UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

മഹേഷേ, രാഷ്ട്രീയം പഠിപ്പിച്ചുതരാന്‍ പറ്റില്ലെടാ, പക്ഷേ പഠിക്കാന്‍ പറ്റും

ഉദ്യോഗസ്ഥരെ ആഘോഷിക്കുന്നതിനോട് വ്യക്തിപരമായും രാഷ്ട്രീയപരമായും വിയോജിപ്പുണ്ട്

“നല്ലൊരു മൊമെന്‍റ് നടക്കുന്നതിനു തൊട്ടുമുമ്പുള്ള നിമിഷം, അതു നമ്മൾ തിരിച്ചറിയണം. ക്ലിക്ക് ചെയ്യാൻ റെഡിയായിരിക്കണം. അത്രേയുള്ളു കാര്യം.” ദൈനംദിന പ്രായോഗിക കക്ഷിരാഷ്ട്രീയം എന്നത് ഏതാണ്ട് ഇത്രതന്നെ ലളിതമാണ്. ഇത്രതന്നെ കഠിനവും. കേള്‍ക്കുമ്പോള്‍ നിസ്സാരമാണ്. പക്ഷേ പ്രാവര്‍ത്തികമാക്കാന്‍ ഒരു ആയുസിന്‍റെ അറിവ് ഒപ്പമുണ്ടായിരിക്കണം. ഒരു സ്ക്രൂ തിരിക്കുന്നതിന് ഒരു രൂപയേ ഉള്ളു, അത് ഏതാണെന്ന് കണ്ടുപിടിച്ച എന്‍റെ അറിവിനാണ് 99 രൂപ എന്നോ മറ്റോ ഒരാള്‍ പറഞ്ഞതായി ഒരു കഥയുണ്ടല്ലോ. ഏതാണ്ട് അങ്ങനെതന്നെ.

ആര്‍ക്കും നോവുന്നതിനുമുന്‍പ് പാപ്പാത്തിച്ചോലയിൽ വീണ കുരിശ് പിണറായി വിജയനെ നോവിച്ചു എന്ന് പരിഹാസമായും കുറ്റപ്പെടുത്തലായും പിന്നീട് മനസില്ലാമനസോടെയുള്ള സമ്മതിക്കലുകളായും ഒക്കെ പറഞ്ഞുകേട്ടു. അത് ഫ്ലൂക്കല്ല, അരനൂറ്റാണ്ടിലേറെയായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ഒരാള്‍ക്ക് ഏത് സ്ക്രൂ മുറുക്കണം എന്ന് ഇന്‍സ്റ്റിങ്റ്റ് എന്ന് തോന്നിപ്പിക്കുന്നത്ര കൈമുതലായുള്ള അറിവാണ്.

ബുദ്ധിയില്ലാത്ത, ധാര്‍ഷ്ട്യമുള്ള രാഷ്ട്രീയക്കാരന്‍ എന്നത് നമ്മുടെ ഒരു പൊതുബോധമാണ്. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പൊതുബോധം. ഈ അടുത്ത് ഈ പൊതുബോധത്തെയോര്‍ത്ത് ചിരിച്ച ഒരു സന്ദര്‍ഭം പറയാം. സ. ജിഷ്ണുവിന്‍റെ അമ്മയും സംഘവും പൊലീസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയതും തുടര്‍ന്ന് നടന്ന പൊലീസ് നടപടിയും കഴിഞ്ഞ് നടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമാണ് സന്ദര്‍ഭം. മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്ന മുഖ്യമന്ത്രിയെ കൈയില്‍ കിട്ടിയ ചാന്‍സിന് പത്രക്കാര്‍ ചോദ്യങ്ങളൊക്കെ ചോദിക്കുന്നുണ്ട്. അതിനിടെയാണ് ആ വാര്‍ത്താസമ്മേളനത്തിലെ ഏറ്റവും രാഷ്ട്രീയപ്രസക്തിയുള്ള ചോദ്യം വന്നത് .

“പാര്‍ട്ടി കുടുംബമാണെങ്കില്‍ അവരെങ്ങനെ എസ് യുസിഐയും അതുപോലെയുള്ള സംഘടനകളുടെയും കൈയ്യില്‍ എത്തിച്ചേര്‍ന്നു ?”

സിപിഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയും കൂടിയായ മുഖ്യമന്ത്രി വെട്ടിയിട്ട പോലെ വീഴേണ്ട ചോദ്യമാണത്. പക്ഷേ, അത് നടന്നില്ല. കാരണം, ആ ചോദ്യം ചോദിച്ചത് പിണറായി വിജയന്‍ എന്ന രാഷ്ട്രീയക്കാരനാണ്. പത്രക്കാരോട്.

തനിക്കുനേരെ ഉയരാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ചോദ്യം ആ ചോദ്യത്തിന് ഉത്തരം തരാന്‍ ഒരുതരത്തിലും ബാധ്യസ്ഥരല്ലാത്ത പത്രക്കാരോട് തിരിച്ചുചോദിച്ചുകൊണ്ട് പിണറായി വിജയന്‍ നടത്തിയ സേവ് എത്ര സൂക്ഷ്മവും വേഗതയിലും ഉള്ളതായിരുന്നു എന്ന് മനസിലാക്കാന്‍ പോലും കുറച്ചുനേരമെടുത്തിട്ടുണ്ടാവും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പോലും.

അതുകൊണ്ട്, മണ്ടനും മര്‍ക്കടമുഷ്ടിക്കാരനുമായ രാഷ്ട്രീയക്കാരന്‍ എന്ന നിലപാടില്‍ നിന്ന് സംസാരിക്കുമ്പോള്‍ യാഥാര്‍ഥ്യം കൂടിയൊന്ന് മനസിലാക്കണം.

മതം ഒരു യാഥാര്‍ഥ്യമാണ്. അതിന് വിശ്വാസവുമായോ യുക്തിയുമായോ വലിയ ബന്ധമൊന്നുമില്ല. You are forced to deal with it. ഒരു ശരാശരി നായര്‍ കുടുംബത്തില്‍ ജീവിക്കുന്ന ഹിന്ദുവിന് (കുടുംബം – ഇമ്മീഡിയറ്റ് കുടുംബം എങ്കിലും – പൂര്‍ണമായും അവിശ്വാസികള്‍ അല്ലങ്കില്‍) പ്രതിവര്‍ഷം അയ്യായിരം രൂപ എങ്കിലും നേരിട്ട് ചെലവാകുന്ന യാഥാര്‍ഥ്യമാണ് മതം. മറ്റ് ജാതികളുടെയും, കുറച്ചുകൂടി സംഘടിതമായ ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളുടെയും സ്ഥിതി ഇതിലും കൂടുതലാണെങ്കിലേ ഉള്ളൂ. ഇത് അവിശ്വാസികളുടെ കാര്യം. വിശ്വാസികളുടെ കാര്യത്തില്‍ പണത്തിലും ഏറെയായി മതത്തില്‍ വൈകാരിക നിക്ഷേപവും കൂടി വരുന്നുണ്ട്. അതു കാണാതെ പ്രതികരിക്കാന്‍, പ്രവര്‍ത്തിക്കാന്‍ ഒരു രാഷ്ട്രീയനേതാവിനും ഭരണകര്‍ത്താവിനും സാധ്യമല്ല.

ഒരു കുന്നിന്‍പുറത്ത്, മൂടല്‍മഞ്ഞില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഭീമന്‍ കുരിശ്. അതിനെ മറിച്ചിടുന്ന മഞ്ഞനിറത്തിലെ യന്ത്രകൈ. ആ വിഷ്വലിന്‍റെ ഇംപാക്റ്റ് എത്ര വലുതാണെന്ന് മനസിലാക്കാന്‍ ഒരു കാഴ്ച്ച മതിയാകും കേവലയുക്തിവാദികള്‍ അല്ലാത്ത ഏതൊരാള്‍ക്കും. പ്രത്യേകിച്ച് പാരമ്പര്യമോ സ്വാധീനമോ ആള്‍ബലമോ ഇല്ലാത്ത ഒരു മതസംഘടന സ്ഥാപിച്ച കുരിശാണ് അത് എന്നൊക്കെയാണ് മതവികാരം വൃണപ്പെടില്ല എന്ന് തറപ്പിച്ചു പറയുന്നവര്‍ നിരത്തുന്ന വാദങ്ങള്‍. പക്ഷേ ഒന്ന് മനസിലാക്കണം, പെര്‍പ്പെന്‍ഡിക്കുലര്‍ ആയി ഇന്‍റര്‍സെക്റ്റ് ചെയ്യുന്ന വ്യത്യസ്ത നീളത്തിലുള്ള രണ്ട് വരകള്‍ (ക്രിസ്ത്യന്‍ ക്രോസ്) ഈ ലോകത്ത് ഏറ്റവും അധികം റെക്കഗ്നൈസബ്ള്‍ ആയ ചിഹ്നമാണ്. സ്വസ്തികയേക്കാള്‍, ചന്ദ്രക്കലയേക്കാള്‍, അരിവാള്‍ ചുറ്റികയേക്കാള്‍ വൈകാരിക ഭാരമുള്ള ചിഹ്നം. രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറവും ബലി ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന ചിഹ്നം. അതിനെ മറിച്ചിടുന്ന കൈയുടെ ഉത്തരവാദിത്വം ഒരു സര്‍ക്കാരും ഏറ്റെടുക്കില്ല, അതൊരു ജനാധിപത്യപ്രക്രിയയിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരാണെങ്കില്‍.

പിണറായി വിജയന് ആദ്യം നൊന്തതുകൊണ്ട് ആ വിഷ്വലിന്‍റെ ആഘാതത്തില്‍നിന്ന് രക്ഷപ്പെട്ടത് ഒരു കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിമാത്രമല്ല. ഒരു ജനാധിപത്യസര്‍ക്കാര്‍ കൂടിയാണ്. പിന്നീട് പലയിടത്തുനിന്നും, പ്രതിപക്ഷത്തില്‍നിന്നും വിവിധ മത സംഘടനകളില്‍നിന്നും പ്രതിഷേധമുണ്ടായിട്ടും സര്‍ക്കാര്‍ മതസ്വാതന്ത്ര്യം എന്ന മൌലികാവകാശത്തില്‍ കൈകടത്തി എന്ന തലത്തിലേക്ക് ചര്‍ച്ചകൾ വളരാതിരുന്നത് ആ ആദ്യമേ നോവല്‍ കൊണ്ടാണ്. മാത്രമല്ല, കൈയേറ്റം ആണെങ്കില്‍ അവരവരുടെ മതസ്ഥാപനങ്ങള്‍ അവരവര്‍ തന്നെ ഒഴിപ്പിക്കും എന്ന് വിവിധ മത സംഘടനകളെക്കൊണ്ട് പറയിപ്പിക്കാനും സര്‍ക്കാരിനായി. മതവികാരം വൃണപ്പെടുത്താതെ തന്നെ.

ഇനി മതം മാറ്റിവച്ചുനോക്കുകയാണെങ്കിലും, ഇടുക്കിയും പശ്ചിമഘട്ടവും യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളില്‍ ഒന്നോ ഭൂമിയുടെ ശ്വാസകോശമോ മാത്രമല്ല. അത്തരം കറുപ്പും വെളുപ്പും ചോദ്യം മാത്രമായിരുന്നെങ്കില്‍ ഏത് ബ്യൂറോക്രാറ്റിനും ഉത്തരം നല്‍കാമായിരുന്നു. എന്തിന്, ഏത് കേവലവാദിക്കും – പരിസ്ഥിതിയോ യുക്തിയോ എങ്ങനെ ഏതും – ഉത്തരം നല്‍കാമായിരുന്ന ഒന്നായിരുന്നേനെ. ഇടുക്കി മാനവവംശത്തിന്‍റെ അതിപ്രധാനമായ കുടിയേറ്റ ചരിത്രത്തിന്‍റെ കഥ പറയുന്ന ഇടം കൂടിയാണ്. ഏത് കണക്കുവച്ചു നോക്കിയാലും ഫുഡ് ചെയിനിന്‍റെ ഇങ്ങേയറ്റത്ത് കിടന്നിരുന്ന നിസഹായ ജീവി എങ്ങനെ മഹാശക്തരായി എന്ന കഥയുടെ ആയിരക്കണക്കിന് പേജുകളില്‍ ചിലത് പറയുന്ന ഇടം കൂടിയാണ്.

തീര്‍ച്ചയായും മൂന്നാറിലെ എന്നല്ല എവിടെയും സാധ്യമായ എല്ലാ നിലയിലും പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഒരു ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ സാധ്യമല്ലാത്ത നിലയില്‍ മൂന്നാറിനെ ശ്വാസംമുട്ടിക്കുന്ന റിസോര്‍ട്ട് മാഫിയയെ നിയന്ത്രിക്കേണ്ടതുണ്ട്. പ്രകൃതിയുടെ മിശ്രണത്തിന് പാക്കിംഗ് ഒരുക്കാനെത്തി പ്രകൃതിയെ പാക്കറ്റിലാക്കിയവരെയും നിയന്ത്രിക്കേണ്ടതുണ്ട്. മതത്തിന്‍റെ പേരില്‍ ഭൂമി കൈയേറുന്നവരേയും ശക്തമായി നേരിടേണ്ടതുണ്ട്. പക്ഷേ, ഒരു തുണ്ട് വസ്തുവും അതിലൊരു പുരയും നാലുമൂട് പച്ചക്കറിയും ഒരു പശുവുമായി ജീവിക്കുന്ന മനുഷ്യരെ നിങ്ങളെങ്ങനെ കാണുന്നു എന്നിടത്താണ് സിപിഎം പോലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് എതിര്‍ക്കേണ്ടിവരുന്നത്. ഒരു റിസോര്‍ട്ട് ഒഴിപ്പിക്കുന്നതിന് തടസമായി സിപിഎം എത്തി എന്നു പറഞ്ഞാല്‍ തീര്‍ച്ചയായും അത് എതിര്‍ക്കപ്പെടേണ്ട നിലപാടാണ്. പക്ഷേ തുടര്‍ച്ചകളുണ്ടാകാത്ത ഭൂപരിഷ്കരണത്തിനും അതിജീവനത്തിനുള്ള മനുഷ്യന്‍റെ പോരാട്ടത്തിനും ഇടയില്‍ കഴിയുന്ന ഭൗതികവാദികള്‍ക്ക് എന്നും സ്ഥാനം ജെസിബിയുടെ യന്ത്രക്കൈയ്ക്കും പാവപ്പെട്ടവന്‍റെ കൂരയ്ക്കും ഇടയില്‍ തന്നെയായിരിക്കും. അതങ്ങനെയേ ആകൂ.

വിവാദമല്ല, അധികാരമുപയോഗിച്ചുള്ള പൊളിക്കലല്ല, സര്‍ക്കാര്‍ ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കലാണ്, തിരിച്ചെടുക്കലാണ് സര്‍ക്കാര്‍ നയം എന്ന അസന്ദിഗ്ദമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെ ഖണ്ഡിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളോ നടപടികളോ ശ്രദ്ധയില്‍ പെട്ടിട്ടുമില്ല.

പരിസ്ഥിതി വിഷയങ്ങളില്‍, പ്രാദേശിക വികാരം അതിശക്തമായി എതിരുനില്‍ക്കുന്ന ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുകയും രാഷ്ട്രീയനേതൃത്വം പരസ്യമായി അതിനെ വിമര്‍ശിക്കുകയും എന്നാല്‍ അതേക്കുറിച്ച് ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന കാഴ്ച്ച കാണാറുണ്ട്. അത് ഒരു ഗുഡ് കോപ്പ് – ബാഡ് കോപ്പ് കളിയായി കാണാനുള്ള സിനിസിസം വന്നുകഴിഞ്ഞത് ഒരുപക്ഷേ എന്‍റെ ബയാസ് ആയിരിക്കാം. ഒരുപക്ഷേ യാഥാര്‍ഥ്യബോധം ആയിരിക്കാം.

ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കണം എന്ന് പറഞ്ഞതിനെക്കുറിച്ചാണ് മറ്റൊരു വിഭാഗത്തിന്‍റെ ആശങ്ക. പരിസ്ഥിതിയോ, യുക്തിയോ പോലെ ഒരു കേവലവാദം പോലുമല്ലാതെ മറ്റൊരു തരം ചൊറിയാണിത്. നേഷന്‍ ഓഫ് ക്ലെര്‍ക്സിന്‍റെ സ്വാതന്ത്ര്യാനന്തര തലമുറയായ അരാഷ്ട്രീവാദികളുടെ ചൊറി. അഥവാ ശുദ്ധമായ – ഹൈന്ദവതയില്ലാത്ത എന്ന് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പറയാം – വലതുവാദം. രാഷ്ട്രീയക്കാര്‍ പൂര്‍ണമായും തെറ്റായിരിക്കും ഏത് സാഹചര്യത്തിലും എന്ന ബോധ്യമാണ് ഇതിന്‍റെയൊരു അടിസ്ഥാനം. രാജു നാരായണസ്വാമിയേയും അല്‍ഫോണ്‍സ് കണ്ണന്താനത്തേയും അരവിന്ദ് കെജ്രിവാളിനേയും ഒക്കെ ആരാധിക്കുന്ന ആ പര്‍ട്ടിക്കുലര്‍ ഗ്രൂപ്പ്. ഉവ്വ്, ഇപ്പോള്‍ നിങ്ങളുടെ മനസിലേക്ക് വന്ന ആ സെമി-സക്സസിനെപ്പോലെ തന്നെ. അതിന് മരുന്നില്ല. കാരണം മുണ്ടയില്‍ കോരന്‍റെ മകന്‍ കെ. വിജയന്‍ 72 കൊല്ലം ശ്വസിച്ച രാഷ്ട്രീയം ആ വര്‍ഗത്തിന് മനസിലാകില്ല. ഇടുക്കി മാത്രമല്ല കേരളം എന്ന് പറയുകയും മലയാളം പറയുന്ന തമിഴനെന്ന് ഇടുക്കിയിലെ നേതാവിനെ പറയുകയും ചെയ്യുന്നവര്‍ക്ക് ഒരിക്കലും മനസിലാകുന്ന രാഷ്ട്രീയമല്ല ഹൈറേഞ്ചിന്‍റേത്. കറുത്ത തെന്നിന്ത്യനെ വെളുത്ത ഉത്തരേന്ത്യന്‍ കളിയാക്കുമ്പോള്‍ സ്വന്തം വെളുത്ത തൊലി കാട്ടി ദേഷ്യപ്പെടുന്നിടത്ത് തീരുന്നു അവരുടെ രാഷ്ട്രീയം, ബുദ്ധി, അന്തസ്. അതിനോട് മറുപടി പറയാനുള്ള ബ്യൂറോക്രാറ്റിക് ആഢ്യത്തം എനിക്കില്ല. ആ ഭാഷ എനിക്കൊട്ട് അറിയുകയുമില്ല. ചേതന്‍ ഭഗത്തിനോട് ചോദിച്ചുനോക്കാം. അതിനെ അഡ്രസ് ചെയ്യുന്നേയില്ല.

മറുഭാഗത്ത്, ബ്യൂറോക്രാറ്റുകളുടെ സ്ഥാനം ആദ്യം നമ്മള്‍ പറഞ്ഞുവച്ച ഫോട്ടോ ക്ലിക്ക് ചെയ്യുന്നതിന് പുറത്താണ്. അവരല്ല നയപരമായ തീരുമാനങ്ങളെടുക്കുന്നത്, എടുക്കേണ്ടത്. എക്സിക്യൂട്ടീവ് തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ എടുക്കുമ്പോഴും പോളിസി തീരുമാനങ്ങളില്‍ ആവശ്യമായ വിവരങ്ങളും സാങ്കേതിക സൌകര്യങ്ങളും ചെയ്തുകൊടുക്കുക എന്നിടത്താണ് ബ്യൂറോക്രാറ്റിന്‍റെ റോള്‍. അഥവാ, “ചിൻ അപ്, ഷോൾഡർ ഡൗൺ, ചിൻ ഡൗൺ, ചിൻ പൊടിക്ക്അപ്, ഐസ് ഓപൺ, റെഡി” എന്നുപറഞ്ഞ് അവര്‍ക്ക് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എടുക്കാം ഐഡി കാര്‍ഡിലേക്ക്. മംഗളം വാരികയിലേക്ക് അയച്ചുകൊടുക്കാനുള്ള ഫോട്ടോ മഹേഷ് ഭാവനച്ചേട്ടന്‍ തന്നെ എടുക്കണം. ക്രിസ്പിക്ക് പരമാവധി ലൈറ്റ്അപ്പ് ചെയ്യാം, സെറ്റിടാം. അതില്‍ കൂടുതലായി പുല്‍വേരുതലത്തില്‍പോലും ഈ തീരുമാനം എങ്ങനെ ബാധിക്കും എന്ന് വെറും ഒരു പ്രാദേശിക രാഷ്ട്രീയനേതാവിനോളം പോലും മനസിലാക്കാനുള്ള ബഹുജന സമ്പര്‍ക്കം ഉദ്യോഗസ്ഥനില്ല. വിവരശേഖരണല്ല, പള്‍സ് അറിയല്‍.

ഉവ്വ്, രാഷ്ട്രീയനേതാവ് സ്വാധീനിക്കപ്പെട്ടേക്കാം, സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് വശപ്പെട്ടേക്കാം. അതാണല്ലോ രാഷ്ട്രീയക്കാരെപ്പറ്റിയുള്ള നമ്മുടെ രഞ്ജി പണിക്കര്‍- ആം ആദ്മി മനോഭാവം. എന്നാല്‍, പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഇടപെടുന്ന രാഷ്ട്രീയപ്പാര്‍ട്ടിക്കും നേതാക്കള്‍ക്കും അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഉണ്ടാവുന്ന ചെക്കുകളും ബാലന്‍സുകളും ഉദ്യോഗസ്ഥന് ഉണ്ടാവുന്നില്ല എന്നിടത്താണ് ഉദ്യോഗസ്ഥനിലും അക്കൌണ്ടബിലിറ്റി രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടാകുന്നത്. അവര്‍ പണം കൊണ്ട് സ്വാധീനിക്കപ്പെട്ടാല്‍ വിജിലന്‍സല്ല, ജനമാണ് അവരെ പിടികൂടുക. മാന്യതയിലും നൈതികതയിലും ഉദ്യോഗസ്ഥന് ഉള്ളത് മധ്യവര്‍ത്തി സമൂഹം അനുശാസിക്കുന്ന ഇന്‍വെസ്റ്റ്മെന്‍റ്  മാത്രമാണ്. രാഷ്ട്രീയക്കാരന് അത് അവന്‍റെ കച്ചവടമാണ്.

ഉദ്യോഗസ്ഥരെ ആഘോഷിക്കുന്നതിനോട് വ്യക്തിപരമായും രാഷ്ട്രീയപരമായും വിയോജിപ്പുണ്ട്. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍ എന്നത് നോം അല്ല എക്സപ്ഷനാകുന്നത് നമ്മുടെ ഭരണസംവിധാനത്തിന്‍റെ ഗതികേട് കൊണ്ടാണെന്നതാണ് അതിന്‍റെ കാര്യം. തൊഴില്‍ ചെയ്യുന്ന ഏതൊരു വ്യക്തിയും അതില്‍ നൈതികത പുലര്‍ത്തും എന്ന ഉറപ്പിനുമുകളിലാണ് ശമ്പളം വാങ്ങുന്നത്. തീര്‍ച്ചയായും നൈതികത അംഗീകരിക്കപ്പെടേണ്ട ഒരു ഗുണമാണ്, അങ്ങനെയാണ് അതിനെ സ്വാഭാവികതയാക്കുന്നത്. ആഘോഷിക്കപ്പെട്ടാല്‍, അതിന് കേവലം പ്രകടനപരതയുടെ, ഇരുട്ടിലെ മിന്നാമിനുങ്ങുകളുടെ ആഘാതം, ഫലം മാത്രമായിരിക്കും ഉണ്ടാവുക.

കലക്റ്റര്‍ ബ്രോമാരും ആക്ഷന്‍ ഹീറോ ബിജുമാരും ഒക്കെ അവരവരുടെ പണിയെടുക്കതിനെ പരമാവധി അംഗീകരിക്കണം. നല്ലതുതന്നെയാണത്. പക്ഷേ അതിനപ്പുറം, ഇടുക്കിയില്‍ സംഭവിക്കുന്നതുപോലെ, അപരിഷ്കൃതരായ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റിക് ആഢ്യത്തമുള്ള കലക്റ്ററും എന്ന ലെവലിലേക്ക് കാര്യങ്ങള്‍ കടക്കുമ്പോള്‍ അത് പരിഹാസ്യമാകുന്നു.

ദേവികുളം സബ് കലക്റ്റര്‍ വി. ശ്രീറാം സത്യസന്ധമായി തന്‍റെ ജോലി ചെയ്യാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥന്‍ തന്നെയാണെന്നാണ് എന്‍റെ വിശ്വാസം. അതില്‍ ഏതൊരു തൊഴിലാളിയേയും പോലെ എനിക്കും അഭിമാനമുണ്ട്. ഒരു ചെറുപ്പക്കാരന്‍ കുറേയൊക്കെ കറപ്റ്റായ സംവിധാനത്തിന് മുന്നില്‍ തലകുനിക്കാതെ നില്‍ക്കുന്നതു കാണുമ്പോള്‍ സ്നേഹവും തോന്നുന്നുണ്ട്. അയാളെ സംഘിയാക്കുന്നതിനോട് വിയോജിപ്പും ഉണ്ട്. അതിനപ്പുറം, ഇതൊരു പിണറായി വേഴ്സസ് ശ്രീറാം ലൈനിലേക്ക് മസാലവത്കരിക്കുകയും ഇടുക്കിയിലെ അതീവഗുരുതരമായ പാരിസ്ഥിതികപ്രശ്നവും പതിറ്റാണ്ടുകളുടെ ചരിത്രപശ്ചാത്തലമുള്ള കുടിയേറ്റ പ്രശ്നവും ഒക്കെ വെറും ആക്ഷന്‍ ഹീറോ കലക്റ്റര്‍ ലെവലിലേക്ക് ട്രിവിയലൈസ് ചെയ്യുകയും ഒക്കെ ചെയ്യുന്നവരെ കാണുമ്പോള്‍ വീണ്ടും ഞാന്‍ വിന്‍സന്‍റ് ഭാവനയെ ഓര്‍ത്തുപോകുകയാണ് സുഹൃത്തുക്കളേ…

ഭക്ഷണം വേണേല് വായില്‍ വച്ചുതരാം, ചവച്ചുതരാന്‍ പറയരുത്.

മഹേഷേ, രാഷ്ട്രീയം പഠിപ്പിച്ചുതരാന്‍ പറ്റില്ലെടാ. പക്ഷേ പഠിക്കാന്‍ പറ്റും.

(അനുപമ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനുപമ മോഹന്‍

അനുപമ മോഹന്‍

മാധ്യമപ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍