UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധ പ്രചരണം: പിന്നില്‍ മതമല്ല, അന്ധവിശ്വാസികള്‍

ലോകാരോഗ്യ സംഘടനയുടെ ഡല്‍ഹി ഓഫിസിലെ വാക്സിനേഷന്‍ വിഭാഗത്തില്‍ ഏറ്റവുമധികം തവണ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് മലപ്പുറം. ഇത് ഈ ലേഖകനോട് പറഞ്ഞത് മറ്റാരുമല്ല ലോകാരോഗ്യ സംഘടനയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി തന്നെയാണ്. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 640ഉം ഇപ്പോഴത്തെ ഔദ്യോഗികമല്ലാത്ത കണക്കുകള്‍ പ്രകാരം ഏകദേശം 710ഉം ജില്ലകളുള്ള ഒരു രാജ്യത്താണ് ‘മലപ്പുറം’ വേറിട്ട് നില്‍ക്കുന്നത്.

വാക്സിനേഷന്‍ രംഗത്ത് രാജ്യം നടപ്പാക്കിയ പദ്ധതികളിലെല്ലാം പ്രത്യേക പരിഗണന മലപ്പുറത്തിന് ലഭിച്ചിരുന്നു. മിഷന്‍ ഇന്ദ്രധനുസ് അടക്കമുള്ള കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പദ്ധതികളിലെല്ലാം ജില്ലയ്ക്ക് പരിഗണന ലഭിച്ചത് കേരളം മുഴുവന്‍ ആരോഗ്യ മേഖലയില്‍ മുന്നോട്ട് പോയപ്പോഴും മലപ്പുറം കിതച്ചു കൊണ്ടിരുന്നതിനാലാണ്. ഈ സ്ഥിതിക്ക് കാര്യമായ മാറ്റമൊന്നും ഇപ്പോഴും വന്നിട്ടില്ല. സമീപകാലത്ത് ഉണ്ടാകാനുള്ള സാധ്യതകളിലേക്കാണ് ലോകാരോഗ്യ സംഘടന അടക്കം പ്രതീക്ഷ അര്‍പ്പിക്കുന്നത്.

ആരോഗ്യ മേഖലയിലെ ക്യാംപെയിനുകള്‍ക്ക് ആരെത്തിയാലും പ്രധാനമായും ആശ്രയിക്കുക പാണക്കാട് കുടുംബത്തിലെ നേതാവിനെയാണ്. അദ്ദേഹത്തിന്റെ വാക്കിന് മലപ്പുറവും, മുസ്ലിം സമുദായവും നല്‍കുന്ന പ്രാധാന്യം തന്നെയാണ് ഇതിന് കാരണം. പോളിയോ വാക്സിന്‍ വിതരണം ഉദ്ഘാടനം അടക്കം വിവിധ പരിപാടികളില്‍ പാണക്കാട് തങ്ങള്‍മാരുടെ സാന്നിധ്യം ജില്ലാ ആരോഗ്യ വകുപ്പ് പലവട്ടം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയില്‍ ഇപ്പോള്‍ അടുത്തു വരുന്ന മീസല്‍സ്-റൂബെല്ലാ വാക്സിനേഷന്‍ ക്യാംപെയിനും ഇതേ മാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്.

വാക്സിനേഷനുകളോട് എന്തുകൊണ്ട് മലപ്പുറം മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്നതിന്റെ കാരണത്തെ ഒരു പരിധിവരെ മാത്രമേ സാമുദായികം എന്ന് വിളിക്കാനാകൂ. ഒരു വിഭാഗം ചികില്‍സകരും, ചില പ്രത്യേക സംഘടനകളും, വ്യക്തികളുമാണ് പ്രധാനമായും ജില്ലയില്‍ വാക്സിന്‍ വിരുദ്ധ ക്യാംപെയിനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഭയപ്പെടുത്തി ക്യാംപെയിനില്‍ നിന്ന് രക്ഷിതാക്കളെ പിന്തിരിപ്പിക്കാനാണ് ഇവരുടെ ശ്രമം.

മരുന്നു കമ്പനികളുടെ കച്ചവടമാണ് വാക്സിനേഷന്‍ ക്യംപെയിനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ഇവരുടെ ആരോപണം. ഒപ്പം ചെറിയൊരു വിഭാഗം കരുതുന്നു ഇത് അവരുടെ വിശ്വാസത്തില്‍ മേലുള്ള കടന്നു കയറ്റമാണെന്ന്. പക്ഷേ ഇന്ന് മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗം ഇതില്‍ നിന്ന് പുറത്തു കടന്നിരിക്കുന്നു. അവരുടെ പൂര്‍ണ പിന്തുണയും വാക്സിനേഷന്‍ ക്യാംപെയിനുണ്ട്.

വലിപ്പത്തില്‍ വാക്സിനേഷന്‍ ക്യാംപെയിനെ എതിര്‍ക്കുന്നവര്‍ വളരെ ചെറിയ വിഭാഗമാണെങ്കിലും അവരുയര്‍ത്തുന്ന ഭീതിയുടെ പ്രതികരണങ്ങളുടെ വ്യാപ്തി കൂടുതലാണ്. ഇന്ത്യയിലെ ജനസംഖ്യ കുറയ്ക്കാനുള്ള വിദേശ രാജ്യങ്ങളുടെ തന്ത്രമാണ് വാക്സിനേഷന്‍, കുത്തക മരുന്നു കമ്പനികള്‍ക്ക് കാശുണ്ടാക്കാനുള്ള ഉപാധിയാണ്, രാജ്യത്തിന്റെ ഭാവി തലമുറയെ രോഗികളാക്കാനുള്ള ശത്രു രാജ്യത്തിന്റെ തന്ത്രമാണ് എന്നൊക്കെയുള്ള രീതിയിലാണ് വാക്സിനേഷന്‍ വിരുദ്ധ ക്യാംപെയിന്‍ മുന്നോട്ട് പോകുന്നത്.

പരസ്യമായ പ്രചരണങ്ങളില്‍ നിന്ന് ഇക്കൂട്ടര്‍ പിന്നോട്ട് പോയിട്ടുണ്ട്. പക്ഷേ നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തി വാക്സിന്‍ വിരുദ്ധ ക്യാംപെയിന്‍ ജില്ലയില്‍ ഇപ്പോഴും സജീവമാണ്. മീസല്‍-റൂബെല്ലാ വാക്സിന്‍ സ്വീകരിച്ച കുട്ടികള്‍ ശ്വാസം കിട്ടാതെ പിടയ്ക്കുന്ന വീഡിയോ അടക്കം യൂട്യൂബില്‍ ലഭ്യമാണ് എന്ന തരത്തിലാണ് ഇവരുടെ പ്രചരണം. വാക്സിന്‍ സ്വീകരിച്ച കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുകയോ, തുടര്‍ ചികില്‍സാ സൗകര്യങ്ങള്‍ ലഭിക്കുകയോ ചെയ്യില്ലെന്ന് ഇവര്‍ പറയുന്നു.

വാക്സിനേഷന്റെ ദിവസം അടുത്തു വരുന്നതോടെ ഇവരുടെ പ്രചരണം കൂടുതല്‍ ശക്തമാവുകയാണ്. ഈ കൂട്ടരും സ്‌കൂളുകളും, സമുദായങ്ങളും കേന്ദ്രീകരിച്ച് തന്നെയാണ് പ്രചരണം നടപ്പാക്കുന്നത്. വാക്സിനേഷനുമായി സഹകരിക്കാത്ത സ്‌കൂളുകള്‍ക്ക് നിയമപരമായി തന്നെ അതിന് അവകാശമുണ്ടെന്നും. ആരെയും നിര്‍ബന്ധിച്ച് ഇതില്‍ പങ്കാളികളാക്കാന്‍ പറ്റില്ലെന്നും ഇവര്‍ പറയുന്നു. മാതാപിതാക്കളെ അറിയിക്കാതെ കുട്ടിക്ക് വാക്സിന്‍ കൊടുത്ത് എന്തെങ്കിലും സംഭവിച്ചാല്‍ സമാധാനം പറയാനാകില്ലെന്നും ഇവര്‍ പറയുന്നു. ഇതോടൊപ്പം വാക്സിന്‍ ഉപയോഗിച്ചതു കൊണ്ട് ഈ രോഗങ്ങളൊന്നും വരാതിരിക്കാനും സാധ്യതയില്ലെന്ന് ഇവര്‍ ആണയിടുന്നു.

ഉന്നത വിദ്യാഭ്യാസം നേടാത്ത സാധാരണക്കാരനായ ഒരു രക്ഷിതാവിനെ ഭയപ്പെടുത്തുന്നതെല്ലാം ഇവരുടെ പ്രചരണത്തിലുണ്ട്. വാക്സിനെതിരെ ഭീതിപരത്തി ഒരാളെ പിന്തിരിപ്പിക്കാന്‍ ഇവര്‍ പല ഉദാഹരണങ്ങളും നിരത്തുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം ആധികാരികത ചോദ്യം ചെയ്യാനോ, സത്യാവസ്ഥ അന്വേഷിക്കാനോ സാധിക്കാത്ത ഒരാള്‍ ഇവരെ വിശ്വസിച്ച് കുട്ടികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ഡിഫ്തീരിയ അടക്കമുള്ള രോഗങ്ങള്‍ ജില്ലയില്‍ പടര്‍ന്നപ്പോഴും, കുട്ടികള്‍ മരിച്ചു വീണപ്പോഴും പലരും നിലപാട് മാറ്റാതിരുന്നത് ഈ പ്രചാരണങ്ങളുടെ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്.

എന്നാല്‍ ഇതിനെല്ലാം മറുവാദം ഉയര്‍ത്തി ജില്ല കണ്ട ഏറ്റവും വിപുലമായ വാക്സിനേഷന്‍ ക്യാംപെയിനുമായാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇത്തവണ പദ്ധതി വിജയകരമാക്കാന്‍ ശ്രമിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥനും, യൂണിസെഫിന്റെ ഉദ്യോഗസ്ഥനും ജില്ലയില്‍ ഏതാനും ആഴ്ചകളായി ക്യാംപ് ചെയ്താണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒപ്പം വാക്സിന്‍ എടുത്ത സ്വന്തം കുട്ടികളെ തന്നെ ഉദാഹരണമാക്കി ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ട്.

മാരകമായ രോഗങ്ങളെ തടയേണ്ടതിന്റെ ആവശ്യകതയാണ് ആരോഗ്യവകുപ്പ് ജനങ്ങളോട് പറയുന്നത്. ദൃശ്യമാധ്യമങ്ങളിലൂടെയും, പത്രത്തിലൂടെയും, സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാക്സിനേഷന്‍ പ്രചരണം സജീവമായി നടക്കുന്നു. അജ്ഞത നിങ്ങളുടെ കുഞ്ഞിന്റെ ജീവനെടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ജനങ്ങളോട് പറയുന്നത്. വാക്സിന്‍ വിരുദ്ധര്‍ ഉയര്‍ത്തുന്ന ഭീതിക്ക് മറുഭീതി കൊണ്ട് മറുപടി നല്‍കുകയാണ് ആരോഗ്യ വകുപ്പ്.

12.70 ലക്ഷം കുട്ടികള്‍ക്കാണ് ജില്ലയില്‍ ഇത്തവണ വാക്സിനേഷന്‍ നല്‍കുന്നത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതിനായി 99,000 വയല്‍ വാക്സിന്‍ മലപ്പുറത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന മരുന്നാണ് ഉപയോഗിക്കുന്നത്. ഇത് ആരോഗ്യ വകുപ്പ് അധികൃതര്‍ അവരുടെ ക്യംപെയിനില്‍ പ്രത്യേകം എടുത്തു പറയുന്നുമുണ്ട്. ലോകാരോഗ്യ സംഘടനയും, ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയും അംഗീകരിച്ച മരുന്നാണ് എം ആര്‍ വാക്സിന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചരക്കോടി കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുള്ളതുമാണ്.

ഒരു സംഭവം കൂടി സൂചിപ്പിച്ച് നിറുത്താം. ജില്ലയില്‍ കോളറ പടര്‍ന്നു പിടിക്കുന്ന കാലം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ജലാശയങ്ങളും, കിണറുകളും ക്ലോറിനേറ്റ് ചെയ്യാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ മുന്നിട്ടിറങ്ങുന്നു. പക്ഷേ ജില്ലയുടെ ചില ഭാഗങ്ങളില്‍ നിന്ന് ഇതിനെതിരെ എതിര്‍പ്പ് രൂക്ഷമാകുന്നു. ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ വീടടച്ച് പോവുക, ഇവര്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുക തുടങ്ങിയ രീതിയിലുള്ള പ്രതികരണങ്ങള്‍. കിണര്‍ ജലത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനെതിരെ പോലും ശക്തമായ പ്രതിരോധം ഉയര്‍ത്തിയ ആളുകള്‍ വസിക്കുന്നിടത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തുന്ന പോരാട്ടത്തിന് മറ്റേതൊരു അതിജീവനത്തിന്റെയും കഥപോലെ വിജയം സമാഗമമാകുന്ന ദിവസമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അതെന്തായാലും മലപ്പുറത്ത് അതി വിദൂരമല്ല.

സന്തോഷ് ക്രിസ്റ്റി

സന്തോഷ് ക്രിസ്റ്റി

മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍