UPDATES

വായന/സംസ്കാരം

ദൈവത്തിന്റെ കവാത്തുകാരന്‍ മാഞ്ഞ് ഇല്ലാതായിട്ട് ഒരു വര്‍ഷം; സുഹൃത്തും ശിഷ്യനുമായ അന്‍വര്‍ അബ്ദുള്ള ഹാരീസ് മാഷെ ഓര്‍മ്മിക്കുന്നു

ഹാരിസും ഞാനും: മുപ്പതുകള്‍ (ഇരുപതുകള്‍) മുതല്‍ അന്‍പതുകള്‍ (നാല്പതുകള്‍) വരെ

ഡോ. വി.സി. ഹാരിസ്, നിങ്ങളെപ്പറ്റി അനുസ്മരണമെഴുതേണ്ടിവരികയെന്ന ദുരനുഭവം നിങ്ങളെനിക്കു തന്ന ഒസ്യത്താണല്ലോ. അതില്‍നിന്നൊഴിഞ്ഞുമാറിത്തന്നെ ഞാന്‍ നിന്നു. അവകാശപ്പെടാത്ത വില്‍പ്പത്രവാഗ്ദാനമായി അതവിടെക്കിടന്നോട്ടെ എന്നു കരുതി. പക്ഷേ, വിടാതെ പിന്തുടരുന്ന നിങ്ങള്‍ പലരിലും ആവേശിച്ച് എന്നെക്കൊണ്ട് നിങ്ങളെക്കുറിച്ച് പറയിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴിതാ, വര്‍ഷങ്ങളായി ഒന്നുമെഴുതാതെ, അക്ഷരക്കറ മാഞ്ഞ എന്റെ കൈവിരലുകള്‍കൊണ്ട് നിങ്ങള്‍ എഴുതിക്കുകയും ചെയ്യുന്നു. എല്ലാവരും എന്തെങ്കിലുമൊക്കെ എഴുതുകയും അവരില്‍ച്ചിലരെങ്കിലും എന്റെ ലേഖനം ഇന്ന മാസികയില്‍… എന്ന് വാട്സാപ്പിലും ഫേസ്ബുക്കിലും കുമിയുകയും, മറ്റു ചിലര്‍ എഴുതിയതില്‍, മരിച്ചതു നിങ്ങളാണോ അവരാണോ എന്നു വായിപ്പോരമ്പരക്കുംവിധം അവര്‍ നിറയുകയും നിങ്ങള്‍ മറയുകയും ചെയ്യുന്ന മാസ്മരവിദ്യ കണ്ടു കണ്ണുതള്ളി, ഒരിടത്തും ഒരു വാക്കോ വരിയോ കുറിക്കാതെ, നിങ്ങളെ ഓര്‍ത്തും പിന്നെയുമോര്‍ത്തും പിന്നെയും പിന്നെയുമോര്‍ത്തും.

എന്നിട്ടും മൂന്ന് അനുസ്മരണങ്ങളില്‍ ഞാന്‍ നിങ്ങളെപ്പറ്റി സംസാരിച്ചു. നിങ്ങള്‍ മരിച്ചപ്പോള്‍, നിങ്ങളുടെ വേഷം പകര്‍ന്ന ശരീരം നിങ്ങളൊരിക്കലുമറിയാത്ത ഒരുമ്മയും തന്ന് (എന്റെ നിങ്ങളോടുള്ള ആദ്യത്തെ, അവസാനത്തെയും ചുംബനം) കുഴിയിലേക്കുവച്ചശേഷം, പട്ടിത്താനത്തെ ആ പറമ്പില്‍ പെട്ടെന്നുരുണ്ടുകൂടിയ ആ അനുസ്മരണയോഗത്തില്‍ ഞാന്‍ സംസാരിച്ചു. നമ്മുടെ പരമദ്രോഹി ക്രിസ്പിനുണ്ടല്ലോ, അവന്‍ ഇനി അന്‍വര്‍ സംസാരിക്കുമെന്നു കയറി വീമ്പടിച്ചുകളഞ്ഞു. ഞാന്‍ അവിടെപ്പറഞ്ഞത് നമ്മളാദ്യം കണ്ട ഒരു പകലിനെക്കുറിച്ചും വര്‍ഷങ്ങള്‍ക്കു ശേഷം (വര്‍ഷങ്ങള്‍ക്കു മുന്‍പ്) നമ്മളൊരുമിച്ച് തവളക്കുഴിയിലെ ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ ഒരു രാത്രിയെക്കുറിച്ചുമാണ്. ആദ്യസന്ദര്‍ഭത്തില്‍ നമ്മളോടൊപ്പം യുവജനവേദിയുടെ സന്തോഷുമുണ്ടായിരുന്നു. രണ്ടാമത്തെ സന്ദര്‍ഭത്തില്‍ നമ്മളോടൊപ്പം കെ. പി ജയകുമാറുമുണ്ടായിരുന്നു. രണ്ടു സന്ദര്‍ഭങ്ങളെയും കൂട്ടിയിണക്കുന്നത് രണ്ട് ഇരുപതു രൂപാ നോട്ടുകളാണ്. യുവജനവേദിയുടെ ഒരു പിരിവിന് അന്നത്തെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സായിരുന്ന അതിരമ്പുഴ ഹസ്സന്‍ മന്‍സിലില്‍ വന്നതായിരുന്നു ഞാനും സന്തോഷും. എല്ലാവരും പത്തുരൂപ വീതം തന്നപ്പോള്‍ നിങ്ങള്‍ അന്ന് ഇരുപതുരൂപയുടെ ഒരു ചെമന്ന നോട്ടുതന്നു (എല്ലാവരേക്കാളും കൃത്യം ഇരട്ടിയാണ് എന്നും നിങ്ങള്‍). ഞാന്‍ നിങ്ങളെ അദ്ഭുതത്തോടെ നോക്കുകയായിരുന്നു. ഇരുപതു രൂപ അന്നു വലിയ തുകയായിരുന്നു. ഡിഗ്രിക്കു പഠിക്കുന്ന എനിക്ക് അന്ന് ഇരുപതുകള്‍ വന്നുമുളയ്ക്കുന്നതേയുള്ളൂ. നിങ്ങള്‍ക്കന്ന് മുപ്പതുകള്‍ പാതിവിടര്‍ന്നു പരിലസിക്കുകയായിരുന്നു. നിങ്ങളുടെ പിരുപിരുമുടിയും തണുത്ത വെളുപ്പും അലസമായ മന്ദഹാസവും പരിസരത്തെ നിഷ്പ്രഭമാക്കുന്ന, എന്നാല്‍ ആര്‍ഭാടരഹിതമായ ചലനങ്ങളും ഞാന്‍ സാകൂതം കാണുകയായിരുന്നു.

പിന്നീട് ഞാന്‍ ലെറ്റേഴ്സില്‍ ചേര്‍ന്നതിന് രണ്ടുകാരണങ്ങളിലൊന്ന് നിങ്ങളും രണ്ടാമത്തേത് ഡി. വിനയചന്ദ്രനുമായിരുന്നു. നമ്മള്‍ ഗുരുവും ശിഷ്യനുമായി. നിങ്ങളുടെ ഒറ്റ ക്ലാസില്‍പ്പോലും നിങ്ങള്‍ എന്നെ ഇരുത്തിയില്ല. എന്നിട്ടും, നമ്മള്‍ കൂട്ടുകാരായി. നിങ്ങളുടെ ഒറ്റക്കൂട്ടുകാരെയും (ദറീദ, ഫൂക്കോ, ബാര്‍ത്…) എനിക്കറിയില്ലായിരുന്നു, എന്നിട്ടും. ലെറ്റേഴ്സ് വിട്ടശേഷവും നമ്മുടെ കൂട്ടുതുടര്‍ന്നു. അങ്ങനെയൊരു രാത്രിയാണ് തവളക്കുഴി ബാറിലെ രാത്രിയാകുന്നത്. ബില്ലൊടുക്കി ഇറങ്ങുമ്പോള്‍, നിങ്ങള്‍ തളികയില്‍ ഇരുപതു രൂപയുടെ ഒരു ചെമന്ന നോട്ടുവച്ചു. അന്നും ഇരുപതു രൂപ അത്യാവശ്യം നല്ല തുകയായിരുന്നു. ബെയറര്‍മാര്‍ക്ക് മറ്റെല്ലാവരും പത്തുരൂപ നല്കുന്ന കാലം (എല്ലാവരെക്കാളും കൃത്യം ഇരട്ടിയാണ് എപ്പോഴും നിങ്ങള്‍). നിങ്ങള്‍ ഇറങ്ങുമ്പോള്‍ ജയന്‍ എന്നെയും ഞാന്‍ ജയനെയും നോക്കി. ഇരുപതു രൂപ കൂടുതലല്ലേ.. ജയന്‍ ചോദിച്ചു. അതേയെന്നു ഞാന്‍ സമ്മതിച്ചു. എന്നാല്‍പ്പിന്നെ, ഈ ഇരുപതു രൂപ എടുത്തിട്ട് നമുക്കൊരു പത്തുരൂപ വച്ചാല്‍പ്പോരെയെന്നായി ജയന്‍. അതാണുചിതം എന്നു ഞാന്‍. അങ്ങനെ ഞങ്ങള്‍ ഇരുപതെടുക്കുന്നു, പത്തുവയ്ക്കുന്നു. പിന്നെ, നിങ്ങള്‍ക്കു പിന്നാലെ. പടവിറങ്ങിത്താഴെയെത്തിയ നിങ്ങള്‍ക്കടുത്തേക്കു ഞങ്ങള്‍ പടവിറങ്ങിത്തുടങ്ങുമ്പോള്‍ അതാ, പിന്‍വിളി. ബെയററാണ്. അയാള്‍ ഞങ്ങളെ സമീപിച്ചു. പത്തുരൂപയുടെ ചെമക്കാത്ത നോട്ട് നീട്ടിപ്പറഞ്ഞു, ഇതു നിങ്ങള്‍ തന്നെ വെച്ചോ. ഹാരിസ് മാഷ് എനിക്ക് ഇരുപതുരൂപയില്‍ക്കുറഞ്ഞു തരാറേയില്ല. ഇതു ഹാരിസ് മാഷ് വെച്ചതല്ലെന്നെനിക്കറിയാം..

ഹാരിസ്, നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍ വേഗം ആ പത്തു രൂപയും വാങ്ങിക്കീശയിലിട്ട്, ഇരുപതു രൂപാ നോട്ടിനേക്കാള്‍ ചെമന്ന് ഞങ്ങള്‍ പടിയിറങ്ങി. ആ ഇരുപതു രൂപയില്‍ പത്തു രൂപ വീതം ഞാനും ജയനും നിങ്ങളോടു രഹസ്യമായി കടക്കാരായിത്തുടരന്നു (നിങ്ങളുടെ കൃത്യം പകുതിയാകാനേ ഞങ്ങള്‍ കൂട്ടിയാല്‍ കൂടൂ). കടം നിങ്ങളോടു മാത്രമായിരുന്നെങ്കില്‍ പോട്ടെന്നു വയ്ക്കാമായിരുന്നു. ആ ബെയററോടും ഞങ്ങള്‍ക്കു കടമായി. നിങ്ങളെ പകുതിയാക്കി വെട്ടിച്ചുരുക്കാന്‍ നോക്കിയതിന്റെ വിഡ്ഢിത്തഫലം!

ഇതാണു ഞാനന്നു പറയാന്‍ ശ്രമിച്ചത്. പ്രിയഹാരിസ്.. ദൈവത്തിന്റെ വിശ്വസ്തനായ കാവല്‍ക്കാരനെന്നാണ് നിങ്ങളുടെ പേരിന്റെ അര്‍ത്ഥം. അതു നിങ്ങള്‍ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. ഹാരിസ് എന്ന പേര് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍, രണ്ട് ആറും എഴുതിയില്ലെങ്കില്‍ നിങ്ങള്‍ അസ്വസ്ഥനാകുമായിരുന്നു. മലയാളത്തില്‍ ഹാരീസ് എന്നെഴുതിയാല്‍ അസുഖം ഭാവിക്കുമായിരുന്നു. എന്തൊരാത്മാഭിമാനമായിരുന്നൂ നിങ്ങള്‍ക്ക്.. ഓട്ടോയില്‍നിന്ന് വീഴുമ്പോള്‍ നിങ്ങള്‍ പരിഹാസഭാവേന പുഞ്ചിരിച്ചിരിക്കണം, എടേ… നിനക്കൊന്നും എന്നെ കുറച്ചൂടെ നന്നായിട്ട് കാക്കാന്‍ കഴിയുകില്ലായിരുന്നു അല്ലേ.. പോടേയ്.. പോടേയ്.. വെറുതെ ഞഞ്ഞാമുഞ്ഞാ വര്‍ത്താനം പറയാതെ… എന്നു പിറുപിറുത്തിട്ടുണ്ടാവും.

നിങ്ങളുടെ കൈയൊപ്പുപോലെ ഇത്ര ചെറുതൊന്ന്, ലളിതമെന്നു തോന്നുന്ന (തോന്നുകമാത്രം) ഒരു കൈയൊപ്പ് ഞാന്‍ കണ്ടിട്ടില്ല. അതും വലിയ സ്ഥാനങ്ങളിലിരിക്കുന്നവരുടേത്. വലിയ സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഒപ്പുകള്‍ വളരെ സങ്കീര്‍ണമാണ്. അതവര്‍ സ്ഥാനങ്ങളിലെത്തുമ്പോള്‍ പുനര്‍പരിശീലനം കൊണ്ടു സങ്കീര്‍ണമാക്കുന്നതല്ല. വലിയ സ്ഥാനങ്ങളിലെത്തുമെന്നു മനസ്സിലാക്കി പത്താംക്ലാസുമുതലേ പരിശീലിച്ചുണ്ടാക്കുന്നതാണ്. ജന്മനാ വി.സി. ആയ നിങ്ങള്‍ ആ പരിശീലനക്കളരിയില്‍ പങ്കെടുത്തതേയില്ല. നിങ്ങളുടെ ഒപ്പ് ആര്‍ക്കുമിടാമല്ലോ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ പറഞ്ഞു, ഇട്ടുനോക്ക്.. മുറിയിലേക്കു വന്നോട്ടെ എന്നു ചോദിച്ച സന്ദര്‍ശകനോട് ഒരിക്കല്‍ നിങ്ങള്‍ പറഞ്ഞത് വന്നുനോക്ക് എന്നാണല്ലോ. അതേ മട്ടില്‍. ഇട്ടുനോക്കിയപ്പോള്‍ ഞാന്‍ വിവരമറിഞ്ഞു. ലളിതമായതൊന്നും ലളിതമായതല്ല. ലളിതമായതിനേക്കാള്‍ ലളിതമായതും ഇല്ല.

മലയാള സര്‍വകലാശാലയില്‍ നടന്ന അനുസ്മരണത്തിലും ഞാന്‍ സംസാരിച്ചു. നിങ്ങളെ മറയാക്കി, എന്തുകൊണ്ട് എല്ലാ സര്‍വകലാശാലകളിലും ഹാരിസുമാര്‍ ഉണ്ടാകുന്നില്ലെന്നു ഞാന്‍ എടുത്തുചോദിച്ചു (ധൈര്യമുള്ളവന്‍ ഊന്നട്ടെ എന്നു ജോണേബ്രഹാം). ഹാരിസാകണമെങ്കില്‍ സര്‍വകലാശാലയുടെ സര്‍വകൊലാപ്രവണതകളും ഏറ്റുവാങ്ങിനരകിക്കണം. ശമ്പളം തടഞ്ഞുവയ്ക്കുമ്പോള്‍, പട്ടിണികിടന്നു നരകിക്കണം. ചുംബനസമരത്തില്‍ പങ്കെടുക്കുമ്പോള്‍ കുഞ്ചുക്കുറുപ്പില്‍ കളിയാക്കിക്കാര്‍ട്ടൂണ്‍ വരാന്‍ പാകത്തില്‍ പാര പാപ്പനംകോട്ടുന്നു പുറപ്പെടുമ്പോള്‍ പാരിലെവിടെയാണെങ്കിലും പാകത്തിനു ചങ്കുകാട്ടിക്കൊടുക്കണം. കാശുതട്ടാനുള്ള കൃത്രിമം നടക്കുന്നതു തടഞ്ഞാല്‍ ഇരിക്കുന്ന കസേരയില്‍നിന്നിറക്കിവിടും, അപ്പോള്‍ സമരം വിജയിക്കാന്‍ കാത്തിരിക്കണം. ശപിച്ചുകൊണ്ടവര്‍ തിരിച്ചു കസേരയിലിരുത്തുമ്പോള്‍ അധികം വൈകാതെ ഓട്ടോറിക്ഷയില്‍ നിന്നു വീണു മരിച്ചുകൊടുക്കണം. ഇല്ല ഹാരിസ്.. എല്ലാ സര്‍വകലാശാലകളിലും ഹാരിസുമാര്‍ ഉണ്ടാകില്ല. എല്ലാവരുടെയും കീശകളില്‍ എപ്പോഴും എടുത്തുവീശാന്‍ പാകത്തില്‍ ഇരുപതുരൂപയുടെ ചെമന്ന നോട്ടുകളില്ല ഹാരിസ്. എല്ലാവരും പത്തുരൂപാപ്പൊന്തന്മാരാണ്.

പിന്നെ, ഹാരിസ്… കോഴിക്കോട്ട് അളകാപുരിയില്‍ ഒരനുസ്മരണത്തിനു ക്ഷണിച്ചപ്പോഴും ഞാന്‍ പോയി. ഞാനില്ലെങ്കില്‍ ഹാരിസിയന്‍മാരാരുമില്ലാതെവരുമോ എന്ന ശങ്ക. നിങ്ങള്‍ മരിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിങ്ങള്‍ വിട്ടുപോകുന്നില്ലല്ലോ എന്ന് അന്നു ഞാനറിഞ്ഞു; ഇന്നും അറിയുന്നു. ആരുടെയും മരണം അങ്ങനെയെന്നെ ബാധിക്കില്ലെന്നു ഞാന്‍ തെറ്റിദ്ധരിച്ചിരുന്നു. നിങ്ങള്‍ മരിച്ചന്ന് രാത്രി മുഴുവന്‍ ഞാന്‍ സ്മിതയുമായി നിങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. ഓരോ കുഞ്ഞുകുഞ്ഞോര്‍മകളും വന്നുകൊണ്ടേയിരുന്നു. നിങ്ങളും ഞാനും രതീഷും സുനിലും കൂടി രതീഷ് മെക്സിക്കോക്കു പോകുന്നതിനു മുന്‍പ് ചേര്‍ത്തലയിലെ വുഡ്സ്്ലാന്‍സ് ഹോട്ടലില്‍ മുറിയെടുത്ത് രാത്രി മുഴുവന്‍ കുടിച്ച് നിങ്ങളുടെ പാട്ടുംകേട്ടിരുന്നത്. ഞാന്‍ കണ്ട അവസാനത്തെ ഉദയസ്സൂര്യന്‍ അപ്രഭാതത്തിലേതത്രേ! മറ്റൊരിക്കല്‍, പെറിമേസണ്‍ മലയാളത്തിലാക്കാന്‍ പോകുകയാണു നിങ്ങള്‍, അതിനു പെറിമേസണു പറ്റിയ ഒരു മലയാളം പേരുപറ എന്നു നിങ്ങള്‍. പറക്കണ്ടി മൂസ എന്ന എന്റെ നിര്‍ദ്ദേശത്തെ പൊട്ടിച്ചിരിയോടെ എതിരേല്‍ക്കുന്ന നിങ്ങള്‍.

ഇരുപത്തിമൂന്നുകൊല്ലം. നിങ്ങള്‍ അന്‍പതുകളുടെ ഇതളുകള്‍ കൊഴിയുമ്പോള്‍ പോയി. ഞാന്‍ നാല്‍പ്പതുകളുടെ ചിറകുകള്‍ വിരിക്കുന്നു. ഇത്രയധികം കൊല്ലങ്ങള്‍. ജീവിതം നേരിട്ട എന്തെല്ലാം പ്രശ്നങ്ങള്‍ക്കാണു നിങ്ങള്‍ കൂടെ നിന്നത്. നിങ്ങളുടെ കൂടെ ഞാനും നിന്നല്ലോ. ഏറ്റുമാനൂരേക്ക് കൂടുമാറുമ്പോള്‍ സാധനം അട്ടിമറിക്കാന്‍. പ്രേതഭാഷണവുമായി പ്രേതംപോലെ അലയുമ്പോള്‍, പാര്‍ത്ഥസാരഥിയാകാന്‍.
ഹാരിസ്.. നിങ്ങള്‍ക്കു വേഗം പോകണമായിരുന്നുവെന്നറിയാം. പക്ഷേ, ഇങ്ങനെ വേദനിച്ചുപോകണമായിരുന്നോ. അജുവിനോടു സംസാരിക്കുമ്പോള്‍ അജു പറഞ്ഞു, ആശുപത്രിയില്‍ അജു ഓടിയെത്തുമ്പോള്‍, നിങ്ങള്‍ ദേഹത്തുനിന്ന് സൂചികള്‍ ഊരിയെറിഞ്ഞ് എണീക്കാന്‍, എതിര്‍ക്കുന്നവരെ എതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന്. അപ്പോള്‍ നിങ്ങള്‍ക്കു വേദനയില്ലായിരുന്നോ ഹാരിസ്?

നിങ്ങള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദുഖം പൊറാഞ്ഞ് ഇതെന്തു തൊന്തരവ് എന്നു നിനച്ച് ഞാന്‍ രതീഷിനെ വിളിച്ചു. സ്വസ്ഥതയില്ലാതവന്‍ ഇഡിയറ്റ് വായിച്ചുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞു; ഇഡിയറ്റ്! കുറൂരിനെ വിളിച്ചു. അയാള്‍ക്ക് ഉറങ്ങാന്‍ പറ്റുന്നില്ലെന്നു പറഞ്ഞു. ക്രിസ്പിനെ വിളിച്ചു. അവന്‍ ഉറങ്ങിക്കൊണ്ടേയിരിക്കുകയാണെന്നു പറഞ്ഞു. ജയനെ വിളിച്ചു. ജയന്‍ നിങ്ങളുടെ എഴുത്തുകള്‍ മുഴുവന്‍ സമാഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞു. ഷെറിയെ വിളിച്ചു. ഷെറി കുടിച്ചുകൊണ്ടേയിരിക്കുകയാണെന്നു പറഞ്ഞു. അങ്ങനെ ഉറങ്ങിയും ഉറങ്ങാതെയും എഴുതിയും എഴുതാതെയും വായിച്ചും വായിക്കാതെയും ചിന്തിച്ചും ചിന്തിക്കാതെയും ഓര്‍മിച്ചും ഓര്‍മിക്കാതെയും കുടിച്ചും കുടിക്കാതെയും ഞങ്ങള്‍ നിങ്ങളെ മറികടക്കാന്‍ പണിപ്പെട്ടുകൊണ്ടേയിരുന്നു; ഇപ്പോഴും അതുതന്നെ ചെയ്യുന്നു.

ഹാരിസ് പാതിരാത്രിയില്‍ നിങ്ങള്‍ എറണാകുളത്ത് ഡോണ്‍ ബോസ്‌കോയില്‍ ക്രാപ്പിന്റെ അവസാനത്തെ ടേയ്പ്പ് കളിക്കുന്നു. അടിച്ചുകിണ്ടിയായ ഞാന്‍ അതു കാണുന്നു. ആരെയാണു ഹാരിസ് ഞാന്‍ കാണുന്നത്? ക്രാപ്പിനെയോ നിങ്ങളെയോ അതോ സാമുവല്‍ ബക്കറ്റിനെയോ.. ഞാന്‍ വിസ്മയിച്ചത്, അഭിനയിക്കനറിയാത്ത നിങ്ങളെങ്ങനെ ഇത്ര ഭംഗിയായി അഭിനയിക്കുന്നു എന്നാണ്. അതേ ഹാരിസ് നിങ്ങള്‍ക്ക് അഭിനയിക്കാനറിയില്ല. അത് അഭിനയിക്കാനറിയാത്ത ഹാരിസ് എന്ന മ്ഴാഞ്ചന്‍ അഭിനന്ദനമല്ല. അക്ഷരാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് അഭിനയിക്കാനറിയില്ല. നാടകത്തിന്റെ കാര്യം തന്നെയാണു ഹേ, പറയുന്നത്. നിങ്ങള്‍ ഒരു കൊള്ളാവുന്ന നടനേയല്ല. ഒരു ബലംപിടിത്തവും വേണ്ട. ഞാനത് എവിടെയും പറയും. നിങ്ങള്‍ നല്ല നടനല്ല. പക്ഷേ, നിങ്ങള്‍ ക്രാപ്പായപ്പോള്‍, ആ പ്രസരം കണ്ട് കിടുങ്ങിപ്പോയി. പക്ഷേ, വലുത് പിന്നാലേ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. മലയാളം സര്‍വകലാശാലയില്‍ വന്ന് മാര്‍ക്സ് സോഹോയില്‍ അവതരിപ്പിച്ചപ്പോള്‍, ഞാന്‍ മനസ്സില്‍ പറഞ്ഞു, ഹാരിസ്, ഇതു നിങ്ങളുടെ മാസ്റ്റര്‍പീസ്. നിങ്ങളുടെയാ പിരുപിരുമുടി ഉള്ളില്‍ കൈകടത്തി ചിതറിച്ച്, താടിയൊന്ന് വിടര്‍ത്തി, ഏറ്റുമാനൂരെ വെട്ടൂര്‍ ബാറിലെ ബെയററോടു കടംകൊണ്ട സ്യൂട്ടും ഇട്ടു ഇരുട്ടിന്റെ വഴിത്താരയിലൂടെ നിങ്ങള്‍ വേദിയിലേക്കു വന്നു കയറിയപ്പോള്‍, മാര്‍ക്സ്.. അല്ല, ഹാരിസ്.. നിങ്ങള്‍ മാര്‍ക്സിന്റെ ഭൂതമോ വര്‍ത്തമാനമോ?

നമ്മളെന്നാണു ഹാരിസ് അവസാനമായിക്കണ്ടത്?
ഓര്‍ക്കാന്‍ കഴിയുന്നില്ല ഹാരിസ്..
നമ്മളാദ്യം കണ്ടതു ഞാനോര്‍ക്കുന്നു. അവസാനം കണ്ടത്..
പഴയ ഓര്‍മ പള്ളിക്കുരിശുപോലെ എഴുന്നുനില്‍ക്കുന്നു. പുതിയ ഓര്‍മ പള്ളിക്കുറ്റിയിലെ നാണയംപോലെ മറഞ്ഞുകിടക്കുന്നു. കഴിഞ്ഞ ഫിലിം ഫെസ്റ്റിവലിന്, വര്‍ഷങ്ങള്‍ക്കു ശേഷം (ഒരുവര്‍ഷം മുന്‍പ്) നിങ്ങള്‍ വന്നു. ഐഎഫ്എഫ്കെ 2016. നിങ്ങളവിടെ ഉള്ള സ്ഥിതിക്ക് നിങ്ങള്‍ തുടങ്ങിവച്ച ഓപ്പണ്‍ ഫോറത്തില്‍ ഒരു ദിവസം നിങ്ങളെത്തട്ടേക്കേറ്റണമെന്ന് വി.കെ. ജോസഫിന് നിര്‍ബന്ധം. നിങ്ങള്‍ സമ്മതിച്ചു. അങ്ങനെ പിറ്റേന്ന്, നിങ്ങള്‍ ഗന്ധര്‍വചാരുതയുള്ള ഒരു പ്രിന്റഡ് കുര്‍ത്തയും പുതിയ കാല്‍സറായിയും ഒക്കെ ധരിച്ചുവന്നു (തലേന്ന് ഓപ്പണ്‍ ഫോറം സ്പെഷലായി വാങ്ങിയത്). കിടുക്കനാണെന്നു ഞാന്‍ പറഞ്ഞു. നിങ്ങള്‍ ചെവിയിലോതി, പക്ഷേ, പുതിയ കാലുറ പ്രശ്നമാ… വാങ്ങിയ ബെല്‍റ്റിന്റെ കുടുക്ക് തുറക്കാനും അടയ്ക്കാനും പറ്റുന്നില്ല.

ആ അരപ്പട്ടക്കുടുക്ക് നേരേയാക്കാമോ എന്നു നമ്മള്‍ ആവതും നോക്കി. നോ വേ. എന്തോ നിസ്സാരട്രിക്കാണ്. പക്ഷേ, അതു പിടികിട്ടിയാലല്ലേ ഖുല്‍ജാ സിംസിം തുറക്കൂ… ചില നിസ്സാരട്രിക്കുകള്‍ നമുക്കു പിടികിട്ടിയിരുന്നതേയില്ലല്ലോ ഹാരിസ്.. അങ്ങനെ ബെല്‍റ്റില്ലാതെ, അയഞ്ഞ ഗന്ധര്‍വനായി നിങ്ങള്‍ തട്ടില്‍. കൂടെ ഞാനും. എന്റെ ആദ്യത്തെ ഓപ്പണ്‍ ഫോറം. നിങ്ങളുടെ അവസാനത്തേതും ഹാരിസ്.. നിങ്ങളുടെ അവസാനത്തേതും.

തട്ടിലേക്കു നടക്കുംവഴി ഞാന്‍ നിങ്ങളുടെ കാതില്‍: നിങ്ങള്‍ ഇംഗ്ലീഷിലാണോ ഫോറം ഓപ്പണ്‍ ചെയ്യാന്‍ പോകുന്നത്.. ഞാന്‍ ഉഷ്ണിക്കും.. നിങ്ങള്‍ പറഞ്ഞു, ങ്ഹാ! നോക്കാം, നോക്കാം.. മൈക്ക് കൈയിലെടുത്തു നിങ്ങള്‍ മലയാളത്തില്‍ ഫോറം ഓപ്പണ്‍ ചെയ്തു. ഒരുപക്ഷേ, ഓപ്പണ്‍ ഫോറത്തില്‍ നിങ്ങളുടെ ആദ്യത്തെ മലയാളം പേച്ച് ഹാരിസ്.. ആദ്യത്തെ പൂര്‍ണമലയാളം പേച്ച്..

ഫെസ്റ്റിവല്‍ തീര്‍ന്ന രാത്രി, ഞാനും നിങ്ങളും ഷെറിയും ഡെയ്ലി ബുള്ളറ്റിന്റെ ഡ്രൈവര്‍ സുബിലാഷിന്റെ ടാക്സി വാടകയ്ക്കെടുത്ത് കോട്ടയത്തേക്കോടി. അതായിരുന്നോ നമ്മുടെ അവസാനത്തെ സമാഗമം? പിന്നെ നമ്മള്‍ കണ്ടില്ലേ ഹാരിസ്? നിങ്ങള്‍ ശരിക്കും പോയോ ഹാരിസ്?

ഞാന്‍ കഴിഞ്ഞ ദിവസം നിങ്ങളുടെ ഫെയ്സ് ബുക്കില്‍ കയറി. അവിടെനിന്ന് ഗൂഗിള്‍ പ്ലസില്‍. അവിടെ നിങ്ങള്‍ അക്ഷരങ്ങളായി ഇരിക്കുന്നു. മൈ നെയിം ഈസ് ഹാരിസ്. സോനു സൈനബ് ഹാരിസ് ആന്റ് മംതാ മറിയം ഹാരിസ് ആര്‍ മൈ ഡോട്ടേഴ്സ്. ഇതുവരെ തിരിച്ചറിയാത്ത അദ്ഭുതം! എന്റെ മകളുടെയും രണ്ടാം പേര് ഏതാണ്ടതുതന്നെ. സൈന്‍ബാ… എസ് എന്നതിനു പകരം സെഡ് എന്ന ഇംഗ്ലീഷ് അക്ഷരമാണു രണ്ടാള്‍ക്കും.
നിങ്ങള്‍ ശരിക്കും പോയോ ഹാരിസ്?..

കുഴിയില്‍ നിങ്ങളെ വച്ചുപോന്നശേഷം ഞാന്‍ ശരിക്കും ഭയന്നു. അവിടെ നിങ്ങള്‍ ഒറ്റയ്ക്ക്്. എന്തൊരിരുട്ട്.. കുഞ്ഞുന്നാളില്‍ ശരിക്കും ഭയന്നിരുന്ന ഒരു സന്ദര്‍ഭമാണത്. മുന്‍കറും നക്കീറും മലക്കുകള്‍.. അതോ മറ്റേതെങ്കിലും മലക്കുകളോ.. അവസാനത്തെ കാലടിശബ്ദവും കബറിനടുത്തുനിന്ന് അകന്നുമാറുമ്പോള്‍ ആ ഇരുട്ടിലേക്കു വരുന്ന രണ്ടുപേര്‍.. അവര്‍ നിങ്ങളോടെന്തു ചോദിക്കും..

എന്തു ചോദിച്ചാലും യുക്തിയും മറുയുക്തിയും കുയുക്തിയും കളിയും കുസൃതിയും കൊണ്ട് നിങ്ങളവരെ അട്ടംമുട്ടിച്ചുകാണുമല്ലോ ഹാരിസ്.
അതുകൊണ്ട് ചോദ്യോത്തരവേള അവസാനിച്ചുകാണില്ലല്ലോ ഹാരിസ്.
നീണ്ട ഇന്ററോഗേഷനുകള്‍ നിറഞ്ഞ നിങ്ങളുടെ സ്വപ്നസിനിമയിലെ ഒരു സീക്വന്‍സായി അതു തുടരുകയാകും; അല്ലേ, ഹാരിസ്…
ഹാരിസ്…
ചെമന്ന ഇരുപതുരൂപയുടെ കടം മാത്രമല്ലല്ലോ…
എന്റെ ഹാരിസ്…
ശരി, നിങ്ങള്‍ പൊയ്ക്കോളൂ…
ഞാനിനി ഒരു തടസ്സവും ഉന്നയിക്കുന്നില്ല.

പാപ്പാത്തി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഡിഫറാന്‍സ്/adieu Dr. VC V C Harris എന്ന പുസ്തകത്തില്‍ നിന്നും
(എഡിറ്റര്‍: മുഹമ്മദ് റാഫി എന്‍.വി)

വി സി ഹാരിസ് ‘ആത്മകഥ’ പറയുന്നു

90 കളിലെ ഹാരിസായിരുന്നെങ്കില്‍ എപ്പഴേ വിസി ആയേനെ- കവി അന്‍വര്‍ അലി ഓര്‍ക്കുന്നു

അന്‍വര്‍ അബ്ദുള്ള

അന്‍വര്‍ അബ്ദുള്ള

എഴുത്തുകാരന്‍, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ അദ്ധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍