UPDATES

ട്രെന്‍ഡിങ്ങ്

സൈമണ്‍ ബ്രിട്ടോ കേരള രാഷ്ട്രീയത്തിലെ അസാധാരണനായ ഒരു നറുനിലാവായിരുന്നു

സൈമണ്‍ ബ്രിട്ടോയുടെ ജീവിതം വേദനകളുടെ കയത്തിലായിരുന്നു. സമൂഹത്തിലെ വേദനിക്കുന്ന എല്ലാവര്‍ക്കും ഒപ്പമായിരുന്നു

ചോരയ്ക്കു ചോര എന്ന് ചിന്തിക്കാനും ചിന്തിപ്പിക്കാനും സൈമണ്‍ ബ്രിട്ടോവിന് കഴിഞ്ഞില്ല. കലാലയ രാഷ്ട്രീയത്തിന്റെ കൊലക്കത്തിക്കിരയായ ജീവിക്കുന്ന രക്തസാക്ഷിയായിട്ടും. പിന്നെയും തിരിച്ചുവരവിന്റെ അത്ഭുതമായി 35 വര്‍ഷം ചക്രകസേരയില്‍ ആ ജീവിതം മുന്നോട്ടുരുട്ടിയിട്ടും.

മനുഷ്യ സ്നേഹിയായ കമ്മ്യൂണിസ്റ്റ് മാത്രമായിരുന്നില്ല ബ്രിട്ടോ. മനുഷ്യരുടെയാകെ വേദനകളും പീഢനങ്ങളും സ്വയം നെഞ്ചിലേറ്റിയ എഴുത്തുകാരന്‍ കൂടിയായിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞദിവസങ്ങളില്‍ തൃശൂരില്‍ചെന്ന് രംഗചേതനയ്ക്കുവേണ്ടി ബ്രിട്ടോ എഴുതിയ നാടകം സ്വന്തം വാക്കുകളില്‍ ഇങ്ങനെ അവസാനിക്കുന്നത്: ‘ഞാന്‍ സൈമണ്‍ ബ്രിട്ടോ. നിനക്കുവേണ്ടി ഞാന്‍ ജയിലില്‍ കിടക്കാം. നിന്നെപ്പോലെ ധീരനായ ഒരു സഖാവിനെ നാടിനാവശ്യമുണ്ട്.’

ചെയ്യാത്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന പീറ്റര്‍ എന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതകഥയാണ് നാടകമായി എഴുതിതീര്‍ത്തത്. അതിന്റെ അവസാനരംഗത്തില്‍ പശ്ചാത്തലത്തില്‍ സൈമണ്‍ ബ്രിട്ടോയുടെ മനസ് വാക്കുകളായി പശ്ചാത്തലത്തില്‍ മുഴങ്ങുമ്പോള്‍ ആ തടവറയിലേക്ക് പീറ്ററിനെ മോചിപ്പിക്കാന്‍ ശിക്ഷ സ്വയം ഏറ്റെടുത്ത് ബ്രിട്ടോ കടന്നുചെല്ലുകയാണ്. മൂന്നര പതിറ്റാണ്ടോളം തന്റെ താങ്ങായിരുന്ന ചക്രകസേര ഉന്തി സന്തതസഹചാരിയായ ഹിന്ദിക്കാരന്‍ കോമ്രേഡ് സ്റ്റേജില്‍ കാണികള്‍ക്കുമുമ്പില്‍.

ഈ അവസാനരംഗവും വായിച്ചുതീര്‍ത്ത് താമസസ്ഥലത്തേക്ക് ചക്രക്കസേരയില്‍ തന്നെ മടങ്ങിയ ബ്രിട്ടോ മണിക്കൂറുകള്‍ക്കകം ജീവിതത്തില്‍നിന്ന് യാത്രയായി.

ഭരണാധികാരികള്‍ നിരപരാധികളെ തടവറയില്‍ അടയ്ക്കുന്നതിന്റെ അതേ വേദന ആശയങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുന്നവരെ പാര്‍ട്ടിയില്‍ ജീവിതത്തിന്റെ തടവറയില്‍ ഒതുക്കുന്നതിലും ഒരുപോലെ ബ്രിട്ടോ അനുഭവിച്ചു. ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പാര്‍ട്ടിക്കും നാടിനും വേണ്ടവരാണെന്ന സന്ദേശമാണ് പീറ്റര്‍ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ നാടകത്തില്‍ ബ്രിട്ടോ ധ്വനിപ്പിക്കുന്നത്.

സഹജീവികളുടെ തെറ്റുകളും പാപങ്ങളും സ്വയം ഏറ്റെടുത്ത് അശരണര്‍ക്കും പീഢിതര്‍ക്കുംവേണ്ടിയാണ് യേശുക്രിസ്തു കുരിശിലേറിയത്. കാലത്തിന്റെ ഇങ്ങേതലയ്ക്കല്‍ കാലുഷ്യവും കുടിലതയും ചതിയും ഭരിക്കുന്ന ഒരു സമൂഹത്തില്‍ മനുഷ്യത്വത്തിലും നന്മയിലും വേരോടിയ വേറിട്ട കമ്മ്യൂണിസ്റ്റ് മാതൃകയായിരുന്നു ബ്രിട്ടോയുടേത്. അതുകൊണ്ടാണ് 51 വെട്ടുകളേറ്റ് കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ശവമഞ്ചത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ കൊയിലാണ്ടിവരെ യാത്രചെയ്ത് പാതയോരത്ത് തന്റെ ചക്രകസേരയില്‍ സൈമണ്‍ ബ്രിട്ടോ അസ്വസ്ഥനായി കാത്തുനിന്നത്.

ടി.പി ചന്ദ്രശേഖരന്റെ ചിതയിലെ കനലുകള്‍ കെട്ടടങ്ങും മുമ്പ് പാര്‍ട്ടി നേതാവ് കുലംകുത്തിയെന്ന് ആക്രോശിച്ചപ്പോള്‍ സൗമ്യവും എന്നാല്‍ സ്പഷ്ടവുമായി ‘ടി.പി ഒരിക്കലും കുലംകുത്തിയല്ല’ എന്ന് ബ്രിട്ടോ പ്രതികരിച്ചത്. ‘പാര്‍ട്ടിയിലെ വിമതനെന്ന് വിളിക്കാനാണ് തനിക്കിഷ്ടം’ എന്നു പറഞ്ഞത്. ടി.പി വധക്കേസില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വിധി പ്രസ്താവിക്കുന്നതിനു മുമ്പ് ഒരു വാരികയ്ക്ക് ബ്രിട്ടോ നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞത്: ‘ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ സംശയത്തിന്റെ മുന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേരെയാണ് ചൂണ്ടുന്നത്.’

ഇടതുപക്ഷ തീവ്രവാദം കാമ്പസുകളെ കീഴടക്കിയ എഴുപതുകള്‍ വിദ്യാര്‍ത്ഥി യുവജന മനസുകള്‍ ഇന്ത്യന്‍ ഇടതുപക്ഷത്തെ അവിശ്വസിക്കുകയും അകന്നുപോകുകയും ചെയ്തു. 1983 ഒക്ടോബര്‍ 14നാണ് കൊലപാതക രാഷ്ട്രീയത്തിന്റെ കഠാര ബ്രിട്ടോയുടെ നട്ടെല്ലില്‍ ആഞ്ഞാഞ്ഞു കുത്തിയത്. മരണത്തില്‍നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ സൈമണ്‍ ബ്രിട്ടോവിനെ കണ്ട ഇ.വി. ജി എന്ന കമ്മ്യൂണിസ്റ്റു കവി കുറിച്ചതിങ്ങനെ:
‘ഇത്തിരിചോര, ചതിക്കുത്തിനാല്‍ നഷ്ട-
ശക്തമാം നട്ടെല്ലിലും നിവര്‍,ന്നുത്തുംഗ
ശീര്‍ഷനായ്, ഗംഭീരനാ,യെന്‍ മുഖം നോക്കി
നില്പവനേ തരികിത്തിരിച്ചോര; നിന്‍
നെഞ്ചില്‍, സിരയി,ലെന്‍നേര്‍ക്കു നീളും വിരല്‍-
ത്തുമ്പിലും ചീറി നിറഞ്ഞു ചുരമാന്തു-
മെന്റെ വര്‍ഗ്ഗത്തിന്റെയിച്ചുടുചോരയില്‍-…..

കേരളത്തിന്റെ കാമ്പസുകളില്‍നിന്നും ജനപഥങ്ങളില്‍നിന്നും പിന്നീട് വളര്‍ന്നുവന്ന യുവജനങ്ങളുടെ ചിന്തയിലും വിശ്വാസത്തിലും അതുണ്ടാക്കിയ ഇടുപക്ഷത്തിന്റെ കരുത്തിലും സൈമണ്‍ ബ്രിട്ടോ പകര്‍ന്ന ചുടുചോരയുടെ സംഭാവനയുണ്ട്. ഇ.വി.ജി പറഞ്ഞതുപോലെ ബ്രിട്ടോ ‘നാടിന്റെയുല്‍ക്കട- നോവായി, നോവില്‍ത്തളരാക്കരുത്തുമായ്’ ഇന്നലെവരെ കേരളം നിറഞ്ഞുനിന്നു. അധികാര രാഷ്ട്രീയവും പാര്‍ലമെന്ററിസവും ലക്ഷ്യബോധവും വിശ്വാസ്യതയും നഷ്ടപ്പെടുത്തുമ്പോഴും ഇടതുപക്ഷത്തിനും അതിന്റെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിനും വിശ്വസനീയമായ ജീവിക്കുന്ന രക്തനക്ഷത്രമായി സൈമണ്‍ ബ്രിട്ടോ. അതില്‍നിന്ന് വെളിച്ചം പകര്‍ന്ന നിരവധി അഭിമന്യുമാരും ഉണ്ടായി.

അഗ്രഗാമി, മഹാരൗദ്രം, മഞ്ഞുപെയ്യുന്ന ചരിത്രാംഗം എന്നീ നോവലുകള്‍. തന്റെയും തന്റെ സഹായിയും അനുയായിയുമായ അഭിമന്യുവിന്റെയും ജീവചരിത്രമായ അച്ചടി കഴിഞ്ഞിട്ടില്ലാത്ത ‘അഭിമന്യു’ എന്ന കൃതി, പേരിട്ടിട്ടില്ലാത്ത അവസാനമെഴുതിയ നാടകം, എഴുതി മുഴുമിക്കാത്ത ഭാരതയാത്ര ഈ പുസ്തകങ്ങള്‍ മലയാളിക്ക് ബ്രിട്ടോ കൈമാറിയ ജീവിത പാഠപുസ്തകങ്ങളാണ്.

ഈ പുസ്തകങ്ങള്‍ മലയാളികള്‍ക്കെന്നപോലെ ബ്രിട്ടോ വിശ്വസിച്ച പാര്‍ട്ടിക്കും ഇടതുപക്ഷത്തിനുമുള്ള കമ്മ്യൂണിസ്റ്റ് പാഠപുസ്തകങ്ങള്‍കൂടിയാണ്. തന്റെ മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിക്കരുതെന്നു പ്രിയപ്പെട്ട സഹധര്‍മ്മിണിയെ അറിയിച്ച ഒസ്യത്തടക്കം. അഞ്ചുവര്‍ഷം നോമിനേറ്റഡ് അംഗമെന്ന നിലയില്‍ നിയമസഭയില്‍ പ്രവര്‍ത്തിച്ചെങ്കിലും അധികാരത്തിന്റെയും പദവിയുടെയും പ്രതീകങ്ങളായ എല്ലാറ്റിനെയും നിഷേധിക്കുന്ന മനുഷ്യരെ തുല്യതയിലും സ്നേഹത്തിലും തുന്നിച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന ദര്‍ശനമായിരുന്നു സൈമണ്‍ ബ്രിട്ടോക്ക് കമ്മ്യൂണിസം. അതുകൊണ്ട് പദവിയുടെയും അധികാരത്തിന്റെ അടയാളമായ റീത്തുകളുടെ ഭാരം മരണത്തിലും പേറാന്‍ ബ്രിട്ടോ ആഗ്രഹിച്ചില്ല.

ജീവിതത്തിന്റെയും പൊതു പ്രവര്‍ത്തനത്തിന്റെയും എഴുത്തിന്റെയും ലോകത്തേക്ക് ബ്രിട്ടോയെ തിരിച്ചുകൊണ്ടുവന്ന് അതിജീവനത്തിന്റെ അസാധാരണ കരുത്തും പ്രചോദനവുമാക്കിയതില്‍ ബ്രിട്ടോയുടെ ജീവിതപങ്കാളിയായി മുന്നോട്ടുവന്ന ആദര്‍ശധീരയായ സീനയുടെ പങ്കും മകള്‍ കൈനിലയുടെ സാന്നിധ്യവും ഇവിടെ പ്രത്യേകം അനുസ്മരിക്കേണ്ടതുണ്ട്. സമൂഹത്തിന് എല്ലാ നിലയ്ക്കും ശുഭാപ്തിവിശ്വാസം പകര്‍ന്നുനല്‍കി എന്നതാണ് ബ്രിട്ടോയുടെ സംഭാവന.

2015ല്‍ കേരളത്തില്‍നിന്ന് ഹിമാലയംവരെ ഗ്രാമീണ ഇന്ത്യയുടെ വൈവിധ്യവും വൈരുദ്ധ്യവും നേരില്‍കണ്ട് ബ്രിട്ടോ അതിസാഹസികമായ യാത്ര നടത്തി. തന്റെ പഴയ അംബാസിഡര്‍ കാറില്‍ ചക്രകസേരയുടെ സഹായത്തോടെ സ്വയം മുന്നോട്ടുവന്ന നിരവധി സഹായികളുടെ പിന്‍ബലത്തില്‍ 138 ദിവസംകൊണ്ട് 18,000 കിലോമീറ്റര്‍ സഞ്ചരിച്ച് ഇന്ത്യയെ കണ്ടെത്തി. ഈ യാത്രയില്‍ 33 പതിറ്റാണ്ടിലേറെ അധികാരത്തിലിരുന്ന ബംഗാളില്‍ ചെങ്കൊടി കാണാത്തതും കര്‍ഷകരുടെ ഭാരതം ജനാധിപത്യത്തിന്റെ ഊഷരഭൂമിയായി മാറിയതും ബ്രിട്ടോയെ ദു:ഖിപ്പിച്ചു. ഇടതുപക്ഷ പ്രസ്ഥാനം ഇന്ത്യയെ എവിടെ, എങ്ങനെയൊക്കെ കണ്ട് അതിന്റെ തെറ്റുകള്‍ തിരുത്തേണ്ടതുണ്ട് എന്ന് ചൂണ്ടികാണിക്കുന്ന ഒരു രാഷ്ട്രീയ യാത്രയാണ് യഥാര്‍ത്ഥത്തില്‍ സൈമണ്‍ ബ്രിട്ടോ നടത്തിയത്.

സൈമണ്‍ ബ്രിട്ടോയുടെ ജീവിതം വേദനകളുടെ കയത്തിലായിരുന്നു. സമൂഹത്തിലെ വേദനിക്കുന്ന എല്ലാവര്‍ക്കും ഒപ്പമായിരുന്നു. അതുകൊണ്ട് കഠോരതയുടെയും കാപട്യത്തിന്റെയും രാഷ്ട്രീയത്തിന്റെ മിന്നല്‍പിണരുകള്‍ അതില്‍നിന്നേറെ അകലെയായിരുന്നു. സൈമണ്‍ ബ്രിട്ടോ കേരള രാഷ്ട്രീയത്തിലെ അസാധാരണനായ ഒരു നറുനിലാവായിരുന്നു.

ഇ.വി.ജി പറഞ്ഞതുപോലെ ബ്രിട്ടോയുടെ വ്യക്തിത്വത്തെ ചിത്രീകരിക്കണമെങ്കില്‍ ആയിരംമേനി വിളയുന്ന പുതിയ വാക്കുകള്‍ കണ്ടെത്തേണ്ടതുണ്ട്. അത്രയും വ്യതിരിക്തമായ ഒരു ജീവിതമായിരുന്നു സൈമണ്‍ ബ്രിട്ടോയുടേത്.

(തന്റെ ബ്ലോഗ് ആയ വള്ളിക്കുന്ന് ഓണ്‍ലൈനില്‍ എഴുതിയത്‌)

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍