UPDATES

ട്രെന്‍ഡിങ്ങ്

വയല്‍ നികത്തല്‍ തടഞ്ഞതിന് കാന നികത്തി ആന്റണി പെരുമ്പാവൂരിന്റെ പ്രതികാരം: കര്‍ഷകര്‍ ദുരിതത്തില്‍

നികത്തലിനെതിരെ കോടതിയെ സമീപിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വധഭീഷണി

നെല്‍വയല്‍ നികത്താന്‍ ശ്രമിച്ചത് തടഞ്ഞ നാട്ടുകാരെ ദുരിതത്തിലാക്കി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികാര നടപടി. മറ്റ് കൃഷിയിടങ്ങളിലേക്ക് വെള്ളം പോകുന്ന കാന മണ്ണിട്ട് നികത്തിയാണ് ആന്റണി കര്‍ഷകരോട് പ്രതികാരം ചെയ്തിരിക്കുന്നത്. കൃഷിയിടങ്ങളില്‍ വെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് ഇതോടെ കര്‍ഷകര്‍.

പെരുമ്പാവൂര്‍ പോസ്‌റ്റോഫീസ് ഐമുറി റോഡിലെ പട്ടശേരിമന വക ഒരേക്കര്‍ മനയ്ക്കത്താഴം പാടശേഖരമാണ് നികത്തിയെടുക്കാന്‍ നീക്കം നടക്കുന്നത്. 2007ല്‍ നികത്താന്‍ ശ്രമം നടന്നെങ്കിലും നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് നിര്‍ത്തി വയ്ക്കുകയായിരുന്നു. എന്നാല്‍ 2015ല്‍ ഇടവിള കൃഷി ചെയ്യുന്നതിന് ആന്റണി ആര്‍ഡിഒയില്‍ നിന്നും അനുമതി നേടി. ഈ ഉത്തരവിനെതിരെ കലക്ടറേയും ലാന്‍ഡ് റവന്യൂ കമ്മിഷണറെയും സമീപിച്ച സിപിഎം പട്ടാല്‍ ബ്രാഞ്ച് സെക്രട്ടറി സി കെ ഭൂപേഷ് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. പാടവരമ്പുകള്‍ക്കോ പാടത്തിന്റെ തല്‍സ്ഥിതിയ്‌ക്കോ മാറ്റം വരുത്താതെയുള്ള ഇടവിള കൃഷി മാത്രമേ നടത്താവൂ എന്നായിരുന്നു ലാന്‍ഡ് റവന്യൂ കമ്മിഷന്റെ ഉത്തരവ്.

ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ആന്റണി ബന്ധപ്പെട്ട കക്ഷികളുടെ വാദം കേള്‍ക്കാനായി ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവിന്മേല്‍ മൂന്നാഴ്ചത്തേക്ക് സ്റ്റേ വാങ്ങി. ഈ സ്റ്റേയുടെ മറവില്‍ പാടത്ത് കപ്പയും വാഴയും തെങ്ങുകളും വച്ചുപിടിപ്പിക്കുകയും വാരം കോരാനെന്ന പേരില്‍ വലിയ ബണ്ടുകള്‍ തീര്‍ക്കുകയും ചെയ്തു. ബണ്ട് സ്ഥാപിക്കുന്നതിന്റെ മറവിലാണ് പാടത്തെ പൊതു കാന മൂടിയത്. ഇതോടെ മറ്റ് പാടങ്ങളിലേക്ക് വെള്ളം ഒഴുകാത്ത അവസ്ഥയാകുകയും ചെയ്തു.

ആന്റണിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച രൂപേഷിന്റെ വീട്ടില്‍ കയറി ആന്റണിയുടെ ബന്ധു സുജിത്ത് വധ ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. ഒരേക്കറോളം വരുന്ന നെല്‍വയലില്‍ മരങ്ങളും വായയും നട്ടുപിടിപ്പിച്ച് അത് കരഭൂമിയാണെന്ന് വരുത്തി തീര്‍ക്കാനാണ് ആന്റണി ശ്രമിക്കുന്നതെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. ഇത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. പെരുമ്പാവൂര്‍ പോലീസ് ആന്റണിയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രൂപേഷ് ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍