UPDATES

ട്രെന്‍ഡിങ്ങ്

ജൂനിയര്‍ ലാലിനെതിരായ പരാതിക്ക് പിന്നില്‍ ദിലീപിന്റെ അറസ്റ്റ്? സംശയങ്ങള്‍ ഉയരുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ലാല്‍ ഇടപെട്ടതാണ് ഇപ്പോള്‍ ദിലീപിന്റെ അറസ്റ്റില്‍ വരെ എത്തി നില്‍ക്കുന്നത്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടനും സംവിധായകനുമായ ലാലിന്റെ മകനും യുവസംവിധായകനുമായ ജീന്‍പോള്‍ ലാലിനെതിരായ കേസും മലയാള സിനിമയില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍ ഈ രണ്ട് കേസുകളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ഇപ്പോള്‍ സിനിമാലോകം ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നതിനാല്‍ ദിലീപിന്റെ അറസ്റ്റും ജൂനിയര്‍ ലാലിനെതിരായ കേസും തമ്മില്‍ വളരെയടുത്ത ബന്ധമുണ്ടെന്ന് കരുതുന്നവരാണ് കൂടുതല്‍.

അതില്‍ പ്രധാനം ജൂനിയര്‍ ലാലിനെതിരായ പരാതി തന്നെയാണ്. ഹണി ബീ, ഐ ആം ടോണി, ഹണീ ബീ 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജൂനിയര്‍ ലാല്‍. ഇതില്‍ ഹണി ബീ 2ല്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്നും കൊച്ചി പനങ്ങാടുള്ള ഹോട്ടലില്‍ ചോദിക്കാന്‍ ചെന്നപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് നടിയുടെ പരാതി. ജീന്‍ പോളിനെക്കൂടാതെ നടന്‍ ശ്രീനാഥ് ഭാസി, സിനിമ ടെക്‌നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കുമെതിരെ കേസുണ്ട്. നടിയുടെ പരാതി അനുസരിച്ച് നാലുപേരോടും ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാണ് പനങ്ങാട് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം തന്റെ മകനെതിരായ കേസ് കൊടുത്ത നടി നനഞ്ഞിടം കുഴിക്കുകയാണെന്നാണ് ലാല്‍ പറയുന്നത്. വളരെ കുറച്ച് രംഗങ്ങളില്‍ മാത്രം അഭിനയിച്ച് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാതെ പോയ നടിയാണ് ഇവര്‍. അമ്പതിനായിരം രൂപ പ്രതിഫലം നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍ അവര്‍ ചോദിക്കുന്നത് 10 ലക്ഷം രൂപയാണെന്നും അത് നല്‍കാനാകില്ലെന്നുമാണ് ലാല്‍ പറയുന്നത്.

2016 നവംബര്‍ 16-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു പരാതിയുമായി നടി രംഗത്തെത്തിയത് എന്നതും പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം പോലീസ് കേസാക്കുന്ന തരത്തിലുള്ള ലാലിന്റെ ഇടപെടലും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ള സംശയങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

സഹകരിക്കാമെങ്കില്‍ എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് ജീന്‍പോളും സുഹൃത്തുക്കളും പറഞ്ഞെന്നാണ് നടിയുടെ മൊഴി. പ്രതിഫല പ്രശ്‌നങ്ങള്‍ താരസംഘടനയായ അമ്മയെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇതില്‍ ലൈംഗികക്കേസും ഉള്‍പ്പെടുന്നുണ്ട്. നടി അമ്മയിലെ അംഗമായിട്ടും അതിന് നില്‍ക്കാതെ എട്ട് മാസങ്ങള്‍ക്ക് ശേഷം മാത്രം കമ്മിഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത് സംശയകരമാണെന്നും സിനിമ വൃത്തങ്ങള്‍ തന്നെ പറയുന്നു. കാരണം, ദിലീപ് പ്രതിയായ കേസും ഇതുമായി ബന്ധപ്പെടുത്തുന്ന ചില കണ്ണികള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. ഈവര്‍ഷം ഫെബ്രുവരിയില്‍ പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ആക്രമിച്ചതിനും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയതിനുമാണ് ആദ്യം പള്‍സര്‍ സുനിയും കൂട്ടാളികളും പിന്നീട് കേസിലെ ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപും അറസ്റ്റിലായത്. ഇപ്പോള്‍ വിവാദമായിരിക്കുന്ന ഹണീ ബീ 2ന്റെ ഡബ്ബിംഗ് ജോലികള്‍ക്കായുള്ള യാത്രക്കിടയിലാണ് നടി ആക്രമിക്കപ്പെട്ടത് എന്നതാണ് അതില്‍ പ്രധാനം.

ആക്രമിക്കപ്പെട്ട ശേഷം നടി അഭയം തേടിയതാകട്ടെ സംവിധായകന്‍ ലാലിന്റെ വീട്ടിലും. ഒരുപക്ഷെ നടി അന്ന് അവിടെയല്ല എത്തിച്ചേര്‍ന്നതെങ്കില്‍ ഈ കേസ് സിനിമാ ലോകത്തിന് പുറത്ത് വെറുമൊരു ഗോസിപ്പ് മാത്രമായി പോയേനെ എന്ന് സിനിമാ ലോകത്ത് തന്നെ സംസാരമുണ്ട്. എന്നാല്‍ തന്റെ സുഹൃത്തും നിര്‍മ്മാതാവുമായ ആന്റോ ജോസഫിനെ ലാല്‍ വിളിച്ച് വിവരം പറഞ്ഞതോടെ കേസിന്റെ സ്വഭാവം മാറുകയായിരുന്നു. ആന്റോ ജോസഫ് ആകട്ടെ തന്റെ അയല്‍വാസിയും കോണ്‍ഗ്രസ് എംഎല്‍എയുമായ പി ടി തോമസിനെയും കൂട്ടിയാണ് ഇരയായ നടിയെ കാണാനെത്തിയത്. പി ടി തോമസ് ഇടപെട്ടാണ് സംഭവം പോലീസ് കേസാകുന്നതും മാധ്യമങ്ങളില്‍ വാര്‍ത്തയായതും. ഈ ഒരു ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ അമ്മയുടെ ഒരു ‘മകള്‍’ക്ക് സംഭവിച്ച ദുരന്തം പുറംലോകമറിയാതെ അമ്മ തന്നെ ഒതുക്കിത്തീര്‍ക്കുകയോ അല്ലെങ്കില്‍ അമ്മയുടെ ‘രണ്ട് മക്കള്‍’ തമ്മിലുള്ള പ്രശ്‌നം അമ്മ ഇടപെട്ട് പരിഹരിക്കുകയോ ചെയ്യുമായിരുന്നു. ലാല്‍ ഈ കേസില്‍ ഇടപെട്ടതാണ് നിലവില്‍ ദിലീപിന്റെ അറസ്റ്റില്‍ വരെ കലാശിച്ചിരിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ലാല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ദിലീപ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചത്. എന്നാല്‍ അത് ലാല്‍ അപ്പോള്‍ തന്നെ നിഷേധിക്കുകയും ആക്രമിക്കപ്പെട്ട നടിയും സുനിയും തമ്മില്‍ ഒരുമാസത്തെ ബന്ധമേയുള്ളൂവെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട നിരവധി കാര്യങ്ങളില്‍ ഒന്നാണ് സിനിമയ്ക്കുള്ളില്‍ ദിലീപ് ഒതുക്കിയവരെയും വളര്‍ത്തിയവരെയും കുറിച്ചുള്ള കഥകള്‍. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ കേസും അത്തരത്തിലൊരു കളിയുടെ ഭാഗമാണോയെന്നാണ് അറിയേണ്ടത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍