UPDATES

ട്രെന്‍ഡിങ്ങ്

‘മദം’ പൊട്ടലുകളുടെ ‘കൂത്തിച്ചി’ വിളികളെ കുറിച്ച് ഒരു മലപ്പുറത്തുകാരി എഴുതുന്നു

തെരുവോരങ്ങളില്‍ കൈകോര്‍ത്തു പിടിച്ച് നമുക്കൊന്നിച്ചാടിയും, പാടിയും തെളിയിക്കാം നരകത്തിലെ വിറകുകൊള്ളികള്‍ മാത്രമല്ല, മലപ്പുറത്തെ ചുണകുട്ടികള്‍ കൂടിയാണ് നമ്മളെന്ന്

അനു ചന്ദ്ര

അനു ചന്ദ്ര

ഞാന്‍ ഒരു മലപ്പുറത്തുകാരിയാണ്. പുരുഷന്‍മാര്‍ എഴുതിയ മതഗ്രന്ഥങ്ങളുടെ കടുത്ത സ്ത്രീവിരുദ്ധ നിലപാടുകള്‍ വെച്ചു പുലര്‍ത്തുന്ന മലപ്പുറത്തെ കഴിഞ്ഞ 24 വര്‍ഷമായി കണ്ടറിഞ്ഞു വരുന്ന ഒരു മലപ്പുറത്തുകാരി. ആണ്‍കോയ്മ കൊടികുത്തി വാഴുന്ന ആ മലപ്പുറത്തെ തെരുവുകളിലേക്കാണ് മൂന്നു പെണ്‍കുട്ടികള്‍ ഞെട്ടിച്ചുകൊണ്ട് (അതും മുസ്ലിം പെണ്‍കുട്ടികള്‍) എയ്ഡ്‌സിനെതിരെ ബോധവല്‍ക്കരണം നടത്താനുളള ആഹ്വാനവുമായി ഫളാഷ് മോബുമായി കടന്നു വരുന്ന കാഴ്ച കണ്ടത്. ഇതിനെതിരെ മതപരമായ ആക്രമണം ഉണ്ടാകുമെന്ന് അത് കണ്ടപ്പോഴേ തോന്നിയിരുന്നു. ആണ്‍-പെണ്‍ എന്ന രണ്ടു ചേരിതിരിവുകളില്‍ നിന്ന് മനുഷ്യര്‍ എന്ന വിശാലമായ ഒറ്റ ചിന്തയിലേക്ക് നടന്നടുക്കാന്‍ മലപ്പുറത്തുകാരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമൊന്നുമല്ല. അടുക്കളയിലും അന്തപുരങ്ങളിലും ഒതുങ്ങി കഴിയുന്ന സ്ത്രീകളില്‍ നിന്ന് നേരിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി എന്നതൊഴിച്ചാല്‍ ആ ചിന്തകളിലേക്ക് നടന്നടുക്കാന്‍ കാലം ഇനിയുമെത്ര വേണ്ടി വരും എന്നത് വലിയൊരു ചോദ്യമാണ്. പുരുഷ മേധാവിത്വത്തിന്റെയും മതപൗരോഹിത്യത്തിന്റെയും പരികല്‍പനകള്‍ വലിയ തോതിലുള്ള സ്ത്രീവിരുദ്ധത പ്രകടമാക്കുന്ന മലപ്പുറം പോലെ ഒരിടത്ത് ഇത് പോലെ പൊതുരംഗത്തേക്ക് പ്രവേശിക്കുന്ന സ്ത്രീകള്‍ക്ക് പൊതുബോധത്തിന്റെ വികലമായ ‘കൂത്തിച്ചി’ വിളികള്‍ ലഭിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.

ഇവിടെ സ്ത്രീ രണ്ടാം പൗരയാണ്. ജീവിതത്തിലും മതഗ്രന്ഥങ്ങളിലും അങ്ങനെയാണ്. അതുകൊണ്ട് തന്നെയാണല്ലോ പുരുഷന് നാലു വിവാഹം വരെ കഴിക്കാനുള്ള അവകാശങ്ങളെ പുരുഷന്മാര്‍ ഇവിടെ കൂട്ട് പിടിക്കുന്നതും സ്ത്രീകള്‍ക്ക് അത്തരം അവകാശങ്ങള്‍ നിഷേധിക്കുന്നതും കാണേണ്ടി വരുന്നത്. എന്നാല്‍ എപ്പോഴും ഇതിനെ ന്യായീകരിക്കുവാനായി മതവാദികള്‍ സ്ഥിരം പറയുന്ന വാചകമായ പുരുഷനാണ് സ്ത്രീയെ സംരക്ഷിച്ചു വരേണ്ടതെന്നത് കേട്ട് പഴകിയിരിക്കുന്നു. മറ്റൊരാളുടെ സംരക്ഷണയില്‍ ജീവിച്ചു തീര്‍ക്കേണ്ട ഒരാളാണ് സ്ത്രീ എന്ന ധാരണയില്‍ നിന്നു സ്ത്രീകള്‍ പുറത്തു കടക്കേണ്ടത് അനിവാര്യമല്ലേ? അല്ലെങ്കിലും സംരക്ഷണ നല്‍കാന്‍ മൂക്കുകയറിട്ട കാളയോ പോത്തോ ഒന്നുമല്ലല്ലോ സ്ത്രീ. അവകാശം പോലും നോക്കാതെ വിവാഹമോചനം ചെയ്ത നിരവധി പെണ്‍കുട്ടികളെ എനിക്കറിയാം. എന്ത് തുല്യ നീതിയാണ് അവര്‍ക്കിവിടെ ഉണ്ടായിട്ടുള്ളത്. സ്വര്‍ഗ്ഗീയലബ്ധി എന്ന ഒരു പ്രതീക്ഷ നല്‍കി സ്ത്രീകളെ സര്‍വം സഹയായി അടുക്കളയിലും മൂടുപടത്തിനുമിടയില്‍ തളച്ചിട്ടു കൊണ്ട്, അവളെ പൊതുരംഗത്തേക്ക് ഇറക്കാതെ സൂക്ഷിക്കാന്‍ ഇവിടത്തെ പുരുഷന്മാര്‍ സ്ത്രീകളെ എന്നേ പഠിപ്പിച്ചു കഴിഞ്ഞു. അതുപോലെ അതായത് സമുദായങ്ങള്‍ നിലനിര്‍ത്തുന്നതിലും സംസ്‌കാരം നഷ്ടപ്പെടാതിരിക്കുന്നതിലും സ്ത്രീക്കു മാത്രമാണ് പങ്കെന്ന് മതാധ്യക്ഷന്മാര് ആവര്‍ത്തിച്ച് അവരോട് പറയുകയും, അടിസ്ഥാന മൗലികാവകാശമായ സ്വത്തും പാര്‍പ്പിടവും പോലും മതവിശ്വാസം അനുസരിച്ച് സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയും സ്ത്രീധനവും മെഹറും സ്ത്രീയുടെ അവകാശങ്ങള്‍ ലംഘിക്കുന്ന സ്ത്രീവിരുദ്ധമായ വിവാഹാചാരമായി മാറുകയും ചെയ്ത കാഴ്ചകള്‍ കണ്ടു തന്നെയാണ് ഞാന്‍ വളര്‍ന്നത്.

തന്തമാര്‍ക്ക് ഹാലിളകുമ്പോള്‍

നോക്കൂ എന്ത് മാത്രം സ്ത്രീവിരുദ്ധമാണ് എല്ലാം രംഗത്തുമുളളത്. സെമിറ്റിക് മതഗ്രന്ഥങ്ങളിലെ സ്ത്രീവിരുദ്ധതയും, അത് പാലിച്ചു പോരുന്ന ഞാന്‍ കണ്ട മലപ്പുറത്തെ സ്ത്രീ വിരുദ്ധതയും പറഞ്ഞു തുടങ്ങിയാല്‍ ആ നിര അവസാനിക്കുകയില്ല. അങ്ങനെയുള്ള ഒരു നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ മൂന്നു പെണ്‍കുട്ടികള്‍ ഇറങ്ങിയാല്‍, ഇങ്ങനെ മുന്നും പിന്നും കുലുക്കി ഡാന്‍സ് കളിച്ചാല്‍ എയ്ഡ്‌സ് വരാനുള്ള സാധ്യത കുറയുമോ? നടുറോട്ടില്‍ അന്യപുരുഷന്മാരുടെ മുന്‍പില്‍ കൂത്താടുന്നതല്ല സംസ്‌ക്കാരം. വീട്ടില്‍ നിന്ന് അഴിച്ചു വിട്ടിരിക്കുകയാണോ? ഇവളെ തല്ലിക്കൊല്ലണം തുടങ്ങി ലോകാവസാനത്തോട് വരെ ഉപമിച്ചാല്‍ അതൊക്കെ യാതൊരു അത്ഭുതവും ഇല്ലാതെ നോക്കിക്കാണാനേ എനിക്ക് സാധിക്കൂ. സ്ത്രീ വിരുദ്ധത നിറഞ്ഞു നില്‍ക്കുന്നത് കൊണ്ട് തന്നെ പെണ്‍കുട്ടികള്‍ നടത്തിയ ഫ്‌ളാഷ്‌മോബ്, അതിനുള്ളിലെ ഉദ്ദേശശുദ്ധി, സാമൂഹിക പ്രതിബദ്ധത എല്ലാം തന്നെ പൊതുരംഗത്തേക്കിറങ്ങിയത് പെണ്‍കുട്ടികള്‍ ആണെന്ന ഒറ്റ കാരണത്താല്‍ തള്ളിക്കളഞ്ഞു എന്നതും ഏറെ വിഷമകരമായ ഒരു വസ്തുതയാണ്. മുസ്ലിം സ്ത്രീയുടെ ശബ്ദം അന്യപുരുഷന്‍മാര്‍ കേള്‍ക്കാന്‍ പാടില്ലെന്ന കല്‍പിച്ചു വെച്ച നിയമത്തെ സ്ത്രീകള്‍ തന്നെ തകര്‍ത്തു കളഞ്ഞു എന്നത് ഏറെ അഭിനന്ദനാര്‍ഹമാണ്. പെണ്ണ് പൊതുയിടങ്ങളില്‍, തെരുവോരങ്ങളില്‍ കണ്ടെത്തുന്ന ഇടം പുരുഷകേന്ദ്രീകൃത ലോകത്തിലെ ആണ്‍ ബോധങ്ങളെ അസ്വാരസ്യപ്പെടുത്തുന്നത് തെല്ലൊന്നുമല്ല. ബോധവല്‍ക്കരണത്തിനായി ഇറങ്ങുന്ന പെണ്ണ്, പ്രതിഷേധത്തിനായി ഇറങ്ങുന്ന പെണ്ണ്, സമരത്തിനായി ഇറങ്ങുന്ന പെണ്ണ്, അങ്ങനെ അടുക്കളയും നാലു ചുമരും വിട്ടിറങ്ങുന്ന പെണ്ണുങ്ങള്‍ കൂത്തിച്ചികള്‍ ആണെന്ന പൊതുധാരണകള്‍ അല്ലേ മലപ്പുറത്തു നിന്നു വന്ന ഏറിയ പങ്ക് കമെന്റസും നമുക്കു തെളിവാക്കി തരുന്നത്.

ഫ്‌ളാഷ് മോബിനെ പിന്തുണച്ചതിന് തെറിയും ഭീഷണിയും; ആര്‍ജെ സൂരജ് റേഡിയോ ഷോയില്‍ നിന്നും പിന്മാറി

ശാരീരിക ബോധ്യമല്ല, അസ്തിത്വ ബോധ്യമുള്ള മലപ്പുറത്തെ ചുണക്കുട്ടികളായ പെണ്‍കുട്ടികളെ അതുകൊണ്ട് തന്നെ അംഗീകരിക്കാന്‍ നിങ്ങള്‍ക്കൊന്നും അത്ര പെട്ടെന്നൊന്നും ആയെന്നു വരില്ല ആങ്ങളമാരെ. സ്വന്തമായി ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന, രാഷ്ട്രീയം പറയുന്ന, യുക്തിയുക്തം സംസാരിക്കുന്ന സൈബറിടങ്ങളിലെ പെണ്ണുങ്ങള്‍ പോലും നിങ്ങള്‍ക്കൊക്കെ അഴിഞ്ഞാട്ടക്കാരികളും, കൂത്താട്ടക്കാരികളുമാകുന്ന നിലക്ക് പൊതുയിടങ്ങളിലിറങ്ങുന്ന പെണ്ണുങ്ങളെ ഏത് കണ്ണോടെ നിങ്ങള്‍ കാണും എന്നത് ഊഹിക്കാവുന്നതെയുള്ളൂ. ഫെമിനിസം നിങ്ങള്‍ക്കൊന്നും സ്വീകാര്യമായ ആശയമായി തീര്‍ന്നിട്ടില്ലാത്തതിനാല്‍ പൊതുരംഗത്തേക്ക് ഇറങ്ങുന്നവര്‍ മുതല്‍ സത്യസന്ധമായ തുറന്നെഴുത്തു നടത്തുന്ന ഞാന്‍ വരെ അഴിഞ്ഞാടി നടക്കുന്നവളും, കയറൂരി വിടപ്പെട്ടവളും, വഴിതെറ്റി നടക്കുന്നവളും ആയിത്തീരാന്‍ ഇതുകൊണ്ടൊക്കെ തന്നെ വളരെ എളുപ്പമാണ്. മതപരമായും ‘സംസ്‌കാരത്തിന്റെ’ പേരിലും ബാഹ്യ ശക്തികള്‍ ധാരാളം നിയന്ത്രണങ്ങള്‍ സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ധാരാളം നടക്കുന്നുണ്ട്. സ്ത്രീകള്‍  അത് തിരിച്ചറിയുന്നുണ്ട്, അതു പോലെ പുരുഷന് ചെയ്യുന്ന കാര്യങ്ങളൊക്കെ അതുപോലെ തങ്ങള്‍ക്കും ചെയ്യാനനുവദിക്കാത്തതിലും സ്ത്രീക്ക് അമര്‍ഷം രേഖപ്പെടുത്തുന്നുണ്ട് അതിനൊക്കെയെതിരെ സ്വാതന്ത്ര്യത്തിന് വേണ്ടി അവള്‍ ശബ്ദിക്കുന്നു, പൊതുരംഗത്തെക്കിറങ്ങുന്നു. എല്ലാം അഭിമാനിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ എന്റെ മലപ്പുറത്തെ പെണ്‍കുട്ടികളെ, അതിരു കല്‍പിച്ച വേലിക്കെട്ടുകള്‍ തകര്‍ത്ത് നിങ്ങള്‍ ഇനിയെങ്കിലും മുന്‍പോട്ട് വരട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതും, പ്രത്യാശിക്കുന്നതും. ശേഷം പൊതുയിടങ്ങളില്‍, തെരുവോരങ്ങളില്‍ കൈകോര്‍ത്തു പിടിച്ച് നമുക്കൊന്നിച്ചാടിയും, പാടിയും തെളിയിക്കാം നരകത്തിലെ വിറകുകൊള്ളികള്‍ മാത്രമല്ല, മലപ്പുറത്തെ ചുണക്കുട്ടികള്‍ കൂടിയാണ് നമ്മളെന്ന്.

നിങ്ങളുടെ അശ്ലീലം നിറഞ്ഞ കവലപ്രസംഗങ്ങള്‍ക്ക് ഇനി അവളെ തടയാനാകില്ല; ഫ്‌ളാഷ്‌മോബ് വിരുദ്ധര്‍ക്ക് ചില മുന്നറിയിപ്പുകള്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍