UPDATES

ട്രെന്‍ഡിങ്ങ്

‘കൈയും കാലും പോയാലും കിതാബ്‌ നാടകം കളിക്കുമെന്നായിരുന്നു കുട്ടികള്‍, അവര്‍ക്ക് ഭയമില്ലായിരുന്നു’

കിത്താബ് ഇനി ആര്‍ക്കും അവതരിപ്പിക്കാമെന്നും ആവശ്യപ്പെടുന്നവര്‍ക്കെല്ലാം സ്‌ക്രിപ്റ്റ് നല്‍കുമെന്നും സംവിധായകന്‍ റഫീഖ് മംഗലശ്ശേരി പറയുന്നു

ശ്രീഷ്മ

ശ്രീഷ്മ

കിതാബ്‌ നാടകത്തിന്റെ സ്‌ക്രിപ്റ്റ് പ്രതിഫലം കൂടാതെ വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് സംവിധായകന്‍ റഫീഖ് മംഗലശ്ശേരി. തന്നെ സമീപിക്കുന്ന ഏതു വ്യക്തിക്കും സംഘടനയക്കും നിബന്ധനകളില്ലാതെ നാടകത്തിന്റെ സ്‌ക്രിപ്റ്റ് കൈമാറുമെന്നും, ആര്‍ക്കു വേണമെങ്കിലും സ്വതന്ത്രമായി അവതരിപ്പിക്കാമെന്നും റഫീഖ് പറയുന്നു. കേരളത്തിലെ ഏറ്റവും മികച്ച നാടകപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒന്നോ രണ്ടോ വേദികളില്‍ കിതാബ്‌ റഫീഖിന്റെ തന്നെ സംവിധാനത്തില്‍ അവതരിപ്പിക്കാനും പദ്ധതികളുണ്ട്.

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മത്സരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ നിന്നും യോഗ്യത നേടിയ നാടകത്തില്‍ മതനിന്ദയടങ്ങുന്ന പരാമര്‍ശങ്ങളുണ്ടെന്ന് ഇസ്ലാമിക സംഘടനകള്‍ വാദമുയര്‍ത്തിയിരുന്നു. അതേത്തുടര്‍ന്ന് നാടകം അവതരിപ്പിക്കേണ്ടതില്ലെന്ന് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധികൃതര്‍ തീരുമാനമെടുത്തെങ്കിലും, അവതരണാനുമതി തേടി കോടതിയെ സമീപിക്കുകയും അവസാന നിമിഷം വരെ അനുകൂല മറുപടി പ്രതീക്ഷിക്കുകയും ചെയ്തിരുന്നുവെന്നു റഫീഖ്. യുവജനോത്സവ വേദിയില്‍ നാടകവുമായി മത്സരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായില്ലെങ്കിലും, നാടകം കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണിവര്‍.

യുവജനോത്സവ വേദിയില്‍ കിതാബ്‌ അവതരിപ്പിക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന്, നാടകം മറ്റു വേദികളിലെത്തിക്കാനുള്ള സഹായവാഗ്ദാനവുമായി നൂറോളം സംഘടനകള്‍ തന്നെ ഇതിനോടകം സമീപിച്ചു കഴിഞ്ഞെന്ന് റഫീഖ് പറയുന്നു. ‘കലാസമിതികള്‍, ക്ലബുകള്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി, ബാലസംഘം എന്നിങ്ങനെ കേരളത്തിലെ നൂറോളം പുരോഗമന സംഘങ്ങള്‍ സമീപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സംഘങ്ങളെ മാത്രം തെരഞ്ഞെടുത്ത് അവതരിപ്പിക്കാനല്ല, മറിച്ച് എല്ലാവരിലേക്കും നാടകമെത്താനായി എല്ലാവര്‍ക്കും സ്‌ക്രിപ്റ്റ് കൊടുക്കാനാണ് തീരുമാനം. യാതൊരു പ്രതിഫലവും വാങ്ങാതെ ആ സ്‌ക്രിപ്റ്റ് കേരളത്തിനു മുന്നില്‍ വയ്ക്കുകയാണ്.’

നാടകം അവതരിപ്പിച്ച മേമുണ്ട സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പഠനത്തിരക്കുകള്‍ കണക്കിലെടുത്ത് അവരെ ഉള്‍പ്പെടുത്താതെ, മുതിര്‍ന്ന നാടകപ്രവര്‍ത്തകരെ അണിനിരത്തിക്കൊണ്ടാണ് റഫീഖിന്റെ സംവിധാനത്തില്‍ നാടകം ഉടനെ തന്നെ അരങ്ങിലെത്തുക. ആദ്യത്തെ അവതരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നാടകം കേരളം മുഴുവന്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയും, നാടകാവതരണത്തിനായി മുന്നോട്ടു വന്നിട്ടുള്ളവരില്‍ ഒന്നോ രണ്ടോ സംഘടനകളെ തെരഞ്ഞെടുത്ത് അവതരിപ്പിച്ചാല്‍ അവര്‍ക്കെതിരെ ഉണ്ടാകാനിടയുള്ള അതിക്രമങ്ങളെ ചെറുക്കാനും കൂടിയാണ് നാടകം ആര്‍ക്കു വേണമെങ്കിലും അവതരിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് റഫീഖ് വിശദീകരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള പുരോഗമന സംഘങ്ങള്‍ ഒരേ സമയം നാടകമേറ്റെടുത്താല്‍, അവതരണത്തെ പ്രതിരോധിക്കാനാവില്ലെന്നാണ് റഫീഖിന്റെ നിരീക്ഷണം.

മേമുണ്ട സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ആലപ്പുഴയിലെ യുവജനോത്സവ വേദിയിലെത്തി അവസാന നിമിഷം വരെ നാടകം അവതരിപ്പിക്കാനാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു റഫീഖ്. ‘സമീപകാലത്തെ കോടതിവിധികളെല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം നില്‍ക്കുന്നതായിരുന്നതിനാല്‍ കോടതി അനുകൂല നിലപാടെടുക്കും എന്നു തന്നെയായിരുന്നു പ്രതീക്ഷ. മീശയുടെ കാര്യത്തില്‍ സുപ്രീം കോടതിയെടുത്ത നിലപാടു പോലെ, ഈ കുട്ടികളുടെ പക്ഷത്ത് കോടതി നില്‍ക്കുമെന്ന് കരുതിയിരുന്നു. കുട്ടികളുടെ മാനസികാവസ്ഥ കോടതി പരിഗണിക്കുമെന്ന വിശ്വാസവുമുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.’

‘കൈ പോയാലും കാല്‍ പോയാലും കളിക്കും എന്ന ഉറച്ച തീരുമാനത്തിലായിരുന്നു കുട്ടികള്‍. യാതൊരു ഭയവും അവര്‍ക്കില്ലായിരുന്നു. അവരുടെ പഠനം പ്രധാനമായതിനാല്‍ കുട്ടികളെ തല്‍ക്കാലം മാറ്റിനിര്‍ത്തേണ്ടി വരികയാണ്.’ റഫീഖ് പറയുന്നു. നാടകവുമായി മുന്നോട്ടു പോയാല്‍ സ്‌കൂളില്‍ പഠിക്കുന്ന എണ്ണൂറോളം വിദ്യാര്‍ത്ഥികളെ ടി.സി വാങ്ങിച്ചു കൊണ്ടു പോകുമെന്ന രക്ഷിതാക്കളുടെ ഭീഷണിയടക്കം മേമുണ്ട സ്‌കൂളിന് നേരിടേണ്ടി വന്നിരുന്നു. സംഭാഷണങ്ങളില്‍ ചെറിയ മാറ്റം വരുത്തി അവതരിപ്പിക്കാമെന്ന വാദം പോലും ചര്‍ച്ചയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂളധികൃതര്‍ക്ക് നാടകാവതരണത്തില്‍ നിന്നും പിന്മാറേണ്ടി വരികയായിരുന്നു.

മീശ മുറിക്കാൻ വാളുയർത്തിയ സംഘപരിവാറും കിത്താബിനു കർട്ടനിടുന്ന എസ്ഡിപിഐയും ഉള്ള കേരളമാണിത്

നവോഥാന മതില്‍ കെട്ടാന്‍ വരട്ടെ, ആദ്യം ഈ കുഞ്ഞിന്റെ കണ്ണിരിനു മറുപടി പറയൂ

‘ഹൂറന്മാരില്ലാത്ത ഞങ്ങള്‍ക്കെന്തിനാണ് സ്വര്‍ഗം?’ എന്ന് നാടകത്തില്‍ ചോദ്യം: സ്‌കൂള്‍ കലോത്സവത്തിനെതിരെ എസ്ഡിപിഐ

തെറ്റുപറ്റി സമ്മതിക്കുന്നു, എന്നാല്‍ എന്നെ തീവ്രവാദികള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ് ഉണ്ണി ആര്‍ ചെയ്തത്: കിത്താബ് സംവിധായകന്‍ റഫീഖ് മംഗലശേരി

മറ്റൊരാളുടെ കൃതി തങ്ങളുടെ താല്‍പര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം? കിത്താബ് വിവാദത്തില്‍ ഉണ്ണി ആര്‍ ചോദിക്കുന്നു

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍