്‍ ബാഗ്. കറുത്ത ഷൂ. ബാഗ് ആണ് ഓഫീസ് എന്ന് അയാള്‍ എന്നോട് പറഞ്ഞു. ബാഗിലെന്താണ് ഉള്ളത് എന്ന് തുറന്നുകാണിച്ചു.

ഇതില്‍ നിറയെ പോസ്റ്റ് കാര്‍ഡുകളുണ്ടായിരുന്നു. അയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയിരുന്നത് ഈ പോസ്റ്റ് കാര്‍ഡുകള്‍ വഴിയാണ്. ആശയവിനിമയത്തിനുള്ള ഏറ്റവും ചിലവ് കുറഞ്ഞ വഴിയാണെന്നും ഏറ്റവും ഫലപ്രദമായി തോന്നുന്നതായും അയാള്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും ബസുകളില്‍ നിന്നും കത്തുകളെഴുതാറുണ്ട് എന്നും അയാള്‍ പറഞ്ഞു. ആ സമയം എബിവിപിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു  മുരളീധരന്‍. ഞങ്ങളുടെ സംഘടനയില്‍ പ്രസിഡന്റ് ഒരു കോളേജ് പ്രൊഫസറെ പോലെയാണ്. ഒരു തരം ഗുരുശിഷ്യ ബന്ധത്തിന്റെ പാരമ്പര്യം. സെക്രട്ടറിക്കാണ് പ്രസിഡന്റിനേക്കാള്‍ ജോലിയുള്ളത് എന്ന് അയാള്‍ പറഞ്ഞു. യാത്രക്കാര്‍ തിരിച്ചെത്തി. ബസ് പുറപ്പെട്ടു. അതുകൊണ്ട് കൂടുതല്‍ സംസാരിക്കാനായില്ല. ഞങ്ങള്‍ പിന്നീടും ബന്ധപ്പെട്ടു. പോസ്റ്റ് കാര്‍ഡുകള്‍ വഴി മാത്രം.

ആര് കത്തെഴുതിയാലും അതിന് മറുപടി എഴുതുന്നയാളാണ് അയാള്‍. എപ്പോളും യാത്രയിലായിരുന്നു. ഞങ്ങളുടെ കോളേജ് ആയ, കോഴഞ്ചേരിയിലെ സെന്റ്.തോമസ് കോളേജില്‍ വരാന്‍ അയാള്‍ താല്‍പര്യപ്പെട്ടു. ഞങ്ങള്‍ അതിന് അവസരമുണ്ടാക്കി. അങ്ങനെ അയാള്‍ കോളേജിലെത്തി. അയാള്‍ എത്തിയപ്പോള്‍ ക്ലാസുകള്‍ കഴിഞ്ഞിരുന്നു. വളരെ കുറച്ചുപേര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. പിന്നെ യോഗം എവിടെ നടത്താം എന്നതായി ആലോചന. ഒരു ഒഴിഞ്ഞ ഓപ്പണ്‍ എയര്‍ സ്റ്റേജുണ്ടായിരുന്നു. അവിടെ കൂടി. അയാള്‍ എബിവിപിയെക്കുറിച്ച് അല്‍പ്പനേരം സംസാരിച്ചു. കോളേജില്‍ എബിവിപിയുടെ യൂണിറ്റ് തുടങ്ങേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് സംസാരിച്ചു. പരിപാടി കഴിഞ്ഞ് അയാളെ ബസ് സ്‌റ്റോപ്പില്‍ കൊണ്ടുവിടാന്‍ ഞങ്ങള്‍ക്ക് വാഹനങ്ങളുണ്ടായിരുന്നില്ല. അയാള്‍ അങ്ങനെ ആവശ്യപ്പെട്ടതുമില്ല. ബസ് സ്റ്റാന്‍ഡ് വരെ ഞാന്‍ അയാളെ അനുഗമിച്ച് നടന്നു. വഴിയില്‍ ഒരു റസ്റ്റോറന്റില്‍ കയറി ഞങ്ങള്‍ ചായയും കടിയും വാങ്ങി. ഞാന്‍ അയാളെ ഏറ്റവും ഒടുവില്‍ കണ്ടത് അന്നാണ്. ഞങ്ങള്‍ പിന്നെയും  എഴുത്ത് ഇടപാടുകള്‍ തുടര്‍ന്നു. പിന്നെ ഞാന്‍ ജോലി തേടി കേരളം വിട്ടു.

മുരളീധരനില്‍ നിന്ന്‌ നിന്ന് ഞാന്‍ പഠിച്ച നല്ലൊരു കാര്യം ‘മിസ്റ്റര്‍’ എന്നതിന് പകരം ‘ശ്രീ’ എന്ന് ഉപയോഗിക്കുക എന്നതാണ്. ഞാന്‍ മിസ്റ്റര്‍ എന്ന് വിളിക്കുന്നത് വിദേശികളെ മാത്രമാണ്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയാള്‍ അല്ല എന്റെ കത്തെഴുത്തുകാരന്‍ സുഹൃത്ത്. അത് മറ്റൊരു മുരളീധരനാണ്. സംഘടനയില്‍ നിന്നും പൊതുജീവിതത്തില്‍ നിന്നും മാഞ്ഞുപോയ ഒരു  മുരളീധരന്‍.

അദ്ദേഹം മന്ത്രി മുരളീധരനേക്കാളും 10 വര്‍ഷമെങ്കിലും മുതിര്‍ന്നയാളാണ്. “Narendra Modi: Creative Disrupter: The Maker of New India” എന്ന പുസ്തകം രചിച്ച ആര്‍ ബാലശങ്കറും സീനിയര്‍ മുരളീധരനെക്കുറിച്ച് പറയുന്നുണ്ട്. പക്ഷെ കേരളത്തില്‍ എബിവിപിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളായ ആ മുരളീധരന്‍ എവിടെയാണ് എന്ന്‌ അദ്ദേഹത്തിന് അറിയില്ല. എബിവിപി ജനറല്‍ സെക്രട്ടറിയായിരിക്കെ ജൂനിയര്‍ മുരളീധരന് പിന്നീട് സഹായകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സീനിയര്‍ മുരളീധരനെ കണ്ടെത്താന്‍ ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക് എന്നെ സഹായിക്കാമോ? മംഗളം ഭവിക്കട്ടെ, ശ്രീ വി മുരളീധരന്‍.

ALSO READ: നായനാരെ ‘വിറപ്പിച്ച’ മുരളീധരന്‍, തലശ്ശേരിയിലെ വീട്ടിലേക്ക് ഇനിയെത്തുന്നത് കേന്ദ്രമന്ത്രിയായി

എജെ ഫിലിപ്പ്

എജെ ഫിലിപ്പ്

ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ദ ട്രിബ്യൂണ്‍, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ദീപാലയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്‍. കായംകുളം സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍